Top

എതിര്‍പ്പുകള്‍ അടങ്ങി, ഒടുവില്‍ യുഎപിഎയുടെ കാര്യത്തിലും പിണറായി വിജയന്റെ വഴിയില്‍ സിപിഎം

എതിര്‍പ്പുകള്‍ അടങ്ങി,  ഒടുവില്‍ യുഎപിഎയുടെ കാര്യത്തിലും പിണറായി വിജയന്റെ വഴിയില്‍ സിപിഎം


യുഎപിഎ നിയമത്തിനെതിരെ പൊതുവേദികളില്‍ എല്ലായ്‌പ്പോഴും ശക്തമായി വാദിക്കുന്നവരാണ് സിപിഎം. കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നപ്പോഴും അതിനെ സിപിഎം ശക്തമായി എതിര്‍ത്തു. കോഴിക്കോട് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നി വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും സിപിഎം നേതാക്കള്‍ പാര്‍ട്ടി നിലപാടിനെ കുറിച്ച് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് തങ്ങള്‍ക്കെതിരായ ആരോപണത്തെ പ്രതിരോധിച്ചത്. യുഎപിഎ നിയമം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത് പുനഃപരിശോധിക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു. എന്നാല്‍ ആ നിലപാടൊക്കെ പാര്‍ട്ടി തിരുത്തുകയാണ്. യുഎപിഎ കേസില്‍ ഇടപെടേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പാര്‍ട്ടി ജനറല്‍സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ചിലരുമെല്ലാം ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി തളളുകയാണ ചെയ്യുന്നത്. പൊലിസിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിലേക്ക് പാര്‍ട്ടി ഒരാഴ്ചയ്ക്കുള്ളിലേക്ക് മാറി.
യുഎപിഎയെ എതിര്‍ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെയാണ് ഭരിക്കുന്ന സംസ്ഥാനത്ത്, ഏതെങ്കിലും വിധ്വംസക പ്രവര്‍ത്തനത്തില്‍ പോലും ഏര്‍പ്പെട്ടതായി ഇതുവരെ ആരോപിക്കപ്പെട്ടിട്ടുപോലുമില്ലാത്ത യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തപ്പെട്ടത്. ഇതിനെതിരെയാണ് വിമര്‍ശനം വ്യാപകമായത്.
ലഘുലേഖ കൈവശം വെച്ചതിന് യുഎപിഎ ചുമത്തിയത് ശരിയായ നടപടിയില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് പറഞ്ഞത്. ഇത്രയും വലിയ എതിര്‍പ്പ് ഉണ്ടായത് ഇപ്പോഴാണെങ്കിലും പിണറായി വിജയന്‍ അധികാരത്തില്‍വന്നതിന് ശേഷം യു എ പിഎ ചുമത്തിയ കേസുകള്‍ നിരവധിയായിരുന്നു. ഇക്കാര്യത്തില്‍ സിവില്‍ സമൂഹത്തില്‍നിന്ന് എതിര്‍പ്പുണ്ടായിരുന്നുവെന്നങ്കിലും അതൊന്നും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പരിഗണിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ സിപിഎമ്മും കാര്യമായി പരിഗണിച്ചിരുന്നില്ല. രാഷ്ട്രീയ എതിരാളികളും വികസന നയങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുമാണ് അറസ്റ്റിലാക്കപ്പെട്ടത് എന്നതായിരുന്നു ഇതിന് കാരണം. യുഎപിഎയ്ക്കെതിരെ ഉണ്ടെന്ന് പറയുന്ന നിലപാടുകൾ വ്യാപകമായി ആ വകുപ്പ് പ്രയോഗിക്കുന്നതിന് പിണറായി വിജയൻ്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന് തടസ്സമായിരുന്നിട്ടില്ല. പാർട്ടി നേതാക്കൾക്കും അത് ഒരു പ്രശ്നമായി തോന്നിയിട്ടില്ല.
എന്നാല്‍ യുഎപിഎ നിയമം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പോലും ചുമതത്തപ്പെട്ടപ്പോഴാണ് സിപിഎം കേന്ദ്രങ്ങളില്‍നിന്ന് വിമര്‍ശനം കടുത്തത്. പൊലീസ് ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതില്‍ പാര്‍ട്ടി ഇടപെടുന്നതിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ എന്തെങ്കിലും രീതിയില്‍ ഇടപെട്ടാല്‍ എന്‍ഐഎ പോലും ഇടപെട്ടേക്കുമെന്ന സാധ്യതയും പാര്‍ട്ടി വൃത്തങ്ങള്‍ കണക്കിലെടുക്കുന്നുവെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സുചന. പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന് ആക്ഷേപം ഉണ്ടാകുമെന്നും ചില നേതാക്കള്‍ പറയുന്നു.
ഇത്തരം സാധ്യതകള്‍ ഉണ്ടെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ സ്വന്തം പാര്‍ട്ടി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പില്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ വിഷയങ്ങളില്‍ ഭരിക്കുന്ന സമയത്തും അല്ലാത്തപ്പോഴും സിപിഎം സ്വീകരിക്കുന്ന വിരുദ്ധങ്ങളായ സമീപനങ്ങളാണ് ഇവിടെയും തെളിയുന്നത്. സിപിഎമ്മിന്റെ സെക്രട്ടറിയേറ്റിലും നേതൃത്വത്തിലും പിണറായി വിജയന്റെ നിലപാടുകള്‍ക്കുള്ള പൂര്‍ണമായ സ്വാധീനവും ഇപ്പോഴെടുത്ത സമീപനത്തിലും കാണാം. ഇടതുപക്ഷ ഭരണത്തില്‍ ഏറ്റവു കൂടുതല്‍ വിമര്‍ശന വിധേയമായത് പിണറായി വിജയന്‍ നേരിട്ട് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പാണ്. പൊലീസില്‍ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവും ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നിലപാടുകളാണ് ആഭ്യന്തര വകുപ്പില്‍ നടക്കുന്നതെന്ന ആരോപണവും വ്യാപകമാണ്
രാഷ്ട്രീയ നിലപാടുകള്‍ക്കുപകരം ഭരണപരമായ സാങ്കേതികത്വങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പിണറായി വിജയന്റെ സമീപനങ്ങള്‍ സിപിഎം സംസ്ഥാന ഘടകം അംഗീകരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് യുഎപിഎ സമീപനത്തിലും തെളിയുന്നത്. ഇത് ഈ ഭരണം തുടങ്ങിയ കാലം മുതല്‍ കാണുന്നതാണ്.
സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ വിവാദ പുരുഷനും സിപിഎം ഏറെ വിമര്‍ശിക്കുകയും ചെയ്ത രമണ്‍ ശ്രീവസാസ്തവയെ പൊലീസിന്റെ ഉപദേശകനായി നിയമിച്ചതുമുതല്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് എന്ത് സമീപനമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വ്യക്തമായിരുന്നു. ഇതിനോട് എതിര്‍പ്പുള്ളവരുണ്ടായിരുന്നെങ്കിലും പിണറായി വിജയന്റെ തീരുമാനങ്ങളെ പാര്‍ട്ടി വേദിയില്‍ പോലും എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആഭ്യന്തര വകുപ്പില്‍ മാത്രമല്ല ഇത്തരം സമീപനങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നതാണ് വസ്തുത.
സര്‍ക്കാരിന്റെ തുടക്കത്തില്‍, നവബിലറല്‍ ആശയങ്ങളുടെ ശക്തയായ വക്താവ് ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവ് ആക്കിയപ്പോഴും, സിപിഎം സെക്രട്ടറിയേറ്റിനോ കേന്ദ്ര നേതൃത്വത്തിനോ അതിനെ എതിര്‍ക്കാനോ മാറ്റാനോ കഴിഞ്ഞിരുന്നില്ല. ഐഎംഎഫിന്റെ ചീഫ് ഇക്കോണമിസ്റ്റായപ്പോള്‍ അവര്‍ സ്വയം സ്ഥാനം ഒഴിയുകയായിരുന്നു.
ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പിണറായി വിജയന്റെ പൊലീസ് കോഴിക്കോട് കേസില്‍ എടുത്തിരിക്കുന്നത്. അത്തരത്തില്‍ ദേശീയ തലത്തില്‍ പ്രതിരോധത്തിലാകുമ്പോഴും പൊലീസ് സമീപനത്തെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെയും പിണറായി വിജയന്റെ ഭരണ നിലപാടിന് മുന്നില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനങ്ങള്‍ ഫലത്തില്‍ കൈയൊഴിയാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് തെളിയിക്കപ്പെട്ടാലും സിപിഎമ്മിന് സര്‍ക്കാരിന്റെ നിലപാടുകള്‍ രാഷ്ട്രീയമായി വിശദീകരിക്കാന്‍ ബുദ്ധിമുട്ടും. യുഎപിഎ പാടില്ലെന്നും ആശയത്തെ ആശയം കൊണ്ട് ചെറുക്കണമെന്നും പറയുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇനി ഫലത്തില്‍ പൊലീസ് നടപടി ന്യായികരിക്കാന്‍ രംഗത്തിറങ്ങേണ്ടിവരും. ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപിടിച്ച് യുഎപിഎ ചുമത്തിയതിനെ ന്യായികരിക്കേണ്ട അവസ്ഥയാണ് ഇനി സിപിഎം നേതാക്കള്‍ക്കുണ്ടാവുക.


Next Story

Related Stories