സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് ഒരാഴ്ചക്കിടെ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തതായി എൻഐഎ. ഈയാഴ്ച ആറിടങ്ങളിൽ തിരച്ചിൽ നടത്തിയതായും എൻഐഎ അറിയിച്ചു. കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷണം ഊർജ്ജിതമായി മുന്നോട്ടുപോകുന്നതായും എൻഐഎ അറിയിച്ചു.
ജൂലായ് 30ന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശി എ എം ജലാൽ, മലപ്പുറം വേങ്ങര സ്വദേശി സെയ്ദ് അലവി എന്നിവരെ. നേരത്തെ അറസ്റ്റ് ചെയ്തിരുന്ന കെ ടി റമീസുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തിയതായി എൻഐഎ കണ്ടെത്തിയിരുന്നു. ജൂലായ് 31ന് മലപ്പുറം അയിക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി, കോട്ടക്കൽ സ്വദേശി പി ടി അബ്ദു എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 1ന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ജലാലിനെ സഹായിച്ചതായും ഗൂഢാലോചനയുടെ ഭാഗമായതായും കണ്ടെത്തി. കടത്തിയ സ്വർണം തിരുവനന്തപുരത്ത് കെ ടി റമീസിൽ നിന്ന് വാങ്ങിയത് ഇവരായിരുന്നു. ഇവരാണ് സ്വർണം വിതരണം ചെയ്തതും. മുഹമ്മദ് അലി പോപ്പുലർ ഫണ്ട് അംഗമാണ്. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികളിലൊരാളായിരുന്നു. കൈവെട്ട് കേസിൽ 2015ൽ ഇയാളെ കോടതി വെറുതെവിട്ടിരുന്നു.
ഇന്ന് (ഓഗസ്റ്റ് 2) എൻഐഎ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ തിരച്ചിൽ നടത്തി. ജലാലിന്റെ മൂവാറ്റുപുഴയിലെ വീട്, കെ ടി റമീസിന്റേയും മുഹമ്മദ് ഷാഫിയുടേയും സെയ്ദ് അലവിയുടേയും പി ടി അബ്ദുവിന്റേയും വീടുകളിൽ റെയ്ഡ് നടത്തി. രണ്ട് ഹാർഡ് ഡിസ്കുകൾ, ഒരു ടാബ്ലറ്റ്, 8 മൊബൈൽ ഫോണുകൾ, 6 സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ, മറ്റ് രേഖകൾ, ബാങ്ക് പാസ് ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, യാത്രാരേഖകൾ, പ്രതികളുടെ തിരിച്ചറിയൽ രേഖകൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു. സ്വർണക്കടത്ത് കേസിൽ 10 പേരെയാണ് എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്.