Top

പഞ്ചവടിപ്പാലവും കുളമായ റോഡുകളും കൂനകൂടിയ മാലിന്യവും എറണാകുളത്തിന്റെ പരമ്പരാഗത വിജയ ഫോര്‍മുല പൊളിക്കുമോ?

പഞ്ചവടിപ്പാലവും കുളമായ റോഡുകളും കൂനകൂടിയ മാലിന്യവും എറണാകുളത്തിന്റെ പരമ്പരാഗത വിജയ ഫോര്‍മുല പൊളിക്കുമോ?

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളൂവെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ എറണാകുളത്ത് മറ്റിടങ്ങളേക്കാള്‍ ആവേശം അല്‍പ്പം കുറവാണെന്നു തോന്നും പുറമെ നോക്കുമ്പോള്‍. നാടിളക്കിയുള്ള വോട്ട് തേടലോ, പ്രചാരണ വാഹനങ്ങളുടെ ബഹളങ്ങളോ അധികമില്ല. പതിവ് തിരക്കില്‍ കുടുങ്ങിയും കുതിച്ചും പാഞ്ഞുകൊണ്ടിരിക്കുന്ന മെട്രോ നഗരം തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു വേണ്ടി സമയം കളയുന്നുമില്ല. പക്ഷേ, അടിത്തട്ടുകളിലേക്ക് ഇറങ്ങിയാല്‍ മറ്റിടങ്ങളേക്കാള്‍ ശക്തമായ രീതിയില്‍ ജനാധിപത്യ പോരാട്ടം നടക്കുന്നത് എറണാകുളത്ത് തന്നെയാണെന്നു മനസിലാകും. അഞ്ചിടങ്ങളിലും വച്ച് ജനങ്ങളുടെ പ്രതിഷേധവും ചോദ്യം ചെയ്യലും ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നതും എറണാകുളത്തായിരിക്കും. സംസ്ഥാനത്ത് സമീപകാലത്ത് ചർച്ച ചെയ്ത വിഷയങ്ങളായ മരട് ഫ്ളാറ്റ് പൊളിക്കലും പാലാരിവട്ടം പാലവുമെല്ലാം എറണാകുളം മണ്ഡലത്തിലെ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പ്രധാന വിഷയം. ഇത് വോട്ടർമാരെ പൊളിങ്ങ് ബൂത്തിലേക്ക് വരുന്നതില്‍ നിന്നും അകറ്റി നിർത്തുമോ എന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രവും കണക്കും പരിശോധിച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് അനുകൂലമാണ് കാര്യങ്ങള്‍. എറണാകുളം പിന്തുടരുന്നൊരു വിജയ സമവാക്യമുണ്ട്; 'ലത്തീന്‍ കത്തോലിക്കനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി'. ഒന്നോ രണ്ടോ തവണ മാത്രമാണീ ഫോര്‍മുല പരാജയപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസുകാരനല്ലെങ്കിലും എതിര്‍ഭാഗത്തു നില്‍ക്കുന്നയാള്‍ ലത്തീന്‍ കത്തോലിക്കനാണെങ്കില്‍ വോട്ടു കുത്താനും മണ്ഡലം മടിക്കാറില്ല. ഇതറിയാവുന്നതുകൊണ്ടാണ്, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സമുദായ സമവാക്യങ്ങളുടെ പൊരുത്തം ചേരുന്ന സ്വതന്ത്രനെ മണ്ഡലത്തില്‍ ഇറക്കാന്‍ സിപിഎം തയ്യാറാകുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പി. രാജീവിനെ നിര്‍ത്തി തികച്ചും രാഷ്ട്രീയമായി ചിന്തിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ പതിവു പോലെ ലത്തീന്‍ വിശ്വാസിയായ സ്വതന്ത്രനെ തന്നെ തിരക്കിപ്പിടിക്കേണ്ടി വന്നതിനും കാരണം, എം കെ സാനുവും സെബാസ്റ്റ്യന്‍ പോളും നല്‍കിയ സര്‍പ്രൈസ് വിജയങ്ങളല്ലാതെ പറയാന്‍ മറ്റൊരു നേട്ടവും ഇവിടെ ഇല്ലായെന്നറിഞ്ഞുകൊണ്ടു തന്നെയാണ്.

എന്നാല്‍, ഇത്തവണ സമുദായവും വ്യക്തിപ്രഭാവവും മാത്രമല്ല എറണാകുളത്തിന്റെ വിധിയെഴുത്തില്‍ ഘടകങ്ങളാവുക. പ്രധാനപോരാട്ടം നടക്കുന്ന യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. കാടിളക്കിയുള്ള പ്രചാരണങ്ങള്‍ മണ്ഡലത്തില്‍ കാണാത്തതിനു കാരണവുമതാണ്.
രാഷ്ട്രീയത്തെക്കാള്‍ പൊതുപ്രശ്നങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ച. അതില്‍ പ്രധാനപ്പെട്ടത് പാലാരിവാട്ടം മേല്‍പ്പാലം അഴിമതിയാണ്. തൃക്കാക്കര മണ്ഡലത്തിലാണ് പാലാരിവട്ടം മേല്‍പ്പാലം എങ്കിലും കൊച്ചിയിലെ മാത്രമല്ല, കേരളത്തിലെയാകെ പ്രധാന ചര്‍ച്ചാ വിഷയമാണ് പാലാരിവട്ടം പാലം അഴിമതി. എല്‍ഡിഎഫ് പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നതും പാലാരിവട്ടം പാലം തന്നെയാണ്. പഞ്ചവടിപാലം എന്നു പേരിട്ട് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ കഥകള്‍ ദിനപത്രത്തിന്റെ മോഡലില്‍ അടിച്ചിറക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. എറണാകുളം മണ്ഡലത്തിന്റെ അതിരില്‍ നില്‍ക്കുന്ന പാലമാണെങ്കില്‍ പോലും മണ്ഡലത്തിലെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും മേല്‍പ്പാലം അടച്ചിട്ടതിന്റെ ദുരിതം പേറുന്നവരാണ്. ജനങ്ങളാകെ ഇക്കാര്യത്തില്‍ രോഷത്തിലുമാണ്. എല്‍ഡിഎഫ് മുതലെടുക്കുന്നതും ജനങ്ങളുടെ ഈ പ്രതിഷേധമനോഭാവമാണ്. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നു തന്നെയാണ് സിപിഎം പറയുന്നത്. കേരളം കണ്ട വലിയ അഴിമതിയാണ് പാലാരിവട്ടം പാലം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഈ അഴിമതിയുടെ ഫലം ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ന് അനുഭവിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ജനം ഓരോ ദിവസവും നേരിടുന്നത്. ഇതിനെല്ലാം കാരണക്കാരായവര്‍ക്കെതിരേ പ്രതിഷേധിക്കാനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ അങ്ങനെ തന്നെയീ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ; എല്‍ഡിഎഫ് ബൂത്ത് തല സ്‌ക്വാഡ് അംഗവും എളമക്കര ലോക്കല്‍ കമ്മിറ്റിയംഗവുമായ മനോജ് കുമാര്‍ പറയുന്നു.

എല്‍ഡിഎഫ് ഇത്തവണ മണ്ഡലത്തില്‍ നടപ്പാക്കുന്ന സ്ട്രാറ്റജി മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യത്യാസപ്പെടുത്തിയിരിക്കുന്നതും പാലാരിവട്ടം പാലം അഴിമതിയും കൊച്ചി നഗരസഭ പരിധിയിലെ റോഡുകളുടെ ശോചാനീയാവസ്ഥയും മാലിന്യപ്രശ്നങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതിനായാണ്. സ്‌ക്വാഡ് വര്‍ക്കുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു ഏരിയ കമ്മിറ്റിയംഗവും നാല് ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെ പത്തുപേര്‍ ചേര്‍ന്നതാണ് ഒരു സ്‌ക്വാഡ്. പരമാവധി എണ്‍പത് വീടുകളാണ് ഒരു സ്‌ക്വാഡിന് നല്‍കിയിരിക്കുന്നത്. ഒരാള്‍ എട്ട് വീടുകള്‍ എങ്കിലും കേന്ദ്രീകരിക്കണം. ഇത്തരത്തില്‍ ഓരോ അംഗവും ഒരു വീട്ടില്‍ നിരന്തരം കയറിയിറങ്ങും. പുറമെ നിന്നുള്ള മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നേതാക്കളും എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. ഇതു കൂടാതെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഇവരെക്കൂടാതെ മന്ത്രിമാരുടെ ശ്രദ്ധയും മണ്ഡലത്തിലുണ്ട്. ഇവരെല്ലാം തന്നെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കൊച്ചി കോര്‍പ്പറേഷന്റെ ഭരണ പരാജയങ്ങളും പാലാരിവട്ടം പോലുള്ള വിഷയങ്ങളും അടിത്തട്ടിലുള്ള ജനങ്ങളെ അറിയിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ പൊതുവായ രാഷ്ട്രീയ-സാമുദായിക സമാവാക്യങ്ങള്‍ തകര്‍ക്കാന്‍ തങ്ങളുടെ ഭരണനേട്ടങ്ങളും യുഡിഎഫിന്റെ ഭരണ പരാജയങ്ങളും ജനങ്ങളെ അറിയിക്കുന്നതിലൂടെ കഴിയുമെന്നാണ് എല്‍ഡിഎഫും സിപിഎമ്മും വിശ്വസിക്കുന്നത്.

പാലാരിവട്ടം മേല്‍പ്പാലം തള്ളിക്കളയാന്‍ കഴിയാത്ത വിഷയമാണെങ്കിലും എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ അത്രകണ്ട് ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫും കോണ്‍ഗ്രസും. എന്നാല്‍ ഭയം ഇല്ലാതെയുമില്ല. മറ്റ ഘടകങ്ങള്‍ അനുകൂലമായി നില്‍ക്കുന്നതുകൊണ്ട് പാലാരിവട്ടം വലിയൊരു ഘടകമാകില്ലെന്ന ആശ്വാസമാണുള്ളത്. 'പാലാരിവട്ടം മേല്‍പ്പാലം തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. പക്ഷേ, അതുകൊണ്ട് എറണാകുളം മണ്ഡലത്തില്‍ ഇത് ചര്‍ച്ചയാകില്ലെന്നല്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ ബാധിക്കില്ല. അഴിമതിയുമായി ബന്ധപ്പെട്ട് കേസും അന്വേഷവും നടക്കുകയാണ്. ചിലര്‍ ചെയ്ത കുറ്റത്തിന എല്ലാവരെയും ശിക്ഷിക്കേണ്ടതില്ലല്ലോ. സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം ശക്തമാണ്. തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയാകുന്നതും ഇക്കാര്യങ്ങള്‍ തന്നെയാകും; യൂത്ത് കോണ്‍ഗ്രസ് നേതാവ് മനു ജേക്കബിന്റെ വിശ്വാസം ഇങ്ങനെയാണ്.

അതേസമയം ജനങ്ങളുടെ പ്രതികരണത്തില്‍ നിന്നു മനസിലാകുന്നത്, രാഷ്ട്രീയക്കാരോട് പൊതുവായിട്ടുള്ള പ്രതിധേഷമാണ് പാലാരിവട്ടം പാലം ഉണ്ടാക്കിയിരിക്കുന്നതെന്നാണ്. ആരു ഭരിച്ചാലും ഇതൊക്കെ തന്നെയല്ലേ എന്ന ചോദ്യവും, എല്ലാം അനുഭവിക്കേണ്ടത് ജനം മാത്രം എന്ന പരിതപിക്കലുമാണ് സംസാരിച്ചവരില്‍ ഭൂരിഭാഗവും പ്രകടമാക്കിയത്. വോട്ട് ചെയ്യാന്‍ പോണോ എന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല. വലത്തേക്കാലിലെ മന്ത് ഇടത്തേക്കാലിലേക്ക് മാറ്റിത്താരാന്‍ ചോദിക്കുന്നതുപോലെയാണല്ലോ വലതിനു വോട്ട് ചെയ്താലും ഇടതിനു വോട്ട് ചെയ്താലും സംഭവിക്കുന്നത്; മണ്ഡലത്തിലെ വോട്ടര്‍കൂടിയായ വ്യാപാരി പ്രമേഷ് ചോദിക്കുന്നത് ഇങ്ങനെയാണ്.

പാലാരിവട്ടം പാലം കഴിഞ്ഞാല്‍ കൊച്ചിയിലെ റോഡുകളാണ് മറ്റൊരു പ്രധാനവിഷയം. ഭൂരിഭാഗം റോഡുകളും തകര്‍ന്നു കിടക്കുകയാണ്. ഇതിന്റെ കാരണക്കാര്‍ കൊച്ചി കോര്‍പ്പറേഷന്‍ ആണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. നഗരത്തിലെ എണ്‍പത് ശതമാനം റോഡുകളും കോര്‍പ്പറേഷന്റെ കീഴിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി റോഡുകള്‍ ഇതേ അവസ്ഥയിലാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ജെ വിനോദ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും വികസനകാര്യ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അധ്യക്ഷനുമാണ്. അതിനാല്‍ തന്നെ നഗരത്തിലെ റോഡുകളുടെ ദുരിതാവസ്ഥയുടെ കാരണക്കാരില്‍ വിനോദും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരേ എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണം.
പാലാരിവട്ടം പാലം അഴിമതിയേക്കാള്‍ യുഡിഎഫിനെ ഭയപ്പെടുത്തുന്നത് റോഡുകളുടെ ശോചനീയാവസ്ഥ തന്നെയാണ്. ജനങ്ങളില്‍ നിന്നും ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ കൂടുതലും റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് തന്നെയാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോര്‍പ്പറേഷനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്ന വാദം. അമൃതം പദ്ധതയില്‍ ഉള്‍പ്പെടുത്തി കൊച്ചിയിലെ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്തതാണ് റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥയെന്നാണ് കോണ്‍ഗ്രസിന്റെ ന്യായീകരണം. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാതെ വന്നതുകൊണ്ടാണ് റോഡ് പുനര്‍നിര്‍മാണം നടക്കാത്തതെന്നും കോര്‍പ്പറേഷനെ ഇതിന്റെ പേരില്‍ പഴിക്കുന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. സംസ്ഥാനത്തെ പിഡബ്ല്യുഡി റോഡുകളുടെ അവസ്ഥയും തീരെ മോശമാണെന്നും, സ്വന്തം കാലിലെ മന്തു മറച്ചുവച്ചാണ് എല്‍ഡിഎഫും സിപിഎമ്മും കൊച്ചി കോര്‍പ്പറേഷനെ ആക്രമിക്കാന്‍ വരുന്നതെന്നും കുറ്റപ്പെടുത്തുന്നു. എന്നാല്‍ അമൃതം പദ്ധതിയുടെ പേര് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ നോക്കരുതെന്നാണ് സിപിഎം ഈ വിഷയത്തില്‍ കോണ്‍ഗ്രസിനോട് പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അനുവദിച്ച തുക പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും പണം പിടിച്ചുവച്ച് ജനങ്ങളെ ദുരിതക്കയത്തില്‍ തള്ളിയിട്ട കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അധ്യക്ഷന്‍ തന്നെ വോട്ടും ചോദിച്ച് ജനങ്ങളുടെ മുന്നില്‍ എത്തുന്നത് വിരോധാഭാസമാണെന്നും സിപിഎം നേതാക്കള്‍ പരിഹസിക്കുന്നു.
റോഡ് തകര്‍ച്ച എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി തന്നെ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. നോട്ടയ്ക്ക് കുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ച്ചയിലാണ്. ഇതുമൂലം മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കുകളാണ് എങ്ങും.തേവരയില്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിന്റെ പേരില്‍ ഇവിടെയുള്ള വോട്ടര്‍മാര്‍ ഇത്തവണ തങ്ങള്‍ നോട്ടയ്ക്ക് വോട്ട് കുത്തുമെന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇതേ പ്രതികരണവുമായി കോര്‍പ്പറേഷന്‍ പരിധിയില്‍ പല ഭാഗങ്ങളിലേയും വോട്ടര്‍മാര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. എല്‍ഡിഎഫ് റോഡ് വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോഴും അതിന്റെ പ്രയോജനം പൂര്‍ണമായി അവര്‍ക്ക് ലഭിക്കാതെ പോകാനുള്ള സാധ്യത പറയുന്നതും വോട്ടര്‍മാര്‍ നോട്ടയെ ആശ്രയിക്കുമെന്നതുകൊണ്ടാണ്. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ നോട്ട പതിവിലും അധികം വോട്ടുകള്‍ നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരം പറയുന്നത്. റോഡ് വിഷയത്തിനൊപ്പം തന്നെ പ്രധാന തിരിച്ചടിയാണ് മാലിന്യപ്രശ്നം. നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടിയിട്ടുണ്ട്. കോര്‍പ്പറേഷനാണ് ഇവിടെയും പ്രതികൂട്ടില്‍. നഗരസഭ വാര്‍ഡുകളില്‍ ഭൂരിഭാഗവും എറണാകുളം മണ്ഡലത്തില്‍ ഉള്‍പ്പെടുമെന്നതിനാല്‍ കോര്‍പ്പറേഷന്റെ വീഴ്ച്ചകള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട് എന്നാല്‍ ഇതൊന്നും നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് യുഡിഎഫ് പറയുന്നത്.
എന്തായാലും അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഉണ്ടായ യുഡിഎഫ് തരംഗം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉണ്ടാകില്ലെന്നു കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നുണ്ട്. ബിജെപി വിരുദ്ധ വികാരം ശക്തമായിരുന്നു. ന്യൂനപക്ഷ വോട്ടുകളെല്ലാം യുഡി എഫിലേക്ക് പോന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സാഹചര്യം വേറെയാണ്. ശബരിമല വിഷയം ബിജെപി പോലും ഇവിടെ പ്രധാന പ്രചാരണ വിഷയം ആക്കുന്നില്ല. മണ്ഡലത്തിന്റെ പൊതുസ്വഭാവത്തിലാണ് യുഡിഎഫ് വിശ്വസിക്കുന്നത്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്റെ ഭരണപരാജയങ്ങള്‍ക്കെതിരേ വിധിയെഴുത്തു കൂടിയായിരിക്കും ഉപതെരഞ്ഞെടുപ്പെന്നും എല്‍ഡിഎഫും വിശ്വസിക്കുന്നു. പാലയിലെ ജയം ചൂണ്ടിക്കാട്ടി യുഡിഎഫ് കോട്ട എന്ന വാദത്തേയും അവര്‍ തള്ളിക്കളയുന്നു. അതേസമയം ബിജെപി വലുതായൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥിയായ രാജഗോപാലിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനം വോട്ടായി മാറുമെന്ന് കണക്കുകൂട്ടുന്നു. രാജഗോപാല്‍ വോട്ട് പിടിച്ചാല്‍ അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. എന്നാല്‍, എറണാകുളത്തെ ബിജെപിക്കുള്ളില്‍ നടക്കുന്ന ചേരിപ്പോര് രാജഗോപാലിന്റെ വോട്ടുകള്‍ കുറയ്ക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. തന്റെ പ്രചാരണത്തിന് ജില്ലയിലെ നേതാക്കന്മാര്‍ എത്തുന്നില്ലെന്ന രാജഗോപാലിന്റെ പരാതി തന്നെ ഇതിനു തെളിവാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പോളിംഗ് ശതമാനത്തിലാണ് ഇരു മുന്നണികളും പ്രതീക്ഷ വയ്ക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 71. 72 ശതമാനമായിരുന്നു പോളിംഗ്. അന്ന് 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹൈബി ഈഡന്‍ ജയിച്ചത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 73. 29 ശതമാനമായിരുന്നു. 31,178 വോട്ടുകളുടെ ഭൂരിപക്ഷം ഹൈബി ഈഡന്‍ നേടി. ഇത്തവണ പോളിംഗ് ശതമാനം കുറയാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ബാധിക്കപ്പെടുക കോണ്‍ഗ്രസിനെയാണ്. വിജയം ഉറപ്പാണെന്ന് പറയുന്നുണ്ടെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് ഭൂരിക്ഷം കുറയ്ക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. റോഡ്, പാലം, മാലിന്യം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളിലുണ്ടായിരിക്കുന്ന പ്രതിഷേധവും പോളിംഗ് കുറയ്ക്കാന്‍ കാരണമായേക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നുണ്ട്. കൂടാതെ ഒന്നര വര്‍ഷത്തേക്ക് മാത്രമുള്ള തെരഞ്ഞെടുപ്പ് ആയതുകൊണ്ട് പലരും വോട്ട് ചെയ്യാന്‍ പോകാതിരിക്കാനും സാധ്യതയുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പറയുന്നുണ്ട്.


Next Story

Related Stories