TopTop
Begin typing your search above and press return to search.

ഭൂപരിഷ്ക്കരണം മുതലാളിത്ത ആവശ്യമാണെന്ന് പറഞ്ഞതെന്തുകൊണ്ട്? പി രാജീവ് വിശദീകരിക്കുന്നു

ഭൂപരിഷ്ക്കരണം മുതലാളിത്ത ആവശ്യമാണെന്ന് പറഞ്ഞതെന്തുകൊണ്ട്?  പി രാജീവ് വിശദീകരിക്കുന്നു

സിപിഎം നേതാവ് പി രാജീവ് അദ്ദേഹം അവതരിപ്പിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: ചരിത്രവും വര്‍ത്തമാനവും എന്ന യു ട്യൂബ് പ്രഭാഷണ പരിപാടിയില്‍ ഭൂപരിഷ്‌കരണവും എല്ലാവര്‍ക്കും വിദ്യാഭ്യാസവും എന്നത് മുതലാളിത്തത്തിന്റെ മുദ്രാവാക്യം ആണെന്നു പറയുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമുയര്‍ന്നത്. രാജീവിന്റെത് ദളിത് വിരുദ്ധ അഭിപ്രായമാണെന്നും ഭൂമിയ്ക്കുവേണ്ടി ഇ്‌പ്പോഴും പോരാടുന്ന ജനവിഭാഗങ്ങളെ അപമാനിക്കുകയാണെന്നും ആക്ഷേപം ശക്തമായി. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചരിത്രപരമായ വസ്തുകതകളാണെന്നും അതിനെ തെറ്റിദ്ധരിച്ചാണ് അക്ഷേപമുയര്‍ത്തുന്നവര്‍ സംസാരിക്കുന്നതെന്നുമാണ് പി രാജീവ് അഴിമുഖത്തോട് പ്രതികരിച്ചത്. എന്തുകൊണ്ടാണ് ഭൂപരിഷ്ക്കരണത്തെ മുതലാളിത്തത്തിന്റെ പരിപാടിയാണെന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. രാജീവിന്റെ വിശദീകരണത്തിലേക്ക്:

ലോകത്ത് എല്ലായിടത്തും മുതലാളിത്തം വികസിക്കുന്നത് ഭൂമിവിതരണം സംഭവിക്കുന്നതിലൂടെയും ഫ്യൂഡലിസം അവസാനിപ്പിച്ചുകൊണ്ടുമാണ്. ഫ്യൂഡലിസത്തെ അപേക്ഷിച്ച് മുതലാളിത്തം എന്നത് പുരോഗമനപരമായൊരു സാമൂഹിക സാമൂഹിക വ്യവസ്ഥയാണ്. എന്നാല്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണവുമായി താരതമ്യം ചെയ്യുമ്പോള്‍ മുതലാളിത്തം പിന്തിരിപ്പിനാണ്. വിലയിരുത്തലുകള്‍ എപ്പോഴും ആപേക്ഷികമാണ്. ജനാധിപത്യ വിപ്ലവത്തിന്റെ ചുമതലകള്‍ പൂര്‍ത്തീകരിക്കേണ്ട ഉത്തരവാദിത്വം മുതലാളിത്തത്തിനുണ്ടായിരുന്നു. ഇന്ത്യയിലവരത് പൂര്‍ത്തികരിക്കാതിരിക്കുമ്പോള്‍ അത് നിര്‍വഹിക്കുക എന്നതാണ് സിപിഎം ചെയ്യുന്നത്. ഇന്ത്യയില്‍ മുതലാളിത്തം കെട്ടിയടക്കപ്പെടുകയായിരുന്നു. കടമ നിര്‍വഹിക്കാതെ കൊളോണിയല്‍ കാലത്ത് തന്നെ ഭൂപ്രഭുത്വവുമായി സന്ധി ചെയ്തു. അതുകൊണ്ട് കാര്‍ഷികമേഖലയില്‍ മുതലാളിത്വവത്കരണം നടപ്പായില്ല. അതോടെ മുതലാളിത്വ കമ്പോളവത്കരണം പരിമിതപ്പെട്ടു. ഫ്യൂഡല്‍ ബന്ധമെന്നത് ജന്മി-കുടിയാന്‍ ബന്ധമാണ്. ആ ബന്ധം കര്‍ഷക-മുതലാളിത്ത ബന്ധത്തിലേക്ക് മാറുമ്പോള്‍ ഉത്പാദനം വര്‍ദ്ധിക്കും, പുതിയ കാര്‍ഷികോപരണങ്ങള്‍ വരും, പാട്ടത്തില്‍ നിന്നും കൂലിയിലേക്ക് വരും. അതോടുകൂടി കാര്‍ഷികമേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇപ്പുറത്ത് കമ്പോളം വിപുലപ്പെടുകയും ചെയ്യും. ഇതൊക്കെയായിരുന്നു മുതലാളിത്തം നിര്‍വഹിക്കേണ്ടിയിരുന്ന കടമ. ആ കടമ നിര്‍വഹിക്കാതെ ഭൂപ്രഭുത്വവുമായി സന്ധി ചെയ്തു. അതുകൊണ്ട് മുതലാളിത്തം നിര്‍വഹിക്കേണ്ടിയിരുന്ന കടമകള്‍ നിര്‍വഹിക്കേണ്ടത് വര്‍ക്കിംഗ് ക്ലാസിന്റെ ഉത്തരവാദിത്വമായി. ജനാധിപത്യ വിപ്ലവം ശരിക്കും ബൂര്‍ഷ്വാസി നയിക്കേണ്ടതാണ്. അതാണ് ബൂര്‍ഷ്വ ജനാധിപത്യ വിപ്ലവം. അവരത് ചെയ്യാത്തതുകൊണ്ടാണ് തൊഴിലാളി വര്‍ഗം അത് നയിക്കുന്നത്. സിപിഎം ചെയ്യുന്ന പരിപാടിയുമതാണ്. നേതൃത്വം മാറുമ്പോള്‍ ഗുണപരമായി തന്നെ അതിന്റെ ഉള്ളടക്കത്തിലും മാറ്റം വരും.

ഭൂപരിഷ്‌കരണം സോഷ്യലിസത്തിന്റെ മുദ്രാവാക്യമായിരുന്നു. പക്ഷേ, ഭൂപരിഷ്‌കരണം അതിനുമൊക്കെ എത്രയോ കാലം മുന്നേ നടക്കേണ്ടതായിരുന്നു. ഇന്ത്യയിലത് നിര്‍വഹിക്കേണ്ടിയിരുന്നത് ഇവിടുത്തെ ഭരണവര്‍ഗം തന്നെയായിരുന്നു. അവരത് ചെയ്തില്ല. പകരം ഫ്യൂഡലിസവുമായും ജാതിമേധാവിത്വവുമായി സന്ധി ചെയ്തു. ക്ലാസിക്കല്‍ മുതലാളിത്വത്തിന്റെ വികാസം ഫ്യൂഡലിസത്തിന്റെ ചാരത്തില്‍ നിന്നാണ്. ഒരു കാലത്ത് പുരോഗമനം എന്നു പറയുന്നത് മറ്റൊരുകാലത്ത് പിന്തിരിപ്പന്‍ ആയിരിക്കും. അടിമത്തകാലത്തെ അപേക്ഷിച്ച് ഫ്യൂഡലിസം എന്നത് പുരോഗമനപരമാണ്. ഫ്യൂഡലിസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ മുതലാളിത്തം പുരോഗമനപരമാണ്. മുതലാളിത്തം കഴിഞ്ഞുള്ള സാമൂഹിക അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ മുതലാളിത്തം പിന്തിരിപ്പിനാണ്. മുതലളിത്തം വിപ്ലവകരമായ ദൗത്യം നിര്‍വഹിച്ചു എന്ന് മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്. അത് അന്നത്തെ കാലത്തെ വിപ്ലവമാണ്. അമ്പും വില്ലും വിപ്ലവകരമായ കണ്ടു പിടിത്തമാണ്. എന്നാല്‍, ഇന്ന് അമ്പും വില്ലും നമുക്ക് പ്രാകൃതമായ ആയുധമാണ്. ഒരു പ്രശ്‌നത്തിന്റെ കഷ്ണം എടുത്തു നോക്കുമ്പോഴാണ് ഇത്തരം തെറ്റിദ്ധാരണകള്‍ വരുന്നത്.

പട്ടരില്‍ പൊട്ടനില്ല എന്നൊരു ചൊല്ല് ഞാനിതില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഓരോ ചൊല്ലിനും ഒരു ബൗദ്ധിക അടിത്തറ ഉണ്ടാകും. അന്ന് വിദ്യാഭ്യാസം എന്നത് ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള ഉന്നത വരേണ്യവര്‍ഗത്തിന് മാത്രമായിരുന്നു. ബ്രാഹ്മണര്‍ നൂറ്റാണ്ടുകളായി വേദം ചൊല്ലി പഠിച്ച് അവരുടെ തലച്ചോര്‍ ഓരോ തലമുറ കഴിയുന്തോറും വളരെ വികസിച്ചുകൊണ്ടിരുന്നു. എന്നാല്‍ ശൂദ്രന്‍, ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് പുറത്തായിരുന്ന ചണ്ഡാളര്‍ തുടങ്ങിയവര്‍ അക്ഷരം കേള്‍ക്കാന്‍ പോലും വിധിക്കപ്പെടാത്തവരായിരുന്നു. അവരുടെ തലച്ചോര്‍ ബ്രാഹ്മണനെയും മറ്റ് വരേണ്യവര്‍ഗത്തിനെയും അപേക്ഷിച്ച് എത്രയോ നൂറ്റാണ്ടുകള്‍ പിന്നില്‍ നില്‍ക്കേണ്ടി വന്നത് അവരുടെ കുഴപ്പം കൊണ്ടല്ല. വ്യവസ്ഥയുടെ കുഴപ്പമാണ്. ആ വിവേചനത്തെയാണ് ഇത്തരം പ്രയോഗത്തിന്റെ ബൗദ്ധിക പരിസരം തേടുമ്പോള്‍ തുറന്നു കാണിക്കുന്നത്. സംവരണത്തിന്റെയൊക്കെ യഥാര്‍ത്ഥ അടിസ്ഥാനമിതാണ്.

പ്രശ്‌നങ്ങളെ ചരിത്രപരതയില്‍ നിന്നുകൊണ്ടുവേണം വിലയിരുത്താന്‍. അല്ലാതെ, ഒരു വാക്കോ വാചകമോ മാത്രമെടുത്താകരുത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ അധ്യായത്തിന്റെ പകുതിയോളം മുതലാളിത്വത്തെ കുറിച്ചാണ് മാര്‍ക്‌സും എംഗല്‍സും പറഞ്ഞിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അധ്യായവും അതാണ്. എന്നാല്‍ മാനിഫെസ്റ്റോയുടെ ആദ്യ അധ്യായത്തിലെ പകുതി വയിച്ചിട്ട് മുതലാളിത്തത്തെ കുറിച്ച് ഇത്രയും പ്രകീര്‍ത്തിക്കുന്ന മറ്റൊരു കൃതിയില്ലെന്ന് പറയുന്നുവരുണ്ട്. മനസിലാക്കുന്നതിന്റെ പരിമിതികളാണിത്. ഐഡന്റിറ്റി പൊളിറ്റിക്‌സിന്റ പൊതുപരിമിതി തന്നെയാണത്. സമഗ്രതയില്‍ കാണാതിരിക്കുക, ഡയലറ്റിക്‌സിനെ മനസിലാക്കാന്‍ ശ്രമിക്കാതിരിക്കുക, ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണുക, ഒരു വാക്കിനെ, ഒരു പ്രശ്‌നത്തെ, ഒരവസ്ഥയെ അപ്പപ്പോള്‍ കാണുന്നതുപോലെ മാത്രം കാണുക; ഇതൊക്കെയാണ് പ്രശ്‌നം." രാജീവ് വിശദീകരിച്ചു. രാജീവിന്റെ ഭൂപരിഷ്ക്കരണത്തെ സംബന്ധിച്ച് നിശിതമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നത്. ഭൂമിയില്ലാത്തവരെ അപമാനിക്കുകയാണ് രാജീവ് ചെയ്യുന്നതെന്നായിരുന്നു ആക്ഷേപം


രാകേഷ് സനല്‍

രാകേഷ് സനല്‍

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories