Top

"ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്ന ക്രൂരതകളെല്ലാം പോലീസുകാര്‍ ചെയ്തു"; 25 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായ സിപിഎം പ്രവര്‍ത്തകന്‍ ബാബുരാജ് ദുരിത കാലം പറയുന്നു

"ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്ന ക്രൂരതകളെല്ലാം പോലീസുകാര്‍ ചെയ്തു"; 25 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായ സിപിഎം പ്രവര്‍ത്തകന്‍ ബാബുരാജ് ദുരിത കാലം പറയുന്നു

"ക്രൂരമായ പീഡനങ്ങളുടെ പതിനൊന്നു ദിവസങ്ങള്‍. പൊലീസുകാരുടെ കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ദനം. ഷൂസിട്ട കാലുകള്‍ കൊണ്ട് വയറിലും നെഞ്ചിലും മുതുകിലും മാറി മാറിയുള്ള ചവിട്ടുകള്‍, അടി, ഇടി. ലാത്തികൊണ്ടും പൈപ്പ് കഷ്ണംകൊണ്ടും ശരീരമാസകലം ഉരുട്ടല്‍. മുളക് അരച്ച് കണ്ണിലും മലദ്വാരത്തിലും മറ്റു ഭാഗങ്ങളിലും പുരട്ടല്‍... തളര്‍ന്നു വീണാലും പിന്നെയും തുടരുന്ന ഉപദ്രവങ്ങള്‍... ഒരു മനുഷ്യ ശരീരത്തോട് എന്തൊക്കെ ക്രൂരതകള്‍ ചെയ്യാമോ അതെല്ലാം ഞങ്ങള്‍ നാലു ചെറുപ്പക്കാരോടും അവര്‍ ചെയ്തൂ. പതിനൊന്നു ദിവസം അന്യായമായി തടങ്കലില്‍ വച്ച് അസഹനീയമായി പീഡിപ്പിച്ചു. ഭീകരമായ ആ പീഡനങ്ങള്‍ക്കൊടുവിലാണ് ചെയ്യാത്ത കുറ്റം ഞങ്ങളെക്കൊണ്ടവര്‍ സമ്മതിപ്പിച്ചത്..."; ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതിയെ രണ്ടു ദിവസം മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ്, ഇതേ കേസില്‍ പ്രതിയാക്കപ്പെട്ടു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബാബുരാജ് 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കും സുഹൃത്തുക്കള്‍ക്കും അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ച് അഴിമുഖത്തോട് പറഞ്ഞത്. അകാരണമായി തന്നെ ശിക്ഷിച്ച, ജീവിതം പ്രതിസന്ധിയിലാക്കിയ പൊലീസുകാര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബാബുരാജ്

"ശാരീരികമായി നേരിടേണ്ടി വന്ന ആഘാതങ്ങളെക്കാള്‍ വലുതായിരുന്നു മാനസികമായി നേരിട്ടത്. വീട്ടുകാരും അടുത്ത ബന്ധുക്കളും മറ്റുള്ളവരുടെ ശാപവാക്കുകള്‍ക്കും അവഗണനകള്‍ക്കും ഇരകളായി. വാസ്തവം പറഞ്ഞാല്‍, സുനിലിനെ കൊന്ന യഥാര്‍ത്ഥ പ്രതിയെ പൊലീസ് പിടികൂടുന്ന ദിവസം വരെ, 'കൊലയാളി' എന്ന സംശയത്തോടെ തന്നെയാണ് പലരും കണ്ടിരുന്നത്. നീണ്ട 25 വര്‍ഷങ്ങളാണ് മറ്റുള്ളവരുടെ കണ്ണില്‍ കുറ്റവാളിയായി ജീവിക്കേണ്ടി വന്നത്. അതുണ്ടാക്കിയ മാനസിക വിഷമങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല..."

1994 ഡിസംബര്‍ നാലാം തീയതി പുലര്‍ച്ചെയായിരുന്നു ചാവക്കാട് തൊഴിയൂരില്‍ സുനില്‍ എന്ന ദളിത് യുവാവിനെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നത്. ഈ സംഭവത്തില്‍ പൊലീസ് കുറ്റവാളികളായി കണ്ടെത്തിയത് എട്ടുപേരെയായിരുന്നു. അതില്‍ നാല് സിപിഎം പ്രവര്‍ത്തകരെയാണ് മുഖ്യപ്രതികളാക്കിയത്; ബാബുരാജ്, ഹരിദാസ്, ബിജി, റഫീഖ്. നാലുപേര്‍ക്കും തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു.എന്നാല്‍ പിന്നീട് മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട നടന്ന പൊലീസ് അന്വേഷണത്തില്‍ തൊഴിയൂര്‍ സുനില്‍ വധക്കേസും ഉള്‍പ്പെടുകയും അതിലെ യഥാര്‍ത്ഥപ്രതികള്‍ ജം ഇയത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണെന്നും കണ്ടെത്തുന്നതും. തുടര്‍ന്ന് ഈ വിവരം കാണിച്ച് ബാബുരാജും കൂട്ടരും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കേസില്‍ പുനരഃന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആ അന്വേഷണത്തിലാണ് വെള്ളിയാഴ്ച്ച ചാവക്കാട് സ്വദേശിയും ജം ഇയത്തുല്‍ ഹിസാനിയ സംഘടനയിലെ അംഗവുമായ മൊയ്തീനെ അറസ്റ്റ് ചെയ്യുന്നത്. വേറെയും പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെയും ഉടന്‍ കണ്ടെത്തുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികള്‍ വേറെയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബാബുരാജിനെയും കൂടെ ശിക്ഷിക്കപ്പെട്ടവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. നിരപരാധിത്വം ബോധ്യപ്പെട്ട് കോടതി വെറുതെ വിട്ടെങ്കിലും പുറത്തിറങ്ങിയ തങ്ങള്‍ക്ക് കുറ്റവാളി പരിവേഷം തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നാണ് ബാബുരാജ് പറയുന്നത്.
"സത്യം പറഞ്ഞാല്‍, സുനിലിനെ ജീവിതത്തില്‍ ഞാന്‍ നേരിട്ട് കണ്ടിരുന്നില്ല. മുതുവെട്ടൂരില്‍ നിന്നും തൊഴിയൂരിലേക്ക് ആറേഴു കിലോമീറ്റര്‍ ദുരമുണ്ട്. കൊല്ലപ്പെട്ടെന്ന വാര്‍ത്തയോടൊപ്പം ഉണ്ടായിരുന്ന ഫോട്ടോയിലാണ് സുനിലെ ആദ്യമായി കാണുന്നത്. എന്നിട്ടും ഞാനാണ് അയാളെ കൊന്നതെന്നു പൊലീസ് പറഞ്ഞു. അവരത് എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു. എന്റെ പാര്‍ട്ടിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു", പഴയ സംഭവങ്ങളിലൂടെ കടന്നു പോവുകയാണ് ബാബുരാജ്.
എസ് എഫ് ഐയിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. എസ് എഫ് ഐ ഏരിയാ കമ്മിറ്റിയംഗമൊക്കെയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം ജീവിക്കാനായി ഒരു തൊഴിലും ചെയ്തിരുന്നു. എറണാകുളം-ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന പ്രവൈറ്റ് ബസിലെ കണ്ടക്ടര്‍ ആയിരുന്നു. എനിക്ക് അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ എട്ടുമക്കളുണ്ടായിരുന്നു. ഏഴുപേരും മരിച്ചു പോയി. അതോടെ ഹൃദ്രോഗിയായ അമ്മയും ഞാനും മാത്രമായി. പ്രാദേശികമായ ചില പ്രശ്നങ്ങളും കേസുകളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഒരൊറ്റ ക്രിമിനല്‍ കേസുപോലും എന്റെ പേരില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിയും ജോലിയും ഒക്കെയായി മുന്നോട്ടു പോകുമ്പോഴാണ് ഇരുപത്തിയഞ്ചാമത്തെ വയസില്‍ മനസറിയാത്ത കാര്യത്തിന് കുറ്റവാളിയാകുന്നത്.
"നിര്‍ധനമായൊരു ദളിത് കുടുംബത്തിലെ അംഗമായിരുന്നു സുനില്‍. സുനിലിന്റെ കൊലപാതകം വലിയ വാര്‍ത്തയായത് അയാളുടെ ജീവിത പശ്ചാത്തലം വളരെ ദയനീയമായിരുന്നുവെന്നതുകൊണ്ട് കൂടിയാണ്. അയാളെ കൊന്ന രീതിയും ക്രൂരമായിരുന്നു. കൂടാതെ സുനിലിന്റെ സഹോദരന്റെ കൈ വെട്ടി മാറ്റിയിരുന്നു. അച്ഛന്റെ വിരലുകള്‍ അറ്റുപോയിരുന്നു. അമ്മയേയും സഹോദരിമാരേയും ആക്രമിച്ചു. ഇതെല്ലാം വാര്‍ത്തകളില്‍ വന്നതോടെ, സുനിലിന്റെ കൊലയാളികള്‍ക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. ഞങ്ങളെ ആയിരുന്നല്ലോ കൊലപതാകികളാക്കി പൊലീസ് അവതരിപ്പിച്ചത്. സ്വഭാവികമായും എല്ലാവരുടെയും മുന്നില്‍ ക്രൂരന്മാരും അധഃപതിച്ചവരുമായി ഞങ്ങള്‍ മാറി...ഞങ്ങളോടുള്ള ദേഷ്യവും വിരോധവും അവഗണനയുമൊക്കെ കുടുംബത്തിലുള്ളവരോടും കാണിച്ചു. ഒരു സുപ്രഭാതത്തില്‍ ആകെയുള്ളൊരു മകന്‍ കൊലയാളിയാണെന്ന വാര്‍ത്ത ഹൃദ്രോഗിയായ ഒരമ്മ കേള്‍ക്കുന്നതിന്റെ അവസ്ഥയാലോചിച്ചു നോക്കൂ.."
ബാബുരാജ് തൻ്റെ കഥ തുടർന്നു.

"സുനില്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ടെന്നറിഞ്ഞതോടെ ഞാനും റഫീക്കും ബാബുരാജും ഷിബിയും ഒളിവില്‍ പോയി. രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞു. സുനിലിന്റെ ശവസംസ്‌കാരം നടന്ന ദിവസം തന്നെ പൊലീസ് പ്രതികള്‍ ഇന്നയാളുകളാണെന്നു പ്രഖ്യാപിച്ചിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചു തന്നെയായിരുന്നു പൊലീസിന്റെ നീക്കം. പുലര്‍ച്ചെ രണ്ടുമണിക്കോ മറ്റോ ആണ് സുനിലിനെ വധിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ക്ക് അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എഫ് ഐ ആറിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നു. പിന്നീടാണ് കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തുന്നത്. ഞങ്ങളുടെ ഒരു സുഹൃത്തിനെ ആക്രമിച്ചതിന്റെ പ്രതികാരമായിട്ടാണ് സുനിലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ 'കണ്ടെത്തല്‍'. സുനില്‍ കൊല്ലപ്പെടുന്നതിന്റെ തലേന്ന് സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ പേരില്‍ ആരെയും തിരിച്ചാക്രമിക്കുകയൊന്നും ചെയ്തില്ല. എന്നാല്‍ പൊലീസ് ഉണ്ടാക്കിയ കഥപ്രകാരം, സുഹൃത്തിനെ ആക്രമിച്ചവര്‍ സുനിലിന്റെ വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്നു വിവരം കിട്ടിയതിനെ തുടര്‍ന്ന് ആയുധങ്ങളുമായി ഞങ്ങള്‍ അവിടെ എത്തുകയും തെറ്റിദ്ധാരണയുടെ പുറത്ത് സുനിലെ കൊല്ലുകയുമായിരുന്നുവെന്നുമാണ്. ഈ കഥ സമര്‍ത്ഥമായി എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്താനും കഴിഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത് നടത്തിയ കൊലയാണെന്ന് പാര്‍ട്ടിയേയും പൊലീസ് തെറ്റിദ്ധരിപ്പിച്ചു. അതോടെ പരസ്യമായി ഈ കേസില്‍ ഞങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പാര്‍ട്ടിക്ക് പരിമിതികള്‍ ഉണ്ടായി. പാവപ്പെട്ടൊരു വീട്ടിലെ ചെറുപ്പക്കാരനെയാണ് കൊലപ്പെടുത്തിയത്. വീട്ടുകാരെയും ക്രൂരമായി ആക്രമിച്ചു. ജനരോഷം ശക്തമാണ്. ഈയൊരുഘട്ടത്തില്‍ തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടേയെന്ന നിലപാടേ പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയൂ. അങ്ങനെ, രണ്ടു മാസം ഒളിവില്‍ കഴിഞ്ഞ ശേഷം ഞങ്ങള്‍ നാലുപേരും കീഴടങ്ങി. ബാബുരാജിനെ മാറ്റിനിര്‍ത്തിയാല്‍ ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരായിരുന്നു ബാക്കി മൂന്നുപേരും. എന്നിട്ടു പോലും അതിക്രൂരമായാണ് പൊലീസുകാര്‍ ഉപദ്രവിച്ചത്. മര്‍ദ്ദിച്ച് കുറ്റസമ്മതിപ്പിക്കുകയായിരുന്നു. അവര്‍ പറയുന്നത് അനുസരിക്കയല്ലാതെ വേറെ വഴിയില്ലായിരുന്നു. അത്രമാത്രം ഭീകരമായിരുന്നു നേരിട്ട അവസ്ഥകള്‍."
എന്തിനാണ് പൊലീസ് തങ്ങളെ കുറ്റവാളികളാക്കി മാറ്റിയതെന്ന് മാത്രം അറിയില്ലെന്ന് ബാബുരാജ് പറയുന്നു.

"കൃത്യമായ അന്വേഷണം അന്നു നടത്തിയിരുന്നുവെങ്കില്‍ യഥാര്‍ത്ഥ പ്രതികളെ അപ്പോള്‍ തന്നെ കണ്ടെത്താമായിരുന്നു. ഇപ്പോള്‍ പിടിയിലായവര്‍ സുനിലിനു ശേഷവും പലരേയും കൊന്നിട്ടുണ്ട്. ആ കൊലപാതകങ്ങള്‍ ഒഴിവാക്കാമായിരുന്നു. സുനിലിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട പ്രാദേശികമായി നടന്നൊരു കേസ് ഉണ്ടായിരുന്നു. ഗുരുവായൂര്‍ സ്റ്റേഷനില്‍ ആ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടായിരുന്നു. അതേക്കുറിച്ചെങ്കിലും അന്വേഷിക്കാന്‍ പൊലീസ് തയ്യാറായാല്‍ മതിയായിരുന്നു. ആ പ്രശ്നത്തിന്റെ പേരില്‍ എതിര്‍പക്ഷത്തുണ്ടായിരുന്നവര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു സുനിലിന്റെ കൊലപാതകം. ഇതൊക്കെ പൊലീസിനു പ്രയാസമില്ലാതെ തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവരതിനൊന്നും തയ്യാറാകാതെ, ഞങ്ങളെ പ്രതികളാക്കി. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പില്‍പ്പെട്ട ഒരാളെയും പ്രതിയാക്കി. ഹിന്ദു-മുസ്ലിം വര്‍ഗീയതയൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടി പ്രതിപ്പട്ടികയില്‍ മൂന്നു മതത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തി... ഇങ്ങനെയെല്ലാം വളരെ തന്ത്രപരമായിട്ടായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍."
തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമായി അറിയുന്ന ആളുകൾ പോലും അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലോ പറയാൻ തയ്യാറായില്ലെന്നും ബാബുരാജ് വിശദീകരിക്കുന്നു.
"സുനില്‍ കൊല്ലപ്പെടുന്ന ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു. അമ്മായിയുടെ മകനെ കണ്ണില്‍ പരിക്ക് പറ്റി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് സുനിലിനെയും മറ്റുള്ളവരെയും അങ്ങോട്ട് കൊണ്ടുവരുന്നത്. കൊണ്ടുവന്ന വാഹനമാകട്ടെ, എന്റെ കൂടി ജോലി ചെയ്യുന്ന കണ്ടക്ടറുടെ അനിയന്റെ സ്യമന്തകം എന്ന വാനും. അവര്‍ സുനിലിന്റെ സമീപവാസികളായിരുന്നു. ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുന്നത് അവരൊക്കെ കണ്ടതാണ്. എന്നാല്‍ കേസ് വന്നപ്പോള്‍ അതൊന്നും ആരും പറഞ്ഞില്ല. എന്തുകൊണ്ടവര്‍ എനിക്കു വേണ്ടി സംസാരിച്ചില്ലെന്നറിയില്ല. ഒരുപക്ഷേ, അന്നവരുടെ മൊഴിയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കീ ദുരിതങ്ങളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു."
ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷവും ജനങ്ങളുടെ മുന്നിൽ കുറ്റക്കാരനായി കഴിയേണ്ടിവന്ന അവസ്ഥയെ കുറിച്ചും ബാബുരാജ് വിശദീകരിച്ചു.
"ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം വീണ്ടും കുറച്ചുനാള്‍ കണ്ടക്ടര്‍ ജോലിക്കു പോയിരുന്നു. യാത്രക്കാര്‍ പലരും എന്നെ കൊലയാളിയിട്ടാണ് കാണുന്നതെന്ന് അവരുടെ നോട്ടവും അടക്കിപ്പിടിച്ചുള്ള സംസാരവുമൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസിലാകും. സഹിച്ചു നില്‍ക്കേണ്ടി വരും. ഒരു കല്യാണത്തിനോ അതുപോലെയുള്ള ചടങ്ങുകള്‍ക്കോ പോകാന്‍ കഴിയില്ലായിരന്നു...കൊലയാളിയെ കണ്ടപോലയാണ് ആളുകളുടെ നോട്ടവും പെരുമാറ്റവും. വീട്ടിലുള്ള മറ്റുള്ളവര്‍ക്കും ഇതേ അവഗണനകളായിരുന്നു നേരിടേണ്ടി വന്നത്. പുറത്തേക്കിറങ്ങാന്‍ തന്നെ മടി തോന്നിയിരുന്നു. ഇന്നലെ എന്നെയൊരാള്‍ ഫോണില്‍ വിളിച്ചിരുന്നു. ഒരിക്കല്‍ ബസില്‍വച്ച് അയാളും എന്നെക്കുറിച്ച് കൂട്ടുകാരനുമായി ഇതേ രീതിയില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. ഒരുത്തനെ കൊന്നിട്ടും യാതൊരു കുഴപ്പവുമില്ലാതെ ഇവനൊക്കെ നില്‍ക്കുന്നതു കണ്ടോയെന്ന് അവരുടെ അടുത്തിരുന്നവര്‍ ദേഷ്യത്തോടെ സംസാരിക്കുന്നത് കേട്ടാണ് എന്നെയവര്‍ക്ക് മനസിലായത്. അന്ന് തെറ്റിദ്ധാരണയോടെ സംസാരിച്ചതിന് ക്ഷമ ചോദിച്ചാണയാള്‍ വിളിച്ചത്. മൊയ്തീനെ അറസ്റ്റ് ചെയ്യുന്ന ദിവസം വരെ ഞങ്ങളാണ് കൊലയാളികളെന്ന സംശയം ആളുകളില്‍ നിന്നു വിട്ടുപോയിരുന്നില്ല. സത്യം പറഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം മാത്രമെ ആയിട്ടുള്ളൂ സമൂഹം പൂര്‍ണമായി ഞങ്ങളെ വിശ്വസിക്കാന്‍ തുടങ്ങിയിട്ട്. ഒരു തെറ്റും ചെയ്യാതെ ഈ കാലങ്ങളെല്ലാം ഞങ്ങളിങ്ങനെ കുറ്റംപേറി ജീവിച്ചു.''
പൊലീസിന്റെ മർദനമേറ്റ് ഹരിദാസിന് ക്ഷയം രോഗം പിടിപ്പെട്ടിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അയാള്‍ മരിച്ചുപോയി. ചെയ്യാത്ത തെറ്റിനാണ് ആ മനുഷ്യന് ജീവന്‍ നഷ്ടപ്പെട്ടതെന്നോര്‍ക്കണം. ഞങ്ങള്‍ മൂന്നുപേരും ബാക്കിയുണ്ടെങ്കിലും ഒരു മനുഷ്യജീവിതത്തിന്റെ നല്ല കാലങ്ങളെല്ലാം നഷ്ടപ്പെട്ടുപോയി. പോയത് തിരിച്ചു കിട്ടില്ലെന്ന് അറിയാം. പക്ഷേ, ഇനിയൊരു ചെറുപ്പക്കാരന് പോലും ഇതുപോലെ സംഭവിക്കരുതുന്നുണ്ട്. അതുകൊണ്ട് പറയുകയാണ്.
"ഈ സംഭവത്തിലെ പോരാട്ടം ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിച്ചതുകൊണ്ടു മാത്രം ഒന്നും അവസാനിക്കുന്നില്ല. ഞങ്ങളുടെ ജീവിതം തകര്‍ത്ത ചിലരുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ ഞങ്ങളെ കുറ്റവാളികളാക്കി, ക്രൂരമായി പീഢിപ്പിച്ച് കുറ്റം സമ്മതിപ്പിച്ച് ജയില്‍ അടച്ച പൊലീസുകാര്‍. അവര്‍ ശിക്ഷിക്കപ്പെടണം. ഞങ്ങളോട് ചെയ്തതിന്റെ പേരില്‍ മാത്രമല്ല, ഇനിയൊരാളും ഇതുപോലെ ക്രൂശിക്കപ്പെടാതിരിക്കാന്‍ വേണ്ടി. ഒരു പാവപ്പെട്ടവന്റെയും ജീവിതം തകര്‍ത്തെറിയാതിരിക്കാന്‍ വേണ്ടി. കുറ്റവാളികളായ പൊലീസുകാരും ശിക്ഷിക്കപ്പെടണം. അതിനുവേണ്ടി പോരാടുക തന്നെ ചെയ്യും"
; ബാബുരാജ് ഉറപ്പിച്ചു പറയുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാവും ഇനി നടത്തുകയെന്നാണ് ബാബുരാജ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് കാലം അനുഭവിച്ച വിഷമത്തിന് ഇതിലൂടെ മാത്രമെ പരിഹാരമാകുവെന്നും അദ്ദേഹം കരുതുന്നു. ഇതിന് എന്ത് നിയമ വഴികളാണ് തേടുമെന്നും അദ്ദേഹം പറയുന്നു
മുതുവെട്ടൂരില്‍ ഹോട്ടല്‍ നടത്തുകയാണ് ബാബുരാജ് ഇപ്പോള്‍. ഭാര്യയും മകളും അടങ്ങുന്ന കുടുംബം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. പാർട്ടി സഖാക്കൾ തന്ന പിന്തുണയാണ് ദുരിത കാലത്തും പിടിച്ചുനിൽക്കാൻ സഹായകമായതെന്നും ബാബുരാജ് പറയുന്നു
Next Story

Related Stories