TopTop
Begin typing your search above and press return to search.

പാക്കേജുകളും പ്രഖ്യാപനങ്ങളും കേട്ട് മടുത്തു, വെള്ളത്തില്‍ കിടന്നുറങ്ങാനാവില്ല; കുട്ടനാട്ടുകാര്‍ പലായനം ചെയ്യുന്നു

പാക്കേജുകളും പ്രഖ്യാപനങ്ങളും കേട്ട് മടുത്തു, വെള്ളത്തില്‍ കിടന്നുറങ്ങാനാവില്ല; കുട്ടനാട്ടുകാര്‍ പലായനം ചെയ്യുന്നു

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആയിരത്തിലധികം കുടുംബങ്ങള്‍ കുട്ടനാട്ടില്‍നിന്ന് പലായനം ചെയ്തതായി എഴുത്തുകാരന്‍ സക്കറിയ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ പറയുന്നു. വി. ശശികുമാര്‍ അയച്ചുകൊടുത്ത പോസ്റ്റാണ് സക്കറിയ ഷെയര്‍ ചെയ്തിരിക്കുന്നത്. 2018നു ശേഷം കുട്ടനാട്ടിലെ 14ല്‍ 12 വില്ലേജുകളില്‍ നിന്നും പ്രതിവര്‍ഷം 25 മുതല്‍ 50 വരെ കുടുംബങ്ങള്‍ സ്ഥിരമായി മാറി താമസിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. 2011ലെ കണക്ക് പ്രകാരം കുട്ടനാട്ടിലെ ജനസംഖ്യ 1,93,007. കുടുംബങ്ങളുടെ എണ്ണം 47416. അതില്‍ നിന്നാണ് ഏകദേശം രണ്ടു ശതമാനത്തിലധികം കുടുംബങ്ങള്‍ (ഏകദേശം 5000 ആളുകള്‍) പലായനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയും പ്രളയങ്ങള്‍ വന്നാല്‍ പലായനങ്ങളുടെ എണ്ണവും വ്യാപ്തിയും വര്‍ധിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ പലായനങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വരും നാളുകളില്‍ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറുമെന്നാണ് കുറിപ്പ് പറയുന്നത്.

വെള്ളംകൊണ്ടുള്ള ക്ലേശങ്ങളാല്‍ വലയുന്ന കുട്ടനാടിനെ രണ്ടു തവണയാണ് പ്രളയം പരീക്ഷിച്ചത്. ജീവിതം പതിവിലേറെ ദുസ്സഹമായി. വെള്ളത്തില്‍ മുങ്ങിയ പണിതീരാത്ത വീടുകള്‍, ഇല്ലാതെയായ വഴികള്‍, കിട്ടാക്കനിയായ കുടിവെള്ളം, മാറാരോഗങ്ങള്‍... നെടുവീര്‍പ്പുകള്‍ വലിയ വിലാപങ്ങള്‍ക്ക് വഴി മാറിയപ്പോഴാണ് ഒരു ജനത കര തേടി യാത്ര തുടങ്ങിയത്. വീണ്ടും കുട്ടനാട് ചര്‍ച്ചയാകുമ്പോള്‍, പതിവു വാഗ്ദാനങ്ങളും പാക്കേജുകളും കേട്ടുമടുത്ത ജനതയുടെ പലായനത്തെക്കുറിച്ച് 2020 സെപ്റ്റംബറില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുന്നു


ജനിച്ച് വളര്‍ന്ന ഇടത്ത് നിന്ന് സ്വയം പറിച്ച് മാറ്റുന്നതിന്റെ വേദന ദീപയ്ക്കും മക്കള്‍ക്കും നന്നായി അറിയാം. അല്ലെങ്കില്‍ അത് അവരുടെ ജീവതവും അനുഭവവും തന്നെയാണ്. "ജനിച്ച് വളര്‍ന്ന സ്ഥലം, സ്വന്തം വീട്, പ്രായമായ അച്ഛനമ്മമാര്‍, ഇവരെയെല്ലാം ഉപേക്ഷിച്ച് പോരേണ്ടി വരുന്നത് മനസ്സ് കൊണ്ട് ഇഷ്ടമുണ്ടായിട്ടല്ല. നിവൃത്തികേടുകൊണ്ടാണ്. പക്ഷെ കേറിക്കിടക്കാന്‍ ഇടമില്ലാതെ തെരുവില്‍ പോവേണ്ടി വന്നാലും ഇനി അങ്ങോട്ട് ഒരു തിരിച്ച് പോക്കില്ല. ആ തിരിച്ച് പോക്ക് സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കുന്ന് കൂടിയില്ല...", പറയുമ്പോള്‍ ദീപയുടെ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടായിരുന്നു. പക്ഷെ ആ വേദനകളേക്കാളും എഴുന്നേറ്റ് നടക്കാന്‍ കഴിയില്ലാത്ത മകളുടെ ജീവിതവും മൂന്ന് മക്കളുടേയും വിദ്യാഭ്യാസവും അവരുടെ സന്തോഷവും ആണ് ദീപയ്ക്ക് വലുത്. അതിനാലാണ് വെള്ളത്തില്‍ നിന്ന് കരയിലേക്ക് അവര്‍ ജീവിതം മാറ്റി നട്ടതും. "ചെളിക്കാത്ത്ന്ന് നല്ലൊരു വീടിനകത്തേക്ക് എന്റെ കുഞ്ഞുങ്ങളെ എത്തിച്ചതിലും വലിയ ഒരു ആശ്വാസം ഈ ജീവിതത്തില്‍ കിട്ടിയിട്ടില്ല...".

ദീപയ്ക്ക് 41 വയസ്സാണ്. കുട്ടനാട് ആര്‍ ബ്ലോക്ക് സ്വദേശി. ഭര്‍ത്താവ് രതീഷ് പാലക്കാട് ചെത്ത് തൊഴിലാളിയാണ്. മൂന്ന് മക്കള്‍. രതീന, രവീണ, വികാസ്. രതീന പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്തെ മകള്‍ ശാരീരികമായി വൈഷമ്യതകളുള്ളയാളാണ്. രവീണയും ഇളയ മകനും ആറാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍. ആലപ്പുഴ നഗരത്തില്‍ നിന്ന് അല്‍പ്പം മാറി കോമളപുരം എന്ന സ്ഥലത്തെ വാടക വീട്ടിലാണ് ഇപ്പോള്‍ ഇവരുടെ താമസം. ദീപയുടെ കുടുംബ സ്വത്തും ഭര്‍ത്താവിന്റെ സ്ഥലവും ചേര്‍ന്ന് പത്ത് സെന്റും അതില്‍ ഒരു വീടും ഉണ്ട് ഇവര്‍ക്ക്. കൂടാതെ ഒമ്പത് ലക്ഷത്തിനടുത്ത് രൂപ മുടക്കി പണിത, പണി മുക്കാല്‍ ഭാഗവും പൂര്‍ത്തിയായ മറ്റൊരു വീടും. എന്നാല്‍ അതെല്ലാം വേണ്ടെന്ന് വച്ച് മാസം അയ്യായിരം രൂപ വാടകയ്ക്ക് ചെറിയ ഒരു വീട് വാടകയ്ക്ക് എടുത്തതിന് പിന്നില്‍ ദീപയ്ക്ക് കാരണങ്ങളുണ്ട്. ഒരു പക്ഷേ കുട്ടനാട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന, അനുഭവിക്കുന്ന ജീവിതവും കാരണങ്ങളും.

ജനിച്ചതും വളര്‍ന്നതും വിവാഹം കഴിച്ചതും എല്ലാം കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍. നെല്‍പ്പാടത്തെ കര്‍ഷക തൊഴിലാളികളായിരുന്നു ദീപയുടെ വീട്ടില്‍ എല്ലാവരും തന്നെ. കായല്‍ കുത്തിയെടുത്ത നിലത്ത് കൃഷിയിറക്കിയ അന്ന് മുതല്‍ ആ തൊഴില്‍ ചെയ്യുന്നു. നെല്‍ കൃഷിയേക്കാള്‍ ആര്‍ ബ്ലോക്കിനെ സമ്പുഷ്ടമാക്കിയിരുന്നത് ചെത്ത് തെങ്ങുകളാണ്. 'കുട്ടനാടന്‍ കള്ള് ' ഷാപ്പുകളിലേക്ക് എത്തിയിരുന്നതില്‍ ഭൂരിഭാഗവും ആര്‍ ബ്ലോക്കില്‍ ചെത്തിയെടുത്തതായിരുന്നു. എന്നാല്‍ കാലക്രമേണ തെങ്ങ് കൃഷിയും അവിടെ ഇല്ലാതായി. തല പോയ തെങ്ങുകള്‍ കണ്ടാല്‍ ആര്‍ ബ്ലോക്ക് എന്ന് മനസ്സിലാക്കാം എന്ന് വരെയായി കാര്യങ്ങള്‍. ഇപ്പോഴും തല പോയ തെങ്ങുകള്‍ തന്നെയാണ് ആര്‍ ബ്ലോക്കില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. പിന്നീട് 'പുല്ല് കൃഷി' ആയി. യഥാര്‍ഥത്തില്‍ പുല്ല് കൃഷി ഇറക്കുന്നതായിരുന്നില്ല. കള്ളും നെല്ലും ഇല്ലാതായപ്പോള്‍ വരുമാനമില്ലാതായ കുറേ കുടുംബങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ആര്‍ ബ്ലോക്കില്‍ നിന്ന് മാറി. പിന്നീട് ഏക്കറ് കണക്കിന് കൃഷിയിടങ്ങളില്‍ പുല്ല് കിളിര്‍ത്തു. കാലികള്‍ക്ക് നല്‍കുന്ന പുല്ലിന് ഡിമാന്‍ഡ് ആയി. അതോടെ ആര്‍ ബ്ലോക്കില്‍ ഉണ്ടായിരുന്ന നൂറ്റമ്പതിലധികം കുടുംബങ്ങളുടെ മുഖ്യ വരുമാനമാര്‍ഗമായി ഈ പുല്ല്. കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുല്ല് ചെത്ത് ജോലിക്കെത്തുന്നവര്‍ക്കൊപ്പം ആര്‍ ബ്ലോക്കിലെ സ്ത്രീകളും ചേര്‍ന്നു. ദീപയുടെ അമ്മയും ദീപയും എല്ലാം പുല്ല് ചെത്ത് തൊഴിലാളികളും ആയിരുന്നു.

യാത്രാ സൗകര്യമില്ലാത്ത, രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടുമ്പോള്‍ മാത്രം ബോട്ട് ജെട്ടികളില്‍ അടുക്കുന്ന ആര്‍ ബ്ലോക്കില്‍ കഴിയുന്നതിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും കാലങ്ങളായി ഇവര്‍ അനുഭവിക്കുന്നു. എന്നാല്‍ ജനിച്ച മണ്ണിനോടുള്ള വൈകാരിക ബന്ധം അവരെ ആ സ്ഥലത്ത് തന്നെ നിലനിര്‍ത്തി. "എന്തോ പറയാനാ. എന്റെ മൂന്ന് മക്കളേയും സ്‌കൂളില്‍ കൊണ്ടുപോയിരുന്നത് ഞാനാ. രാവിലെ പുല്ലുചെത്തും കഴിഞ്ഞ് അതുങ്ങളേം കൊണ്ട് രാവിലെ ബോട്ടേല്‍ കയറി സ്‌കൂളിലെത്തിയാല്‍ ആ സ്‌കൂളിന് പുറത്ത് കുത്തിയിരിക്കും. വൈകിട്ട് അവരേം കൊണ്ട് തിരിച്ച് ആറ് ആറര മണിയാവുമ്പോള്‍ തിരിച്ചെത്തും. ഞാന്‍ മാത്രമല്ല അവിടുത്തെ അമ്മമാരെല്ലാം കൊച്ചുങ്ങളുടെ കൂടെ സ്‌കൂളില്‍ പോവും. അല്ലാതെ ഇച്ചിരിയില്ലാത്ത പിള്ളേരെ ബോട്ടേല്‍ തന്നെ വിടാനൊക്കില്ലല്ലോ. കേറാനും ഇറങ്ങാനും ഒന്നും അവര്‍ക്ക് തനിയെ നടക്കത്തില്ല. അര മണിക്കൂറില്‍ കൂടുതല്‍ ബോട്ടില്‍ പോവുകയും വേണം കാഞ്ഞിരം സ്‌കൂളിലെത്താന്‍. ഞാന്‍ ഈ മൂന്ന് കൊച്ചുങ്ങളേം അങ്ങനെ കൊണ്ടു നടന്ന് കൊറേ കഷ്ടപ്പെട്ടിട്ടുണ്ട്". ഈ കഷ്ടപ്പാടുകളെല്ലാം സഹിച്ചും അവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു ദീപയും രതീഷും കുടുംബവും.

ടൂറിസത്തിന് വലിയ സാധ്യത വന്ന ഒരു ഘട്ടത്തില്‍ ആര്‍ ബ്ലോക്കിലേയും മറ്റിടങ്ങളിലേയും സ്ഥലങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരും ടൂറിസം മേഖലയിലുള്ളവരുമെല്ലാം വാങ്ങിക്കൂട്ടിയിരുന്നു. അന്ന് പൊന്നും വിലയ്ക്ക് ഭൂമി നല്‍കാന്‍ ആവശ്യപ്പെട്ട് പലരും ഇവരെ തേടി എത്തി. എന്നാല്‍ ഉള്ള ഭൂമി വിട്ട് കൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. "നല്ല ആദായം കിട്ടും. പുറത്ത് നിന്ന് അധികം സാധനം ഒന്നും വാങ്ങിക്കണ്ടി വരില്ല. അത്യാവശ്യം എല്ലാം നമ്മള് തന്നെ ഉണ്ടാക്കും. അതൊക്കെ വിട്ട് കര പ്രദേശത്തേക്ക് പോയാല്‍ കിട്ടുന്ന വരുമാനം കൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ട് അവിടെ തന്നെ കഴിയാം എന്ന് തീരുമാനിച്ചു."

2012 മുതല്‍ ജീവിതം പിന്നെയും ദുസ്സഹമായി. 2012ല്‍ കുട്ടനാട്ടില്‍ പ്രളയമുണ്ടായി. ഏതാണ്ട് രണ്ടാഴ്ചകളോളം വീടുകളെല്ലാം വെള്ളത്തില്‍ മുങ്ങി നിന്നു. കുട്ടനാട്ടില്‍ നിന്ന് ഒന്നര ലക്ഷത്തിലധികം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും അന്ന് മാറ്റിപ്പാര്‍പ്പിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍. വീടുകള്‍ മുങ്ങിയ അവസ്ഥയില്‍ നിന്ന് മാറിയെങ്കിലും വെള്ളമിറങ്ങിപ്പോവാന്‍ രണ്ട് മാസത്തിലധികം എടുത്തു. എന്നാല്‍ ആര്‍ ബ്ലോക്കില്‍ അതുമുണ്ടായില്ല. "അന്ന് കേറിയ വെള്ളം പിന്നെ ഇറങ്ങിയിയിട്ടില്ല. വീട്ടിനകത്തും പുറത്തും എപ്പഴും വെള്ളം. അന്നേ വരെ ഇങ്ങനെ ഒരു ദുര്‍ഗതി ഉണ്ടായിരുന്നില്ല. മഴക്കാലത്ത് വെള്ളം കയറും. കയറിയാല്‍ അങ്ങ് ഇറങ്ങിപ്പോവും. പക്ഷെ 2012 മുതല്‍ ഞങ്ങള്‍ ചവിട്ടി നില്‍ക്കുന്നത് മുതല്‍ വെള്ളത്തിലാണ്. നെലത്ത് പായ വിരിച്ച് കിടന്ന് മനസ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ അതുകഴിഞ്ഞിങ്ങോട്ട് കഴിഞ്ഞിട്ടേയില്ല. എന്നാലും ഉള്ള വരുമാനത്തില്‍ ഇതേ നിവൃത്തിയുള്ളൂ എന്ന് കരുതി. സ്വന്തം സ്ഥലവും വീടും ഉപേക്ഷിച്ച് കരപ്രദേശത്ത് താമസിക്കണതിന്റെ മാനസിക ബുദ്ധിമുട്ടും ഉണ്ടായിരുന്നു."

ഈ തീരുമാനങ്ങളെയെല്ലാം മാറ്റി മറിച്ചത് 2018ലെ പ്രളയമാണ്. "രണ്ടാമത്തെ കൊച്ചിന് നടക്കില്ല. 2018ലെ പ്രളയം വരുമ്പോള്‍ അവള്‍ക്ക് മൂന്നാല് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുകയായിരുന്നു. അതിനേം കൊണ്ട് എങ്ങോട്ടേലും പോവണമെങ്കില്‍ വണ്ടി പോലുമില്ലല്ലോ. അനങ്ങാന്‍ പറ്റാത്ത കൊച്ചിനെ ബോട്ടേല്‍ കേറ്റി എങ്ങോട്ട് കൊണ്ട് പോകാനാ? അവിടെ തന്നെ കടിച്ച് പിടിച്ച് നിന്നു. ഇങ്ങനെ ഒരു ദുരിതം ജീവിതത്തില്‍ ഉണ്ടായിക്കാണത്തില്ല. വെള്ളം കയറി വീട് മുഴുവന്‍ മുങ്ങിയപ്പോള്‍ മുകളില്‍ തട്ട് കെട്ടി. സാധനങ്ങള്‍ കൊറേയൊക്കെ വാരി അതിന് മുകളില്‍ കയറ്റി. കൊച്ചുങ്ങളും ഞാനും ആ തട്ടിന് മുകളില്‍ കിടന്നു. അനങ്ങാന്‍ മേലാതെ ഓപ്പറേഷന്‍ ചെയ്ത് കിടന്ന എന്റെ കൊച്ചിനേം കൊണ്ട് ഞാന്‍ എത്ര തവണ ആ തട്ടിന്‍മേല്ന്ന് വീണിട്ടുണ്ടെന്നറിയാവോ? അന്നത്തോടെ കരുതി ഇനി അവിടെ നിക്കത്തില്ലെന്ന്."

2018ല്‍ കേരളത്തില്‍ മുഴുവന്‍ പ്രളയമുണ്ടായപ്പോള്‍ കുട്ടനാട്ടില്‍ രണ്ട് തവണയാണ് പ്രളയമുണ്ടായത്. ജീവിതം ദുസ്സഹമാണെന്ന് മനസ്സിലാക്കിയ ദീപയും കുഞ്ഞുങ്ങളും പ്രളയത്തില്‍ ഒലിച്ച് പോവാതെ കിട്ടിയ അവശ്യ സാധനങ്ങള്‍ മാത്രം എടുത്ത് ആലപ്പുഴയിലെത്തി. കോമളപുരത്ത് വാടക വീടെടുത്ത് താമസം തുടങ്ങി. താല്‍ക്കാലികം എന്ന് പറഞ്ഞാണ് വീടെടുത്തതെങ്കിലും പിന്നീട് തിരിച്ച് പോക്കുണ്ടായില്ല. "ഇനി ആ വെള്ളത്തിലും ചെള്ളേലും പറ്റത്തില്ല. പലരും വിളിച്ചു തിരിച്ച് ചെല്ലാന്‍. ഞാന്‍ പോയില്ല. മനസ്സോടെയല്ല അവിടെ നിന്ന് പോന്നത്. പക്ഷെ എന്ത് ചെയ്യാനാ. കര പ്രദേശത്ത് താമസിക്കണമെന്ന ആഗ്രഹം കൊണ്ടൊന്നുമല്ല പോന്നത്. വെള്ളം പറ്റാതെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഉറങ്ങാനാണ്. അത് സാധിച്ചു. ഇപ്പോ എന്തൊരു സന്തോഷമാണെന്നോ... മക്കളെ സ്‌കൂളില്‍ ചേര്‍ത്തു. ആലപ്പുഴയില്‍ തന്നെയുള്ള ലൂഥര്‍ സ്‌കൂളില്‍. ഇപ്പോള്‍ സ്‌കൂളില്‍ പോയി കാത്തുകെട്ടി ഇരിക്കണ്ട. കുഞ്ഞുങ്ങളുടെ പഠിപ്പ് നന്നായി പോവുന്നു. കാര്യം അയ്യായിരം രൂപ വാടക കൊടുക്കണം. അവിടെ നിന്ന് പോന്നപ്പോള്‍ എന്റെ പണി ഇല്ലാതായി. ഒരാളുടെ വരുമാനത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ കാര്യങ്ങളും വാടകയും എല്ലാം വലിയ ബുദ്ധിമുട്ട് തന്നെയാണ്. പക്ഷെ സന്തോഷമുണ്ട്. സമാധാനത്തോടെ അന്തിയുറങ്ങാന്‍ പറ്റുന്നുണ്ട്. നമ്മടെ കൊച്ചുങ്ങള്‍ക്കായി ഇതിലും വലുതൊന്നും കൊടുത്തില്ലേലും കൊഴപ്പമില്ല."

ആര്‍ ബ്ലോക്കില്‍ ഇവര്‍ താമസിച്ചിരുന്ന വീട് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ ലഭിച്ചെന്ന് ദീപ പറയുന്നു. "പക്ഷെ ആകെ കുതിര്‍ന്ന് മുകള്‍ ഭാഗമെല്ലാം പോയി ഇടിഞ്ഞ് പൊളിഞ്ഞിരിക്കുകയാണ് വീട്. ഭര്‍ത്താവിന്റെ അച്ഛന്‍ ഇപ്പോഴും അവിടെയാണ്. അമ്മയെ അടക്കിയത് അവിടെയായത് കൊണ്ട് മരിക്കുകയാണെങ്കില്‍ അവിടെ കിടന്ന് മരിക്കണം എന്നാണ് അച്ഛന്റെ ആഗ്രഹം. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടും വെള്ളത്തില്‍ പിടിച്ച് നില്‍ക്കാമെന്ന് കരുതി അച്ഛന്‍ അവിടെ നില്‍ക്കുന്നു. എന്റെ അമ്മയും അവിടെയാണ്. അവര്‍ക്ക് പുല്ലുചെത്താണ് വരുമാനം. ഭര്‍ത്താവിന് വരുമാനമുള്ളത് കൊണ്ട് എനിക്ക് വാടകയ്ക്ക് വീടെടുത്ത് കരപ്രദേശത്തേക്ക് പോരാം. എന്നാല്‍ ഒരു വരുമാനമില്ലാത്ത അമ്മയെപ്പോലത്തെ, അന്നന്നത്തെ വരുമാനം കിട്ടിയാല്‍ ജീവിക്കുന്ന പട്ടിണി പാവങ്ങള്‍ എന്ത് ചെയ്യും? അങ്ങനെയുള്ളവരെല്ലാം ആ ചെള്ളക്കുള്ളിലാണ്."

ഒമ്പത് ലക്ഷത്തോളം രൂപ മുടക്കി പുതിയ വീടും ഇതിനിടെ ദീപയും ഭര്‍ത്താവും ചേര്‍ന്ന് ആര്‍ ബ്ലോക്കിലെ സ്ഥലത്ത് നിര്‍മ്മിച്ചിരുന്നു. അമ്പതിനായിരം രൂപ സര്‍ക്കാരില്‍ നിന്ന് അതിന് ധന സഹായം ലഭിച്ചു. അയല്‍ക്കൂട്ടങ്ങളില്‍ നിന്നും മറ്റ് പലയിടങ്ങളില്‍ നിന്നും വായ്പയെടുത്ത് ഘട്ടം ഘട്ടമായി അത് പൂര്‍ത്തീകരിച്ചു. "അത്രയും കാലം പണിയെടുത്ത് സ്വരൂപിച്ച പൈസ കൊണ്ടാണ് ആ വീട് തീര്‍ത്തത്. നാല് മുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ഒക്കെയുള്ള വീടാണ്. ഇനി തേപ്പും തറയിലെ പണികളും മാത്രമേ ബാക്കിയുള്ളൂ. അവിടെ കേറി താമസിക്കുന്നതായിരുന്നു വര്‍ഷങ്ങളായുള്ള സ്വപ്‌നം. അതിന് മാത്രം യോഗമുണ്ടായില്ല".

അവിടെ നിന്നാണ് വാടക വീട്ടിലേക്കുള്ള പറിച്ച് നടല്‍. പ്രളയത്തില്‍ എല്ലാം ഒലിച്ച് പോയതിനാല്‍ വീട്ടു സാധനങ്ങളുള്‍പ്പെടെ വാങ്ങിയായിരുന്നു താമസം മാറല്‍. "ഇവിടെ വന്ന് ഞങ്ങള്‍ ഒന്നേന്ന് തുടങ്ങി. പായും പാത്രങ്ങളും പോലും ഉണ്ടായിരുന്നില്ല". പിന്നീട് ഉണ്ടായിരുന്ന സ്വര്‍ണമെല്ലാം വിറ്റും കടം വാങ്ങിയും ഇപ്പോള്‍ കണിച്ചുകുളങ്ങരയില്‍ രണ്ട് സെന്റ് സ്ഥലം ഇവര്‍ വാങ്ങിച്ചു. "ഒരു കൊച്ച് പെരയെങ്കിലും വക്കണം. അതിനെന്ത് വഴി എന്നറിയില്ല". കുട്ടനാട്ടില്‍ ഇവര്‍ക്കുള്ള സ്ഥലവും വീടും വില്‍ക്കാനായി പല ശ്രമങ്ങളും നടത്തി നോക്കി. എന്നാല്‍ "ഇപ്പോ വാങ്ങാന്‍ ആരും വരുന്നില്ല. ആര്‍ക്കും വേണ്ട. അത് വിറ്റിരുന്നേല്‍ ഒരു കൂര കുത്താനുള്ള കാശെങ്കിലും കിട്ടിയേനെ. പണ്ട് പലരും വന്ന് ചോദിച്ചതാണ്. അന്നത് കൊടുത്തിട്ട് കര പ്രദേശത്തേക്ക് പോരാന്‍ മനസ്സനുവദിച്ചില്ല. ഇപ്പോള്‍ തോന്നുന്നുണ്ട് അന്നേ അത് ചെയ്താല്‍ മതിയായിരുന്നു എന്ന്. ഇനിയിപ്പോ ആരും വരില്ല". എന്നാല്‍ എത്ര തന്നെ കഷ്ടപ്പെട്ടാലും കുട്ടനാട്ടിലേക്ക് ഒരു മടക്കം ഉണ്ടാവില്ല എന്ന് ദീപ തറപ്പിച്ച് പറയുന്നു. ആറ് വര്‍ഷക്കാലത്തോളം അനുഭവിച്ച അതീവ ദുസ്സഹമായ ജീവിതം തന്നെ അത് പറയാന്‍ പഠിപ്പിച്ചെന്നും ദീപ കൂട്ടിച്ചേര്‍ക്കുന്നു. "ആ നാട് ഇനി കര കയറത്തില്ല. അതുറപ്പാ. അവിടം തീര്‍ന്നു. ഇനി ഇല്ലാതാവും. ഒരു പ്രതീക്ഷയും ഇനി ബാക്കിയില്ല."

ദീപ ഒരു പ്രതീകമാണ്. പലായനം ചെയ്യപ്പെടുന്ന കുട്ടനാട്ടുകാരുടെ.

പലായനം ചെയ്യുന്ന കുട്ടനാട്

കുട്ടനാട്ടുകാര്‍ ഓട്ടത്തിലാണ്. ജീവനും കയ്യില്‍ പിടിച്ച് കൊണ്ട് കരപ്രദേശങ്ങള്‍ എന്ന് അവര്‍ പറയുന്ന നാടുകളിലേക്ക്. രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഒറ്റയ്ക്കും തറ്റയ്ക്കും മാത്രമായിരുന്നു ഈ കുടിയേറ്റമെങ്കില്‍ ഇപ്പോള്‍ അത് പല മടങ്ങ് ഇരട്ടിച്ചിരിക്കുന്നു. വേമ്പനാട് കായലിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളെല്ലാം മുഴുവന്‍ സമയ വെള്ളക്കെട്ട് ഭീഷണിയിലായതോടെ ഈ ഓട്ടത്തിന് ആക്കം വര്‍ധിച്ചു. ലോവര്‍ കുട്ടനാടിന്റെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും, പ്രത്യേകിച്ച് കൈനകരി മുതല്‍ പുളിങ്കുന്ന് വരെയുള്ള പ്രദേശങ്ങളിലുള്ളവരാണ് പലയിടങ്ങളിലേക്കായി ജീവിതം മാറ്റി നടുന്നത്. ചെങ്ങന്നൂര്‍, ചങ്ങനാശേരി, ആലപ്പുഴ, ചേര്‍ത്തല, കഞ്ഞിക്കുഴി എന്നിങ്ങനെ സാമ്പത്തികാവസ്ഥ അനുസരിച്ച് പലയിടങ്ങളിലേക്ക് 'ഓടി രക്ഷപെടുകയാണ്' കുട്ടനാട്ടുകാര്‍.

"ഭൂരിഭാഗം പേരും പോവുന്നത് വാടകയ്ക്കാണ്. വാങ്ങാന്‍ ആരും വരാത്തത് കൊണ്ട് തന്നെ ഭൂമിയും വീടും ഇവിടെ ഉപേക്ഷിച്ചാണ് പലരും പോവുന്നത്. അങ്ങനെയുള്ളവര്‍ വാടകയ്ക്ക് വീടെടുത്ത് പോവുന്നു. അതില്‍ കുറച്ച് പേര്‍ മാത്രം സ്വന്തമായി രണ്ടും മൂന്നും സെന്റും ഭൂമിയും വാങ്ങി ചെറിയ പുരയും വച്ച് കൂടുന്നു. ചിലര്‍ കിട്ടിയ വിലയ്ക്ക് വീടും സ്ഥലവും വിറ്റിട്ട് നാട് വിടുന്നു. സാമ്പത്തികമായി കുറച്ചെങ്കിലും മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരാണ് അങ്ങനെ ചെയ്യുന്നത്. ഇതിനൊന്നും കഴിയാതെ, ഒട്ടും സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഇന്നും കുട്ടനാട്ടില്‍ പിടിച്ച് നില്‍ക്കുന്നത്. അല്ലെങ്കില്‍ കുട്ടനാടുമായി ബന്ധപ്പെട്ട് ദൈനംദിന തൊഴില്‍ ചെയ്യുന്നവര്‍. അവര്‍ക്ക് കുട്ടനാട് വിട്ട് പോവാനാവില്ലാത്തത് കൊണ്ട് മാത്രം", പുളിങ്കുന്ന് സ്വദേശിയായ ചെറുകിട കര്‍ഷകന്‍ പാലശേരി ജോയിച്ചന്‍ പറയുന്നു. എന്നാല്‍ ജോയിച്ചന്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സര്‍ക്കാര്‍ രേഖകളിലില്ല. വീടും പറമ്പും നിലനിര്‍ത്തി മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറുന്നവരാണ് ഭൂരിഭാഗം എന്നതിനാല്‍ ഇക്കാര്യം റവന്യൂ രേഖകളില്‍ വരില്ല. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഒരു കൊഴിഞ്ഞ് പോക്ക് വ്യാപകമായി ഉണ്ടാവുന്നു എന്നത് സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടാവണമെന്നില്ല എന്നാല്‍ ഇക്കാര്യം കുട്ടനാടിനെ സംബന്ധിച്ച യാഥാര്‍ഥ്യമാണെന്ന് കുട്ടനാടിന്റെ ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കുട്ടനാട്ടില്‍ ഇന്നും തുടരുന്നവര്‍ പല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മങ്കൊമ്പ് സെന്റ് പയസ് ഇടവകയുടെ കീഴില്‍ 185 ക്രിസ്ത്യന്‍ കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ ഇത് 200 കുടുംബങ്ങള്‍ വരെയായി. എന്നാല്‍ ഇപ്പോളത് 152 ലേക്ക് ചുരുങ്ങി. "ഒരു കുടുംബം അവിടെ നിന്ന് മാറിപ്പോവുമ്പോള്‍ അതിന് പകരം മറ്റൊരു വീട് ഉണ്ടായി വരുന്നതായിരുന്നു കണക്ക്. വീട്ടിലെ അംഗങ്ങള്‍ വേറെ വീട് വച്ച് മാറുന്നത് വേറെ. അങ്ങനെ ആയിട്ട് പോലും കണക്കില്‍ ഇത്രയും കുറവ് വന്നു. അതേ സമയം കിഴക്ക് കൂത്രപ്പള്ളി-വാഴൂര്‍ റോഡിലെ മാമൂട് കഴിഞ്ഞുള്ള പള്ളിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് 200-220 വീടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോളത് ക്രമേണ വര്‍ധിച്ച് വന്ന് 2000-2800 വീടുകള്‍ വരെയായി. മറ്റൊരു സ്ഥലമായ കുറമ്പനാട്ടില്‍ കുറമ്പനാടന്‍ ഫൊറോന പള്ളി ഇടവകയില്‍ എഴുന്നൂറ് കുടുംബങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് രണ്ടായിരത്തിലധികം കുടുംബങ്ങളായി മാറി", മങ്കൊമ്പ് സെന്റ് പയസ് ഇടവക അംഗം കൂടിയായ ടിന്റോ എടയാടി ചൂണ്ടിക്കാട്ടുന്നു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിഴക്കന്‍ പ്രദേശങ്ങളിലേക്കാണ് കൂടുതല്‍ പേരും ചേക്കേറുന്നത്. ചങ്ങനാശേരി, മാമൂട്, മനക്കച്ചിറ, പെരുന്ന പോലുള്ള പ്രദേശങ്ങളിലേക്കാണ് ഇതില്‍ പലരും എത്തുന്നത്. പണമുള്ളവര്‍ നല്ല സ്ഥലങ്ങള്‍ വാങ്ങി വീട് വയ്ക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ഓടിപ്പോവുന്നവര്‍ തുച്ഛമായ ഭൂമി വാങ്ങി അതില്‍ വീടും വച്ച് ജീവിതം ആരംഭിക്കുകയാണ്. ഇത്തരത്തില്‍ മാമൂടിലേക്ക് മാറിയ കുട്ടനാട് സ്വദേശി സിബി ജോണ്‍ പറയുന്നത്, "ഇത്തിരി കാശ് കയ്യില്‍ വരുമ്പോള്‍ സുരക്ഷിതമായ ഒരു ജീവിതം വേണമെന്നാഗ്രഹിക്കുന്നവരാണ് ആദ്യം ചങ്ങനാശേരി പോലുള്ള ഭാഗങ്ങളിലേക്ക് എത്തിയത്. അവരുടെ ജീവിതം നല്ല രീതിയില്‍ നടന്ന് പോവുന്നത് കണ്ട അനുഭവത്തില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ജീവിതം നോക്കി പലരും എത്തി. എപ്പോഴും മഴയും വെള്ളവും ആയി മല്ലിട്ട് ജീവിക്കാന്‍ പറ്റാതെ നിവൃത്തി കേടുകൊണ്ടാണ് എന്നെപ്പോലുള്ളവര്‍ അവിടെ നിന്ന് പോന്നത്. എനിക്ക് മുമ്പും ശേഷവും ഒത്തിരി പേര്‍ ഇങ്ങോട്ട് എത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്തത് കൊണ്ട് ഉള്ളത് വിറ്റുപെറുക്കിയാണ് പോന്നത്. അങ്ങനെയല്ലാതെ നല്ലവില വരുമ്പോള്‍ വില്‍ക്കാം എന്ന് കരുതി ഭൂമി മാറ്റിയിട്ടവരും ഉണ്ട്. നോക്കൂ, എന്റെ കാഴ്ചയില്‍ എനിക്ക് മനസ്സിലാവുന്നത് ചങ്ങനാശേരിയിലും മാമൂട്ടിലും ഉള്‍പ്പെടെ കുട്ടനാട്ടില്‍ നിന്ന് കുടിയേറിയവരുടെ ചേരികള്‍ ഉണ്ടാവും എന്നാണ്."

ആര്‍ ബ്ലോക്കില്‍ 100 കുടുംബങ്ങള്‍ താമസിച്ചിരുന്നയിടത്ത് ഇന്ന് മുപ്പത് വീട്ടുകാര്‍ കഷ്ടിച്ച് താമസിക്കുന്നില്ല എന്ന് പ്രദേശവാസിയായ കരുണന്‍ പറയുന്നു. ഭൂരിഭാഗം പേരും വാടകയ്ക്ക് വീടെടുത്ത് മാറി. മറ്റ് ചിലര്‍ സ്വന്തമായി കുറച്ച് ഭൂമി വാങ്ങി വീട് വച്ചു. ആര്‍ ബ്ലോക്കിലെ ഭൂമി തിരികെ എടുത്ത് പത്ത് ലക്ഷം രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ഉണ്ടായിരുന്നു എന്ന് റവന്യൂ അധികൃതര്‍ പറയുന്നു. എന്നാല്‍ മൂന്ന് സെന്റ് ഭൂമിയുള്ളവനും ഒരേക്കര്‍ ഭൂമിയുള്ളവനും ഒരേ തുക തന്നെ നല്‍കും എന്ന സംസാരമുണ്ടായതോടെ ഭൂ ഉടമകള്‍ പലരും ആ ഭൂമി കൈമാറാന്‍ വിസമ്മതിച്ചു. ഇതെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങളാണ്. എന്നാല്‍ ഇന്ന് ആരും ഭൂമി അന്വേഷിച്ച് എത്തുന്നില്ലെന്നും കരുണന്‍ പറയുന്നു. ആര്‍ ബ്ലോക്കില്‍ നിന്ന് കൂടുതലും ആളുകള്‍ മുഹമ്മ, ആര്യാട്, കോമളപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളിലേക്കാണ് മാറിത്താമസിച്ചിരിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് കൈനകരി. ഇവിടെ പത്ത് തുരുത്തുകളിലായി ആയിരക്കണക്കിന് വീട്ടുകാര്‍ താമസിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അവയില്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണെന്ന് കൈനകരി സ്വദേശിയായ കൃഷ്ണന്‍കുട്ടി. 2018ലും 2019ലും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൈനകരിയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇത്തവണ വെള്ളപ്പൊക്കം വന്നപ്പോള്‍ 255 കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പുകളിലേക്കെത്തിയത്. കോവിഡ് വ്യാപനമായിരിക്കാം ആളുകളുടെ എണ്ണം കുറഞ്ഞതിന് കാരണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വെള്ളമിറങ്ങിപ്പോവാത്ത കൈനകരിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോയതാണ് ഈ കുറവ് കാണിക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു.

അവര്‍ പറയുന്ന കാരണങ്ങള്‍

വെള്ളപ്പൊക്കങ്ങളും, ഒഴിയാത്ത വെള്ളം ഉണ്ടാക്കുന്ന അനിശ്ചിതത്വങ്ങളും അരക്ഷിതാവസ്ഥയും- കുട്ടനാട് പെട്ട് കിടക്കുന്ന രണ്ട് അവസ്ഥകള്‍ ഇതെന്ന് കുട്ടനാട്ടുകാര്‍ പറയും. 2012ല്‍ കുട്ടനാട്ടില്‍ വലിയ പ്രളയം വന്നു. അന്ന് ലോവര്‍ കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മുങ്ങി. എന്നാല്‍ പിന്നീട് വെള്ളം വളരെ താമസിച്ചാണെങ്കിലും ഇറങ്ങി സാധാരണ ജീവിതത്തിലേക്ക് അവര്‍ മടങ്ങി. അതിന് മുമ്പും ശേഷവുമുള്ള വര്‍ഷങ്ങളിലെല്ലാം ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങളെ കാത്ത് തന്നെയായിരുന്നു കുട്ടനാട്ടുകാരുടെ ജീവിതം. പമ്പ. മണിമല, അച്ചന്‍ കോവില്‍ ആറുകള്‍ വന്ന് സംഗമിച്ച് വേമ്പനാട്ട് കായലിനോട് ചേരുന്നയിടമാണ് കുട്ടനാട്. അതിനാല്‍ തന്നെ കിഴക്കന്‍ മേഖലയില്‍ ഒരു ദിവസം ശക്തമായി മഴ പെയ്താല്‍ പിറ്റേന്ന് അല്ലെങ്കില്‍ മൂന്നാം നാള്‍ കുട്ടനാട്ടില്‍ വെള്ളം പൊങ്ങും. താരതമ്യേന ഉയര്‍ന്ന എസി റോഡ് ഉള്‍പ്പെടെ വെള്ളത്തിലാവും. കാലങ്ങളായി ഈ അവസ്ഥയോട് എതിരിട്ടാണ് ഇവരുടെ ജീവിതം. ദുരിതാശ്വാസ ക്യാമ്പുകളും 'കഞ്ഞി വീഴ്ത്ത്' കേന്ദ്രങ്ങളും ഒന്നും ഇവര്‍ക്ക് പുതുമയല്ല. കാലവര്‍ഷമായാല്‍ ഒരിക്കലെങ്കിലും ക്യാമ്പുകളിലേക്കെത്താത്തവര്‍ ചുരുക്കം. പാലങ്ങളില്‍ ഷീറ്റ് വലിച്ച് കെട്ടി ഒരു പ്രദേശത്തുള്ള കുടുംബങ്ങള്‍ മുഴുവന്‍ ഒറ്റ ഷീറ്റനടിയില്‍ അന്തിയുറങ്ങും. ഭക്ഷണം പാചകം ചെയ്ത് കഴിക്കും. ഇതെല്ലാം ശീലം എന്ന തരത്തില്‍ തന്നെ തുടര്‍ന്ന് പോന്നവരാണ് ഇവിടുത്തുകാര്‍. എന്നാല്‍ 2018ലെ പ്രളയം ആണ് കുട്ടനാട്ടില്‍ പിടിച്ച് നില്‍ക്കാമെന്ന ശരാശരി കുട്ടനാട്ടുകാരന്റെ ധാരണയെ കീഴ്‌മേല്‍ മറിച്ചത്. രണ്ട് പ്രളയങ്ങള്‍. അതില്‍ എല്ലാം നഷ്ടപ്പെട്ടവര്‍. മുങ്ങിയ വീട്ടിലും വെള്ളത്തിനടിയില്‍ തട്ടടിച്ച് അവശ്യ സാധനങ്ങള്‍ കെട്ടിപ്പെറുക്കി വച്ച് മക്കളേയും പ്രായമായവരേയും വളര്‍ത്തുമൃഗങ്ങളേയും കാലികളേയും തോളത്തെടുത്ത് മണിക്കൂറുകളോളം നീന്തി കരപറ്റി ഇവരില്‍ പലരും. കെട്ടിവച്ചതും വീടുകള്‍ പോലും മഹാ പ്രളയത്തില്‍ ഒലിച്ച് പോയി. "എന്നാല്‍ പ്രളയം കുട്ടനാട്ടുകാരന് പുത്തരിയല്ല എന്ന ധൈര്യത്തില്‍ പിന്നെയും ഒന്നേന്ന് തുടങ്ങി ഒരു വിധം നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങുമ്പഴാണ് അടുത്ത വര്‍ഷവും പ്രളയം. അതോടെ എല്ലാ ആത്മവിശ്വാസവും തകര്‍ന്നു. 2018ലെ പ്രളയത്തില്‍ പോലും ഇവിടുത്തെ ജീവിതം മടുത്ത് മറ്റിടങ്ങളിലേക്ക് പോയവരുണ്ടെങ്കിലും പിന്നെയും പലരും പിടിച്ച് നിന്നു. പക്ഷെ 2019ലെ അനുഭവത്തോടെ ജീവിതം സുരക്ഷിതമല്ല എന്ന തോന്നല്‍ കുട്ടനാട്ടുകാര്‍ക്കെല്ലാം ഉണ്ടായി. കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ പലരും അമിത പ്രാധാന്യത്തോടെ തന്നെ കേട്ടു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭാഗമായി ഇത്തരം വെള്ളപ്പൊക്കങ്ങള്‍ തുടരാനിടയുണ്ടെന്നുള്ള അഭിപ്രായങ്ങള്‍ പേടി കൂട്ടി. രണ്ടാം വര്‍ഷ പ്രളയവും കഴിഞ്ഞ് കുടുംബത്തോടെ മടങ്ങി വന്നവര്‍ ചുരുക്കമാണ്" മങ്കൊമ്പ് സ്വദേശിയായ അരവിന്ദാക്ഷന്റെ വാക്കുകള്‍.

2020 ലെ വെള്ളപ്പൊക്കവും കുട്ടനാടിനെ വലിയ തോതില്‍ ബാധിച്ചു. അതോടെ സ്ഥലം മാറ്റം കൂടുതല്‍ വേഗത്തിലായി. "ഓരോ തവണയും വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി ഓടിപ്പോവും. ഒന്നുകില്‍ ബന്ധുവീടുകളിലേക്ക് അല്ലെങ്കില്‍ വാടകയ്ക്ക വീടെടുത്ത് അതുമല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍. ഈ ഓട്ടം ആര്‍ക്കായാലും മടുക്കും. അങ്ങനെ മടുത്തവര്‍ വേറെ സ്ഥലം നോക്കി പോവും. അത്രകാലം എന്ന് വച്ച് ബന്ധുക്കളുടെ വീടുകളില്‍ നില്‍ക്കും", കൈനകരി ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി കുളങ്ങര പ്രതികരിച്ചു. കുട്ടനാട്ടിലെ കൈനകരി പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ചില വീടുകള്‍ ജനലിന് മുകളില്‍ വെള്ളം കയറി നില്‍ക്കുകയാണ്. വെള്ളമിറങ്ങിയ ഇടങ്ങളിലും മുട്ടറ്റം വെള്ളക്കെട്ടുണ്ട്. ഈ അവസ്ഥയില്‍ ജീവിതം ദുസ്സഹമാവുമെന്നും കൈനകരിക്കാര്‍ പറയുന്നു. കൈനകരിയില്‍ നിന്നാണ് വ്യാപകമായി ആളുകള്‍ മറ്റിടങ്ങളിലേക്ക് താമസം മാറുന്നത്. ഇത് തടയിടാന്‍ പഞ്ചായത്ത് അധികൃതര് പലവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറിപ്പോവുകയാണെന്ന് പഞ്ചായത്തംഗങ്ങള്‍ പറയുന്നു.

മാറിയ കൃഷി, തൊഴില്‍ സാഹചര്യം, ടൂറിസം

തൊഴില്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായി കുട്ടനാട് വിടുന്നവരും ചുരുക്കമല്ല. പ്രധാനമായും കൃഷി, ടൂറിസം എന്നിവയെ ആശ്രയിച്ചായിരുന്നു കുട്ടനാട്ടിലെ തൊഴിലും സമ്പദ്വ്യവസ്ഥയും നിലനിന്നിരുന്നത്. എന്നാല്‍ ഇന്ന് കാര്‍ഷിക രീതികള്‍ മാറി. ഭൂ ഉടമകള്‍ വന്‍ തോതില്‍ പാട്ടത്തിന് ഭൂമി നല്‍കാന്‍ തുടങ്ങി. നല്ലൊരു തുക പാട്ടത്തുകയായി ലഭിക്കുന്നതിനാല്‍ നേരിട്ട് കൃഷി ഇറക്കുന്നതിലുള്ള പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടാത്തതിനാല്‍ പാട്ടത്തിന് ഭൂമി നല്‍കുന്നതിനാണ് പല ഭൂ ഉടമകളും താത്പര്യം കാണിക്കുന്നത്. അതിനാല്‍ തന്നെ ഭൂ ഉടമകള്‍ക്ക് നേരിട്ട് കുട്ടനാട്ടില്‍ തുടരേണ്ട ആവശ്യവും വരുന്നില്ല. കള്ള് ചെത്ത്, കര്‍ഷക തൊഴിലാളികള്‍ എന്നിവരായിരുന്നു കുട്ടനാട്ടില്‍ നിത്യം തൊഴില്‍ ചെയ്തിരുന്നവര്‍. എന്നാല്‍ നെല്‍കൃഷിയില്‍ മിഷ്യനുകള്‍ കൂടുതലായി പാടത്തിറങ്ങിയതോടെ ദിവസേന ജോലിയ്ക്ക് വേണ്ട തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നു. തെങ്ങ് കൃഷിയും ചെത്തും കുട്ടനാട്ടില്‍ ഏറെക്കുറെ അസ്തമിച്ച തൊഴിലാണ്. തെങ്ങുകളില്‍ നിന്ന് ആദായം കിട്ടാതായതോടെ ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള വിളകള്‍ മാത്രം ഇറക്കുന്നതിലേക്ക് കര്‍ഷകര്‍ തിരിഞ്ഞു. ക്രമേണ ചെത്ത് തൊഴിലാളികള്‍ക്കും ജോലിയില്ലാതായി. അതിനാല്‍ തന്നെ തൊഴില്‍പരമായി കുട്ടനാടിനെ ആശ്രയിച്ച് കഴിയുന്നവര്‍ കുറഞ്ഞു. "അത്തരത്തില്‍ കുട്ടനാടിനെ ആശ്രയിച്ച് കഴിയുന്നവരും കുട്ടനാട്ടില്‍ ദൈനംദിന ജോലികളുള്ളവരും മാത്രമേ ഇപ്പോള്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നുള്ളൂ. അവര്‍ എത്ര കഷ്ടപ്പെട്ടും ഉള്ളത് കൊണ്ട് ജീവിക്കാം എന്ന് കരുതി നില്‍ക്കുകയാണ്. എത്രകാലം എന്നറിയില്ല", സിബിച്ചന്‍ തറയില്‍ പറയുന്നു.

2018ന് ശേഷം കുട്ടനാട്ടില്‍ ടൂറിസം പച്ച തൊട്ടിട്ടില്ല. 'നിപ' ഭീതിയില്‍ അല്‍പ്പം ഇടിവ് വന്നെങ്കിലും പിടിച്ചു നിന്ന ടൂറിസം മേഖല പ്രളയത്തോടെ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ടൂറിസം കേന്ദ്രീകരിച്ചുള്ള ബിസിനസുകളെല്ലാം പൂര്‍ണ തകര്‍ച്ചയുടെ വക്കത്താണ്. ഹൗസ്‌ബോട്ടുകള്‍ അനങ്ങാതായി. ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും എല്ലാം നഷ്ടത്തിലായി. കള്ളുചെത്തുകാര്‍, ഹോട്ടലുകള്‍, കരിക്ക് കച്ചവടക്കാര്‍, താറാവ് കര്‍ഷകര്‍, ശിക്കാര വള്ളങ്ങളും ചെറുവള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും, എന്നിങ്ങനെ ടൂറിസവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മേഖലകളിലെല്ലാം തൊഴില്‍ ഇല്ലാതായി. തൊഴിലാളികളില്‍ ഭൂരിഭാഗവും മറ്റ് സ്ഥലങ്ങളില്‍ പല ജോലികള്‍ക്കായി പോയി. ടൂറിസത്തിനും മറ്റ് ബിസിനസുകള്‍ക്കുമായുള്ള ഭൂമി കച്ചവടം പോലും നടക്കാതായി. "അതോടെ കുട്ടനാട്ടുകാര്‍ ശരിക്കും പെട്ടു. പിന്നെയും ഇവിടെ കടിച്ച് തൂങ്ങി നില്‍ക്കുന്നതെന്തിന്. എന്റെ ബന്ധുക്കളെല്ലാം പല സ്ഥലത്തേക്കായി പോയി. ഞാനും പോവാനൊരുങ്ങുകയാണ്", കര്‍ഷകനും ഹോട്ടല്‍ നടത്തിപ്പുകാരനുമായ കുട്ടനാട്ടുകാരന്‍ രഞ്ജിത് പി പറഞ്ഞു.

പ്രൈമറി സെക്ടറില്‍ നിന്ന് കുട്ടനാട്ടുകാര്‍ മാറിയതാണ് പ്രധാനമായ മാറ്റത്തിന് കാരണമെന്ന് കൈനകരി പഞ്ചായത്ത് സെക്രട്ടറിയും ശാസ്ത്രസാഹിത്യ പരിഷത് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി വി വിനോദ് അഭിപ്രായപ്പെട്ടു. "കൃഷി, മത്സ്യബന്ധനം എന്നിങ്ങനെയായിരുന്നു കുട്ടനാട്ടിലെ പ്രാഥമിക സെക്‌റുകള്‍. അതിലെ തൊഴിലാളികളും ഭൂ ഉടമകളും. ഇവരില്‍ അധികവും ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങളില്‍ ഉള്ളവരുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭൂരിഭാഗം ആളുകളും കാലക്രമേണ ഈ സെക്ടറുകളില്‍ നിന്ന് മാറി വിദ്യാഭ്യാസം നേടുകയും തൊഴില്‍പരമായ മറ്റ് സാധ്യതകള്‍ തേടുകയും ചെയ്തു. പലരും വ്യവസായങ്ങള്‍ ആരംഭിച്ചു. അവരെല്ലാം പലപ്പോഴായി കുട്ടനാട്ടില്‍ നിന്ന് മാറുകയുണ്ടായി. മുരിക്കന്‍ പോലും ആലപ്പുഴയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്നേ മാറിയിരുന്നു എന്നോര്‍ക്കണം. പിന്നീട് അവര്‍ക്ക് ആശ്രിതരായി നിന്നിരുന്നവരും, തൊഴിലാളികളും, ചെറു ഭൂ ഉടമകളും മാത്രമാണ് കൂടുതലായും കുട്ടനാട്ടില്‍ ഉണ്ടായിരുന്നത്. ക്രമേണ ക്രമേണ അവരുടേയും തൊഴിലുകളില്‍ മാറ്റം വന്നു. എറണാകുളം പോലുള്ള നഗരങ്ങളിലെ ജീവിതം പരിചയിച്ചവര്‍ അത്തരം സൗകര്യങ്ങള്‍ക്കായി ആവശ്യമുന്നയിച്ചുകൊണ്ടിരുന്നു. വീടിന്റെ മുറ്റത്ത് വാഹനങ്ങള്‍ എത്താത്തതില്‍ അവര്‍ക്ക് വിമുഖതയുണ്ടായി. ട്രാക്ടര്‍ കൊണ്ടുവരാനോ, നെല്ല് കൊണ്ടു പോവാന്‍ ലോറി കൊണ്ടുവരാനോ പാലമോ റോഡോ വേണമെന്ന് പറഞ്ഞ് കുട്ടനാട്ടില്‍ ഒരു സമരവും നടന്നിട്ടില്ല. സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യങ്ങളാണുയര്‍ന്നത്. അതിനിടെയാണ് 2018ലെ വലിയ പ്രളയം. അത് എല്ലാം തകിടം മറിച്ചു. ജീവിതം അനിശ്ചിതത്വത്തിലായി. അസ്വസ്ഥതകള്‍, സ്വത്ത്, വസ്തു, വീട് നഷ്ടങ്ങള്‍, ആകെക്കൂടി അരക്ഷിതാവസ്ഥ. കുട്ടനാട്ടില്‍ രണ്ട് തവണയാണ് വെള്ളം പൊങ്ങിയതെങ്കില്‍ കൈനകരിയില്‍ മാത്രം മൂന്ന് തവണ വെള്ളം പൊങ്ങി. വെള്ളക്കെട്ട് ഒഴിഞ്ഞതുമില്ല. 2019ലും പ്രളയം വന്നു. അതോടെ ഇവിടെ നിന്ന് പോവാന്‍ പറ്റില്ല എന്ന് പറഞ്ഞ് വൈകാരികമായി പിടിച്ച് നിന്നവര്‍ പോലും അവസാന കാലം അരക്ഷിതമാണെന്ന് മനസ്സിലാക്കി നിക്കക്കള്ളിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ നോക്കി പോയി".

വിദ്യാഭ്യാസം, വിവാഹം, മറ്റ് സൗകര്യങ്ങള്‍

ഇപ്പോഴും കുട്ടനാട്ടില്‍ റോഡുകളോ പാലങ്ങളോ ഇല്ലാത്തയിടങ്ങള്‍ നിരവധിയാണ്. വീടുകള്‍ക്ക് മുന്നില്‍ വള്ളങ്ങള്‍. വള്ളം തുഴഞ്ഞ് കുട്ടികളെ സ്‌കൂളിലെത്തിക്കണം, ജോലികള്‍ക്കായി പോണം. എല്ലാ പ്രദേശങ്ങളും വികസിക്കുമ്പോഴും സാമ്പത്തികമായും സാമൂഹികമായും ഉള്ള വികസനം പലപ്പോഴും ഇഴഞ്ഞാണ് കുട്ടനാട്ടിലെത്താറ്. പല പ്രദേശങ്ങളും ഇന്നും തുരുത്തുകളായി ഒറ്റപ്പെട്ട് കിടക്കുന്നു. പ്രകൃതി ദുരന്തങ്ങളും വെള്ളപ്പൊക്കവും കുട്ടികളുടെ പഠനത്തിന് ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങളും പലരേയും ബുദ്ധിമുട്ടിക്കുന്നു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളയിടത്തേക്ക് താമസം മാറാമെന്ന തീരുമാനത്തിലാണ് ചിലരെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് മാറിയത്. "ചെറുപ്പക്കാര്‍ക്ക് നല്ല വിവാഹം പോലും നടക്കുന്നില്ല. ചെക്കന്‍മാര്‍ക്ക് തീരെ പെണ്ണുകിട്ടുന്നില്ല. ഇന്ന സ്ഥലം എന്ന് പറയുമ്പോള്‍ തന്നെ പെണ്ണിന്റെ വീട്ടുകാര്‍ ആലോചന മടക്കും. പെമ്പിള്ളേരുടെ വിവാഹത്തിനും ഇത് തടസ്സമാവാറുണ്ട്. അവസാനം സ്ഥലം മാറി വേറെ വാടക വീടെടുത്ത് താമസിച്ചാണ് പിള്ളേരുടെ കല്യാണം ആലോചിക്കുന്നത്" സി ബ്ലോക്ക് സ്വദേശിയായ ജലജറാണി പറഞ്ഞു.

വെള്ളക്കയറ്റം മുന്‍ വര്‍ഷങ്ങളേക്കാള്‍

"കടല്‍ നിരപ്പ് ഉയര്‍ന്നതാണ് ഇവിടെ വെള്ളത്തന്റെ ലെവല്‍ കൂട്ടുന്നതെന്നാണ് ചില വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ കടല്‍ നിരപ്പ് സെന്റിമീറ്റര്‍ കണക്കിനോ മില്ലി മീറ്റര്‍ കണക്കിനോ ആണെങ്കില്‍ കുട്ടനാട്ടില്‍ അത് ഫീറ്റ് കണക്കിനാണ്. ഈ അടുത്ത വര്‍ഷങ്ങളിലായാണ് അതിന് ഏറ്റം ഉണ്ടായിട്ടുള്ളത്. അതിനുള്ള കാരണങ്ങള്‍ക്കായി പഠനം നടത്തണം", കര്‍ഷകനായ ടോമി മാത്തച്ചന്‍ പറയുന്നു. കായലിലെ കട്ട കുത്തി എടുത്ത് പറമ്പ് ഉയര്‍ത്തുന്ന പ്രവര്‍ത്തി എല്ലാക്കാലവും കുട്ടനാട്ടുകാര്‍ ചെയ്ത് പോന്നതാണ്. എന്നാല്‍ കാലങ്ങളായി പലരും അത് ചെയ്യുന്നില്ല. "പറമ്പിലെ ആദായം നഷ്ടപ്പെട്ടതിനാല്‍ കട്ടകുത്തി പറമ്പ് ഉയര്‍ത്താനോ ഒന്നിനും ആളുകള്‍ മിനക്കെടുന്നില്ല", അതുകൊണ്ട് തന്നെ കായലില്‍ അല്‍പ്പം വെള്ളക്കയറ്റമുണ്ടായാല്‍ പറമ്പുകളും കായലും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥ വരികയും വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു എന്നുമാണ് കുട്ടനാട്ടിലെ കര്‍ഷകരടക്കം ചിലര്‍ പങ്കുവക്കുന്ന അഭിപ്രായം. ചെളി കുത്തി എടുക്കാത്തതിനാല്‍ കായലില്‍ ചിലയിടങ്ങളില്‍ അരപ്പൊക്കം വരെ മാത്രമാണ് വെള്ളം. കായലിന്റെ അടിത്തട്ടില്‍ ചെളി അടിഞ്ഞ് കൂടി ആഴം നഷ്ടപ്പെട്ടതിനാലാണ് വെള്ളക്കയറ്റം എന്നും കര്‍ഷകര്‍ പറയുന്നു.

'കുട്ടനാട് മുങ്ങുന്നു'

എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നതല്ല കുട്ടനാട്ടിലെ വെള്ളക്കയറ്റത്തിന് കാരണമെന്നും കുട്ടനാട് തന്നെ തഴേക്ക് ഇരിക്കുന്നതാണെന്നുമുള്ള അഭിപ്രായമാണ് കാര്‍ഷിക വിദഗ്ദ്ധനും സമുദ്ര ഗവേഷകനും കുട്ടനാട് സ്വദേശിയുമായ ഡോ കെ ജി പത്മകുമാര്‍ പങ്കുവച്ചത്. ജീവിതം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്ടുകാര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് അവിടെ തുടരാന്‍ താത്പര്യം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. "കുട്ടനാട്ടിലെ ഭൂമി മുങ്ങുകയാണ്. താഴ്ന്നുകൊണ്ടേയിരിക്കുന്നു. കട്ട (ചെളി) കുത്തി എടുത്ത് ഉണ്ടാക്കിയ സ്ഥലമാണ്. അത്തരത്തില്‍ പൊക്കിയെടുത്ത സ്ഥലങ്ങളെല്ലാം താഴേക്ക് ഇരുന്നിട്ടുണ്ട്. ഭൂമിയിലെ ജൈവഘടകങ്ങള്‍ തന്നെയാണ് അതിന് കാരണം. കുട്ടനാട്ടില്‍ മണ്ണില്ല. മണലും കട്ടയും ആണ്. ഇവ വിഘടിച്ച് കഴിഞ്ഞാല്‍ ഇരുന്ന് പോവും. കുട്ടനാട്ടിലെ പല ക്ഷേത്രങ്ങളും വരെ ഇത്തരത്തില്‍ ഇരുന്ന് പോയിട്ടുണ്ട്. ശ്രീകോവില്‍ വരെ വെള്ളം കയറി നില്‍ക്കുന്നു. പണ്ട് ചെളി കോരിയിട്ട് പറമ്പുകള്‍ ഉയര്‍ത്തുമായിരുന്നു. കട്ടകുത്തി പറമ്പിലും തെങ്ങിന്‍ ചോട്ടിലും ഇടും. അങ്ങനെ ജലനിരപ്പിലും ഉയരത്തിലാവും പറമ്പ്. വള്ളത്തില്‍ പോയുള്ള കട്ട കുത്ത് പണ്ട് അനുവദിച്ചിരുന്നു. ഇത് എല്ലാ കൊല്ലവും കര്‍ഷകരും മറ്റുള്ളവരും ചെയ്ത് പോന്നു. ഇപ്പോള്‍ സ്ഥിതി മാറി; ഭൂവിയോഗത്തിന് വിരുദ്ധമാണ് കട്ടകുത്ത് എന്ന് പറഞ്ഞ് ഇതിന് അനുമതി നല്‍കുന്നില്ല. കട്ടയെടുപ്പും കായലിലെ മണലൂറ്റും സമാനമായാണ് നിയമപ്രകാരം ഉദ്യോഗസ്ഥര്‍ കാണുന്നത്. കായല്‍ നിലനില്‍ക്കണമെങ്കിലും കുട്ടനാട് നിലനില്‍ക്കണമെങ്കിലും ചെളി കുത്തിയെടുത്തേ മതിയാവൂ. ഇപ്പോള്‍ കട്ടയെടുക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ആരെങ്കിലും വില്ലേജ് ഓഫീസറെ വിളിച്ച് പറയും. അവര്‍ വന്ന് അത് നിര്‍ത്തിക്കും."

ഭൂമിക്ക് മുകളില്‍ തട്ടുകള്‍ രൂപപ്പെട്ട് സുഷിരങ്ങള്‍ അടഞ്ഞ് പോയി വെള്ളത്തെ ആഗിരണം ചെയ്യാത്തതാവാം കുട്ടനാട്ടിലെ പ്രദേശങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണമായും ഒഴിഞ്ഞ് പോവാത്തതിന് കാരണമെന്നാണ് ഭൗമ ശാസ്ത്രജ്‌നായ ഡോ കെ എസ് സജിന്‍കുമാര്‍ അഭിപ്രായപ്പെട്ടത്. ഭൂജല നിരപ്പ് ഈ പ്രദേശത്ത് കൂടുതലാവുന്നതും കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുട്ടനാടിന് പരിഹാരം എന്ന നിലയ്ക്ക് പില്ലറുകളില്‍ ഉയര്‍ത്തിയ വീട് നിര്‍മ്മാണമാണ് പലരും നിര്‍ദ്ദേശിക്കുന്നത്. ഇത് കുട്ടനാട്ടിലെ പലയിടങ്ങളിലും ഇപ്പോള്‍ തന്നെ പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നിലനില്‍പ്പ് സംബന്ധിച്ചും കുട്ടനാട്ടുകാരിലും വിദഗ്ദ്ധരിലും വേറിട്ട അഭിപ്രായങ്ങള്‍ ഉണ്ട്. "അടി കട്ടിയില്ലാത്ത സ്ഥലത്ത് പില്ലര്‍ ഉണ്ടാക്കി ആ സ്ഥലത്തേക്ക് മര്‍ദ്ദം വരുമ്പോള്‍ ഏത് തരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക എന്നത് ശാസ്ത്രീയമായി തന്നെ പരിശോധിക്കേണ്ടതാണ്. മറ്റിടങ്ങളില്‍ വിജയിച്ചു എന്നത് കൊണ്ട് കുട്ടനാട്ടില്‍ പ്രയോഗിക്കുന്നതില്‍ കാര്യമില്ല. കുട്ടനാടിലെ ഹൈഡ്രോളജി പരിശോധിച്ചുകൊണ്ടുള്ള പഠനമാണ് ആവശ്യം", നെടുമുടി സ്വദേശിയായ എബി വടക്ക്പുരയ്ക്കല്‍ പറയുന്നു. ശക്തമായ അടിത്തറയില്ലാതെ ചെളിയില്‍ എത്രകാലം പില്ലറുകളില്‍ ഉയര്‍ത്തിയ വീടുകള്‍ നില്‍ക്കും എന്ന കാര്യത്തില്‍ ഡോ പത്മകുമാറും സംശയമുന്നയിക്കുന്നു. ശാശ്വതമാണോ എന്ന് ഉറപ്പില്ല. അതും അനിശ്ചിതത്വം മാത്രമാണ് കുട്ടനാട്ടുകാര്‍ക്ക് നല്‍കുന്നത് എന്നും അദ്ദേഹം ആശങ്ക പങ്കുവച്ചു.

'ഗ്രാമങ്ങള്‍ തന്നെ കൊഴിഞ്ഞ് പോവും'

പരമ്പരാഗത കര്‍ഷക കുടുംബമാണ് ടിന്റോ കെ എടയാടിയുടേത്. മങ്കൊമ്പില്‍ 18 ഏക്കറില്‍ നേരിട്ടും 35 ഏക്കര്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. ഒന്നര ഏക്കര്‍ ഭൂമിയും വീടും ഉണ്ട്. കുട്ടനാട് വിട്ട് മറ്റൊരിടത്തേക്ക് മാറാന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കുകയാണ് ടിന്റോയും. മുമ്പ് പറഞ്ഞ പ്രശ്‌നങ്ങള്‍ എല്ലാം തന്നെയാണ് ടിന്റോയ്ക്കും പറയാനുള്ളത്. "ചങ്ങനാശേരിയിലേക്കോ മറ്റോ മാറിയാലും കൃഷി നോക്കാന്‍ ദിവവും എത്തേണ്ട കാര്യമില്ല ഇപ്പോള്‍. എന്റെ കുഞ്ഞ് യുകെജി ആണ് പഠിക്കുന്നത്. എന്നാല്‍ പോലും കഴിഞ്ഞ വര്‍ഷം ക്ലാസ് നോക്കുമ്പോള്‍ വെള്ളപ്പൊക്കത്തിന് മുമ്പ് എത്ര പഠിപ്പിച്ചോ അതേ നിലയില്‍ തന്നെ തുടരുകയാണ് നവംബര്‍ മാസത്തിലും. വെള്ളപ്പൊക്കവും ദുരിതങ്ങളും കാരണം കുഞ്ഞുങ്ങളുടെ പഠിപ്പ് വരെ മുടങ്ങിപ്പോവുകയാണ്. മറ്റെല്ലായിടത്തേയും കുട്ടികള്‍ പഠിച്ച് മു‌ന്നേറുമ്പോള്‍ ഇവിടുത്തെ കുട്ടികള്‍ മാത്രം പിന്നോട്ടാവുന്നു. കൂടുതല്‍ ജീവിത സൗകര്യങ്ങളുള്ളയിടങ്ങളിലേക്ക് മാറാനാണ് എല്ലാവരും ഇഷ്ടപ്പെടുക. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പേ അപ്പന്‍ പറഞ്ഞതാണ് ഭൂമി വിറ്റ് വേറെ സ്ഥലത്തേക്ക് പോവാമെന്ന്. പക്ഷെ അന്ന് ഈ മണ്ണിനോടും നാടിനോടും മാനസികമായി, വൈകാരികമായി അടുപ്പം കൊണ്ട് അത് വേണ്ടെന്ന് വച്ചു. എന്നാല്‍ ഇന്ന് അതിന് ഞാനും കുടുംബവും മാനസികമായി തയ്യാറെടുക്കുകയാണ്."

മറ്റൊരിടത്തേക്ക് മാറാന്‍ സാമ്പത്തികമായി ശേഷിയായാല്‍ ടിന്റോ അടക്കമുള്ള, കുട്ടനാട്ടില്‍ ഇപ്പോഴും തുടരുന്ന പലരും നാട് ഉപേക്ഷിച്ച് പോവും. കുട്ടനാടിന് വേണ്ടി കാലങ്ങളായി സര്‍ക്കാരുകള്‍ കോടികള്‍ പ്രഖ്യാപിക്കുന്നു. പലതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കുട്ടനാടിനായുള്ള പദ്ധതികളും വന്നു. കുട്ടനാട് പാക്കേജ് ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ ചുരുക്കം ചിലയിടങ്ങളില്‍ ബണ്ടുകളും കല്‍ക്കെട്ടുകളും തീര്‍ത്തതല്ലാതെ കുട്ടനാടിന്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതികളോ നിര്‍മ്മാണങ്ങളോ ഇവിടെ ഉണ്ടായില്ല. കോടികള്‍ ചെലവഴിച്ചെങ്കിലും കാര്യമായ പ്രയോജനം ഇതുവഴി കുട്ടനാടിന് ഉണ്ടായില്ല. കുട്ടനാട് പാക്കേജ് കാലാവധി കഴിഞ്ഞു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. അതില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശ സ്ഥാപന അധികൃതര്‍ കുട്ടനാട്ടുകാരോട് ആവശ്യപ്പെടുന്നു. എന്നാല്‍ ശാസ്ത്രീയമായി പഠനം നടത്താതെ കോടികള്‍ ചെലവിട്ടുള്ള ഒരു പദ്ധതിയും നിര്‍മ്മാണവും കുട്ടനാടിന് പ്രയോജനകരമാവില്ല എന്ന അഭിപ്രായമാണ് പൊതുവെ ഇവിടുത്തുകാര്‍ പങ്കുവക്കുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട് ഇപ്പോഴുള്ളവര്‍ പോലും പലയിടങ്ങളിലേക്ക് ജീവിക്കാനായി പോവുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭക്ഷ്യക്ഷാമം വന്നപ്പോള്‍ ശ്രീചിത്തിര തിരുനാളിന്റെ നിര്‍ദ്ദേശ പ്രകാരം കായല്‍ കുത്തിയെടുത്തതാണ് ലോവര്‍ കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും. കായലിലെ ചെളിയും മണലും കുത്തിയെടുത്ത് ഉണ്ടാക്കിയ പാടങ്ങളും ബണ്ടുകളും. കാലക്രമേണ ബണ്ടുകളില്‍ വീടുകളായി. കാലങ്ങള്‍ കഴിയുംതോറും കുട്ടനാട്ടില്‍ വീടുകളും സ്ഥാപനങ്ങളും എല്ലാം ഉയര്‍ന്നു. എന്നാല്‍ ഒരിക്കല്‍ കായലില്‍ നിന്ന് ഉയര്‍ത്തിയെടുത്തയിടങ്ങള്‍ കായലിലേക്ക് തന്നെ പോവുകയാണെന്ന യാഥാര്‍ഥ്യം കുട്ടനാട്ടുകാര്‍ ഇപ്പോള്‍ മനസ്സിലാക്കുകയാണെന്ന് ടിന്റോ സങ്കടവും നിരാശയും പങ്കുവച്ചു. "കൊഴിഞ്ഞ് പോക്ക് ഈ നിലയ്ക്ക് തുടര്‍ന്നാല്‍ ഗ്രാമങ്ങള്‍ തന്നെ കൊഴിഞ്ഞ് പോവും. അപ്പോള്‍ ടൂറിസം മേഖലയ്ക്ക് അതൊരു വലിയ സാധ്യത ആയിരിക്കും. വില്ലേജ് ടൂറിസം പദ്ധതികള്‍ തന്നെ ആലോചിക്കാം. എന്നിട്ട് ലാസ്റ്റ് ഗ്ലാന്‍സ് ഓഫ് കുട്ടനാട് എന്ന് പറഞ്ഞ് വേണമെങ്കില്‍ ആളുകളെ എത്തിക്കാം. കുട്ടനാട്ടിലെ അവസാന കാഴ്ചകള്‍..."


Next Story

Related Stories