TopTop
Begin typing your search above and press return to search.

'അന്വേഷണം തൃപ്തികരമല്ല, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം', മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം

പത്തനംതിട്ട ചിറ്റാറില്‍ മരിച്ച വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത യുവാവ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെമന്ന് ആവർത്തിച്ച് കുടുംബം. കുടപ്പനയിലെ ഫാം ഉടമ മത്തായിയുടെ ബന്ധുക്കളാണ് മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മൃതപ്രായനായ മത്തായിയെ വനംവകുപ്പ് കിണറ്റില്‍ തള്ളിയതാണെന്നും സഹോദരൻ ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വനം വകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി അറസ്റ്റ് ചെയ്യണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്, അന്വേഷണം തൃപ്തികരമല്ല. മൃതദേഹം സംസ്‌കരിച്ചശേഷം വീണ്ടും പുറത്തെടുത്തുള്ളൊരു അന്വേഷണത്തിന് കുടുംബം തയ്യാറല്ല. അതുകൊണ്ടാണ് നീതി ലഭിക്കാതെ അടക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

മത്തായി മരിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ ഇത് ആത്മഹത്യയെന്ന് കാണിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ദുരൂഹമാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തങ്ങൾ ലഭിക്കാത്ത ഒരു റിപ്പോർട്ടിലാണ് മരണം ആത്മഹത്യയെന്ന് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുമുമ്പുതന്നെ മരണം ആത്മഹത്യയെന്ന് തീരുമാനിച്ചെന്നാണിത് വ്യക്തമാക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. എന്നാൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവും ശക്തമാകുകയാണ്.


Next Story

Related Stories