TopTop
Begin typing your search above and press return to search.

'ഒരടി കൂടി വെള്ളം പൊങ്ങിയിരുന്നുവെങ്കില്‍ ഈ കൊറോണക്കാലത്ത് ഞങ്ങള്‍ എന്തു ചെയ്യുമായിരുന്നു?' ആശങ്കയൊഴിയാതെ കുട്ടനാട്ടുകാർ ചോദിക്കുന്നു

ഒരടി കൂടി വെള്ളം പൊങ്ങിയിരുന്നുവെങ്കില്‍ ഈ കൊറോണക്കാലത്ത് ഞങ്ങള്‍ എന്തു ചെയ്യുമായിരുന്നു? ആശങ്കയൊഴിയാതെ കുട്ടനാട്ടുകാർ ചോദിക്കുന്നു

'ഒരടി കൂടി വെള്ളം പൊങ്ങിയിരുന്നുവെങ്കില്‍.... ' കാവാലം നീലപേരൂര്‍ സ്വദേശി സിബിച്ചൻ തറയിലിന്റെ പാതിയില്‍ നിര്‍ത്തിയ ആ വാക്കുകളില്‍ കുട്ടനാട്ടുകാരുടെ മുഴുവന്‍ ഭയവുമുണ്ടായിരുന്നു. കൊറോണയെന്ന മഹാമാരിയുടെ കാലത്ത് ഒരു വെള്ളപ്പൊക്കം കൂടി ഉണ്ടായിരുന്നുവെങ്കില്‍ കുട്ടനാട്ടുകാരുടെ ജീവിതം എന്താകുമായിരുന്നുവെന്ന് ചിന്തിക്കാന്‍ തന്നെ അവരാഗ്രഹിക്കുന്നില്ല. 2018 ലെ പ്രളയ കാലത്തിന് സമാനമായിരുന്നു ഇത്തവണയും കുട്ടനാട്ടിലെ അവസ്ഥ. അന്നത്തെയത്ര വെള്ളം കുട്ടനാടിനെ മുക്കിയില്ലെങ്കിലും സിബിച്ചനെപ്പോലുള്ളവരുടെ കണക്കില്‍ ഒരടി കൂടി വെള്ളം പൊങ്ങിയിരുന്നുവെങ്കില്‍ ഈ മനുഷ്യരുടെ ജീവിത്തിനുമേല്‍ വലിയൊരു ദുരന്തത്തിന്റെ മടപൊട്ടി വീഴുമായിരുന്നു. ഒരു ഭാഗത്ത് കോവിഡും മറുഭാഗത്ത് വെള്ളവും വന്നു നിന്നാല്‍ അതിനിടയില്‍പ്പെട്ട് കൂറെ മനുഷ്യര്‍ നഷ്ടങ്ങളുടെ ആഴത്തിലേക്ക് മുങ്ങിപ്പോവുകയേയുണ്ടായിരുന്നുള്ളൂ.

കുട്ടനാട്ടുകാര്‍ക്ക് പേടിക്കാന്‍ കുട്ടനാട്ടില്‍ മഴ പെയ്യണമെന്നില്ല, പമ്പയാറലോ മണിമലയാറിലോ മീനച്ചിലിലോ വെള്ളം പൊങ്ങിയെന്നു കേട്ടാല്‍,കോട്ടയത്തോ പാലായിലോ ഈരാറ്റുപേട്ടയിലോ മഴ ശക്തമാണെന്നറിഞ്ഞാല്‍ ഓരോ കുട്ടനാട്ടുകാരന്റെയും കാല്‍വെള്ളയില്‍ ഭയത്തിന്റെ തണുപ്പു വന്നു പൊതിയും. ഇത്തവണയും സംഭവിച്ചത് അതു തന്നെ. ആലപ്പുഴയില്‍ ഇത്തവണ മഴ കുറവായിരുന്നുവെങ്കിലും കുട്ടാനാട്ടുകാരുടെ വീടുകള്‍ വെള്ളത്തിലാണ്. കൃഷി നശിച്ചു, ക്യാമ്പുകളിലേക്ക് അവര്‍ ഓടിക്കയറേണ്ടി വന്നു. കാരണം, കിഴക്കന്‍ പ്രദേശത്ത് കാലവര്‍ഷം ശക്തമായത്. പമ്പ, മീനച്ചല്‍, മണിമലയാര്‍ ആറുകളില്‍ വെള്ളം പൊങ്ങിയതോടെയാണ് കുട്ടനാട് വീണ്ടുമൊരു പ്രളയഭീതിയിലേക്കാഴ്ന്നത്. വീടുകളിലെല്ലാം വെള്ളമായി. പക്ഷേ, ഇത്തവണ അവര്‍ക്ക് മുന്‍കാലങ്ങളിലെപ്പോലെ ബന്ധു വീടുകളിലേക്ക് അഭയം തേടിപ്പോകാന്‍ കഴിഞ്ഞില്ല. പോകാതിരുന്നത് മനഃപൂര്‍വമാണെന്നാണ് സിബിച്ചന്‍ പറയുന്നത്.

' വീടിനകത്തു മുഴുവന്‍ വെള്ളമാണ്. പതിവുപോലെ കട്ടില് പൊക്കിവച്ച് അതിന്മേല്‍ ജീവനും കൈയില്‍പിടിച്ച് കഴിച്ചുകൂട്ടി. ഈ കൊറോണ കാലത്ത് നമ്മളെങ്ങനെയാണ് മറ്റൊരിടത്തേക്ക് ഓടിക്കയറുന്നത്. ചെന്നാല്‍ വാതില്‍തുറന്നു തരും. പക്ഷേ, നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്നു കരുതി. രണ്ടു പേര് തമ്മില്‍ കാണാന്‍ പോലും പേടിക്കുന്ന ഈ കാലത്ത് എത്ര സ്വന്തമാണെന്നു പറഞ്ഞാലും താമസിക്കാന്‍ ചെല്ലുന്നത് അവരോട് നമ്മള്‍ കാണിക്കുന്ന നീതികേടല്ലേ? സിബിച്ചന്‍ ചോദിക്കുന്നു.

ക്യാമ്പുകള്‍ ഉണ്ടാക്കിയാല്‍പോലും ഈ കൊറോണ കാലത്ത് അതും കൂടുതല്‍ അപകടമാകില്ലായിരുന്നോ? അതാണ് പരാമവധി സ്വന്തം വീടുകളില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ നോക്കിയത്. ഭാഗ്യം കൊണ്ട് കൂടുതല്‍ വെള്ളം പൊങ്ങിയില്ല'.

മഴയ്ക്ക് ശമനം വന്നിട്ടും ഇപ്പോഴും കുട്ടനാട്ടിലെ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. മിക്ക വീടുകളുടെയും ഉള്ളിൽ വെള്ളത്തില്‍ തന്നെയാണ്. ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ ഇത്തവണയും എല്ലാവരും നേരിടുന്നുണ്ട്. ക്യാമ്പുകളിലേക്ക് പൂര്‍ണമായി മാറുന്ന കോവിഡ് കാലത്ത് സുരക്ഷിതമല്ലാത്തുകൊണ്ട്, വെള്ളം കയറാത്ത പ്രദേശം നോക്കി ചെറിയ ഷെഡ്ഡുകള്‍ നിര്‍മിച്ച് അവിടെ ഭക്ഷണം പാകം ചെയ്യുകയാണിവര്‍. പാകം ചെയ്ത ഭക്ഷണം ഓരോരുത്തരും പാത്രങ്ങളില്‍ വാങ്ങി സ്വന്തം വീടുകളില്‍ കൊണ്ടു പോയി കഴിക്കും. ബാക്കി അസൗകര്യങ്ങളെല്ലാം അവര്‍ സഹിക്കുകയും ചെയ്യുന്നു. അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്.

രണ്ടിഞ്ച് വെള്ളമേ കഴിഞ്ഞ മൂന്നു നാലു ദിവസം കൊണ്ട് ഇറങ്ങിയിട്ടുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്. ഇനിയും മൂന്നു നാല് ദിവസങ്ങള്‍ വേണ്ടി വരും വെള്ളം പൂര്‍ണമായി ഇറങ്ങിപ്പോകാനെന്നാണ് കണക്കുകൂട്ടുന്നത്. കടല്‍ ക്ഷോഭിച്ചു നില്‍ക്കുന്നതാണ് കാരണമായി നാട്ടുകാര്‍ പറയുന്നത്. വേലിയേറ്റ സമയം ആയതിനാല്‍ കടലിലേക്ക് വെള്ളം ഇറങ്ങുന്നില്ല. കടല്‍വെള്ളം എടുത്താലേ ഇവിടെ നിന്നും വെള്ളം താഴൂവെന്നാണ് കാവലം സ്വദേശിയായ കുട്ടനാട് ഇ ബ്ലോക്ക് സ്വദേശിയായ അനില്‍ പറയുന്നത്. ' മഴ കുറഞ്ഞു നില്‍ക്കുകയാണെങ്കിലും കടല്‍ വെള്ളം എടുത്താലേ കുട്ടനാട്ടിലെ വെള്ളം പോകൂ. കടല്‍ സാധാരണ അവസ്ഥയിലായിരുന്നുവെങ്കില്‍ ഒറ്റ ദിവസം കൊണ്ട് മൂന്ന് ഇഞ്ച് വെള്ളമെങ്കിലും ഒഴുകിപ്പോകുമായിരുന്നു. അതും ഇതുപോലെ മഴ മാറി നില്‍ക്കുന്ന അന്തരീക്ഷമാണെങ്കില്‍ മാത്രം. ഇവിടെ മാത്രമല്ല, കിഴക്കും മഴ പെയ്യരുതേയെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. അവിടെ നിന്നും ഒഴുകി വരുന്ന വെള്ളമാണ് ഞങ്ങളെ വെള്ളത്തിലാക്കുന്നത്. അവിടെ വെള്ളം താഴുന്നതിനുസരിച്ച് ഇവിടെ വെള്ളം പൊങ്ങുന്നൊരു അവസ്ഥ കൂടിയുണ്ട്. കിഴക്കന്‍ ആറുകളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം കുട്ടനാട്ടില്‍ വന്ന് സ്റ്റോറ് ചെയ്തിട്ടാണല്ലോ കടലിലേക്ക് പോകുന്നത്. കിഴക്ക് വെള്ളം പൊങ്ങിയാലും താണാലും അതിന്റെ ആഘാതം ഞങ്ങള്‍ക്ക് ഉണ്ടാകും'. കുട്ടനാട്ടില്‍ വെള്ളം പൊങ്ങിയാല്‍ രണ്ടു മാര്‍ഗങ്ങളിലൂടെയാണ് കടലിലേക്ക് ഒഴുകിപ്പോകുന്നത്. തെക്കന്‍ മേഖലയിലെ വെള്ളം തോട്ടപ്പള്ളി സ്പില്‍വേ വഴിയും കാവാലം നീലംപേരൂര്‍ മേഖലയിലെ വെള്ളം തണ്ണീര്‍മുക്കം ബണ്ട് വഴിയും. കടലിലേക്കുള്ള ഒഴുക്ക് തടസപ്പെട്ട് നില്‍ക്കുന്നതാണ് കുട്ടനാട്ടില്‍ നിന്നും ഇനിയും വെള്ളമിറങ്ങാന്‍ കാലതാമസം വരുന്നത്.

വെള്ളപ്പൊക്കവും കൊറോണയും കുട്ടനാട്ടുകാരുടെ ജീവിതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. കൊറോണ കാരണം പാടശേഖര സമിതികളുടെ യോഗം നടക്കാതെ പോകുന്നത് ഭൂരിഭാഗവും കര്‍ഷകരായ നാട്ടുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പാടശേഖര സമിതി കണ്‍വീനര്‍മാരെയും കോണ്‍ട്രാക്ടര്‍മാരെയും പുതിയതായി തിരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. നിലവിലുള്ള സ്ഥിതി തുടരുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്നും അറിയിപ്പുകളും വരുന്നില്ല. നിലവിലെ കമ്മിറ്റികള്‍ക്ക് തീരുമാനം എടുക്കാനുള്ള അനുമതി കൊടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത് സര്‍ക്കാര്‍ ഉത്തരവ് വരണമെന്നാണ്, അധികാരികളുടടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അനാസ്ഥകള്‍ തങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്നുവെന്നാണ് അനിലിനെയും സിബിച്ചനെയും പോലുള്ളവര്‍ പറയുന്നത്. കൃഷി തുടങ്ങാന്‍ കഴിയാതെ വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടനാട്ടുകരുടെ ജീവിതം വറുതിയിലാകുമെന്നാണവര്‍ പറയുന്നത്. കൊറോണക്കാലത്ത് മറ്റ് വഴികളെല്ലാം അടഞ്ഞിരിക്കുമ്പോള്‍ കൃഷി ചെയ്‌തെങ്കിലും ജീവിക്കാമെന്ന ആഗ്രഹവും നടക്കില്ലെന്നാണ് സാഹചര്യങ്ങള്‍ക്കൊണ്ട് മനസിലാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതിനൊപ്പമാണ് വെള്ളപ്പൊക്കവും. അവസാനമില്ലാത്ത ഈ ദുരിതത്തില്‍ നിന്നും എന്നെങ്കിലും തങ്ങള്‍ക്കൊരു മോചനമുണ്ടാകുമോയെന്നും അവര്‍ നിരാശയോടെ ചോദിക്കുന്നു.


Next Story

Related Stories