TopTop

"പോലീസ് സ്റ്റേഷനിലായിരുന്നെങ്കില്‍ എന്നെ തല്ലിയേനെ, കേസുമായി മുന്നോട്ട്", ടി പി സെൻകുമാർ 'മദ്യപാനി'യെന്ന് വിളിച്ചാക്ഷേപിച്ച മാധ്യമ പ്രവർത്തകൻ കടവിൽ റഷീദ് പറയുന്നു

"പോലീസ് സ്റ്റേഷനിലായിരുന്നെങ്കില്‍ എന്നെ തല്ലിയേനെ, കേസുമായി മുന്നോട്ട്", ടി പി സെൻകുമാർ

"ചോദ്യങ്ങൾ ചോദിക്കാനോ എഴുതാനോ പാടില്ല, അവർ പറയുന്ന പോലെ ജീവിക്കണമെന്നാണ് ഇവിടെ നൽകുന്ന സൂചന. നാളെ മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നവർക്ക് ഇത്തരം ഒരു അവസ്ഥയുണ്ടാവരുത്, അതിനാൽ നിയമ നടപടിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും." കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ മുൻ ഡിജിപി ടിപി സെൻകുമാർ ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ കൂട്ടാളികൾ കയ്യേറ്റം ചെയ്യുകയും ചെയ്ത മാധ്യമ പ്രവർത്തകൻ കടവിൽ കെ റഷീദിന്റെ വാക്കുകളാണ് ഇവ. ഭീഷണികൾക്ക് മുന്നിൽ തല കുനിക്കില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് അദ്ദേഹം. എന്നാൽ പ്രസ്ക്ലബിൽ തനിക്ക് നേരിട്ട അനുഭവം വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.

മുപ്പത് വർഷത്തോളമായി മാധ്യമ പ്രവർത്തന രംഗത്തുണ്ട്, പല മുഖ്യമന്ത്രിമാരോട് ഉൾപ്പെടെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്, അതിനെല്ലാം മാന്യമായി അവർ ഉത്തരവും നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള എനിക്ക് ഇപ്പോഴുണ്ടായ അനുഭവം വലിയ മാനസിക വിഷമം ഉണ്ടാക്കി. റഷീദ് അഴിമുഖത്തോട് പ്രതികരിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ ഡിജിപി ടിപി സെൻകുമാർ, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവർ നടത്തിയ വാർത്താസമ്മേളമായിരുന്നു സംഭവങ്ങളുടെ തുടക്കം. വാർത്താ സമ്മേളനത്തിടെ ടി പി സെന്‍കുമാറിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ പ്രസ്താവന സംബന്ധിച്ച് ചോദ്യമുന്നയിച്ചതാണ് മാധ്യമ പ്രവർത്തകനെതിരെ കയർക്കാൻ ടിപി സെൻകുമാറിനെ പ്രേരിപ്പിച്ചത്.

ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന പരാമർശത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന കലാപ്രേമി ദിനപത്രത്തിന്റെ ബ്യൂറോ ചീഫായ കടവിൽ കെ റഷീദിന്റെ ചോദ്യത്തോടെ സെന്‍കുമാർ തർക്കത്തിന് മുതിരുകയായിരുന്നു. ചോദ്യം ചോദിക്കാനെണീറ്റ മാധ്യമപ്രവർത്തകനെ 'നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ' എന്ന ചോദ്യത്തോടെയാണ് സെൻകുമാർ നേരിട്ടത്. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് നിങ്ങളുടെ പെരുമാറ്റം കണ്ടാൽ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുകയെന്നായി സെൻകുമാർ. ഇതിനിടെ, സെൻകുമാറിന്റെ കൂടെ വന്നവര്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്തു തള്ളാൻ ശ്രമം തുടങ്ങി. ഇതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലായ സെൻകുമാർ ചോദ്യങ്ങൾക്ക് മറുപടി പറയാമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

എന്നാൽ, 'ഞാന്‍ മദ്യപിച്ചിരുന്നില്ല. രണ്ട് മാസങ്ങളായി ചികിത്സയിലാണ്. മരുന്ന് കഴിക്കുന്നുണ്ട്. ധാര്‍ഷ്ട്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പൊലീസ് സ്റ്റേഷനില്‍ ആയിരുന്നെങ്കില്‍ എന്ന അടിച്ചേനെ. എന്നെ അടിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിനൊപ്പം വന്ന ഗുണ്ടകളാണ്' റഷീദ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. 'സെന്‍കുമാറും സുഭാഷ് വാസുവും നടന്ന പത്രസമ്മേളനം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഞാന്‍ ചോദ്യം ഉന്നയിച്ചത്. ഡിജിപി ആയിരുന്നപ്പോള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്നായിരുന്നു ചോദ്യം. ഞാന്‍ ഏറ്റവും പിന്നിലായിരുന്നു. അതുകൊണ്ട് ഉറക്കെയാണ് ചോദിച്ചത്. ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ വരികയായിരുന്നു. അദ്ദേഹം വ്യക്തമാക്കുന്നു.

കടവിൽ കെ റഷീദിനോട് മുൻ ഡിജിപി ടി പി സെൻകുമാർ മോശമായി പെരുമാറുകയും ഒപ്പമുണ്ടായിരുന്നവർ കയ്യേറ്റം ചെയ്യാൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ ടിപി സെൻകുമാറിനെതിരെ ആക്രമണത്തിന് ഇരയായ കടവിൽ റഷീദ് പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രസ്ക്ലബിൽ നടന്ന സംഭവത്തെക്കുറിച്ച് റഷീദ് അഴിമുഖത്തോട് പ്രതികരിച്ചത്.-

'കേസുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം. കന്‍റോണ്‍മെന്റെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട് മറ്റ് നടപടികൾ പൂർത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ പോലീസ് പരിശോധിച്ചപ്പോൾ തന്നെ ചീത്തവിളിക്കുന്ന തരത്തിൽ സെൻകുമാർ പരാമർശം നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല, എന്നാൽ പരാതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം.

ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്, സാമ്പത്തികം പ്രശ്നമാണെങ്കിലും മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം. സ്ഥാപനത്തിൽ നിന്നും പത്രവർത്തക യൂണിയന്റെയും പുർണ്ണ പിന്തുണയുണ്ട്. എന്നാൽ, സെൻകുമാറിന്റെ ഉൾപ്പെടെയുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ചോദ്യം ചോദിക്കാൻ പാടില്ലെന്ന തരത്തിലാണ്. നമുക്ക് ആർക്കും ചോദ്യങ്ങൾ ചോദിക്കാനോ എഴുതാനോ പാടില്ല, അവർ പറയുന്ന പോലെ ജീവിക്കണമെന്നാണ് ഇവിടെ നൽകുന്ന സൂചന. നാളെ മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നവർക്ക് ഇത്തരം ഒരു അവസ്ഥയുണ്ടാവരുത്. അത് തടയിടണമെന്നാണ് കരുതുന്നത്. അതിനായാണ് പരാതിയുമായി മുന്നോട്ട് പോവുന്നതും.

മുപ്പത് വർഷത്തോളമായി മാധ്യമ പ്രവർത്തന രംഗത്തുണ്ട്, പല മുഖ്യമന്ത്രിമാരോട് ഉൾപ്പെടെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്, അതിനെല്ലാം മാന്യമായി അവർ ഉത്തരവും നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള എനിക്ക് ഇപ്പോഴുണ്ടായ അനുഭവം വലിയ മാനസിക വിഷമം ഉണ്ടാക്കിയിട്ടുണ്ട്. എഴുത്താണ്, ചോദ്യം ചോദിക്കലാണ് നമ്മുടെ ജീവിതം. അത് തുടരുക തന്നെ ചെയ്യും.

പ്രസ്ക്ലബിലെ സംഭവങ്ങൾക്കിടയിൽ തന്നെ പിടിച്ച് മാറ്റാൻ ശ്രമിച്ച സെൻകുമാറിനൊപ്പം ഉണ്ടായിരുന്നവരിൽ ഒരാൾ തിരക്കിനിടയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു . അതിന്റെ ഫോട്ടോയുള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. പതിനഞ്ചോളം വരുന്ന ആളുകളാണ് സംഭവ സമയത്ത് തന്നെ വളഞ്ഞത്. പിടിക്കാടാ അവനെ... കെട്ടെടാ എന്നായിരുന്നു ആക്രോശം. ആ സമയത്ത് എന്നെ വിടാൻ സെൻകുമാറിന് പറയാമായിരുന്നു, അതുണ്ടായില്ല. പിന്നാലെ അവിടെ ഉണ്ടായിരുന്ന മറ്റ് പത്രക്കാർ ഇടപെട്ടതോടെയാണ് എന്നാൽ പിന്നെ ചോദ്യം ചോദിക്കു എന്ന് നിലപാട് മാറ്റിയത്. ഇതോടെ ഞാൻ ചോദ്യം ആവർത്തിക്കുകയും മറുപടി പറയുകയുമായിരുന്നു.'

എന്നാൽ സംഭവത്തിന് പിന്നാലെ റഷീദിനെ പിന്തുണച്ചും സെൻകുമാറിനെ വിമർ‌ശിച്ചും വ്യാപക പ്രതിഷേധമാണ് വിവിധ കോണിൽ നിന്നും ഉയർന്നത്. പ്രസ്ക്ലബിൽ ഉണ്ടായ സംഭവത്തിൽ ടിപി സെൻകുമാർ മാപ്പു പറയണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണ്ടകളുമായാണ് ടി പി സെൻകുമാർ വാർത്താ സമ്മേളനത്തിന് എത്തിയത്. ഇവരാണ് റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയത്. ഇവർക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും യൂണിയന്‍ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി സംഭവം മാറാതിരുന്നത്. വാർത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവർത്തകരും ഒഴികെ ആരും വാർത്താ സമ്മേളന ഹാളിൽ പ്രവേശിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യദാർഢ്യവും യൂണിയൻ പ്രഖ്യാപിക്കുന്നെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

'പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏകാധിപത്യത്തിെൻറ വിട്ടുമാറാത്ത അസ്കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ. വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്.' കുറിപ്പിൽപറയുന്നു. സെൻകുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേൽ മാധ്യമ പ്രവർത്തകരോട് വേണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംഘടന ശക്തമായി അപലപിക്കുകയാണെന്നും അറിയിച്ചു.

എന്നാൽ വിമർശനങ്ങൾ ഉയരുമ്പോഴും ടിപി സെൻകുമാർ നയം മാറ്റാൻ തയ്യാറല്ലെന്ന തരത്തിലാണ് പ്രതികരിച്ചത്. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ഇടപെട്ടതിനെ വിമർശിച്ച് നടത്തിയ പ്രതികരണം ഇതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു സെൻകുമാർ വിഷയത്തിൽ വീണ്ടും പ്രതികരിച്ചത്.

മാപ്പുപറയണമെന്ന മാധ്യമപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആവശ്യം തള്ളിയ മുൻ ഡിജിപി ടിപി സെൻകുമാർ തന്നെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കരുതെന്നും വ്യക്തമാക്കുന്നു. ''എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. ചോദിച്ച വ്യക്തിക്ക് ഉത്തരവും നൽകി. KUWJ ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം. അതുകൊണ്ടു ഉടുക്കുകൊട്ടി പേടിപ്പിക്കരുത്...'' - സെന്‍കുമാര്‍ കുറിച്ചു.

ഇതിനിടെ, തനിക്കെതിരെ നടത്തിയ വാർത്താ സമ്മേളത്തിൽ സെൻകുമാർ ഉന്നിയിച്ച ആരോപണങ്ങൾക്കും പിന്നീട് ഉയർന്ന് വിവാദങ്ങൾക്കും ഇതിനിടെ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ചിലർക്ക് പൊലീസാണെന്ന് ഇപ്പോഴും വിചാരമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്രസമ്മേളനത്തിലെ പെരുമാറ്റം അങ്ങനെയാണ്. സെൻകുമാർ ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് ജനങ്ങൾക്കറിയാമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പേര് പരാമർശിക്കാതെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം.Next Story

Related Stories