Top

'മഹ' ചുഴലിക്കാറ്റിനെ കേരളം ഭയക്കേണ്ടതുണ്ടോ?

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് മഴ കനക്കുകയാണ്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് മുന്നറിയിപ്പായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ യെല്ലോ അലര്‍ട്ട് നിലനിൽക്കെ ബാക്കിയെല്ലാ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് നിലനിൽക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുതുക്കിയത്.

'മഹ' എന്ന് ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 15 കിമീ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. എന്നാൽ മഹ എത്രത്തോളം കേരളത്തെ എത്രത്തോളം ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നിലവിൽ, ലക്ഷദ്വീപിലെ അമിനിദ്വീപില്‍ നിന്ന്‌ തെക്ക് കിഴക്കായി 30 കിമീ അകലെയും ലക്ഷദ്വീപിലെ തന്നെ മിനിക്കോയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍ നിന്ന് 60 കിമീ ദൂരത്തുമാണ് കാറ്റിന്റെ സ്ഥാനം. കേരളത്തിൽ കോഴിക്കോട് തീരമാണ് കാറ്റിനോട് എറ്റവും അടുത്ത് നിൽക്കുന്നത്. കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിമീ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിക്കുന്നു.

അതേസമയം, 'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നത്. സഞ്ചാര പഥത്തിൽ 'മഹ' 61 കിമീ മുതല്‍ 90 കിമീ വരെ പരമാവധി വേഗത ഘട്ടങ്ങളായി കൈവരിക്കും. വ്യാഴാഴ്ച ഉച്ചയോടെ ' ചുഴലിക്കാറ്റ് കൂടുതല്‍ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 മുതല്‍ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് അടുത്ത 12 മണിക്കൂറില്‍ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതിനാൽ കേരളതീരത്തെ കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ഇതിന്റെ പ്രഭാവത്തിൽ മഴയുള്‍പ്പെടെ കനത്തേക്കുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റിയും ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് തന്നെ, കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരും. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതുൾപ്പെടെ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ജില്ലയുടെ തീര മേഖലയിൽ ഇതിനോടകം തന്നെ കടലാക്രമണവും ശക്തമായിട്ടുണ്ട്. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെയും നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെയും ക്യാമ്പിലേയ്ക്ക് മാറ്റി. എടവനക്കാട് 4 കുടുംബങ്ങളും ക്യാംപിലുണ്ട്. ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂളില്‍ തുറന്ന ദിരിതാശ്വാസ ക്യാമ്പില്‍ 350-ാളം പേരുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്‌സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.


Next Story

Related Stories