TopTop
Begin typing your search above and press return to search.

2018ലെ പ്രളയത്തിന് കേന്ദ്രം അനുവദിച്ച 2905 കോടിയില്‍ ബാക്കിയുള്ളത് 200 കോടി മാത്രം, കേന്ദ്രം മനഃപൂര്‍വ്വം നുണ പ്രചരിപ്പിക്കുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍

2018ലെ പ്രളയത്തിന് കേന്ദ്രം അനുവദിച്ച 2905 കോടിയില്‍ ബാക്കിയുള്ളത് 200 കോടി മാത്രം, കേന്ദ്രം മനഃപൂര്‍വ്വം നുണ പ്രചരിപ്പിക്കുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിൽ നാശം വിതച്ച 2018ലെ പ്രളയത്തിന് പിന്നാലെ കേന്ദ്ര സർക്കാർ അനുവദിച്ച ദുരിതാശ്വാസ ഫണ്ടിന്റെ 50 ശതമാനം മാത്രമാണ് കേരളം വിനിയോഗിച്ചതെന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ദി ഹിന്ദു റിപ്പോർട്ട് ചെയ്ത വാർത്തയിൽ പ്രളയ ദുരിതാശ്വാസത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയത് മുൻ തുക ചിലവഴിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്നാണ് വിശദീകരിക്കുന്നത്. 2000 കോടി രൂപയുടെ അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വെച്ചത്. എന്നാല്‍ നേരത്തെ അനുവദിച്ച തുകയുടെ കണക്കുകള്‍ നല്‍കിയില്ലെന്ന് പറഞ്ഞാണ് കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ദി ഹിന്ദു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വാർത്ത പുറത്ത് വന്നതോടെ ഇതിനെചൊല്ലി സർക്കാറിനെതിരെ വലിയ വിമർശനം ഉയർന്നുവന്നു. പ്രളയ ദുരന്തത്തിന് ഇരകളായവരില്‍ പലരും ഇപ്പോഴും സഹായമൊന്നും ലഭിക്കാതെ കഴിയുന്നു, ചിലര്‍ ആത്മഹത്യ ചെയ്തിരിയ്ക്കുന്നു, എന്നിട്ടും കേന്ദ്ര സർക്കാർ നേരത്തെ നൽകിയ 2107 കോടി രൂപ സംസ്ഥാനം ചിലവാക്കാതെ വച്ചിരിക്കുകയാണ്, പിറകെ കൂടുതൽ പണത്തിനായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്യുന്നു, എന്നൊക്കെയാണ് ആരോപണങ്ങള്‍.

കഴിഞ്ഞ ഏപ്രില്‍ മാസം വരെ അനുവദിച്ച 3000 കോടി രൂപയില്‍ 900 കോടി രൂപ മാത്രമാണ് സംസ്ഥാനം ചെലവഴിച്ചതെന്നായിരുന്നു വാർത്തകൾ ചൂണ്ടിക്കാട്ടിയത്. നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടില്‍ നിന്നാണ് സംസ്ഥാനത്തിന് 3000 കോടി അനുവദിച്ചത്. പ്രളയക്കെടുതിയില്‍ പെട്ട എത്രപേര്‍ക്ക് സഹായം എത്തിച്ചുവെന്നതിന്റെ കണക്ക് നല്‍കാനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും അരോപണം ഉയർന്നു. 2018-19 കാലത്ത് അനുവദിച്ച തുക പൂര്‍ണമായി ചെലവഴിക്കാതെ കൂടുതല്‍ പണം അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാൽ, പുറത്ത് വന്ന റിപ്പോർട്ടുകളിലെ കണക്കുകളിൽ വ്യക്തത കുറവുണ്ടെന്നും സഹായമായി അനുവദിച്ച തുകയുടെ പകുതിയോളം ചിലവഴിച്ചില്ലെന്ന വാദം പൊള്ളയാണെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. നിലവിലെ കണക്കുകള്‍ വിശദമായി പരിശോധിച്ചാൽ ഈ വസ്തുത വെളിപ്പെടുമെന്നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൺവീനറുമായ ഡോ. വി വേണു ഐഎഎസിന്റെ പ്രതികരണം. ഇക്കാര്യം വ്യക്തമാക്കുന്നതിനായി ചില കണക്കുകളും അദ്ദേഹം പങ്കുവയ്ച്ചു. പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു ഡോ. വി വേണു ഐഎഎസ് .

തുടർച്ചയായ ഒരു പ്രക്രിയയുടെ ഭാഗമാണ് സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ടും അതിന്റെ വിനിയോഗവും എന്ന് ഡോ. വി വേണു ഐഎഎസ് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാറിന്റെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുകയാണ് ഇത്. എല്ലാ വർഷവും ഇതിന്റെ പങ്ക് ലഭിക്കുകയും ചിഴവഴിക്കുകയും ചെയ്യും. നേരത്തെ ഓഖി സംസ്ഥാനത്ത് ദുനന്തം വിതച്ചപ്പോഴും ഇത്തരത്തില്‍ ഫണ്ട് ലഭിച്ചിരുന്നു. എന്നാൽ ഇത് കൃത്യമായ മാനദണ്ഡത്തിലൂന്നി ചിലവഴിക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിന് ചില ഉദാഹരണങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. 'പ്രകൃതി ദുരന്തത്തിൽ തകർന്ന ഒരു റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ ഈ ഫണ്ടിൽ നിന്നും ചിലവാക്കാനാവുന്ന തുക വെറും 60,000 രൂപ മാത്രമാണ്. അതായത് 2000 കോടി രൂപ കയ്യിൽ ഉണ്ടെങ്കില്‍ പോലും ചില മേഖലകളില്‍ തുക ചിലവഴിക്കാൻ അധികാരമില്ല.' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2018ലെ പ്രളയത്തിന് പിന്നാലെ ലഭിച്ച കേന്ദ്ര സഹായവും ചിലവുകളും ഡോ. വി വേണു ഐഎഎസ് വിശദീകരിക്കുന്നതിങ്ങനെ;

2018 ൽ കേരളത്തിലുണ്ടായ വലിയ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കേന്ദ്ര സർക്കാറിന് ഒരു നിവേദനം സമർപ്പിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുൾപ്പെടെ സഹായമായി 4000 കോടിയോളം രൂപയാണ് അതിൽ ആവശ്യപ്പെട്ടത്. ഓഗസ്റ്റിലുണ്ടായ ദുരന്തങ്ങൾക്ക് പിന്നാലെ തൊട്ടടുത്ത മാസം സമര്‍പ്പിച്ച നിവേദനം സ്വീകരിച്ച് 2019 ജനുവരിയിൽ 2904.85 കോടി രൂപ അനുവദിച്ചു.

2904.85 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രളയം ബാധിച്ച ഓഗസ്റ്റ് മാസത്തിൽ തന്നെ കേരളം ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. അതെല്ലാം സ്റ്റേറ്റ് ഫണ്ടിൽ നിന്ന് പണമെടുത്താണ് ചെയ്തത്. പിന്നാലെ ഈ തുക കിട്ടുകയും അനുവദനീയമായ മേഖലകളിൽ അനുവദനീയമായ തോതിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ജനുവരിയിൽ തുടങ്ങി അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ വരെ സംസ്ഥാനം ചിലഴിച്ചത് 798 കോടി രൂപയായിരുന്നു. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രത്തിന് സമർപ്പിച്ച കണക്ക് പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് സർക്കാറിന്റെ കയ്യിൽ 2107 കോടി രൂപയാണ് ഉണ്ടായിരുന്നത്. പിന്നാലെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് 2020 ജനുവരിയിൽ സർക്കാർ വീണ്ടും യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്. എപ്രിൽ മുതൽ ജനുവരി വരെയുള്ള ഒമ്പത് മാസത്തിൽ 1027 കോടി രൂപ ചിലവഴിച്ചു. ഇതിന് ശേഷം സംസ്ഥാനത്തിന്റെ പക്കലുള്ളത് 1,192 കോടി രൂപ ബാക്കിയുണ്ട്. ഈ ഷെഡ്യൂൾ പരിശോധിച്ചാൽ വ്യക്തമാക്കുന്നതാണ് ചിലവഴിച്ചതും ബാക്കിയുള്ളതുമായ എല്ലാ കണക്കുകളും.

ഇപ്പോഴും റിപ്പോർട്ടുകൾക്ക് പറയാം സംസ്ഥാനത്തിന്റെ കൈവശം 1,192 കോടി രൂപ ബാക്കിയുണ്ട് എന്ന്. എന്നാൽ ഇവിടെ മറ്റ് ചില കണക്കുകൾ കൂടി പരിശോധിക്കാനുണ്ട്. ഉദാഹരണമായി ജലസേചന പദ്ധതികളുടെ പുനരുദ്ധാരണം. ഇത് സിവിൽ വർക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. ഈ സിവിൽ വർക്കുകൾ കണ്ടെത്തി പണിയെടുത്ത് അളവെടുത്ത് ബില്ലുണ്ടാക്കണം. ഈ ബില്ലുകൾ അനുവദിക്കുകയാണ് പതിവ്.

ഭരണാനുമതിയാണ് ഇത്തരം പദ്ധതികളുടെ ആദ്യ പടി. അതിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കണക്കാക്കുന്നത്. ഇത് പ്രകാരം ജലസേചന വകുപ്പിന് മാത്രം പണം നൽകാനുണ്ട്. 2018 ന് ശേഷം അപ്രൂവ് ചെയ്ത പണികളാണ്. ഇത്തരത്തിൽ 537 കോടിയാണ് നീക്കിവയ്ക്കേണ്ടത്. ഇതിൽ ഉള്‍പ്പെട്ട വർക്കുകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. പുർത്തിയാകുന്ന മുറയ്ക്കാണ് പണം അനുവദിക്കുക. എന്നാൽ പണം നീക്കി വയ്ക്കേണ്ടതുണ്ട്.

ഇതിന് പുറമെയാണ് 2018ൽ നഷ്ടപ്പെട്ടതും നശിച്ചതുമായ വീടുകളുടെ നിർമാണം. കുറേ അധികം വീടുകൾ ആണ് അക്കാലയളവിൽ നശിച്ചിട്ടുള്ളത്. 3500 ഓളം വീടുകൾ ഇനി പുർ‌ത്തിയാക്കേണ്ടതുണ്ട്. ഇതിനെല്ലാം കൂടി 200 കോടി രൂപയോളം രൂപയുടെ ചിലവാണ് കണക്കാക്കുന്നത്. ഇതും എന്ന് കൊടുക്കാനാവുമെന്ന് പറയാനാവില്ല. വീടുകൾ പുരോഗമിക്കുന്നതിന്റെ സ്റ്റേജ് നോക്കി സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്കാണ് ഇത് അനുവദിക്കാനാവുക.

ഇത് കൂടാതെയാണ് പ്രളയകാലത്തെ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ലഭിച്ച സഹായം. ഇത് യഥാർത്ഥത്തിൽ സഹായമായി കണക്കാക്കാനാവില്ല. അന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കിയ താൽക്കാലിക സജ്ജീകരണമായിരുന്നു. ഇതിനൊന്നാണ് അധിക ഭക്ഷ്യധാന്യങ്ങൾ. 89,540 ടൺ അരിയാണ് ഈ രീതിയിൽ ലഭിച്ചത്. ഈ നൽകിയ അരിക്ക് കിലോയ്ക്ക് കണക്കിന് തുകയിട്ട ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ സംസ്ഥാനത്തിന് ബില്ല് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 205.81 കോടിയുടെ ബില്ലാണ് ലഭിച്ചിട്ടുള്ളത്. ഇതും സംസ്ഥാനം നൽകാൻ‌ ബാധ്യസ്ഥരാണ്.

കമ്മിറ്റഡ് എക്സപൻഡീച്ചർ വിഭാഗത്തിൽ വരുന്ന മുന്ന് വിഷയങ്ങളിൽ (537+200+205.81) 930 കോടിയിലധികം ചിലവ് ബാക്കിവരുന്നുണ്ട്. നിലവിൽ‌ യൂട്ടിലിറ്റി സർട്ടിഫിക്കറ്റിൽ ബാക്കിയുള്ള 1,192 കോടി രൂപയിൽ‌ നിന്നും കമ്മിറ്റഡ് എക്സപൻഡീച്ചർ കുറച്ചാൽ ബാക്കിവരുന്ന തുക 200 കോടി രുപയോളം മാത്രമാണ്. ഇതാണ് കണക്കുകളിലെ യഥാർത്ഥ വസ്തുത. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനും അറിയാം. സംസ്ഥാനം പണം ചിലവാക്കുന്നില്ല എന്ന് വരുത്തിതീർക്കാനുള്ള മനപ്പൂർവ്വ പ്രചാരണം മാത്രമാണിത്.

ഇതിന് പുറമെയാണ് 2019ലെ കണക്ക്, ഈ വർഷം സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളത് 2101.88 കോടി രൂപയുടെ നഷ്ടം കണക്കാക്കിയാണ് നിവേദനം നൽകിയിട്ടുള്ളത്. സെപ്തംബറില്‍ നൽകിയ ഈ മെമ്മോറാണ്ടം പ്രകാരം സ്റ്റേറ്റ് ഡിസാസ്റ്റർ ഫണ്ടിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള തുക ഇതുവരെ അനുവദിച്ചിട്ടില്ല. യഥാർത്ഥത്തിൽ ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ മാനദണ്ഡപ്രകാരമുള്ള തുക അനുവദിക്കുകയും, ഇപ്പോൾ കണക്കിൽ ബാക്കിയുണ്ടെന്ന് കാണിച്ചിട്ടുള്ള തുകയിൽ നിന്ന് പ്രവർത്തനങ്ങൾ നടത്താൻ നിർദേശിക്കുയുമാണ് ചെയ്യേണ്ടിയിരുന്നത്. പഴയത് ചിലവഴിക്കുന്ന മുറയ്ക്ക് പുതിയത് അനുവദിക്കും എന്ന് അറിയിക്കുകയുമാണ് രീതി. എന്നാൽ പണമുണ്ട് ചെലവഴിച്ചിട്ടില്ല എന്ന് പറയുന്നത് പൊള്ളയായ വാദമാണ് - ഡോ. വി. വേണു ഐ‌എ‌എസ് വ്യക്തമാക്കുന്നു.

400 ലധികം ആളുകളാണ് 2018 ലെ പ്രളയത്തില്‍ മരിച്ചത്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ഇതില്‍നിന്ന് കരകയറാനുള്ള ശ്രമം സംസ്ഥാനം നടത്തുമ്പോഴാണ് 2019 ലും സംസ്ഥാനത്ത് പ്രളയം ഉണ്ടായത്. 100 ഓളം പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. പ്രളയ ദുരിതത്തില്‍പ്പെട്ട പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് രണ്ടാഴ്ച മുമ്പ് കേന്ദ്ര സർക്കാർ പണം അനുവദിച്ചപ്പോള്‍ ഇതില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. തൊട്ടടുത്ത കര്‍ണാടകത്തിന് 1,869 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഏഴ്‌ സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപ അധിക സഹായം നൽകാനായിരുന്നു കേന്ദ്രം ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ്‌ തീരുമാനം.

അസം, ഹിമാചൽ പ്രദേശ്‌, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര,ഉത്തർപ്രദേശ്‌, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക്‌ പ്രളയം, മണ്ണിടിച്ചിൽ, മേഘ വിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങളിൽ കേന്ദ്രം സഹായം നൽകും.



Next Story

Related Stories