TopTop
Begin typing your search above and press return to search.

അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് വേണം, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കസ്റ്റംസിന്റെ നോട്ടീസ്

അനാഥാലയങ്ങളില്‍ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് വേണം, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കസ്റ്റംസിന്റെ നോട്ടീസ്

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ ഈന്തപ്പഴം, ഖുര്‍ ആന്‍ എന്നിവ വിതരണം ചെയ്ത സംഭവത്തില്‍ ചട്ട ലംഘനം സംബന്ധിച്ച് കസ്റ്റംസ് നടത്തുന്ന അന്വേഷണം വ്യാപിപ്പിക്കുന്നു. നിലവില്‍ കോണ്‍സുല്‍ ജനറലിനെ പ്രതിയാക്കാതെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ഇദ്ദേഹത്തിനെതിരായ നടപടിയില്‍ വ്യക്തത തേടാന്‍ വിദേശ കാര്യമന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്.

അതിനിടെ, യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിലെ കണക്ക് തേടുകയാണ് കസ്റ്റംസ്. 2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്നെന്നാണ് വേ ബില്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടെ 2017ല്‍ റംസാന്റെ ഭാഗമായി നാല്‍പ്പതിനായിരത്തോളം പ്രത്യേക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈന്തപ്പഴം വിതരണംചെയ്യാന്‍ കോണ്‍സുലേറ്റ് തീരുമാനിക്കുയും ചെയ്തിരുന്നു. സ്പെഷല്‍ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും 40,000 കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുമെന്നായിരുന്നു പ്രചാരണം. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷും യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തിന്റെ ചേംബറില്‍ വെച്ചുതന്നെ പരിപാടി ഉദ്ഘാടനം ചെയ്തത്.

എന്നാല്‍, സംസ്ഥാനത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍, ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന യു.എ.ഇ. കോണ്‍സുലേറ്റിന്റെ പദ്ധതിയില്‍, വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങില്‍ മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിവരങ്ങള്‍ പരിശോധിക്കുന്നത്.

വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് കണക്ക് തേടി സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക കസ്റ്റംസ് നോട്ടീസ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അനാഥാലയങ്ങള്‍ക്ക് നല്‍കിയ കണക്കാണ് ചോദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യക്ഷേമവകുപ്പ് കണക്കെടുപ്പ് തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈന്തപ്പഴ വിതരണത്തിന്‍റെ കണക്ക് ലഭ്യമാക്കണമെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഈന്തപ്പഴം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈന്തപ്പഴം കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്ത് എത്തിയതിന് പിന്നാലെയായിരുന്നു വിഷയം പ്രത്യേകം അന്വേഷിക്കാന്‍ കസ്റ്റംസ് മുന്നോട്ട് വന്നത്.


Next Story

Related Stories