TopTop
Begin typing your search above and press return to search.

പോലീസ് നിയമ ഭേദഗതി തിരിച്ചടിക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആശങ്ക; 'ക്രിയാത്മക നിര്‍ദേശങ്ങള്‍' പരിഗണിക്കാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം

പോലീസ് നിയമ ഭേദഗതി തിരിച്ചടിക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആശങ്ക; ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മൂര്‍ധന്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലുമെത്തി നില്‍ക്കെ, യതൊരുവിധ ആലോചനകളും കൂടാതെയാണ് വിവാദ പോലീസ് നിയമ ഭേദഗതിയായ 118-എ കൊണ്ടുവന്നതെന്നും ഇത് തിരിച്ചടിക്കുമെന്നും സിപിഎമ്മിനുള്ളില്‍ തന്നെ ആക്ഷേപം. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കു പുറമെ ദേശീയതലത്തില്‍ തന്നെ സിപിഎമ്മിനെതിരെ പൊതുജന വികാരം ഉയരാനും പ്രസ്തുത നടപടി വഴിവച്ചിരിക്കുന്നു എന്നു വ്യക്തമായതോടെ, 'ക്രിയാത്മക'മായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നാണ് സിപിഎം കേന്ദ്രനേതൃത്വം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. അതേ സമയം, നിയമം ദുരുപയോഗപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു കൊണ്ടു മാത്രം കാര്യമില്ലെന്നും വിവാദ ഭേദഗതി പിന്‍വലിക്കുക തന്നെയാണ് വേണ്ടതെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്ന ആവശ്യം.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയാനെന്ന പേരിലാണ് നിയമം കൊണ്ടുവന്നതെങ്കിലും ഫലത്തില്‍ ആര്‍ക്കെതിരെയും ആര് നടത്തുന്ന പരാമര്‍ശവും മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ അപകീര്‍ത്തികരമോ അപമാനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണ് എന്നതാണ് വ്യവസ്ഥ. ഇത് ഇരയാക്കപ്പെടുന്നവര്‍ തന്നെ ചെയ്യേണ്ടതില്ലെന്നും പോലീസിന് സ്വമേധയാ കേസെടുക്കാനും വിഷയവുമായി ബന്ധമില്ലാത്തവര്‍ക്ക് പോലുമോ പരാതി സമര്‍പ്പിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുകൊണ്ടു തന്നെ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്നതാണ് ആശങ്കകള്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ നിയന്ത്രിക്കാനെന്ന മട്ടില്‍ കൊണ്ടുവന്നതെങ്കിലും എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കെതിരെയും ഇത് ഉപയോഗിക്കപ്പെടാം. എന്ത്, ആര് പറയുന്നു എന്നത് പോലീസിന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റകരമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്ന അവസ്ഥ, സുപ്രീം കോടതി മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ 66-എ, ഇതിനു സമാനമായതു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ റദ്ദാക്കിയ പോലീസ് നിയമത്തിലെ 118-ഡി എന്നിവയേക്കാളും മാരകമാണ് എന്ന ആശങ്കകളും നിലവിലുണ്ട്.

സിപിഎമ്മില്‍ പോലും വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് ഇത്തരം കഠിനമായ ഒരു നിയമം ഓര്‍ഡിനന്‍സ് വഴി കൊണ്ടുവന്നതെന്ന വിമര്‍ശനവും വ്യാപകമാണ്. മുന്നണിയില്‍ കാര്യമായി ചര്‍ച്ച ചെയ്യുകയോ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായ രൂപീകരണം നടത്തുകയോ ചെയ്യാതെ കേവലം ഉദ്യോഗസ്ഥതലത്തില്‍ മാത്രം രൂപപ്പെടുത്തിയ ഒന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളെന്ന ആക്ഷേപവും ശക്തമാണ്. തദ്ദേശതെരഞ്ഞടുപ്പ് നടക്കാനിരിക്കെ എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് വഴി ഇത്തരമൊരു ദേഭഗതി കൊണ്ടുവരുന്നതെന്ന ചര്‍ച്ചകള്‍ പാര്‍ട്ടി തലത്തിലും സജീവമാണ്. എതിര്‍പ്പുകള്‍ രൂക്ഷമായതോടെ മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തു വന്നെങ്കിലും അത് ആശങ്കകള്‍ ഒഴിവാക്കാന്‍ പര്യാപ്തമായിട്ടില്ല. നിയമം ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് മുഖ്യമന്ത്രി വാക്കാല്‍ പറഞ്ഞതുകൊണ്ട് നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകില്ല. നിലവിലെ സര്‍ക്കാര്‍ പോയാലും പിന്നീട് വരുന്ന സര്‍ക്കാരിനും ഈ നിയമം ബാധകമാണ് എന്നിരിക്കെ, മുഖ്യമന്ത്രിയുടെ ഉറപ്പു കൊണ്ടു മാത്രം ഇക്കാര്യത്തിലുള്ള ആശങ്കകള്‍ ഇല്ലാതാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് പോലീസ് സ്റ്റാന്‍ഡാര്‍ഡ് ഓപറേറ്റിംഗ് പ്രൊസീഡ്യര്‍ (എസ്ഒപി) ഉണ്ടാക്കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളെ പോലും ലംഘിക്കുന്ന വിധത്തിലുള്ള നിയമം നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ തീരുമാനിക്കാനും നടപ്പാക്കാനും പോലീസിന് അധികാരം നല്‍കുന്നത് ശരിയല്ലെന്ന വിലയിരുത്തലുകളും ഉണ്ട്.

കേന്ദ്ര നേതൃത്വവും വെട്ടില്‍

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമെ ഡിജിറ്റല്‍ മാധ്യമങ്ങളെ വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ എതിര്‍പ്പുയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. അച്ചടി, ദൃശ്യമാധ്യമങ്ങളെ വരുതിയിലാക്കിയതിനു ശേഷം ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുമായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവന. എന്നാല്‍ 118-എ കരിനിയമമാണെന്നും ഇതെങ്ങനെ പാര്‍ട്ടി നേതൃത്വത്തിന് സ്വീകാര്യമാകുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഉള്‍പ്പെടെ ഇന്നലെ ചോദിച്ചത്. യുഎപിഎ അടക്കമുള്ള കരിനിയമങ്ങളെ എതിര്‍ക്കുന്ന കേന്ദ്ര നിലപാടിന് വിരുദ്ധമാണ് കേരളത്തില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ നടപടികളെന്നത് മുമ്പും ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പല നടപടികളും എതിര്‍ക്കുകയും എന്നാല്‍ പാര്‍ട്ടി ഭരിക്കുന്നിടത്ത് അതിലും കിരാതമായ പോലീസ് രാജ് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നുമുള്ള വിമര്‍ശനത്തെ പാര്‍ട്ടി കേന്ദ്ര നേതൃത്വവും നേരിടുന്നുണ്ട്. പുതിയ നിയമ ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം തന്നെ ഇന്നലെ വ്യക്തമാക്കിയത് ഈ സാഹചര്യത്തില്‍ കൂടിയാണ്.

തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍

തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ, ആലോചനയില്ലാതെ ഇത്തരമൊരു നിയമം ധൃതിപിടിച്ച് കൊണ്ടുവന്നത് മണ്ടത്തരമാണെന്ന ചര്‍ച്ചകള്‍ സിപിഎമ്മില്‍ തന്നെ സജീവമാണ്. പ്രതിപപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തുന്ന എതിര്‍പ്പുകളേക്കാള്‍ രൂക്ഷമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രകടിപ്പിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലടക്കം പുതിയ തീരുമാനം തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

ഓര്‍ഡിനന്‍സ് വഴിയുള്ള നിയമനിര്‍മാണത്തെ എല്ലാക്കാലത്തും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ പോലീസിന് ഇത്തരത്തില്‍ വിപുലമായ അധികാരം നല്‍കുന്ന, ദുരുപയോഗം ചെയ്യപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് കരുതപ്പെടുന്ന ഒരു നിയമ ഭേദഗതി കൊണ്ടുവരുമ്പോള്‍ എന്ത് ചര്‍ച്ച, ഏതൊക്കെ തലങ്ങളില്‍ നടന്നു എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് മുമ്പാകെ ചര്‍ച്ചയ്ക്കായി വിഷയം വയ്ക്കുകയൂം ബില്‍ കൊണ്ടുവന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനു പകരം ഓര്‍ഡിനന്‍സ് വഴി പൊടുന്നനെ ഇത്തരമൊരു നിയമം കൊണ്ടുവന്നതാണ് ഉയര്‍ത്തപ്പെടുന്ന മറ്റൊരു വിഷയം.


Next Story

Related Stories