TopTop
Begin typing your search above and press return to search.

മാധ്യമ-അഭിഭാഷക സംഘര്‍ഷം: ജസ്റ്റിസ് മുഹമ്മദ് കമ്മിഷന്റെ കാലാവധി നീട്ടിയത് എട്ടാം തവണ; ചെലവ് 1.85 കോടി; പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല

മാധ്യമ-അഭിഭാഷക സംഘര്‍ഷം: ജസ്റ്റിസ് മുഹമ്മദ് കമ്മിഷന്റെ കാലാവധി നീട്ടിയത് എട്ടാം തവണ; ചെലവ് 1.85 കോടി; പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല

കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ല കോടതി പരിസരത്തും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിഷന്റെ കാലാവധി നീട്ടുന്നത് എട്ടാം തവണ. 2016-ല്‍ നിയോഗിച്ച ഏകാംഗ കമ്മിഷന് മൂന്നു മാസത്തേക്ക് കൂടി നീട്ടാനാണ് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. 2019 നവംബര്‍ 13 ന് കമ്മിഷന്‍ കാലാവധി അവസാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നതാണ്. അതിനകം തന്നെ അഞ്ചു തവണയായി 30 മാസം കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ 2019 നവംബറിനുശേഷം രണ്ടുതവണ കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ എട്ടാംതവണയും കാലാവധി നീട്ടിയിരിക്കുന്നത്. 1,84,76,933 രൂപയാണ് ഇതുവരെ കമ്മീഷന് വേണ്ടി സർക്കാർ ചിലവാക്കിയത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികളാണ് കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ചെലവാക്കിയിട്ടുള്ളത്. മൂന്നര വര്‍ഷം കഴിയുമ്പോഴും പ്രാഥമിക മൊഴിയെടുക്കലുകളല്ലാതെ, സംഭവത്തില്‍ ഇതുവരെ പ്രാഥമിക റിപ്പോര്‍ട്ട് പോലും കമ്മിഷന്‍ സമര്‍പ്പിച്ചിട്ടില്ലെന്നതാണ് വസ്തുത. കാര്യമായ സിറ്റിങ്ങുകളോ തെളിവെടുപ്പുകളോ ഇക്കാലയളവില്‍ കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം. പ്രാഥമികമായൊരു റിപ്പോര്‍ട്ട് പോലും വര്‍ഷങ്ങളെടുത്തിട്ടും നല്‍കാന്‍ കഴിയാത്ത കമ്മീഷന് വീണ്ടും വീണ്ടും കലാവധി നീട്ടി കൊടുക്കുന്നതെന്തിനെന്ന് സർക്കാർ വിശദീകരിച്ചിട്ടില്ല.

2016 നവംബര്‍ 8 ആം തീയതിയിലെ എസ് ആര്‍ഒ നം.686/2016 വിജ്ഞാപനം അനുസരിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം അന്വേഷിക്കാന്‍ കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റീസ് പി എ മുഹമ്മദിനെ കമ്മിഷനായി നിയമിക്കുന്നത്. 2019 ജൂണ്‍ 20വരെയുള്ള കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി എണ്‍പത്തിനാല് ലക്ഷത്തി എഴുപത്താറായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപ(1,84,76,933) രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 2019 ജൂണ്‍ 27 ന് കെ സി ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായ വിജയന്‍ നല്‍കിയ മറുപടിയിലായിരുന്നു ജ. മുഹമ്മദ് കമ്മിഷന് വേണ്ടി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയതിന്റെ കണക്ക് പുറത്തു വന്നത്. എന്തിനാണ് ഇത്രയും തുക ചെലവഴിച്ചതെന്നതിനെ കുറിച്ച് യാതൊരു വിശദീകരണവും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായില്ല. ഇത്രയും കാലത്തിനിടയില്‍ ജ.മുഹമ്മദ് കമ്മിഷന്‍ താന്‍ നിയോഗികപ്പെട്ട ചുമതലയിലിരുന്ന് എന്തൊക്കെ ചെയ്തുവെന്നതും അജ്ഞാതമാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങളിലൊന്നും ഇതുവരെ യാതൊരു വ്യക്തതയും പൊതുസമൂഹത്തിന് നല്‍കിയിട്ടില്ല.

ആറു മാസം കൊണ്ട് അറുപത് ലക്ഷത്തോളം രൂപ ചെലവാക്കുന്ന തരത്തിലാണ് ജ. മുഹമ്മദ് കമ്മിഷന്‍ മുന്നോട്ടു പോകുന്നതെന്നതിനും സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിവാണ്. 2018 ഡിസംബറില്‍ വി ഡി സതീശന്‍ എംഎല്‍എ ഇതേ കാര്യത്തില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയനുസരിച്ച് 1,21,44,418(ഒരുകോടി 21 ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി നാന്നൂറ്റി പതിനെട്ട്)രൂപയാണ് കമ്മിഷന് ചെലവായത്. അപ്പോഴേക്കും കമ്മിഷന്‍ നിയോഗിക്കപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ആ സമയത്തിനുള്ളില്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 2018 ഡിസംബറില്‍ നിന്നും 2019 ജൂണ്‍ 20 ആയപ്പോഴേക്കും കമ്മിഷന്‍ ചെലവ് 1,84,76,933 ആയി. ആറുമാസം കൊണ്ട് കമ്മിഷന്‍ ചെലവാക്കിയത് 63,32,515(അറുപത്തിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്റി പതിനഞ്ച്) രൂപ. കമ്മിഷന്‍ എന്ത് ചെയ്തു എന്ന് സര്‍ക്കാരിനുപോലും നിശ്ചയമില്ലാത്തകാര്യത്തിനാണ് പൊതുഖജനാവില്‍ നിന്നും ഇത്രയും തുക ചെലവഴിച്ചത്. വീണ്ടും ആറു മാസം കഴിഞ്ഞ് ക്മ്മിഷന്‍ കാലാവധി പിന്നെയും നീട്ടി നല്‍കിയിരിക്കുമ്പോള്‍ ഇതിനിടയില്‍ എത്ര ലക്ഷം രൂപ കൂടി ചെലവായിട്ടുണ്ടെ്ന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതുവരെ ചെലവായതും ഇനിയുള്ള മൂന്നു മാസത്തേക്ക് കൂടി ചെലവാക്കാനുള്ള തുകയും ചേര്‍ത്താല്‍ ഇപ്പോള്‍ പുറത്തു വന്ന കണക്കിന്റെ ഇരട്ടിയായിരിക്കുമെന്നാണ് പൊതുപ്രവര്‍ത്തകരും അഭിഭാഷകരും രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്. കാര്യമായ പ്രയോജനം കിട്ടാതെ കോടികള്‍ ഖജനാവില്‍ നിന്നെടുത്ത് ചെലവഴിച്ച് നിയോഗിക്കുന്ന ജുഡീഷ്യല്‍ കമ്മിഷനുകളുടെ മറ്റൊരു ഉദ്ദാഹരണമായിട്ടാണ് ജ. പി എ മുഹമ്മദ് കമ്മിഷനെയും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

എട്ടുവര്‍ഷക്കാലം കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് പി എ മുഹമ്മദ് ഇതാദ്യമായല്ല സര്‍ക്കാര്‍ നിയോഗിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ തലവനാകുന്നത്. 2000 ല്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജ. മുഹമ്മദ് 2000-01 കാലയളവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാനായിയിരുന്നു. ഇതിനുശേഷമാണ് സ്വാശ്രയ കോളേുകളുമായി ബന്ധപ്പെട്ട ഫീ റെഗുലേറ്ററി കമ്മിഷനാകുന്നത്.ജ. മുഹമ്മദ് ഏഴു വര്‍ഷമായിരുന്നു ആ ചുമതലയിലിരുന്നത്. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട അഴിമതി തടയുന്നതിനു വേണ്ടി സുപ്രീം കോടതി നിര്‍ദേശപ്രകാരം നിയോഗിച്ചതായിരുന്നു ഫീ റെഗുലേറ്ററി കമ്മിഷന്‍. വിരമിച്ചശേഷവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളോളമായി വിവിധ അധികാര സ്ഥാനങ്ങളില്‍ ഇപ്പോഴും തുടരുകയാണ് ജസ്റ്റിസ് പി.എ മുഹമ്മദ്.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories