TopTop
Begin typing your search above and press return to search.

'ആദ്യം അവര്‍ വരട്ടെ, ബാക്കിയെല്ലാം പിന്നെയല്ലേ, എന്തായാലും ഈ നാട് അവര്‍ക്കൊപ്പമുണ്ടാകും', പ്രവാസികള്‍ക്കായി എല്ലാമൊരുക്കി കാത്തിരിക്കുന്ന ഒരു പഞ്ചായത്ത്

നീണ്ട നാളത്തെ അനിശ്ചിത്വങ്ങള്‍ക്കും ആശങ്കങ്ങള്‍ക്കും വിരമാമിട്ട് പ്രവാസികള്‍ തിരിച്ചെത്തുകയാണ്. കോവിഡ് മഹാമാരിയുടെ ഭയം ലോകത്തെയാകെ മൂടി നില്‍ക്കുമ്പോള്‍ സ്വന്തം നാട് നല്‍കുന്ന സുരക്ഷിതത്വത്തിലേക്ക് എത്തുന്നതിന്റെ ആശ്വാസത്തിലാണ് ഓരോ പ്രവാസിയും വിമാനം കയറുന്നത്. അവരുടെ പ്രതീക്ഷകളൊട്ടും തെറ്റിക്കാത്ത വിധം എല്ലാ തയ്യെറെടുപ്പകളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് കേരളം. ആഴ്ച്ചകള്‍ക്കു മുന്നേ തുടങ്ങിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, ഇനി അവര്‍ വന്നാല്‍ മതി എന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് നാട്.

തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യിക്കാന്‍ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ തയ്യാറായിരിക്കുകയാണ്. തിരിച്ചു വരുന്നവരില്‍ ഒരാള്‍ക്കുപോലും തങ്ങളുടെ സുരക്ഷയെക്കരുതി ആശങ്കപ്പെടേണ്ട അവസ്ഥയുണ്ടാകില്ലെന്നാണ് പഞ്ചായത്ത്/നഗരസഭ തലങ്ങളില്‍ നിന്നും കിട്ടുന്ന ഉറപ്പ്. തൃശൂര്‍ ജില്ലയിലെ എറിയാട് ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ കേരളത്തിന്റെ ഉദ്ദാഹരണമാണ്. 689 പ്രവാസികള്‍ എത്തുമെന്നാണ് എറിയാട് പഞ്ചായത്തിന്റെ കണക്ക്. ഇവരില്‍ 670 പേരും ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ്. ബാക്കി പത്തൊമ്പത് പേര്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇന്ത്യോനേഷ്യ, മാലിദ്വീപ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വരുന്നവര്‍ക്കെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി കഴിഞ്ഞു.

തിരിച്ചു വരുന്നവരില്‍ വിമാനത്താവളങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്നു കണ്ടെത്തുന്നവരെയാണ് വീടുകളിലേക്ക് അയയ്ക്കുന്നത്. പോസിറ്റീവ് കേസുകളെ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും വീടുകളിലേക്ക് പോകുന്നവ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിംഗിന് വിധേയമാകണം. അവരുടെ വീടുകളില്‍ തന്നെ മതിയെങ്കിലും കുടംബാംഗങ്ങള്‍ കൂടുതലുള്ള വീടുകള്‍, സ്ഥലസൗകര്യം കുറവായ വീടുകള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈനിംഗിന് ചില തടസങ്ങള്‍ ഉണ്ടായേക്കാം. അത്തരം പ്രശ്‌നങ്ങള്‍ മൂലം ഒരാള്‍ക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരരുതെന്ന് ആഴ്ച്ചകള്‍ക്ക് മുന്നേ ഉറപ്പിച്ചിരുന്നു ഏറിയാട് പഞ്ചായത്ത്.

പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ എത്ര പേര്‍ വരുമെന്നതിന്റെ കണക്കും വിവരങ്ങളും എറിയാട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് തയ്യാറാക്കി. കണക്കുപ്രകാരം, മടങ്ങി വരുന്നവരില്‍ 526 പേര്‍ക്ക് ക്വാരന്റൈനിംഗിന് വീട്ടില്‍ തന്നെ സൗകര്യമുണ്ട്. 30 പേര്‍ക്ക് ബന്ധുവീടുകളില്‍ സൗകര്യമുണ്ട്. ബാക്കിയുള്ള 133 പേര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് തന്നെ മുന്നിട്ടിറങ്ങി.

"വരുന്ന ഒരാള്‍ക്ക് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരരരുത്. അതിനുവേണ്ടിയുളള തയ്യാറെടുപ്പുകളാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയത്. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് അതിനുള്ള സജ്ജീകരണം ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. ആറോളം ഷെല്‍ട്ടറുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ആള്‍ താമസമില്ലാത്ത വീടുകള്‍ സഹിതമാണിത്. വാര്‍ഡകള്‍ തോറും വിവരശേഖരണം നടത്തിയാണ് എത്രപേര്‍ വരും, എത്രപേര്‍ക്ക് ഹോം ക്വാറന്റൈ‌നിംഗിനുളള സൗകര്യമുണ്ട്, എത്രപേര്‍ക്ക് ഇല്ലാത്തതുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കിയത്. ഇപ്പോള്‍ നമ്മള്‍ പൂര്‍ണ സജ്ജമാണ്. ഇനിയവര്‍ വന്നാല്‍ മാത്രം മതി", എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സിദ്ധിഖ് അഴിമുഖത്തോട് പറഞ്ഞു.

വാര്‍ഡ് അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് എറിയാട് പഞ്ചായത്ത് നേതൃത്വം നല്‍കിയത്. വാര്‍ഡ് മെംബര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, അംഗനവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഓരോ വാര്‍ഡുകളിലുള്ള തിരിച്ചു വരുന്ന പ്രവാസികളുടെ വിവരം ശേഖരിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കി. സ്വന്തം വീടുകളിലും ബന്ധുവീടുകളിലും ക്വാറന്റൈന്‍ സൗകര്യമുള്ളവരുടെ കണക്ക് എടുത്തശേഷം ആ വീടുകളില്‍ വേണ്ട ബോധവത്കരണം നടത്തി. തിരിച്ചുവരുന്നവര്‍ ക്വാറന്റൈനില്‍ പോയാല്‍ ബാക്കിയുള്ളവര്‍ എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നോട്ടീസുകള്‍ വിതരണം ചെയ്തും ആശാ വര്‍ക്കര്‍മാര്‍ മുഖാന്തരവും മനസിലാക്കി കൊടുത്തു. 133 പേര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ ഓരോ വാര്‍ഡ് മെംബര്‍മാരോടും അവരവരുടെ വാര്‍ഡുകളില്‍ ആള്‍ താമസമില്ലാത്തതോ, പണി പൂര്‍ത്തിയായിട്ടും താമസം തുടങ്ങാത്തതോ ആയ വീടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കി. ആ വഴിയില്‍ കണ്ടെത്തിയ സൗകര്യങ്ങള്‍ അടക്കമാണ് പ്രവാസികള്‍ക്ക് വേണ്ടി ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

"അവസാനഘട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. എന്തുവേണമെങ്കിലും ചെയ്തു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ പഞ്ചായത്തിലെ മാത്രം കാര്യമല്ലിത്, കേരളത്തിലെ ഓരോയിടവും മടങ്ങി വരുന്ന നമ്മുടെ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തു നില്‍ക്കുകയാണ്" പ്രസിഡന്റ് പ്രസാദിനി മോഹന്‍ പറയുന്നു.

പ്രവാസി മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഏറിയാട് പഞ്ചായത്ത്. വരുന്നവരില്‍ എത്രപേര്‍ തിരിച്ചു പോകുമെന്ന കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ല. അതിനെക്കുറിച്ച് പഞ്ചായത്തിനും വ്യക്തതയില്ല. വരുന്നവര്‍ തിരിച്ചു പോകുന്നില്ലെങ്കില്‍ ഇനിയവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നത് ഗൗരവമേറിയൊരു വിഷയമാണെങ്കിലും ഈ സമയം അതിനെക്കുറിച്ച് ചിന്തിക്കാനുള്ളതല്ലെന്നാണ് എം കെ സിദ്ധിഖും പ്രസാദിനി മോഹനും പറയുന്നത്. "ആദ്യം അവര്‍ വരട്ടെ, ബാക്കി കാര്യങ്ങളൊക്കെ അതിനുശേഷം. എന്തായാലും ഈ നാട് അവര്‍ക്കൊപ്പമുണ്ടാകും. അതൊരുറപ്പാണ്. ഇപ്പോള്‍ നമുക്കവരെ സുരക്ഷിതരാക്കി, ഭയവും ആശങ്കകളുമൊക്കെ മാറ്റിയെടുക്കാം. എല്ലാം സാധാരണ നിലയിലേക്ക് വരട്ടെ... എന്തു പ്രശ്‌നമാണെങ്കിലും അതിനിയെല്ലാം അതിജീവിക്കാമെന്നൊരു ആത്മവിശ്വാസമുണ്ടല്ലോ ഈ കേരളത്തിന്"


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories