Top

കുട്ടികള്‍ക്കെതിരെ അതിക്രമം കാട്ടിയ 9918 പ്രതികളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു?

കുട്ടികള്‍ക്കെതിരെ അതിക്രമം കാട്ടിയ 9918 പ്രതികളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു?

വാളയാറില്‍ ഒമ്പതും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശന വിധേയമാകുകയാണ്. കേസിന്റെ തുടക്കത്തില്‍ പോലീസ് കാണിച്ച ഉദാസീന നിലപാടുകളും തെളിവുകളും മൊഴികളും ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് കേസ് പരാജയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഈ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറയുന്ന മുഖ്യമന്ത്രി ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതിക്കാര്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി എടുത്തെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പോലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി വാളയാര്‍ സബ് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതും ചൂണ്ടിക്കാട്ടി. ഇതിനൊപ്പം സിഡബ്ല്യൂസി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷിനെ ചുമതലയില്‍ നിന്നും മാറ്റി. കേസിലെ മൂന്നാം പ്രതിയുടെ വക്കാലത്ത് രാജേഷ് ഏറ്റെടുത്തത് വിവാദമായിരുന്നു. മേയില്‍ കോടതി വാളയാര്‍ കേസ് പരിഗണിച്ചപ്പോള്‍ രാജേഷ് നല്‍കിയ അവധി അപേക്ഷയില്‍ സിഡബ്ല്യൂസി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഹാജരാകില്ലെന്നാണ് പറഞ്ഞിരുന്നത്. രാജേഷ് പ്രതികളുടെ വക്കാലത്ത് തുടരുന്ന വിവരം ഇങ്ങനെയാണ് പുറത്തുവന്നത്.

പോക്‌സോ കേസുകളില്‍ സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി ഇന്നലെ വാദിച്ചിരുന്നു. 'ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള അതിക്രമങ്ങള്‍ക്കെതിരെയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമ കേസുകളില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ 30.09.2019 വരെ 9836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 8907 കേസുകളില്‍പ്പെട്ട 9918 പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ 30.09.2019 വരെ 46842 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59395 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് 30.09.2019 വരെ 609 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 434 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന സംഭവങ്ങള്‍ക്കെല്ലാം തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന്റെ തെളിവാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ 97 ശതമാനത്തോളം കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.' എന്നാണ് ഈ കണക്കുകളില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് പോലീസിന്റെ ഔദാര്യമല്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെതിരെ കേസെടുക്കാനും ജയിലിലടയ്ക്കാനുമുള്ള വകുപ്പ് പോക്‌സോയിലുണ്ടെന്നും അഭിഭാഷകയും മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗവുമായ ജെ സന്ധ്യ പറയുന്നു.

പോക്‌സോ കേസുകളില്‍ എത്രമാത്രം കേസുകളില്‍ വിധി പ്രഖ്യാപിക്കാന്‍ സാധിച്ചൂവെന്നതിന് കൃത്യമായ വിവരങ്ങളില്ല. രണ്ട് വര്‍ഷം മുമ്പ് 22 ശതമാനം കേസുകളില്‍ മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്. കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് പ്രത്യേക കോടതികളുള്ളത്. പോക്‌സോയ്ക്ക് അപ്പോഴും പ്രത്യേകം കോടതിയില്ല. വുമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ കോടതിയാണ് ഉള്ളത്. പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേകം ഒരു പ്രാധാന്യവും ആരും നല്‍കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. രണ്ടായിരത്തിലെ ഒരു കേസ് വാദം തുടരുമ്പോള്‍ 2012ലെ ഒരു കേസിന് പ്രാധാന്യം ലഭിക്കണമെന്നില്ലെന്നും അഡ്വ. സന്ധ്യ വ്യക്തമാക്കി. എല്ലാ ജില്ലകളിലും പോക്‌സോ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള ഫണ്ട് അനുവദിക്കേണ്ടതുണ്ട്. കേസിന്റെ കാലതാമസം വളരെ കാര്യമായി തന്നെ കോടതി വിധികളെ ബാധിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കാലം പോകുമ്പോള്‍ പരാതിക്കാരന് ഇതെങ്ങനെയെങ്കിലും അവസാനിച്ചാല്‍ മതിയെന്നാകും ചിന്ത. നിര്‍ഭയ വഴി നിയമ നടപടിയുമായി മുന്നോട്ട് പോയവരില്‍ 93 ശതമാനം പേര്‍ക്കും അനുകൂല വിധി നേടാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അത്തരത്തില്‍ സമൂഹത്തില്‍ ഒരു സമ്മര്‍ദ്ദം രൂപപ്പെടുത്താതെ കേസ് നന്നായി കൈകാര്യം ചെയ്യുകയാണെങ്കില്‍ വിധിയുണ്ടാകുന്ന കേസുകള്‍ നന്നായി കൂടുമെന്നാണ് പ്രതീക്ഷയെന്നും സന്ധ്യ പറയുന്നു. നിര്‍ഭയയിലൂടെയല്ലാതെ എത്രയോ കുട്ടികള്‍ പുറത്തുനിന്നും നീതിക്കായി പോരാടുന്നണ്ട്. എന്തുതരം സാമൂഹിക പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് നോക്കേണ്ടതുണ്ട്. ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അതിന് എന്ത് സംഭവിച്ചുവെന്ന അന്വേഷണം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകാറില്ല. ബാലാവകാശ കമ്മിഷനാണ് ഇത് നിരീക്ഷിക്കേണ്ടത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ പോലീസ് ഇവിടെ രജിസ്റ്റര്‍ ചെയ്യുകയല്ല, രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് യഥാര്‍ത്ഥത്തില്‍.

രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം ജയില്‍വാസം ലഭിക്കാവുന്ന കുറ്റം വരെ ചുമത്താം. രജിസ്റ്റര്‍ ചെയ്തതുകൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ മാത്രം കാര്യമില്ല. എന്തുതരം ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിക്കുന്നതെന്ന് അന്വേഷിക്കാന്‍ ഇവിടെ ആരും ഉണ്ടാകാറില്ല. പ്രതിഭാഗം എല്ലായ്‌പ്പോഴും കോടതിയില്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുക. അവര്‍ കൂടുതല്‍ പണം മുടക്കി മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും. എന്നാല്‍ കാലതാമസവും ഭീഷണിയും സാമൂഹിക ഒറ്റപ്പെടലും എല്ലാം കാരണം പരാതിക്കാര്‍ തന്നെ കേസില്‍ നിന്നും പിന്മാറും. മുതിര്‍ന്നവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം പിന്മാറാമെങ്കിലും കുട്ടികളുടെ കാര്യത്തില്‍ ഇത് സാധ്യമല്ല. വേണ്ട എന്ന് പറയുന്ന സാഹചര്യം പരിശോധിച്ച് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏതൊരു കേസിലായാലും ആദ്യത്തെ അന്വേഷണം വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആദ്യം ശേഖരിക്കുന്ന തെളിവുകളും മൊഴികളും വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി തന്നെയാണ് സ്വീകരിക്കേണ്ടത്. വാളയാര്‍ കേസില്‍ ഇതുവരെയും ഒരിടത്തും കൊലപാതക സാധ്യതകള്‍ നോക്കിയിട്ടില്ല. ഈ കേസ് ഇപ്പോഴും ആത്മഹത്യയെന്ന ഒരൊറ്റ മൊഴിയിലാണ് മുന്നോട്ട്പോകുന്നത്. വേദന സഹിക്കാനാകാതെ കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഇപ്പോഴത്തെ വിധിയിലും പറയുന്നത്. അതുതന്നെ വലിയ തെറ്റാണെന്നും സന്ധ്യ ചൂണ്ടിക്കാട്ടുന്നു.

(ചിത്രം: മഞ്ചി ചാരുത)


Next Story

Related Stories