TopTop
Begin typing your search above and press return to search.

സ്പ്രിംഗ്ളര്‍: സിപിഎം പിണറായിയെ തിരുത്തുമോ, കൂടെ നില്‍ക്കുമോ?

സ്പ്രിംഗ്ളര്‍: സിപിഎം പിണറായിയെ തിരുത്തുമോ, കൂടെ നില്‍ക്കുമോ?

കൊറോണ വൈറസ് ബാധയെ ഫലപ്രദമായി തടയുന്നതില്‍ ലോകവ്യാപകമായ പ്രശംസ ഏറ്റുവാങ്ങുമ്പോഴും സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന് കല്ലുകടിയായി സ്പ്രിംഗ്‌ളര്‍ ഡാറ്റ വിവാദം. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്പ്രിംഗ്‌ളറിന്റെ കാര്യത്തില്‍ നടപടി ക്രമങ്ങളില്‍ പാളിച്ചയുണ്ടായെന്ന് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം വിശ്വസിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ ഏതെങ്കിലും വിധത്തില്‍ തളര്‍ത്തുന്ന സമീപനം പാര്‍ട്ടി സ്വീകരിച്ചേക്കില്ല എന്നാണ് സൂചനകള്‍.

സിപിഎം പോളിറ്റ് ബ്യൂറോയും സമാനമായ ഒരു നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത് എന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ വൃത്തങ്ങളെ ഉദ്ധരിച്ച് മലയാള മനോരമ പത്രം പാര്‍ട്ടി കേന്ദ്ര നേതൃത്വം, സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം തള്ളി എന്ന മട്ടില്‍ നല്‍കിയ വാര്‍ത്ത പി.ബി തന്നെ നിഷേധിച്ചിരുന്നു. മനോരമയുടെ വാര്‍ത്തയ്‌ക്കെതിരെ ദേശാഭിമാനി പ്രത്യേക പ്രതികരണം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല, ഇന്നലെ പ്രതിപക്ഷത്തെ ലക്ഷ്യമാക്കി പ്രത്യേക മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. കോവിഡിനെ നേരിടുന്നതില്‍ അമേരിക്കക്ക് പോലും മുട്ടിടിക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം എന്ന കൊച്ചു സംസ്ഥാനം ഈ രോഗബാധയെ ഫലപ്രദമായി തടയുന്നു എന്നും അതില്‍ അസൂയ പൂണ്ടിട്ടാണ് പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നുമാണ് മുഖപ്രസംഗം വ്യക്തമാക്കിയത്.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പിണറായിയും ആവര്‍ത്തിച്ചത് ഇക്കാര്യങ്ങള്‍ തന്നെയാണ്. സ്പ്രിംഗ്‌ളര്‍ സംബന്ധിച്ച് എല്ലാക്കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകരും മറ്റു ചില നിക്ഷിപ്ത താത്പര്യക്കാരും ചേര്‍ന്ന് തനിക്കെതിരെ നുണക്കഥകള്‍ മെനയുന്നത് ഇതുവരെ അവസാനിപ്പിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞിരുന്നു. ഫലത്തില്‍ പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുകയും മുഖ്യമന്ത്രിയെ പൂര്‍ണമായി സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് തന്നെയാണ് സിപിഎം നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എംഎ ബേബി എന്നിവര്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും സോഷ്യല്‍ മീഡിയ വഴി എസ്.ആര്‍.പി പാര്‍ട്ടി നിലപാട് വിശദമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഡാറ്റ സംരക്ഷണവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിപിഐ ഒരുതരം 'ഒളിച്ചുകളി' നടത്തുകയാണെന്ന പ്രതീതിയും നിലനില്‍ക്കുന്നുണ്ട്. സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട്, എന്നാല്‍ ഈ പേര് പറയാതെ ജനയുഗം ദിനപത്രം മുഖപ്രസംഗമെഴുതിയത് ഡാറ്റ സംരക്ഷിക്കണമെന്നും ഇതിന്റെ സുരക്ഷയെ പ്രതിയുമുള്ള കാര്യങ്ങളായിരുന്നു. അത്യാവശ്യ ഘട്ടത്തിലാണ് ഐടി സെക്രട്ടറി സ്പ്രിംഗ്‌ളറിന്റെ സേവനം തേടിയതെന്നും അത് സംസ്ഥാനത്തിന് ഗുണകരമായി ഭവിച്ചു എന്നു കരുതുമ്പോള്‍ പോലും സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചല്ല ഇക്കാര്യങ്ങള്‍ എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന മന്ത്രിസഭാ യോഗം വിഷയം ചെയ്തില്ല, നിയമ വകുപ്പിന്റെ അഭിപ്രായം തേടിയില്ല, ഡാറ്റ നല്‍കിയ രോഗികള്‍ അടക്കമുള്ളവരുടെ സമ്മതം തേടിയില്ല എന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇക്കാര്യത്തില്‍ പൂര്‍ണമായും നടപടി ക്രമങ്ങള്‍ പാലിച്ചു എന്ന് ഐടി സെക്രട്ടറിയും അവകാശപ്പെട്ടിട്ടില്ല. ഐടി മേഖല സംബന്ധിച്ചും ഡാറ്റ സംബന്ധിച്ചുമെല്ലാം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ - അത് അടിയന്തര സാഹചര്യത്തിലാണെങ്കില്‍ പോലും - സ്വീകരിച്ച നടപടി എന്നിരിക്കെ, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് തയാറാകുമോ, നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന വിമര്‍ശനമെങ്കിലും ഉയര്‍ത്താന്‍ തയാറാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇക്കാര്യം കോടതി കയറിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും പാര്‍ട്ടിക്ക് മുമ്പിലുണ്ട്.

അതേ സമയം, നിയമവഴിയുള്ള പോരാട്ടമല്ലാതെ, ഇക്കാര്യത്തില്‍ സിപിഎമ്മിനെയോ സംസ്ഥാന സര്‍ക്കാരിനെയോ പ്രതിരോധത്തില്‍ നിര്‍ത്താമെന്ന് പ്രതിപക്ഷവും കരുതുന്നില്ല എന്നാണ് വിവിധ നേതാക്കള്‍ നല്‍കുന്ന സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ കോവിഡ് ബാധയെ മെച്ചപ്പെട്ട രീതിയില്‍ പ്രതിരോധിക്കുന്നതിന് നേതൃത്വം നല്‍കിയ ആള്‍ എന്ന പിണറായി വിജയന്റെ പ്രതിച്ഛായയും സ്പ്രിംഗ്‌ളര്‍ വിഷയത്തിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതും പ്രതിപക്ഷത്തിനു മുന്നിലുള്ള വെല്ലുവിളിയാണ്.


Next Story

Related Stories