Top

മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും സിപിഎം പുറത്താക്കിയേക്കും

മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും സിപിഎം പുറത്താക്കിയേക്കും

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് കോഴിക്കോട് അറസ്റ്റിലായ സിപിഎം അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പാർട്ടിയിൽ നിന്നും പുറത്താക്കും. ലോക്കൽ ജനറൽ ബോർഡി യോഗം വിളിച്ചായിരിക്കും ഇതിന്റെ ആദ്യ നടപടികൾ. യോഗം വിളിക്കാൻ പാർട്ടി തലത്തിൽ തീരുമാനമായിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതുൾപ്പെടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിഷയം ചർച്ച ചെയ്യാൻ അലൻ ഉൾപ്പെട്ട പന്നിയങ്കര ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡിയുടെ ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് നടക്കും. താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡി യോഗത്തെ കുറിച്ച് വ്യക്തമല്ല. നവംബർ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് പന്തീരാങ്കാവ് പാറമ്മലിൽ വൈകിട്ട് 6.45 ന് സംശയാസ്‌പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടെന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ ബാഗിൽനിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് ഇവർ‌ക്കെതിരായ കേസ്.

അതേസമയം, അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.


Next Story

Related Stories