TopTop
Begin typing your search above and press return to search.

യെസ് ബാങ്ക് പൊട്ടുന്ന വിവരം നേരത്തെ അറിഞ്ഞാണോ കിഫ്ബി 250 കോടി പിന്‍വലിച്ചത്? ടി.എസ് വിജയന്റെ നിയമനവും എന്‍ഫോഴ്സ്മെന്റ് അന്വേഷണ പരിധിയില്‍ വരുമെന്ന് സൂചന

യെസ് ബാങ്ക് പൊട്ടുന്ന വിവരം നേരത്തെ അറിഞ്ഞാണോ കിഫ്ബി 250 കോടി പിന്‍വലിച്ചത്? ടി.എസ് വിജയന്റെ നിയമനവും എന്‍ഫോഴ്സ്മെന്റ് അന്വേഷണ പരിധിയില്‍ വരുമെന്ന് സൂചന

സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കു മരുന്ന് കേസ് തുടങ്ങി വിവിധ വിവാദ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ തന്നെ പ്രതിരോധത്തിലാക്കി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിന്റെ സുപ്രധാന വികസന പദ്ധതികള്‍ക്ക് ഉള്‍പ്പെടെ പണം കണ്ടെത്തുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ (കിഫ്ബി) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രം ഇന്ന് വ്യക്തമാക്കിയത്. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കിഫ്ബി യെസ് ബാങ്കില്‍ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം.

രാജ്യത്തെ പുതിയ തലമുറ സ്വകാര്യമേഖല ബാങ്കുകളിൽ ഒന്നായ യെസ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടാണ് ഇഡി പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാജ് വാദി പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപി ജാവേദ് അലി ഖാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി അന്വേഷണം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. കിഫ്ബി സിഇഒ കെഎം എബ്രഹാമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. നിലവിലെ അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രിസഭയെ അറിയിച്ചു.

എന്തായിരുന്നു യെസ് ബാങ്കും കിഫ്ബിയും തമ്മിൽ ഉണ്ടായ സംശയകരമായ ഇടപാട്? വിശദാംശങ്ങൾ വെളിപ്പെടുത്താന്‍ മടിക്കുമ്പോഴും ചില സൂചനകൾ പരസ്യമാണ്. റാണ കപൂറും അശോക് കപൂറും ചേര്‍ന്ന് 2004-ല്‍ സ്ഥാപിച്ച ഇന്ത്യന്‍ സ്വകാര്യമേഖല ബാങ്കാണ് യെസ് ബാങ്ക് ലിമിറ്റഡ്. യെസ് ബാങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുന്ന കിഫ്ബി നടത്തിയ നിക്ഷേപവും തുടര്‍ന്നുണ്ടായ നടപടികളിലെ ദുരൂഹതയുമാണ് ഇഡി പരിശോധിക്കുന്നത് എന്നാണ് വിവരം. അടുത്തിടെ കിഫ്ബിയില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിതനായ ടി.എസ് വിജയനുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയരുന്നത്.

കിഫ്ബി 254 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ 2019 ഓഗസ്റ്റ് എട്ടിന് ഈ പണം പിന്‍വലിക്കുകയും ചെയ്തു. ഈ ഇടപാടുകള്‍ നടക്കുന്ന സമയത്ത് ഇപ്പോള്‍ കിഫ്ബിയില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിതനായ ടി.എസ് വിജയന്‍ യെസ് ബാങ്കിന് പുതിയ മേധാവിയെ കണ്ടെത്താനുള്ള സെര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നെന്ന് സെപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച ദി ലീഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റാണാ കപൂറിന് പകരം ഈ സമിതി രണ്‍വീത് ഗില്ലിനെ ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു. 2019 ജനുവരിയിലാണ് ഇത്. എന്നാല്‍ മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിടുകയായിരുന്നു. 2018 മുതല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ ഭാഗമായിരുന്നു റാണാ കപൂറിനെ മാറ്റിയതും പിന്നീടത് ഡയറക്ടര്‍ ബോര്‍ഡ് തന്നെ പിരിച്ചു വിടുന്നതില്‍ എത്തിയതും.

പുതിയ തലമുറ ബാങ്കുകളുടെ തകര്‍ച്ചയുടെ ആദ്യ ഉദാഹരണമെന്ന് വിലയിരുത്തുന്ന തിരിച്ചടിയായിരുന്നു യെസ് ബാങ്ക് അടുത്തിടെ നേരിട്ടത്. എന്നാല്‍ ബാങ്ക് തകർച്ചയുടെ തുടക്കത്തിന് തൊട്ട് മുൻപായിരുന്നു കിഫ്ബിയുടെ പിൻമാറ്റം. കിഫ്ബിയുടെ പണം യെസ് ബാങ്കില്‍ ഉണ്ടായിരുന്ന സമയത്ത് വിജയന്‍ അവിടെ ഡയറക്ടര്‍ ആയിരുന്നു എന്നും കിഫ്ബി പണം പിന്‍വലിക്കുന്ന സമയത്തും വിജയന്‍ ഈ പദവിയില്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം പിന്നീട് കിഫ്ബിയുടെ സ്വതന്ത്ര ഡയറക്ടറാവുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യെസ് ബാങ്ക് തകരുന്നതിന് മുമ്പ് യാതൊരു കാരണവുമില്ലാതെ കിഫ്ബി അവിടെ നിന്ന് പണം പിന്‍വലിച്ചു എന്നതാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത്, യെസ് ബാങ്ക് തകര്‍ച്ചയെ കുറിച്ച് കിഫ്ബിക്ക് നേരത്തെ അറിവ് കിട്ടിയിരുന്നോ എന്ന കാര്യം.

അതേസമയം, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റാറ്റിറ്റ്യൂട്ടറി കോര്‍പ്പറേറ്റ് ബോഡിയായ കിഫ്ബിയുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജവാദി എംപി ചോദ്യം ഉന്നയിച്ച സംഭവവും ശ്രദ്ധേയമാണ്.

സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ധനവകുപ്പിന് കീഴില്‍ കിഫ്ബി പ്രവര്‍ത്തിക്കുന്നത്. കിഫ്ബി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ പല സ്രോതസുകളില്‍ നിന്ന് കിഫ്ബി പണം കണ്ടെത്തുന്നുണ്ട്.

പെട്രോളിയം സെസ്, മോട്ടോര്‍വാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം, ആഭ്യന്തര വിപണിയില്‍ നിന്നുള്ള വായ്പ, വിദേശ വിപണിയില്‍ നിന്നുള്ള വായ്പ, സര്‍ക്കാരില്‍ നിന്നുള്ള കോര്‍പ്പസ് ഫണ്ട്, ഇതിനു പുറമെ കെഎസ്എഫ്ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നു. പെട്രോളിയം സെസ്, മോട്ടോര്‍ വാഹനനികുതി എന്നീ ഇനങ്ങളില്‍ നിന്നാണ് കിഫ്ബിക്ക് പ്രധാനമായും വരുമാനം വരുന്നത്.

Next Story

Related Stories