TopTop
Begin typing your search above and press return to search.

വരുന്നത് 184 രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍, ഗള്‍ഫില്‍ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 1.10 ലക്ഷം പേര്‍; കേരളം സജ്ജം

വരുന്നത് 184 രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍, ഗള്‍ഫില്‍ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 1.10 ലക്ഷം പേര്‍; കേരളം സജ്ജം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി ഇതുവരെ നോര്‍ക്ക റൂട്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2,68,000 പ്രവാസികള്‍. 184 രാജ്യങ്ങളിലുള്ള പ്രവാസി മലയാളികള്‍ നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ -1,08,000 പേര്‍. ഇതില്‍ യുഎഇയില്‍ നിന്നു മാത്രം 35,000 പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. രണ്ടു മുതല്‍ അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ രജിസ്‌ട്രേഷന്‍ ഇനിയും ഉയരുമെന്നാണ് നോര്‍ക്ക് റൂട്‌സ് അധികൃതര്‍ പറയുന്നത്. മുന്‍ഗണന അനുസരിച്ചായിരിക്കും മടക്കി കൊണ്ടുവരേണ്ടവരുടെ ലിസ്റ്റ് തയ്യറാക്കുന്നത്. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, കൊറോണയല്ലാത്ത മറ്റ് രോഗങ്ങള്‍ ബാധിച്ചവരും ചികിത്സയാവശ്യമുള്ളവരും, വിസ കാലവാധി കഴിഞ്ഞിട്ടും അതാത് രാജ്യങ്ങളില്‍ തങ്ങേണ്ടി വരുന്നവര്‍, കേസുകളില്‍ കുടുങ്ങിയതുമൂലം രാജ്യം വിട്ടുപോരേണ്ടവരായിട്ടും അതിന് സാധിക്കാത്തവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. മടക്കി കൊണ്ടുവരുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണം. സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്കും ക്വാറന്റൈനും സജ്ജീകരണം ഒരുക്കും.

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ആളുകള്‍ തിരക്കു കൂട്ടുമ്ബോള്‍ തന്നെ പല പരാതികളും ഇതിനൊപ്പം ഉയരുന്നുണ്ട്. ചില അവ്യക്തതകള്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു കുടുംബത്തിന് ഒരു രജിസ്‌ട്രേഷന്‍ ഫോം ഉപയോഗിക്കാന്‍ ആകില്ല. ഒരു വീട്ടില്‍ നിന്നും എത്രപേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവോ അവരെല്ലാവരും തന്നെ പ്രത്യേകം പ്രത്യേകം ഫോമുകള്‍ ഉപയോഗിക്കണം. മുന്‍ഗണന പ്രകാരമാണ് ആളുകളെ എത്തുക്കുന്നത് എന്നതിനാല്‍ ഒരേ വീട്ടില്‍ നിന്നുള്ളവരാണെങ്കിലും എല്ലാവര്‍ക്കും വരാന്‍ ഈ നിബന്ധന മൂലം കഴിയില്ല. ഇത് ആശങ്കയ്ക്കും പരിഭ്രാന്തികള്‍ക്കും കാരണമാകുമെന്നാണ് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍ഗണയനുസരിച്ച്‌ മാത്രമാണ് മടക്കി കൊണ്ടുവരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് പറയുമ്ബോള്‍ തന്നെ ഗര്‍ഭിണിയാണോ വയോജനമാണോ എന്ന് രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ ഇല്ലെന്നതാണ് മറ്റൊരു പരാതി. ഫോമില്‍ ഇക്കാര്യം രേഖപ്പെടുത്താതെ രജിസ്റ്റര്‍ ചെയ്തവരെ എങ്ങനെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ചോദ്യം. മറ്റൊരു പരാതി ഫോമില്‍ എഡിറ്റിംഗ് ഓപ്ഷന്‍ ഇല്ലെന്നതാണ്. ഫോമില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങളില്‍ എന്തെങ്കിലും തെറ്റ് വന്നാല്‍ അവ തിരുത്താനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയുന്നില്ല. ഒരിക്കല്‍ സേവ് ചെയ്തു പോയാല്‍ ആ ഡേറ്റയായിരിക്കും രജിസ്‌ട്രേഷന്‍ വിവരങ്ങളായി സര്‍ക്കാരിന് കിട്ടുന്നത്. രജിസ്‌ട്രേഷന്‍ വിജയകരമായി എന്നറിയിക്കുന്ന മെയിലോ മെസേജുകളോ കിട്ടുന്നില്ലെന്നതും പ്രവാസികളില്‍ നിന്നുള്ള പരാതികളാണ്.

രജിസ്‌ട്രേഷന്‍ പൂര്‍ണമായി കഴിഞ്ഞാല്‍ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച്‌ ഓരോരുത്തരെയും കോണ്‍ടാക്റ്റ് ചെയ്യുമെന്നാണ് നോര്‍ക്ക റൂട്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തന്നിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്നായിരിക്കും ആദ്യം പരിശോധിക്കുക. ഇപ്പോഴത്തെ അവസ്ഥ, നാട്ടിലേക്ക് മടങ്ങി വരുന്നതിന്റെ കാരണം തുടങ്ങിയ വിവരങ്ങളും ചോദിച്ചറിയും. ഈ പ്രക്രിയകള്‍ക്ക് ശേഷമായിരിക്കും മടക്കിക്കൊണ്ടുവരേണ്ടവരുടെ ഒരു കാറ്റഗറി നിശ്ചയിക്കുന്നത്. അതും കഴിഞ്ഞിട്ടാണ് ആളുകളെ മടക്കി കൊണ്ടുവരുന്ന പ്രവര്‍ത്തിയിലേക്ക് കടക്കൂ. ഇതിനാദ്യം കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതിനായി കാത്തിരിക്കുകയാണ് എന്നും നോര്‍ക്ക ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെയെല്ലാം മടക്കി കൊണ്ടുവരില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എത്രപേര്‍ നാട്ടിലേക്ക് വരും എന്നറിയാനുള്ള ഒരു കണക്കെടുപ്പായാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നത്. വരുന്നവര്‍ക്കെല്ലാം ആവശ്യമായ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കാന്‍ വരുന്നവരുടെ കൃത്യമായൊരു കണക്ക് സര്‍ക്കാരിന് ആവശ്യമാണ്. ഏതൊക്കെ എയര്‍പോര്‍ട്ടുകളില്‍ എത്രപേര്‍ എത്തും, ഓരോരോ ജില്ലകളില്‍ എത്തുന്നവര്‍ എത്രപേര്‍, ഇവര്‍ക്ക് ഏതൊക്കെ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം എത്രത്തോളം സൗകര്യങ്ങള്‍ ഇനിയും ഒരുക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കിട്ടണമെങ്കില്‍ വരുന്നവരുടെ കാര്യത്തില്‍ കൃത്യമായൊരു കണക്ക് സര്‍ക്കാരിന്റെ കൈയില്‍ വേണം. നോര്‍ക്ക റൂട്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വിമാന ടിക്കറ്റ് ബുക്കിംഗിനോ മുന്‍ഗണനയ്‌ക്കോ ഇളവിനോ സൗകര്യം കിട്ടില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

"എത്രയാളുകള്‍ വരുമെന്നതിന്റെ ഏകദേശ കണക്കിന് വേണ്ടിയാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണന അനുസരിച്ചാണ് ആളുകളെ എത്തിക്കുന്നത്. അവര്‍ ഇവിടെ വരുമ്ബോള്‍ ഇവിടെ എല്ലാവിധ സൗകര്യങ്ങളും തയ്യാറായിരിക്കണം. പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടിയാണ് നമ്മളിപ്പോള്‍ കാത്തിരിക്കുന്നത്", നോര്‍ക്ക റൂട്‌സ് റെസിഡന്റ് വൈസ്‌ ചെയര്‍മാന്‍ കെ. വരദരാജന്‍ അഴിമുഖത്തോട് പറഞ്ഞു.

വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവാസികളെ എത്തിക്കുന്നത്. ഓരോ വിമാനത്തവളത്തോടും ചേര്‍ന്ന് പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതാതിടത്തെ പരിശോധനകള്‍ക്കു ശേഷമായിരിക്കും പോസിറ്റീവ് കേസുകളെയും നെഗറ്റീവ് കേസുകളെയും വേര്‍തിരിച്ച്‌ അയയ്ക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ അതാത് വിമാനത്തവളങ്ങളോട് ചേര്‍ന്നുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ ജില്ല അടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിലേക്കോ മാറ്റും. ജില്ലകള്‍ തോറും ക്വാറന്റൈനും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നടത്തുന്ന സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തവരെ വീടുകളിലേക്ക് അയയ്ക്കും. 14 ദിവസം ഇവര്‍ വീടുകളില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം. ഇവരെ വിമാനത്താവളങ്ങളില്‍ നിന്നും വീടുകളിലേക്ക് വിടുന്നതും കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും. ആവശ്യപ്പെടുന്നവര്‍ക്ക് പ്രി-പെയ്ഡ് ടാക്‌സി സൗകര്യം ഒരുക്കും. അല്ലാത്തവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരെയും വാഹനത്തില്‍ അനുവദിക്കില്ല. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ മറ്റു കുടുംബാംഗങ്ങളോട് ഇടപഴകാതെ കര്‍ശനമായി തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. ക്വാറന്റൈന്‍ സമയത്ത് ആരെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സംവിധാനത്തിലേക്ക് ഇവരെ മാറ്റും.


Next Story

Related Stories