സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ സംസ്ഥാനത്ത് സമര പരമ്പരകള്‍ തുടരുകയാണ്. മന്ത്രിമാരായ കെടി ജലീലിന്റേയും ഇപി ജയരാജന്റേയും രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങള്‍. കഴിഞ്ഞ അഞ്ച് ദിവങ്ങളായി തുടരുന്ന പ്രതിഷേധങ്ങളില്‍ സംസ്ഥാനത്തെ മിക്ക പ്രതിപക്ഷ യുവജന, മഹിളാ സംഘടനകളും തെരുവിലുണ്ട്. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും കനത്ത മഴയും വകവയ്ക്കാതെയാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. മാര്‍ച്ചുകള്‍ സംഘര്‍ഷത്തിലേക്കും ലാത്തിച്ചാര്‍ജ്ജിലേക്കും എത്തുന്ന സാഹചര്യമായിരുന്നു ഇന്നും മിക്കയിടങ്ങളിലും.
എബിവിപി, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് സഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് ഉള്‍പ്പെടെയായിരുന്നു മാര്‍ച്ച്. മലപ്പുറത്ത് യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പൊലീസ് ലാത്തി വീശി. പാലക്കാട് ബാരിക്കേഡ് മറികടന്ന് കലക്ട്രേറ്റ് വളപ്പിലേയ്ക്ക് കടന്ന മൂന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു. നിക്ഷേപ തട്ടിപ്പ് കേസില്‍ രാജി ആവശ്യപ്പെട്ട് എംസി കമറുദീന് എംഎല്‍എയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.
കൊച്ചി കമ്മിഷണര്‍ ഓഫിസിലേയ്ക്ക് കെഎസ് യു നടത്തിയമാര്ച്ചിലും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
അതേസമയം, കേരളത്തിലെ വിവാദങ്ങളും പ്രതിഷേധങ്ങളും ദേശീയ തലത്തിലേക്ക് എത്തിക്കാനുള്ള നീക്കവും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് നടപടിയില്‍ ഉള്‍പ്പെടെ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയിലെ കേരള ഹൗസിലേക്കും ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് ബിജെപി ദക്ഷിണേന്ത്യന്‍ സെല്ലിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്.