TopTop
Begin typing your search above and press return to search.

ലേലക്കാര്‍ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്താന്‍ നിയമം വരുന്നു; ഇടനിലക്കാര്‍ക്ക് പിന്നില്‍ ചില സമുദായ, യൂണിയന്‍ നേതൃത്വങ്ങളുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ- അഭിമുഖം

ലേലക്കാര്‍ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്താന്‍ നിയമം വരുന്നു; ഇടനിലക്കാര്‍ക്ക് പിന്നില്‍ ചില സമുദായ, യൂണിയന്‍ നേതൃത്വങ്ങളുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ- അഭിമുഖം

വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ ലേലക്കാരുടെ പിടിയിലെന്ന് സംസ്ഥാന ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഈ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുമുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു. കൊറോണ - ലോക്ഡൗണുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥ എന്ന വിഷയത്തില്‍ അഴിമുഖം പ്രസിദ്ധീകരിക്കുന്ന പരമ്പരയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.

? ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക് ഡൗണും മത്സ്യമേഖലയെ എത്രമാത്രം രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്?

ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ എപ്രില്‍ ഒന്ന് വരെയുള്ള ദിവസങ്ങളില്‍ മറ്റെല്ലാവരെയും പോലെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലായിരുന്നു. എന്നാല്‍ ലോക്ഡൗണിലെ ആദ്യത്തെ ഇളവ് വരുന്നത് മത്സ്യമേഖലയിലാണ്. ഏപ്രില്‍ പത്തോട് കൂടി ഞങ്ങള്‍ അഞ്ച് പേര്‍ക്ക് പോകാവുന്ന വള്ളങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. അതിന് ശേഷമാണ് കാര്‍ഷിക മേഖലയിലും ഇളവ് വന്നത്. ആ ഇളവ് നമ്മള്‍ വെല്ലുവിളിയുടെ സമയത്തുള്ള അവസരമായിക്കണ്ട് ഫലപ്രദമായി ഉപയോഗിച്ചു. മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന വരുമാനം ഇരട്ടിയോളമോ മെച്ചപ്പെട്ടതോ ആയി. വളരെ വലിയ മാറ്റമാണ് ആ രംഗത്ത് അതുവഴി വന്നത്. ഏപ്രില്‍ മുപ്പത് വരെയുള്ള കണക്കെടുക്കുമ്പോള്‍ ഒരു സെന്ററില്‍ ശരാശരി അഞ്ച് കോടിയിലേറെ രൂപ ചെറുവള്ളങ്ങളില്‍ പോയ തൊഴിലാളികള്‍ക്ക് അധികം കിട്ടി. അതാണ് കൊറോണക്കാലത്തെ മത്സ്യത്തൊഴിലാളികളുടെ അനുഭവം. പിന്നീട് നമ്മള്‍ ഏപ്രില്‍ 30-നകം തന്നെ എല്ലാവര്‍ക്കും കുറേശെ കുറേശെ ഇളവുകള്‍ കൊടുത്തു. ആദ്യം 32 അടി വരെയുള്ള ബോട്ടുകള്‍, വള്ളങ്ങളില്‍ 12 പേര്‍ക്ക് വരെ പോകാനുള്ള അനുമതി നല്‍കി. ഇപ്പോള്‍ എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും കടലില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ 80 പേരും 40 പേരും പോകുന്ന വള്ളങ്ങളില്‍ പരമാവധി 20 പേരേ പോകാവൂയെന്ന് നിയന്ത്രിച്ചിട്ടുണ്ട്. 40 പേര്‍ പോകുന്ന കമ്പവലയില്‍ പരമാവധി 24 പേരെയും അനുവദിച്ചു. തട്ടുപടിക്കും ഘട്ടംഘട്ടമായി ഇളവ് കൊടുത്തു. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ ലേലം ഒഴിവാക്കി വിപണനം നടത്തുകയെന്ന വലിയൊരു മാറ്റത്തിലേക്കാണ് വരുന്നത്.

കേരളത്തിലെ നമ്പര്‍ വണ്‍ ഹാര്‍ബറാണ് ശക്തികുളങ്ങര. രണ്ട് ആഴ്ചയ്ക്കിടയിലെ കണക്ക് മാത്രം നോക്കിയപ്പോള്‍ 15 കോടി രൂപയുടെ മത്സ്യമാണ് ആ ലാന്‍ഡിംഗില്‍ വന്ന് വിറ്റുപോയത്. നേരത്തെ അതെത്രയാണെന്ന് നമുക്ക് വലിയ പിടിയില്ല. എന്നാല്‍ ഇപ്പോള്‍ തൊഴിലാളിക്കും നല്ല പണം കിട്ടുന്നു, ബോട്ടുടമകള്‍ക്കും നല്ല പണം കിട്ടുന്നു, കയറ്റിറക്കുകാര്‍ക്കും നല്ല പണം കിട്ടുന്നു. ആകെയൊരു അസംതൃപ്തിയുള്ളത് ഇടനില നില്‍ക്കുന്ന ലേലക്കാര്‍ക്ക് മാത്രമാണ്. പൊതുവില്‍ വളരെ മെച്ചപ്പെട്ട അനുഭവമാണ് എല്ലാവര്‍ക്കുമുള്ളത്. വിഴിഞ്ഞം മാത്രമാണ് ഇതിനൊരു അപവാദം. അങ്ങേയറ്റം ലേലക്കാരുടെ പിടിയിലമര്‍ന്നതും തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതുമായ ഹാര്‍ബറാണ് വിഴിഞ്ഞം. കാരണം തൊഴിലാളികള്‍ക്ക് നേരിട്ട് വള്ളവും വലയുമില്ല; കരയ്ക്ക് നില്‍ക്കുന്നവര്‍ കാശ് കൊടുത്തു പോകുന്നത്, അവര്‍ക്ക് തന്നെ നേരിട്ട് ലേലം ചെയ്യണമെന്ന പിടിവാശിയിലാണ് വിഴിഞ്ഞത്ത് കാര്യങ്ങള്‍. അതില്‍ ലേലക്കാരെ ഒഴിവാക്കാന്‍ നമ്മള്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇപ്പോള്‍ ഒരാള്‍ ഒരു ലക്ഷം രൂപ കൊടുത്ത് സഹായിച്ചിട്ട് എല്ലാ വര്‍ഷവും ഈ ഒരു ലക്ഷത്തിന്റെ പേരില്‍ ലേലം ചെയ്ത് കമ്മിഷന്‍ വാങ്ങുകയാണ്. ആ കമ്മിഷന്‍ ഒരിക്കലും ഇവരുടെ മുതലില്‍ കുറയുന്നതേയില്ല. അപ്പോള്‍ തൊഴിലാളി എല്ലാക്കാലത്തും കടത്തില്‍ നില്‍ക്കുന്നു. അവന്‍ കഠിനമായി അധ്വാനം ചെയ്യുന്നുവെങ്കിലും അവന് ലഭിക്കുന്നത് വളരെക്കുറച്ച് വരുമാനമാണ്. ഈ ഒരു ലക്ഷം രൂപ കൊടുത്തവന്‍ വളരെ ശക്തനായും മാറുന്നു. ഇന്ന് ഒരാള്‍ക്കാണ് കൊടുത്തതെങ്കില്‍, നാളെ രണ്ട് പേര്‍ക്ക് കൊടുത്ത്, പിന്നീട് വളരെ വലിയ തുകയാക്കി ഒടുവില്‍ അയാള്‍ നിയന്ത്രിക്കുന്ന കുറെ ലേലക്കാരും ഉയര്‍ന്നു വരുന്നു. അങ്ങനെ ഇവരുടെ ഒരു വലയത്തില്‍ ഹാര്‍ബര്‍ നിലനില്‍ക്കുകയാണ്. വളരെ വലിയൊരു പ്രശ്‌നമാണ് അവിടെ നിലനില്‍ക്കുന്നത്. തൊഴിലാളികളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നമ്പര്‍ വണ്‍ ഹാര്‍ബറായി വിഴിഞ്ഞം മാറിയിരിക്കുകയാണ്. അല്ലറ ചില്ലറ പോരായ്മകളുണ്ടെങ്കിലും കേരളം മുഴുവന്‍ ഇതിലേക്ക് വരുമ്പോള്‍ തിരുവനന്തപുരം മേഖല പ്രത്യേകിച്ചും വിഴിഞ്ഞം മാത്രമാണ് ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം പരമ്പരാഗത മത്സ്യത്തൊഴിലാളികളുള്ള മേഖലയാണ് ഇത്. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഏറ്റവും താഴ്ന്നു നില്‍ക്കുന്നതും ഇവിടെയാണ്. മറ്റൊരു ജില്ലയിലുമില്ലാത്ത വിധം തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ലോബിയിംഗ് ശക്തമായി നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. തൊഴിലാളികളുടെ ജീവിതം ഒരു കാലത്തും മെച്ചപ്പെടാനാവാത്ത വിധത്തിലാക്കി തീര്‍ക്കുകയാണ്. അതിന് ചില സമുദായ നേതൃത്വങ്ങളുടെ പിന്തുണയും ലഭിക്കുന്നു. അതേസമയം മറ്റെല്ലാ മേഖലയിലുമുള്ള ദുരിതത്തിന്റെ അളവ് മത്സ്യമേഖലയില്‍ അങ്ങനെ വന്നിട്ടില്ല. എന്നാല്‍ മാര്‍ക്കറ്റിന്റെ കാര്യത്തിലും, വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതിയുടെ കാര്യത്തിലും ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ കടലില്‍ പോകുന്ന തൊഴിലാളിക്ക് മികച്ച രീതിയില്‍ വരുമാനം ലഭിച്ച കാലമായിരുന്നു കേരളത്തെ സംബന്ധിച്ച് കൊറോണക്കാലം.

? അതേസമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ഉള്ളതു കൊണ്ട് മാത്രം പട്ടിണിയില്ലാതെ കഴിയുന്നു എന്നാണല്ലോ ചില തൊഴിലാളിക്കള്‍ പറയുന്നത്?

നേരിട്ട് തൊഴിലാളിയുമായി ബന്ധമുള്ള ആളായിരിക്കില്ല അങ്ങനെ പറഞ്ഞത്. ലേലക്കാരുടെ നേതാക്കളാണ് അങ്ങനെ പറയുന്നത്. പലയിടത്തും യൂണിയന്‍ നേതാക്കള്‍ ലേലക്കാരാണ്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അല്ല, അവരുടെ പ്രശ്‌നങ്ങളാണ് അവര്‍ അഡ്രസ് ചെയ്യുന്നത്. ഇപ്പോള്‍ ലേലക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കടലില്‍ പോകുന്ന തൊഴിലാളി ഒരു മാധ്യമങ്ങളുടെയും മുന്നില്‍ വരാറില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് വേണ്ടി വരുന്നത് മുഴുവന്‍ ലേലക്കാരാണ്. ഹാര്‍ബറില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ അവരും മത്സ്യത്തൊഴിലാളികളാണെന്നാണല്ലോ വയ്പ്പ്. കൊല്ലം തങ്കശേരിയിലെല്ലാം തൊഴിലാളികളോട് അന്വേഷിച്ചാല്‍ സത്യം അറിയാം. നേതാക്കളെ മാത്രം കേട്ടിട്ട് പറയരുത്. രാഷ്ട്രീയം പരിഗണിക്കാതെ അതിനെ കാണണം.

? ലോക്ഡൗണ്‍ കാലത്ത് വിപണികളെല്ലാം അടഞ്ഞുകിടന്നത് വില്‍പ്പനയെ ബാധിച്ചില്ലേ? തലച്ചുമടായി പോലും മത്സ്യം വില്‍ക്കുന്നവരുടെ ജീവിതത്തെ ഇത് ബാധിച്ചില്ലേ? ഈ സാഹചര്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത്?

ഈ സാഹചര്യത്തെ കൈകാര്യം ചെയ്തത് ഹാര്‍ബറുകളില്‍ അടിസ്ഥാന വില നിശ്ചയിച്ചാണ്. അതിനപ്പുറമുള്ള വിലയിലേക്ക് പോകാനാകില്ല. അതേ വിലയ്ക്ക് ആര്‍ക്കും എടുക്കാം. അതുകൊണ്ടാണ് തൊഴിലാളിക്ക് ഗുണം കിട്ടിയെന്ന് ഞാന്‍ പറയുന്നത്. കൊല്ലത്ത് ആദ്യ ദിവസമുണ്ടായ ഒരു പ്രശ്‌നമെന്ന് വച്ചാല്‍ അഞ്ച് പേര് പോയ വള്ളത്തില്‍ നിന്ന് കച്ചവടക്കാര്‍ക്ക് ആവശ്യമായ മത്സ്യം ലഭിക്കാതെ വന്നു. ആദ്യം വന്നവര്‍ വാങ്ങിക്കൊണ്ട് പോയപ്പോള്‍ സംഭവിച്ചതാണ് അത്. അടുത്ത ദിവസം മുതല്‍ നമ്മള്‍ വ്യത്യസ്ത കൗണ്ടറുകള്‍ ഇട്ടു. സ്ത്രീകളായ തൊഴിലാളികള്‍ക്ക് ഒരു കൗണ്ടര്‍, ബൈക്ക്, മോപ്പഡ് ഇങ്ങനെ വരുന്നവര്‍ക്ക് വേറൊരു കൗണ്ടര്‍ എന്നിങ്ങനെയായിരുന്നു അത്. ഇവര്‍ക്കെല്ലാം കൊടുത്തതിന് ശേഷം ലോറികളില്‍ വരുന്നവര്‍ക്ക്. ലോറികളില്‍ വരുന്നവര്‍ക്ക് നിറയെ കൊടുക്കില്ല. ചൂഷിത വര്‍ഗ്ഗം വേറെയുള്ളത് മാര്‍ക്കറ്റില്‍ ആണ്. മൂവാറ്റുപുഴയിലും ആലുവയിലും വലിയ വലിയ കമ്മിഷന്‍ ഏജന്റുമാര്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും മത്സ്യമെത്തിച്ച് ലേലം ചെയ്ത് വില്‍ക്കുന്നതായി വിവരം ലഭിച്ചിരുന്നു. കമ്മിഷന്‍ ഏജന്റുമാരാണ് അവര്‍. അവര്‍ മത്സ്യം കൊണ്ടുവന്ന് വില്‍പ്പനക്കാര്‍ക്ക് വില്‍ക്കുന്നു. വലിയ കമ്മിഷന്‍ അവര്‍ ഈടാക്കുന്നതോടെ വില്‍പ്പനക്കാര്‍ക്ക് വളരെ ചെറിയ ലാഭം മാത്രം ലഭിക്കുന്നു. ഇതിന് പരിഹാരമായാണ് ഹാര്‍ബര്‍ ടു മാര്‍ക്കറ്റ് എന്ന പുതിയ സംവിധാനം നിയമത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നിലവാരം ഉറപ്പാക്കി പുറത്തു നിന്നുള്ള മത്സ്യം ഇവിടെ ആര്‍ക്കും കൊണ്ടുവരാം. പക്ഷെ ലേലം എന്ന് പറയുന്നത് റെഗുലേറ്റ് ചെയ്യപ്പെടും. ആ അര്‍ത്ഥത്തില്‍ ഒരുപാട് തലത്തില്‍ ഇടപെടേണ്ടതുണ്ട്. എങ്കില്‍ മാത്രമാണ് കോടാനുകോടി രൂപയുടെ ഇടപെടല്‍ നടക്കുന്ന ഭക്ഷ്യ വിഭവം കൈകാര്യം ചെയ്യുന്ന ഒരു മേഖല തീരെ ശ്രദ്ധിക്കാതെ പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ സംരക്ഷിക്കാനും പരിപോഷിക്കാനുമാകൂ.

? എല്ലാ മത്സ്യ വില്‍പ്പനക്കാര്‍ക്കും ഇതുകൊണ്ട് ഗുണമുണ്ടായോ?

ഇപ്പോള്‍ എല്ലാ വള്ളങ്ങളും ബോട്ടുകളും പോയി തുടങ്ങിയതോടെ ആ പ്രശ്‌നം തീര്‍ന്നു. മിക്കവാറും എല്ലാവര്‍ക്കും തന്നെ ഗുണമുണ്ടായിട്ടുണ്ട്. നേരത്തെ കുറച്ച് മനുഷ്യര്‍ മാത്രം കടലില്‍ പോയിരുന്ന സമയത്ത് മത്സ്യം വില്‍പ്പനക്കാര്‍ക്ക് കിട്ടുന്നതിന് പ്രശ്‌നമുണ്ട്.

? ട്രോളിംഗ് കൂടി വരുമ്പോള്‍ മത്സ്യമേഖല ഇനിയും സാമ്പത്തിക പ്രതിസന്ധിയിലാകില്ലേ?

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ട്രോളിംഗ് സമയത്ത് കടലില്‍ പോകാം. യന്ത്രവത്കൃത ബോട്ടുകളില്‍ പോകുന്നവര്‍ക്ക് മാത്രമാണ് വിലക്ക്. പ്രജനന കാലം ആയതിനാല്‍ മത്സ്യ സമ്പത്തിനെ നശിപ്പിക്കുന്ന യാതൊന്നും പാടില്ല എന്നതിനാലാണ് അത്. അതുകൊണ്ട് പരമ്പരാഗത തൊഴിലാളികള്‍ക്കൊന്നും ട്രോളിംഗ് ബാധകമല്ല. യന്ത്രവല്‍കൃത ബോട്ടുകളില്‍ പോകുന്ന ഏറെപ്പേരും ഈ തൊഴിലിലേക്ക് പുതുതായി വരുന്നവരാണ്. കൂടുതല്‍ പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. പരമ്പരാഗത തൊഴിലാളികള്‍ക്കെല്ലാം മാസം 4000 രൂപ നല്‍കുന്ന പദ്ധതി നമുക്കുണ്ട്. അതനുസരിച്ച് തീര്‍ച്ചയായും സഹായം കൊടുക്കും.

? സമൂഹത്തില്‍ ഇപ്പോള്‍ നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം എപ്പോള്‍ അവസാനിക്കുമെന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ട്. അതേക്കുറിച്ച് എന്താണ് തോന്നുന്നത്?

അതിന് വിദഗ്ധരുടെ അഭിപ്രായം തന്നെയാണ് നമ്മള്‍ മാനിക്കേണ്ടത്. കൊറോണയെന്നത് പെട്ടെന്ന് തീരാന്‍ പോകുന്നില്ല. അതിനെ അംഗീകരിച്ചു കൊണ്ടുള്ള ജീവിത ശൈലിയുമായി നാം മുന്നോട്ട് പോകേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും കുറെ നാള്‍ നീണ്ടു നില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ കൊറോണയെ അതിജീവിക്കാനാകൂ. അതിന് ഭരണകൂടങ്ങള്‍ക്ക് ഒരു വലിയ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ലോകത്തിന് ബദലായ ഒരു മാതൃകയാണ് കാട്ടിക്കൊടുത്തത്. എല്ലാ കുടുംബങ്ങള്‍ക്കും അരിയുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കേരളത്തിന് സാധിച്ചു. കേന്ദ്രവും ഇപ്പോള്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഇപ്പോള്‍ മല എലിയെ പ്രസവിക്കുന്നത് പോലെയായി തീര്‍ന്നു. എല്ലാവര്‍ക്കും ആശ്വാസമെത്തുന്ന ഒരു പദ്ധതിയും അതില്‍ വന്നിട്ടില്ല. കോടാനുകോടി ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്ന രാജ്യത്ത് എല്ലാവര്‍ക്കും കുറഞ്ഞത് 10 കിലോ അരിയെങ്കിലും കൊടുത്തിരുന്നെങ്കില്‍ അതൊരു വലിയ മാറ്റമായിരുന്നു. മൈഗ്രന്റ് വര്‍ക്കേഴ്‌സിന് മാത്രമാണ് രണ്ട് മാസത്തേക്ക് പത്ത് കിലോ അരി നല്‍കുന്നത്. അവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും അത് നല്‍കണമായിരുന്നു. അതുപോലെ റാബി വിളയുടെ സമയമാണ്. അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം വില ഉറപ്പിക്കുന്ന പ്രഖ്യാപനവും ഉണ്ടാകണമായിരുന്നു. കര്‍ഷകന് മികച്ച വിലയും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യവും ഉറപ്പാക്കേണ്ടത് ഈ കൊറോണക്കാലത്ത് അനിവാര്യമാണ്.


Next Story

Related Stories