TopTop
Begin typing your search above and press return to search.

സ്വപ്‌നയുടെ ശബ്ദസന്ദേശം: അന്വേഷണം ക്രൈംബ്രാഞ്ചിന്; തീരുമാനം നിജസ്ഥിതി ആരാഞ്ഞ് ഇഡി കത്ത് നല്‍കിയതിനു പിന്നാലെ

സ്വപ്‌നയുടെ ശബ്ദസന്ദേശം: അന്വേഷണം ക്രൈംബ്രാഞ്ചിന്; തീരുമാനം നിജസ്ഥിതി ആരാഞ്ഞ് ഇഡി കത്ത് നല്‍കിയതിനു പിന്നാലെ

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തിനാകും അന്വേഷണ ചുമതല. നേരത്തെ, സ്വപ്‌നയുടെ ശബ്ദസന്ദേശത്തിന്റെ നിജസ്ഥിതി ആരാഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇഡിയ്ക്ക് മറുപടി നല്‍കാന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കത്ത് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.

നേരത്തെ, ഇഡി കത്ത് നല്‍കിയിരുന്നെങ്കിലും ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇഡി രണ്ടാമതും കത്ത് നല്‍കിയത്. ശബ്ദ സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണമെന്നാണ് ഇഡിയുടെ ആവശ്യം. ഇതോടെയാണ് ഇഡിയ്ക്ക് മറുപടി നല്‍കാന്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറിയത്. ഇഡിയുടെ ആവശ്യത്തില്‍ ലോക്‌നാഥ് ബെഹ്‌റയാകും ഇനി തീരുമാനമെടുക്കുക. വിവാദമായ ഫോണ്‍ സന്ദേശത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ശബ്ദം തന്റേതാണെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ജയില്‍വകുപ്പ് കണ്ടെത്തിയതിനെയും തുടര്‍ന്നാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിച്ചത്.

കേന്ദ്ര ഏജന്‍സി റിമാന്‍ഡ് ചെയ്തിട്ടുള്ള പ്രതിയുടേതായ ശബ്ദസന്ദേശം പുറത്തുവന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ശബ്ദസന്ദേശത്തില്‍ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. അതേസമയം, ചോര്‍ച്ചയല്ല, സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സര്‍ക്കാര്‍ നിലപാട്.


Next Story

Related Stories