TopTop
Begin typing your search above and press return to search.

'സി പി എമ്മിലൊക്കെയുള്ള ചെറുപ്പക്കാര്‍ ടീ ഷര്‍ടിലെ ചെഗുവേരയുടെ ചരിത്രം പഠിച്ച് അതും പാര്‍ടിയും തമ്മില്‍ ബന്ധമില്ലെന്ന് തിരിച്ചറിയും' - മുന്‍കാല നക്‌സലൈറ്റ് പി ടി തോമസ് / അഭിമുഖം

സി പി എമ്മിലൊക്കെയുള്ള ചെറുപ്പക്കാര്‍ ടീ ഷര്‍ടിലെ ചെഗുവേരയുടെ ചരിത്രം പഠിച്ച് അതും പാര്‍ടിയും തമ്മില്‍ ബന്ധമില്ലെന്ന് തിരിച്ചറിയും - മുന്‍കാല നക്‌സലൈറ്റ് പി ടി തോമസ് / അഭിമുഖം

പി.ടി യെന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന പി.ടി.തോമസിനെ മാറ്റി നിര്‍ത്തി കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുക സാധ്യമല്ലെന്നു പറയാം. ഇന്ത്യയിലാദ്യമായി പൊലീസ് നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയ, നാര്‍ക്കോ അനാലിസിസിനു ശേഷവും തന്റെ മനസിലുള്ളതൊന്നും നിങ്ങള്‍ക്ക് കിട്ടില്ലെന്ന് പൊലീസിനോടു പറഞ്ഞ, പൊലീസിന്റെ മര്‍ദനമുറകളുടെ എല്ലാ പരീക്ഷണങ്ങളും സ്വന്തം ശരീരത്തിലേറ്റു വാങ്ങിയ പി.ടി ഇപ്പോൾ കണ്ണൂര്‍ ആലക്കോടെ വീട്ടിലുണ്ട്. ഇപ്പോളും ഇടയ്ക്ക് പി.ടി യെ തിരഞ്ഞ് വീട്ടിലേക്ക് പൊലീസെത്തും. വിശേഷങ്ങള്‍ തിരക്കും പോകും. മറ്റ് പലരെയും പോലെ താനും പൊലീസിന്റെ ഒരു ഫയലാണെന്ന് പി.ടി പറയുന്നു. ക്രൂരമായ മര്‍ദനമുറകള്‍ക്ക് നേതൃത്വം നല്‍കിയ പൊലീസുദ്യോഗസ്ഥരോടും കോടതിയുടെ അനുമതി പോലുമില്ലാതെ നാര്‍ക്കോ അനാലിസിസ് നടത്തിയ ജയറാം പടിക്കലിനോടുമൊന്നും പി.ടിക്ക് പരിഭവമില്ല, വ്യവസ്ഥിതിയോട് മാത്രമേ അന്നും ഇന്നും പരാതിയുള്ളൂ.

മാവോയിസവും ഇടത് രാഷ്ട്രീയവുമെല്ലാം വീണ്ടും ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോള്‍ സമര തീഷ്ണമായ കാലത്തെക്കുറിച്ചും ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചും അഴിമുഖവുമായി സംസാരിക്കുകയാണ് പി ടി തോമസ്.നിരവധി ഇംഗ്ലീഷ് പുസ്തകങ്ങള്‍ പി.ടി. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് ഒരു പാരലല്‍ കോളജില്‍ കുറച്ചു കാലം അധ്യാപകനായി ജോലി ചെയ്തു. ഭാര്യയോടും മകളോടുമൊപ്പം ആലക്കോടിനടുത്ത് എഴുത്തും വായനയുമായി കഴിയുകയാണ് തന്റെ വൈയക്തികാനുഭവമോ, ഏറ്റുവാങ്ങിയ പിഡനങ്ങളോ ഗൃഹാതുര സ്മരണയോടെ ഓര്‍ത്തെടുക്കാന്‍ പി ടി തോമസ് തയ്യാറാകുന്നുമില്ല. പൊലീസ് മര്‍ദനങ്ങള്‍ മൂലമുണ്ടായ ശാരീരിക പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പി.ടി. ചിരിച്ചു.. പിന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു ''എന്റെ ശരീരം അതിനെയെല്ലാം സ്വയം പരിഹരിച്ചു, അങ്ങനെയുള്ള ഒരു ശരീരമാണിത്' പിന്നീട് പി ടി തോമസ് രാഷ്ട്രീയം സംസാരിച്ചു തുടങ്ങി. തീവ്ര ഇടതുരാഷ്ട്രീയത്തെക്കുറിച്ചും, പരിസ്ഥിതി സമരങ്ങളെക്കുറിച്ചും, വര്‍ത്തമാന കാലത്തെ വര്‍ഗസമരങ്ങളെക്കുറിച്ചും, ഇടതുരാഷ്ടീയത്തിന്റെ പ്രസക്തിയെക്കുറിച്ചും. പി ടി തോമസുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ കേരളത്തില്‍ നക്‌സലൈറ്റുകള്‍ മുന്നോട്ടുവച്ചത് പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തന രീതിയ്ക്ക് എന്തെങ്കിലും ഇപ്പോഴെന്തെങ്കിലും പ്രസക്തിയുണ്ടോ? കേരളത്തിന്റെ സാമൂഹ്യ പരിസ്ഥിതി ആകെ മാറിപ്പോയി. ഇടത്തരക്കാരുടെ ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്നുള്ളത്.കുടുംബം മുതല്‍ കൂട്ടായ്മകള്‍ വരെ ഇന്ന് പഴയതുപോലെയല്ല. നക്‌സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനം പ്രയാസമുണ്ടാക്കുന്ന ഒരേര്‍പ്പാടാണ് .ഏറെ ത്യാഗം അതിനാവശ്യമുണ്ട്. ഇന്ന് ഒരൊറ്റ ദിവസം ലോക്കപ്പില്‍ കിടക്കാന്‍ പോലും ആള്‍ക്കാര്‍ക്ക് വയ്യ. അന്ന് കോടതികളെ ബഹിഷ്‌കരിക്കാനും ജാമ്യം കിട്ടിയാലും വേണ്ടെന്നു പറയാനും നക്‌സലൈറ്റുകള്‍ തയ്യാറായിരുന്നു. ഉത്തരേന്ത്യയില്‍ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന പ്രദേശങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയല്ല കേരളത്തിലുള്ളത്. ആശയത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ചില ആളുകളിലൂടെയാണ് ഇത്തരം മൂവ്‌മെന്റുകള്‍ ഇത്രയും കാലം നിലനിന്നത് എന്ന്നക്‌സലൈറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. ജീവിതം ദുരിതപൂര്‍ണമാകുകയും മുന്നോട്ടു പോകാനുള്ള എല്ലാ വഴികളും അടയുകയും ചെയ്യുമ്പോള്‍ മാത്രമേ ആളുകള്‍ സമരങ്ങള്‍ക്ക് തയ്യാറാകൂ. ഝാര്‍ഖണ്ഡും ഛത്തീസ്ഗഡുമെല്ലാം എത്രയോ നാളുകളായി വന്‍കിട ഖനന മാഫിയകളുടെ കയ്യിലാണ്. ഭരണകൂടം ഖനനക്കാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംഘടിക്കുക മാത്രമേ മാര്‍ഗമുളളൂ . ഇവിടെയും ജനകീയ സമരങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേരളത്തിലെ പരിസ്ഥിതി സമരങ്ങള്‍ മിക്കതും അത്തരത്തിലാണ്. കുടിവെള്ളം മുട്ടുമ്പോഴും മണ്ണിടിയല്‍ ഭീതിയുണ്ടാകുമ്പോഴും ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ അടയുമ്പോഴും ആളുകള്‍ സമരരംഗത്തേക്കു വരുന്നു. ചൂഷണം വല്ലാതെ കൂടുമ്പോള്‍ പ്രതിരോധങ്ങളുണ്ടാകും. പ്രകൃതി വിഭവങ്ങളുടെ മേല്‍ മുന്‍പില്ലാത്തത്രയും കോര്‍പ്പറേറ്റ് കണ്ണ് ഇന്ന് പതിയുന്നുണ്ട്. വിഭവങ്ങളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് അവരുടെ ആര്‍ത്തിയും കൂടിക്കൊണ്ടിരിക്കും. രാജ്യത്ത് കോണ്‍ഗ്രസ് കാലത്തേക്കാളും എത്രയോ അധികമാണ് ബി.ജെ.പിക്കാലത്ത് ഈ കോര്‍പ്പറേറ്റ് ചങ്ങാത്തം. കോര്‍പ്പറേറ്റുകള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ . ഖനന മാഫിയകളുമായുള്ള ബന്ധത്തില്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്നവരും ഇതില്‍ നിന്ന് വ്യത്യസ്തരല്ല. ഉത്തരേന്ത്യയില്‍ കല്‍ക്കരിയും ഇരുമ്പുമൊക്കെയാണെങ്കില്‍ ഇവിടെ കരിങ്കല്ലാണെന്നു മാത്രം. പശ്ചിമഘട്ടത്തിലെ അതി ദരിദ്രരായ വനാശ്രിത സമൂഹങ്ങള്‍ തന്നെയാണ് ഇതിന്റെയെല്ലാം ഇരകള്‍. പ്രാചീന കാലം മുതല്‍ തന്നെ കാടുമായി ഇണങ്ങി ജീവിച്ച മനുഷ്യരാണവര്‍. ഒരു കാലത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിച്ച ആ മനുഷ്യരുടെ ഇന്നത്തെ സ്ഥിതി ഏറെ ശോചനീയമാണ്. മാവോയിസ്റ്റ് ബന്ധമൊക്കെ ആരോപിക്കാന്‍ പൊലീസിന് വളരെ എളുപ്പമാണ്. വ്യക്തമായി തിരിച്ചറിഞ്ഞിട്ടൊന്നുമല്ലല്ലോ ഈ വെടിവയ്പുകള്‍ നടക്കുന്നത്. സംശയത്തിന്റെ പേരില്‍ ആരെയും വെടിവയ്ക്കാം എന്ന സ്ഥിതിയുണ്ട്. പിന്നീട് കഥകള്‍ മെനയാന്‍ എളുപ്പമാണല്ലോ . ഇടതുപക്ഷ രാഷ്ട്രീയമാണോ ഇത്തരത്തിലുള്ള നയപരിപാടികള്‍ക്ക് എതിരു നില്‍ക്കുന്നത്. ഇടതുപക്ഷത്തെ ശത്രുവായി തന്നെയാണോ ഭരണകൂടം കാണുന്നത്? മൂലധനത്തിന്റെ സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന എന്തിനേയും ഇന്നത്തെ ഭരണകൂടം ഭയക്കുന്നുണ്ട്. കാരണം മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കിന് വഴിയൊരുക്കുകയാണ് ഇന്ന് ഭരണകൂടത്തിന്റെ പണി. അതിനിടയില്‍ അവര്‍ കാണുന്ന ഒരേയൊരു ശത്രു ഇടതു പക്ഷമാണ്. ഇടതുപക്ഷ രാഷ്ട്രീയം എന്നതിനേക്കാള്‍ അതിനെ ഞാന്‍ വിളിക്കുക വെള്ളം ചേര്‍ക്കാത്ത കമ്യൂണിസം എന്നാണ് . വെളളം ചേര്‍ക്കാത്ത കമ്യൂണിസത്തെ മുതലാളിത്ത ലോകം എന്നും ഭയന്നിട്ടുണ്ട്. കാരണം അത് തൊഴിലാളി വര്‍ഗം അധികാരം പിടിച്ചെടുക്കുന്നതിനെ സ്വപ്നം കാണുന്നു. വെള്ളം ചേര്‍ത്ത കമ്യൂണിസത്തെ മുതലാളിത്തത്തിന് ഭയമില്ല എന്നു മാത്രമല്ല അവര്‍ക്കത് ഇഷ്ടവുമാണ്. കേരളത്തിലൊക്കെ ഇന്ന് അതാണ് കാണുന്നത്.. ഭയമുള്ളതുകൊണ്ടു തന്നെ ഭരണകൂടം ഏത് രീതിയിലും കമ്യൂണിസ്റ്റ് ആശയങ്ങളെ അടിച്ചമര്‍ത്തും. ഒരു തീവ്രവാദവുമില്ലാതെ തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്യുന്നവരെ പോലും കൊന്നുകളയുകയാണ്. ബോംബെയിലെ തൊഴിലാളി യൂണിയന്‍ നേതാക്കളും ഖനിത്തൊഴിലാളികളെ സംഘിപ്പിച്ച് സമരം ചെയത ശങ്കര്‍ ഗുഹ നിയോഗിയെല്ലാം ഇത്തരത്തിലാണ് കൊല്ലപ്പെടുന്നത്. പലപ്പൊഴും കൊല്ലപ്പെടുന്ന വലിയ വലിയ നേതാക്കളുടെ കാര്യം മാത്രമേ നാം അറിയുന്നുണ്ടാകൂ. ജനാധിപത്യം എന്നു നാം പറയുന്നു എങ്കിലും ജനാധിപത്യമില്ല. വോട്ടു ചെയ്യുന്നു, കുറേ പേരെ അധികാരത്തിലെത്തിക്കുന്നു എന്നതിനപ്പുറം ഈ രാജ്യത്ത് എന്ത് ജനാധിപത്യമാണുള്ളത് ? സമൂഹത്തെയാകെ സൈനികവല്‍ക്കരിക്കുകയാണ്. വര്‍ഗ വൈരുദ്ധ്യങ്ങള്‍ പടിപടിയായി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനെ സങ്കീര്‍ണമാക്കുന്ന മറ്റനേകം ഘടകങ്ങള്‍ ഇന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ന് മൂലധനം മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് മതവും കൂടിയാണ്. മതത്തെയും സങ്കുചിത ദേശീയ വാദത്തെയും കൂട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ദേശീയ വാദം സാമ്രാജ്യത്വ വിരുദ്ധമായ ഒരാശയമല്ല ഇന്ന്. ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചു കൊണ്ടുപോയതിന്റെ എത്രയോ മടങ്ങ് സമ്പത്ത് ഇന്ന് ഈ രാജ്യത്തു നിന്നും കൊള്ളയടിക്കപ്പെടുന്നുണ്ട്. കൊളോണിയല്‍ കാലത്തേതിനേക്കാളും ചൂഷണം എളുപ്പമാക്കുകയാണ് സാങ്കേതിക വിദ്യകള്‍ ചെയ്തത്. കൊളോണിയല്‍ കാലത്ത് അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ് കൊണ്ടുപോയതെങ്കില്‍ ഇന്ന് ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ച ശേഷമുള്ള ലാഭം കൂടി കൊണ്ടു പോകുന്നു. പ്രതിരോധത്തിന്റെ, ചെറുത്തുനില്‍പിന്റെ, പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം മാര്‍ക്‌സിസമാണ്, അത് കാലഹരണപ്പെടില്ല. അന്നത്തെ നക്‌സലൈറ്റ് രാഷ്ട്രീയ പ്രര്‍ത്തനം ശരിയാണെന്ന് ഇന്ന് തോന്നുന്നുണ്ടോ ? അന്ന് ചെയ്തതെല്ലാം അന്നത്തെ ശരികളായിരുന്നു. ഇന്നത് സാധ്യമായേക്കില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞു. വര്‍ഗസമരത്തിന് ഒരു പാട് രൂപങ്ങളുണ്ടല്ലോ. പാര്‍ലമെന്റില്‍ പോകുന്നതും വര്‍ഗസമരമാണ്. പക്ഷേ പാര്‍ലമെന്റാണ് ആത്യന്തിക ലക്ഷ്യം എന്നു വരുന്നതാണ് പ്രശ്‌നം. അധികാരത്തിലെത്തിയാല്‍ എല്ലാവരും ചൂഷണ വ്യവസ്ഥിതിയോട് ഒട്ടി നില്‍ക്കും എന്നതാണ് അവസ്ഥ. ഞങ്ങളെല്ലാം നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇത്തരമൊരു ചിന്ത ഇല്ലായിരുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാവരും ഒന്നു തന്നെയാണ് എന്നത് അനുഭവത്തിലൂടെയാണ് പഠിക്കുന്നത്. യഥാര്‍ത്ഥത്തില്‍ റഷ്യയിലെന്താണ് നടക്കുന്നത് എന്നു പോലും അടുത്ത കാലത്താണ് പലരും അറിയുന്നത്. റഷ്യയ്‌ക്കെന്തോ കുഴപ്പമുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ ചൈനയിലായി പ്രതീക്ഷ. ചൈനയില്‍ നടക്കുന്നതെന്താണെന്നും ഇന്ന് നാമറിയുന്നുണ്ട്. തൊഴിലാളികളിലായാലും സര്‍വാധികാരവും കേന്ദ്രീകരിക്കപ്പെടുമ്പോള്‍ കുഴപ്പങ്ങളുണ്ടാകും എന്ന് അന്ന് മനസ്സിലായിരുന്നില്ല. അന്ന് അത്തരത്തില്‍ മാത്രമേ ചിന്തിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അന്ന് സാഹോദര്യമായിരുന്നു വിപ്ലവത്തിന്റെ ഊര്‍ജം. അധികാരം കിട്ടിക്കഴിയുമ്പോള്‍ അത് ഏതെല്ലാം രീതിയില്‍ പോകും എന്ന് അന്ന് അറിയില്ലായിരുന്നു. അധികാരത്തിന്റെ രാഷ്ട്രീയമെന്നാല്‍ അടിച്ചമര്‍ത്തലാണ്. അതു കൊണ്ടു തന്നെ പോരാളികളായി മാത്രമേ ഒരു വിഭാഗം ആള്‍ക്കാര്‍ കമ്യൂണിസ്റ്റുകാരെ അംഗീകരിക്കുന്നുള്ളൂ. പോരാളികളായിരിക്കുമ്പോള്‍ മാത്രമേ അവരെ കമ്യൂണിസ്റ്റുകള്‍ എന്നു വിളിക്കാനാകൂ, അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അവരെ പിന്നെ കമ്യൂണിസ്റ്റുകളായി പരിഗണിക്കാനാകില്ല എന്ന വാദമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്.ഭരണ വര്‍ഗത്തിന്റെ ഭാഗമായിക്കഴിയുമ്പോള്‍ കമ്യൂണിസ്റ്റ് ജീവിത ശൈലി പൂര്‍ണമായും കൈവെടിയേണ്ടി വരികയാണ് പലര്‍ക്കും . അതു കൊണ്ടാണ് പുതിയ കാലത്തെ പല കമ്യൂണിസ്റ്റു നേതാക്കള്‍ക്കും അമേരിക്കയില്‍ ചികിത്സയ്ക്കു പോകേണ്ടി വരുന്നത്. അധികാരത്തിലെത്തിയാലുള്ള ഈ കുഴപ്പങ്ങളെ കുറിച്ച് നക്‌സലൈറ്റ് കാലത്ത് ഒന്നും മനസിലായിരുന്നില്ല. പുതിയ കാലത്ത് ഉയര്‍ന്നു വരുന്ന സമരങ്ങളെ എങ്ങനെ കാണുന്നു ഇന്ന് പുതിയ ഒരു പാട് പ്രശ്‌നങ്ങളുണ്ട്. ഈ ജീവഗോളത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന അതിസങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. വിഭവ ദാരിദ്ര്യം മനുഷ്യരാശിയെ തുറിച്ചു നോക്കുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. ലോകത്ത് നടക്കുന്ന സമരങ്ങളില്‍ ഏറിയ പങ്കും ഇന്ന് പ്രകൃതി വിഭവങ്ങളുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട സമരങ്ങളാണ്. മറ്റെല്ലാവരേയും പോലെ നക്‌സലൈറ്റുകള്‍ക്കും ആദ്യകാലത്ത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ മനസിലായിരുന്നില്ല. അതവരുടെ കുറ്റമല്ല, കാരണം അന്നിത്ര മാത്രം സങ്കീര്‍ണമായിരുന്നില്ല പ്രശ്‌നങ്ങള്‍. പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരം , മാവൂര്‍ ഗ്വാളിയര്‍ റെയോണ്‍സിനെതിരായ സമരം, അക്കേഷ്യാ വിരുദ്ധ സമരം എന്നിവയെല്ലാം നകസലൈറ്റുകളുടെ കൂടി പങ്കാളിത്തത്തോടെ നടന്ന സമരങ്ങളാണ്. അക്കേഷ്യാ തോട്ടങ്ങളുടെ നിര്‍മാണം ഒരു ലോകബാങ്ക് പദ്ധതി എന്ന നിലയിലാണ് എതിര്‍ക്കപ്പെട്ടത്. സമരത്തിനിടയിലാണ് അതിന്റെ പാരിസ്ഥിതിക വശങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്. നകസലൈറ്റുകള്‍ അടഞ്ഞ ചിന്തയുള്ള മനുഷ്യരായിരുന്നില്ല. സ്വതന്ത്രമായി എന്തിനെയും പഠിക്കാന്‍ തയ്യാറുള്ളവരും ശേഷിയുള്ളവരുമായിരുന്നു. അത്യാവശ്യം വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരായിരുന്നു മിക്കവാറും എല്ലാവരും . സി പി എമ്മിനെ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് പരിസ്ഥിതി പ്രശ്‌നങ്ങള്‍ പോലുള്ള പുതിയ വിഷയങ്ങള്‍ ഇന്നും മനസിലാകാത്തതും പഴയകാല നെകസലൈറ്റുകള്‍ പലരും പിന്നീട് പരിസ്ഥിതി സമരങ്ങളുടെയൊക്കെ മുന്‍നിരയിലേക്ക് വന്നതും അതുകൊണ്ടുതന്നെയാകണം. സംഘടനാ ചട്ടക്കൂട് ഉണ്ടെങ്കിലും അതിന് ഒരു ഉരുക്ക് സ്വഭാവം ഇല്ലായിരുന്നു. ചാരു മജുംദാറിന്റെ നിര്‍ദ്ദേശങ്ങള്‍ തന്നെ പരമാവധി കേന്ദ്രത്തില്‍ നിന്നുമുള്ള ആധിപത്യവും നിയന്ത്രണവും കുറച്ചു കൊണ്ടുള്ളവയായിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ക്ക് ചെയ്യാം ,എന്നാല്‍ അത് പൊതു ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുന്നതായിരിക്കണം എന്നതായിരുന്നു ആദ്യം കമ്യൂണിസ്റ്റുകളുടെ നിലപാട്. കമ്യൂണിസ്റ്റ് പാര്‍ടികള്‍ അത്തരത്തില്‍ അല്ലാതായത് അധികാരം കിട്ടിയതിനു ശേഷമാണ്. ഞാന്‍ സംഘടനാ ചട്ടക്കൂടിന്റെ ഭാഗമായിരുന്നില്ല,പക്ഷേ ഞാന്‍ അതിനകത്താണ്. മുഖ്യധാരാ ഇടതുപക്ഷം എന്നറിയപ്പെടുന്ന സി പി എമ്മിനെ പോലുള്ള പാര്‍ടികള്‍ക്ക് തൊഴിലാളി വര്‍ഗം എന്ന ആശയം തന്നെ കൈമോശം വന്നിട്ടുണ്ട്. ഡോക്റ്റര്‍മാരെയും അധ്യാപകരെയും മറ്റ് ഉദ്യോഗസ്ഥരെയും തൊഴിലാളി വര്‍ഗമായി പരിഗണിക്കുന്നിടത്തു തന്നെ അവര്‍ക്ക് പാളിച്ച പറ്റുന്നു. കായികാധ്വാനം ചെയ്ത് പ്രാഥമിക ഉല്‍പാദന പ്രക്രിയയില്‍ ഭാഗമാകുന്നവരാണ് യഥാര്‍ത്ഥത്തില്‍ തൊഴിലാളി വര്‍ഗം. ഇന്നത്തെ കാലത്ത് ഇടതുപക്ഷ രാഷ്ട്രീയം പ്രസക്തമാകുന്നത് എങ്ങനെയാണ്? ഇടത് മൂവ്‌മെന്റുകള്‍ക്കു മാത്രമേ ഭാവിയുള്ളൂ. വിഭവങ്ങള്‍ക്കായുള്ള സംഘര്‍ഷങ്ങള്‍ പെരുകി വരികയാണ്. പ്രശ്‌നങ്ങള്‍ കൂടി വരുമ്പോള്‍ സമരങ്ങള്‍ ഉയര്‍ന്നു വരും. സി പി എമ്മിലൊക്കെയുള്ള ചെറുപ്പക്കാര്‍ ടീ ഷര്‍ടിലെ ചെഗുവേരയുടെ ചരിത്രം പഠിക്കുകയും അതും ഈ പാര്‍ടിയും തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ എന്ന് തിരിച്ചറിയുകയും ചെയ്യും. ലോകത്തിലെവിടെ നടന്ന വിപ്ലവവും ചരിത്രത്തില്‍ നിന്നും മായ്ക്കപ്പെടില്ല .അത് മായ്ക്കാനാണ് പലരും ശ്രമിക്കുന്നത്.

Next Story

Related Stories