TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഇനി മൂന്നു വര്‍ഷം തടവ്; നിയമത്തിന് അംഗീകാരം

സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഇനി മൂന്നു വര്‍ഷം തടവ്; നിയമത്തിന് അംഗീകാരം

സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമഭേദഗതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയതോടെ നിയമം പ്രാബല്യത്തില്‍. നിലവിലുള്ള പോലീസ് നിയമത്തില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്ത ഭേദഗതിയാണ് ഗവര്‍ണര്‍ ഇന്നലെ അംഗീകരിച്ചത്. ഏതെങ്കിലും വിനിമയ മാര്‍ഗത്തിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള തരത്തില്‍ ഉള്ളടക്കം നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും എന്നതാണ് ഭേദഗതി.

പുതിയ നിയമഭേദഗതി പോലീസിന് അമിതാധികാരം നല്‍കുന്നതാണെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനൊപ്പം പുതിയ നിയമം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയയ്ക്കുമോ എന്ന് ആശങ്കയും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ ഭേദഗതിയില്‍ ഒപ്പുവച്ചത്.

എന്താണ് 118-എ?

സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്ന കാലത്ത്, നിലവിലെ നിയമങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് പുതിയ വകുപ്പ് കുട്ടിച്ചേര്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. "2000ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്", എന്നാണ് പുതിയ വകുപ്പ് കൊണ്ടു വരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാദം. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

നമോ ടിവി എന്ന ഓണ്‍ലൈന്‍ ചാനലിന്റെ അവതാരിക നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ പുറത്ത് എടുത്ത കേസില്‍ കുറ്റാരോപിതയയ്ക്ക് ജാമ്യം നല്‍കി 2020 മേയ് മാസത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍, സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിരുന്നു (In such situation, the State has to wake up and legislate appropriate enactments to curtail the social media war. It is the duty of the State to maintain the public order. Moreover, as per the existing penal law itself, such culprits can be booked, for which state police should be vigilant. Therefore the registry of this Court will forward a copy of this order to the Director General of Police and the Chief Secretary of the Government of Kerala for taking appropriate action in accordance to law). കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശം കൂടി കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.

വിമര്‍ശനം

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മാധ്യമ വിമര്‍ശനങ്ങളോട് സ്വീകരിച്ചു പോരുന്ന നിലപാടുകളാണ് പുതിയ വകുപ്പിന്റെ കാര്യത്തിലും സംശയങ്ങള്‍ ഉയര്‍ത്തിയത്. വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ പിആര്‍ഡിയെ ഉപയോഗിച്ചും, പിന്നീട് പോലീസിനെ തന്നെ ഇത്തരമൊരു കാര്യത്തിന് ചുമതലപ്പെടുത്തിയും മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പുതിയ വകുപ്പ് എന്നു പുറമെ പറയുമ്പോഴും 'ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ' ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു പറയുന്നതിലൂടെ പത്ര-ദൃശ്യമാധ്യമങ്ങളെയും നിയമത്തിനുള്ളില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയും. ഇതാണ് ആശങ്കയായി മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത്. "മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമം നടക്കുകയാണ്. നിലവിലെ നിയമങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമാണ്. വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയണമെന്ന് തന്നെയാണ് അഭിപ്രായമെങ്കിലും പുതിയ വകുപ്പിന്റെ പരിധിയില്‍ മാധ്യമങ്ങളെ കൊണ്ടു വരുന്നത് സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ വരുന്നത് തടയാനാണ്", എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്.

2000 ലെ ഐ ടി ആക്ട് 66 എ, 2011 ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) എന്നീ വകുപ്പുകള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു 2015-ല്‍ സുപ്രീം കോടതി രണ്ട് വകുപ്പുകളും ഭരണഘടന വിരുദ്ധമെന്നു പ്രഖ്യാപിച്ച് അവ റദ്ദ് ചെയ്യുന്നത് ('Section 118 (d) of the Kerala Police Act is struck down as being violative of Article 19(1) (a) - that secures to every citizen the freedom of speech and expression not saved by Article 19(2) - which imposes 'reasonable restrictions' on the exercise of the right to freedom of speech and expression 'in the interest of the public,' the bench said. 'Section 118(d) also violates Article 19(1) (a) and not being a reasonable restriction on the said right and not being saved under any of the subject matters contained in Article 19(2) is hereby declared to be unconstitutional'). ഒരു വ്യക്തിയെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് തടയുന്നതായിരുന്നു 2011 ലെ കേരള പൊലീസ് ആക്ട് 118(ഡി). പതിനായിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരുന്നു ശിക്ഷ. ഈ വകുപ്പ് ദുരുപയോഗം നടത്തി സര്‍ക്കാരും ഉദ്യോഗസ്ഥരും പൗരാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി പോകുന്നത്. രണ്ടു വകുപ്പുകളും റദ്ദ് ചെയ്തതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമായ മറ്റൊരു വകുപ്പ് ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍, 118 എ യ്‌ക്കെതിരേ ഉയരുന്ന സംശയങ്ങളില്‍ പ്രധാനം, പുതിയ വകുപ്പ് പ്രകാരം പോലീസിന് സ്വമേധയാ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും (ഇരയാക്കപ്പെട്ട വ്യക്തി തന്നെയാകണമെന്നില്ല) പരാതിയിലോ കേസ് എടുക്കാം എന്നിടത്താണ്. ഇതൊരു കോഗ്‌നിസിബള്‍ ഒഫന്‍സ് (cognizable offence) ആയതിനാല്‍ കുറ്റാരോപിതനെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അന്വേഷണം നടത്താനും പോലീസിന് അധികാരം കിട്ടുന്നുണ്ട്. ഇവിടെയാണ് സര്‍ക്കാരിന് അഹിതമായ വാര്‍ത്തകള്‍ക്കെതിരേ ഈ വകുപ്പ് പ്രയോഗിക്കാനുള്ള സാധ്യത മാധ്യമ പ്രവര്‍ത്തകരടക്കം ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍, ഇതിനൊരു മറുവശം കൂടിയുണ്ടെന്നാണ് മുന്‍ ഡിവൈഎസ്പി സുഭാഷ് ബാബു ചൂണ്ടിക്കാണിക്കുന്നത്. "നിലവിലുള്ള ഐപിസി സെക്ഷന്‍ 499 (അപകീര്‍ത്തി കേസ്) ഇന്ത്യന്‍ നിയമത്തിലെ ഏറ്റവും ദുര്‍ബലമായ വകുപ്പില്‍ ഒന്നാണ്. പൊലീസിന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. പരാതിക്കാരന്‍ നേരിട്ട് കോടതിയെ സമീപിച്ചു വേണം നിയമനടപടികളുമായി മുന്നോട്ടു പോകേണ്ടത്. വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് നീതി നടപ്പാക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ട് തന്നെ പുതിയ വകുപ്പ് പ്രകാരം പരാതിക്കാര്‍ക്ക് നീതി ലഭ്യമാകാനുള്ള സാധ്യതകള്‍ കൂടിയിട്ടുണ്ട്. അതേസമയം തന്നെ ഈ വകുപ്പ് ദുരുപയോഗം ചെയ്യാന്‍ മുന്‍പത്തെപ്പോലെ തന്നെ സാധ്യതകളും ഏറെയാണ്".

നിലവിലുള്ള വകുപ്പുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന സര്‍ക്കാര്‍ വാദത്തിനെതിരേയും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സെക്ഷന്‍ 119-ല്‍ പൊതുവിടങ്ങളില്‍ നടക്കുന്ന അധിക്ഷേപ പ്രചാരണങ്ങളില്‍ കേസ് എടുക്കാം എന്നു പറയുന്നിനാല്‍ (section 119(a) of the Kerala police act will apply only when the police has an allegation that the accused made any sexual gestures or acts degrading the dignity of women in public place) ഇതില്‍ സോഷ്യല്‍ മീഡിയയും ഉള്‍പ്പെടുമെന്നുമാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മൂന്നു വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ആണ് സെക്ഷന്‍ 119 പ്രകാരമുള്ള ശിക്ഷ. അതിനാല്‍ തന്നെ പുതിയൊരു വകുപ്പ് കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യം നിലവില്‍ ഇല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നിയമ മന്ത്രി എ കെ ബാലന്‍ ഇതിനെതിരേ ചൂണ്ടിക്കാണിക്കുന്ന കാര്യം, സെക്ഷന്‍ 119 പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്യണണെങ്കില്‍ പരാതിക്കാരന്‍ വേണമെന്നും പോലീസിന് ഇതില്‍ സ്വമേധയ കേസ് എടുക്കാന്‍ കഴിയില്ലെന്നതും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നിയമം ഫലപ്രദമാകില്ലെന്നാണ്.

സുപ്രീം കോടതി റദ്ദ് ചെയ്ത സെക്ഷന്‍ 118 ഡി, ഐ ടി ആക്ട് സെക്ഷന്‍ 66 എ എന്നിവ തിരിച്ചു കൊണ്ടുവരാനുള്ള മറ്റൊരു മാര്‍ഗമായും 118 എയെ കാണുന്നവരുമുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പഴയ വകുപ്പുകളുടെ ആവര്‍ത്തനം തന്നെയായിരിക്കും പുതിയ വകുപ്പ് എന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ പുതിയ വകുപ്പിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 19(2) ല്‍ പറയുന്ന ന്യായമായ നിയന്ത്രണങ്ങളുടെ (reasonable restrictions) പരിധിയില്‍ വരാത്തതായ കാര്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 19(1)(a) പ്രകാരം പൗരന് നല്‍കുന്ന അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്നതാണ് സെക്ഷന്‍ 118 ഡി, സെക്ഷന്‍ 66 എ എന്നു ചൂണ്ടിക്കാട്ടിയാണ് ഭരണഘടനവരുദ്ധമെന്നു കണ്ടെത്തി രണ്ടു വകുപ്പുകളും സുപ്രീം കോടതി റദ്ദ് ചെയ്തതെന്നതിനാല്‍ തന്നെ, 118 എയിലും ഇതേ പൗരാവകാശലംഘനങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ആര്‍ട്ടിക്കിള്‍ 19(2) യില്‍ പറയുന്ന, സദാചാരം, സാംസ്‌കാരികം, സമാധാനം, സഭ്യത, ദേശതാത്പര്യം, നീതിവ്യവസ്ഥകളോടുള്ള ബഹുമാനം തുടങ്ങിയ 'ന്യായമായ നിയന്ത്രണങ്ങള്‍' ലംഘിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും വാര്‍ത്തകളും തടയുന്ന നിയമത്തില്‍ കോടതി പ്രതികൂലമായൊരു നിലപാട് സര്‍ക്കാരിനെതിരേ എടുക്കില്ലെന്ന വാദവും ഇതിനൊപ്പമുണ്ട്. സഭ്യതയ്ക്കും സംസ്‌കാരത്തിനും എതിരായ വാര്‍ത്തകളും പ്രചാരണങ്ങളും തടയുക എന്നതാണ് നിയമംകൊണ്ട് ലക്ഷ്യമിടുന്നതെന്നതിനാല്‍ അക്കാര്യം കോടതി ബോധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ മതിയെന്നാണ് മറുവാദം ചൂണ്ടിക്കാണിക്കുന്നവര്‍ പറയുന്നത്.

(അഞ്ചുവര്‍ഷം തടവ് എന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്തകള്‍; ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നപ്പോള്‍ ശിക്ഷ മൂന്നു വര്‍ഷമാണ്‌ എന്ന് വ്യക്തമാകുന്നത്. അതനുസരിച്ചുള്ള തിരുത്ത് കോപ്പിയില്‍ വരുത്തിയിട്ടുണ്ട്)


Next Story

Related Stories