TopTop
Begin typing your search above and press return to search.

'വിമര്‍ശന വിധേയമാകുന്ന വിധത്തില്‍ പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മ തന്നെയാണ്'

വിമര്‍ശന വിധേയമാകുന്ന വിധത്തില്‍ പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മ തന്നെയാണ്

പോലീസ് നിയമം ഭേദഗതി ചെയ്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിമര്‍ശന വിധേയമാകുന്ന വിധത്തില്‍ നിയമം കൊണ്ടുവന്നത് പോരായ്മ തന്നെയാണ് എന്ന് ബേബി വ്യക്തമാക്കി. നിയമത്തിനെതിരെ ബേബിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ തുടക്കത്തില്‍ തന്നെ എതിര്‍പ്പുയര്‍ത്തിയിരുന്നു എന്നാണ് സൂചനകള്‍.

"ഈ വിധത്തില്‍, വിമര്‍ശന വിധേയമാകുന്ന വിധത്തില്‍, നിയമം കൊണ്ടുവന്നത് പോരായ്മ തന്നെയാണ്. അത് വ്യക്തമായപ്പോള്‍ അതുള്‍ക്കൊണ്ടു കൊണ്ട് മുഖ്യമന്ത്രി തന്നെ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞെങ്കിലും നിയമം നിലനില്‍ക്കുന്നുണ്ട്. അതു പിന്‍വലിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിഹരിക്കു"മെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് നിയമ ഭേദഗതി സംബന്ധിച്ച് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ല എന്നതു വ്യക്തമായിരുന്നു. നിയമ ഭേദഗതി സംബന്ധിച്ച് ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉന്നയിച്ചാല്‍ അത് പരിഗണിക്കുമെന്ന് കേന്ദ്ര നേതൃത്വം വൈകിട്ടോടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിക്കഴിഞ്ഞതിനു ശേഷമായിരുന്നു ഇതെന്നതും ശ്രദ്ധേയമായിരുന്നു.

പിറ്റേന്ന് രാവിലെ യെച്ചൂരി വിവാദ നിയമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു എന്ന് വ്യക്തമായിരുന്നു. പിന്നീടാണ് നിയമം നടപ്പാക്കില്ലെന്ന കാര്യം മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിക്കുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിയുടെ അവൈലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണമടക്കം നടന്നു കൊണ്ടിരിക്കെയാണ് ഇത്തരമൊരു നിയമഭേദഗതി വന്നതെന്ന കാര്യം കേന്ദ്ര നേതാക്കളും ചൂണ്ടിക്കാട്ടി. അതിനേക്കാള്‍ പ്രധാനമായിരുന്നു ദേശീയ തലത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്ന നയങ്ങള്‍ കടകവിരുദ്ധമായ രീതിയില്‍ ഒരു നിയമം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നതടക്കം കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായത് എന്നാണ് സൂചനകള്‍. ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും സര്‍ക്കാര്‍ നിയന്ത്രണം ഈ മേഖലയില്‍ ഉണ്ടാവാന്‍ പാടില്ല എന്നുമുള്ള നിലപാട് സ്വീകരിച്ച് രണ്ടു ദിവത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉണ്ടാകുന്ന ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ പോലീസിന് അധികാരം കൊടുക്കുന്ന വിധത്തിലുള്ള നിയമം പുറത്തു വരുന്നത്.


Next Story

Related Stories