TopTop
Begin typing your search above and press return to search.

ആരോഗ്യവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കോവിഡ് മരണം 228, പ്രഖ്യാപിച്ചത് 120, സാങ്കേതിക പ്രശ്നമാണെങ്കിലും സുതാര്യത വേണമെന്ന് വിദഗ്ദ സമിതി

ആരോഗ്യവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ കോവിഡ് മരണം 228, പ്രഖ്യാപിച്ചത് 120, സാങ്കേതിക പ്രശ്നമാണെങ്കിലും സുതാര്യത വേണമെന്ന് വിദഗ്ദ സമിതി

കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നതിലെ സാങ്കേതികതകള്‍ പുന:പരിശോധിക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതി. കോവിഡ് ബാധിച്ച് മരിച്ച പലരേയും സാങ്കേതിക കാരണങ്ങളാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പുന:പരിശോധനയ്ക്ക് വിധേയമാക്കമാണെന്ന നിര്‍ദ്ദേശമാണ് കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മരണ കാരണം കോവിഡ് ആയവരെ മാത്രമാണ് സര്‍ക്കാര്‍ നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ മരണത്തിനുള്ള പ്രാഥമികമോ ദ്വിതീയമോ ആയ കാരണമായി കോവിഡ് കണ്ടെത്തിയാല്‍ അതും കോവിഡ് മരണമായി കണക്കാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പട്ടിക തയ്യാറാക്കണമെന്ന് ആവശ്യം ആരോഗ്യപ്രവര്‍ത്തകരിലും ശക്തമാണ്.

സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണങ്ങള്‍ ഇതുവരെ 126 ആണ്. എന്നാല്‍ ജില്ല തലത്തില്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 228 ആണ്. ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ മൂടി വക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വിദഗ്ദ്ധ സമിതി അംഗമായ ഡോ കെ പി അരവിന്ദന്‍ പറഞ്ഞു. ' മരണ സംഖ്യ 120 എന്നത് 200 ആയി കാണിക്കുന്നത് കൊണ്ട് കേരളത്തിന് ഒന്നും നഷ്ടപ്പെടാനില്ല. ഇരുന്നൂറില്‍ അധികമാണെങ്കില്‍ കൂടി കേരളത്തില്‍ മരണ നിരക്ക് വളരെ കുറവ് തന്നെയാണ്. അതുകൊണ്ട് സര്‍ക്കാര്‍ മരണ സംഖ്യ മൂടവക്കാന്‍ ശ്രമിക്കുന്നു എന്നത് വളച്ചൊടിച്ച ആരോപണമാണ്. ഏറ്റവും സുതാര്യമായി ഡാറ്റ സൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് തീര്‍ത്തും സാങ്കേതിക പ്രശ്‌നമാണ്. ഏത് മരണം ഉള്‍പ്പെടുത്തണം, ഏത് ഉള്‍പ്പെടുത്തേണ്ട എന്നത് സംബന്ധിച്ച ആശയക്കുഴപ്പം മാത്രമാണ് ഉള്ളത്. അക്കാര്യം സമിതി സര്‍ക്കാരിനോട് ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് വിദഗ്ദ്ധ സമിതി.'

ഡബ്ല്യു എച്ച് ഒ യുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഗൈഡ്‌ലൈന്‍ ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് ക്ലാസ്സിഫിക്കേഷന്‍ (കോഡിങ്) ഓഫ് കോവിഡ് 19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കേരളത്തില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്ലാസ്സിഫിക്കേന്‍ ഓഫ് ഡിസീസ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗൈഡ്‌ലൈന്‍. ഈ ഗൈഡ് ലൈന്‍ പറയുന്നതിനനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശാലജ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ദ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്. ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ചാണ് മരണമടയുന്നതെങ്കില്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ പോലും അത് കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നതാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. വിദഗ്ദ പരിശോധനയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതിയും പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടനയും ഐ സി എം ആറും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് മരണങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പിലും ശക്തമായിരുന്നു. മരണത്തിന്റെ പ്രാഥമികമോ ദ്വിതീയമോ ആയ കാരണം കോവിഡ് ആണെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയും ഐ സി എം ആറും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് ഇതനുസരിച്ചുള്ള പട്ടികയാണ് തയ്യാറാക്കിയിരുന്നതെങ്കിലും പിന്നീട് ജൂലൈ പകുതിയോടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു എന്ന് കോവിഡ് പ്രതിരോധ സംഘത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. 'ഈ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കണക്കുകളാണ് വിവിധ ജില്ലകളില്‍ നിന്ന് ഇപ്പോഴും നല്‍കുന്നത്. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കണക്കില്‍ വരുന്നില്ല. സക്രീനിങ് നടത്തിയാണ് മരണം പുറത്ത് വിടുന്നത്. മറ്റ് രോഗങ്ങള്‍ ഉള്ളവരെ, ആ രോഗം മൂര്‍ച്ഛിച്ചാണ് മരിക്കുന്നതെങ്കില്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ പോലും സ്രവം മരണത്തിന് ശേഷവും പരിശോധിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. എന്നാല്‍ ഇത് അനാവശ്യമാണെന്ന് ആരോഗ്യവകുപ്പ് പലപ്പോഴായി സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.' ഒരു ഡോക്ടര്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ മരണ നിരക്ക് കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം നാളുകളായി നിലനില്‍ക്കുന്നുണ്ട്. ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളും ഇതിലുള്ള വിയോജിപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രായമായവര്‍, കുട്ടികള്‍, മറ്റ് രോഗം ബാധിച്ചവര്‍ എന്നിവരെയെല്ലാം ലോകാരോഗ്യ സംഘടന കോവിഡ് ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്‌ക് കാറ്റഗറി.ലുള്‍പ്പെടുന്നവര്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ അത് കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്നാണ് ഐഎംഎയുടെയും നിലപാട്. ' കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പുറത്ത് വിട്ട മരണങ്ങളുടെ ലിസ്റ്റില്‍ ചിലരെങ്കിലും ഒന്നോ രണ്ടോ ആഴ്ച മുമ്പ് മരണപ്പെട്ടവരാണ്. കോവിഡ് മരണം പുറത്തിവിടാന്‍ പരമാവധി വൈകിപ്പിക്കുന്നതായും കാണുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയ ഒരാള്‍, അയാള്‍ക്ക് നിലവിലുള്ള രോഗം കൊണ്ടാണ് മരിക്കുന്നതെങ്കിലും മരണ കാരണം കോവിഡ് ആയി തന്നെ കണക്കാക്കേണ്ടതുണ്ട്. അതാണ് മാര്‍ഗരേഖകള്‍. എന്നാല്‍ കോവിഡ് ബാധിച്ചത് കൊണ്ട് മാത്രം മരണം സംഭവിച്ച കേസുകള്‍ മാത്രമേ മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തൂ എന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്നറിയില്ല. കോവിഡ് ബാധിച്ചാല്‍ ഒരാള്‍ക്ക് നിലവിലുള്ള രോഗം കൂടാനുള്ള സാധ്യതയും കണക്കാക്കണം. മരണങ്ങള്‍ നടന്നാല്‍ അത് കോവിഡ് മരണമാണെന്ന് ഉടനടി പ്രഖ്യാപിക്കുകയും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.' ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രാഹാം വര്‍ഗീസ് പറഞ്ഞു.

കാര്യങ്ങള്‍ പരമാവധി സുതാര്യമായിരിക്കണമെന്നും പൊതു സമൂഹത്തില്‍ ഇത് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടാവാതെ നോക്കണം എന്നുമുള്ള നിര്‍ദ്ദേശമാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.


Next Story

Related Stories