TopTop
Begin typing your search above and press return to search.

'രാവുണ്ണിയും ഞാനും ഒരിക്കല്‍ കാഠ്മണ്ടുവില്‍ ഒരേ സമയം ഉണ്ടായിരുന്നു'; കോങ്ങാട് നക്സല്‍ 'തലവെട്ടി'നെക്കുറിച്ച് ഹോര്‍മിസ് തരകന്റെ വെളിപ്പെടുത്തലുകള്‍ തുടരുന്നു

1970 ജൂലൈ 30നാണ് നക്സലൈറ്റുകൾ, പാലക്കാട് ജില്ലയിലെ കോങ്ങാട്, കൊടിയ ക്രൂരതകൾ നടത്തിയതായി പറയുന്ന ജന്മി നാരായണന്‍കുട്ടി നായരുടെ തല വെട്ടി വീടിനോട് ചേര്‍ന്നുള്ള കുളത്തിന്റെ പടവില്‍ വച്ചത്. കോങ്ങാട് സംഭവത്തിന് അമ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ കേസ് അന്വേഷണത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ - പില്‍ക്കാലത്ത് ഇന്ത്യന്‍ വിദേശകാര്യ ഇന്റലിജന്‍സ് ഏജന്‍സി 'റോ'യുടെ തലവനും കേരള ഡിജിപിയുമൊക്കെയായ അന്നത്തെ യുവ ഐപിഎസ് ഓഫീസര്‍ - പി.കെ ഹോര്‍മിസ് തരകന്‍ ആ കാലഘട്ടം ഓര്‍ത്തെടുക്കുകയാണ്. എന്തായിരുന്നു കോങ്ങാട് സംഭവിച്ചത്, എങ്ങനെയാണ് കേസിലെ പ്രതികളായ എം.എന്‍ രാവുണ്ണി ഉള്‍പ്പെടെയുള്ളവരെ പോലീസ് പിടികൂടിയത് തുടങ്ങിയ കാര്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ ദീര്‍ഘമായ ലേഖനത്തിലെ ആദ്യഭാഗത്തില്‍. രണ്ടാം ഭാഗത്തില്‍ 1970-കളിലെ പ്രക്ഷുബ്ധമായ കേരളത്തെ കുറിച്ചും പോലീസിനു നേര്‍ക്കുയര്‍ന്ന ആരോപണങ്ങളെ കുറിച്ചും ആത്മവിമര്‍ശനപരമായി പരിശോധിക്കുന്നു.

ഭാഗം 2

കോഴിക്കോട് ജില്ലയിലെ കായണ്ണ പോലീസ് സ്റ്റേഷനു നേരെ അടിയന്തരാവസ്ഥ കാലത്ത് നടന്ന ഒരു നക്സല്‍ ആക്രമണവുമായി ബന്ധപ്പെട്ടൊരു കേസ് ആയിരുന്നു 'രാജന്‍ കേസ്' ആയി മാറിയത്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അറസ്റ്റിലാക്കപ്പെട്ട ഒരു പ്രതി തന്നെ കൊണ്ടുപോയിരുന്ന വാഹനത്തിന് തീ കൊളുത്തി. വാഹനത്തില്‍ ഉണ്ടായിരുന്ന ഡിവൈഎസ്പി കൊല്ലപ്പെടുകയും ഒരു ഇന്‍സ്പെക്ടര്‍ക്ക് കാര്യമായ പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ചാത്തമംഗലത്തെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അനേകം വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യപ്പെട്ടു. ഇതില്‍ ഒരു വിദ്യാര്‍ഥി രാജന്‍ കക്കയത്തുള്ള പോലീസ് ക്യാമ്പില്‍ വെച്ച് ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. രാജന്‍റെ മൃതദേഹം ഇന്നും കണ്ടുകിട്ടിയിട്ടില്ല. രാജന്‍റെ അച്ഛന്‍ ഈച്ചര വാര്യര്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് പെറ്റീഷനെ തുടര്‍ന്ന് കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന സുബ്രമണ്യം പോറ്റി ഡിഐജിമാരായിരുന്ന ജയ്റാം പടിക്കല്‍, മധുസൂദനന്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനുത്തരവിട്ടു. അന്വേഷണത്തിന്‍റെ ചുമതല പില്‍ക്കാലത്ത് സംസ്ഥാന ഡിഐജിയായ രാജഗോപാല്‍ നാരായണ്‍ എന്ന പ്രഗത്ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥനു നല്‍കപ്പെട്ടു. അദ്ദേഹം അന്വേഷണത്തിനൊടുവില്‍ മുന്‍പ് പറഞ്ഞ രണ്ടു ഡിഐജിമാരെയും മുരളീകൃഷ്ണ ദാസ്, ലക്ഷ്മണ എന്നീ എസ് പിമാരെയും പല റാങ്കിലുള്ള മറ്റു പോലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണ സമയത്തും തുടര്‍ന്നുള്ള അന്വേഷണ കാലയളവിലും ആഭ്യന്തര മന്ത്രിയായിരുന്ന, പിന്നീട് മുഖ്യമന്ത്രിയായ കെ കരുണാകാരന് രാജിവക്കേണ്ടി വന്നു. അദ്ദേഹവും ജയ്റാം പടിക്കലും ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ അപ്രീതിക്ക് വിധേയരായി. അതേവരെ കേരള പോലീസിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനെന്നും ഉദ്യോഗസ്ഥനെന്നുമുള്ള പടിക്കലിന്റെ പ്രതിച്ഛായയ്ക്ക് വിള്ളല്‍ വീണു. അന്നേവരെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട ആളായിരുന്ന അദ്ദേഹം വളരെ വേഗം വില്ലനായി. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുരക്ഷയെ മുന്‍ നിര്‍ത്തി തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു മാറി താമസിക്കേണ്ടതായി വന്നു.

ഞങ്ങള്‍ പോലീസുകാരെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയതും കുഴപ്പിക്കുന്നതുമായ സാഹചര്യമായിരുന്നു. കാരണം ഈ കേസ് അന്വേഷിച്ച വ്യക്തിയും കേസില്‍ പ്രതിയായ വ്യക്തിയും പോലീസിലെ വളരെ ഉന്നതരായ രണ്ടുദ്യോഗസ്ഥരായിരുന്നു. ഇരു കൂട്ടരും അവരുടെ കുടുംബവും ഞങ്ങള്‍ക്കൊരേപോലെ വേണ്ടപ്പെട്ടവര്‍. കുറ്റവാളികള്‍ എന്ന് കണ്ടെത്തപ്പെടുകയും തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തതിനു ശേഷം പലരും ഇവരുമായുള്ള സമ്പര്‍ക്കം തന്നെ അവസാനിപ്പിച്ചിരുന്നു. ഞാനപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ഡപ്യൂട്ടേഷന്റെ ഭാഗമായി കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയമാണ്. അതുകൊണ്ട് തന്നെ അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി ഇടപെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അതൃപ്തിക്ക് പത്രമാകുമോ എന്ന വിഷയം എന്നെ ബാധിച്ചതേയില്ല. ഞാന്‍ എന്‍റെ ഭാര്യയുമായി ഇക്കാര്യം പങ്കുവച്ചു. ഞങ്ങളിരുവരും അത്ര വലിയ വിശ്വസികളൊന്നുമല്ലെങ്കിലും ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്യത്തിലേക്ക് അവര്‍ എന്റെ ശ്രദ്ധ ക്ഷണിച്ചു: "ഞാന്‍ ഏകനായിരുന്നപ്പോള്‍ നിങ്ങള്‍ എനിക്ക് സൗഹൃദം തന്നു, ഞാന്‍ കാരാഗൃഹത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ കാണാന്‍ വന്നു, ഇപ്പോള്‍ എന്റെ പിതാവിന്റെ ആലയത്തിലെക്ക് നിങ്ങള്‍ വന്നാലും".

ഞാന്‍ ജയിലില്‍ പോവുകയും അവരെ കാണുകയും ചെയ്തു. അവര്‍ എനിക്ക് മുന്‍പില്‍ ധൈര്യം അവലംബിച്ച് നിന്നുവെങ്കിലും അത് തീര്‍ത്തും വിഷമകരമായ ഒരനുഭവമായിരുന്നു. കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായി ഉണ്ടോ എന്ന് ഞാന്‍ അവരോടു ചോദിച്ചു. പടിക്കല്‍ തന്‍റെ ഇളയ മകന് നേത്ര സംബന്ധമായ ചികിത്സക്ക് വേണ്ടി ഓരോ മാസവും തിരുവനന്തപുരത്തേക്കു യാത്ര ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും സുരക്ഷാ കാരണങ്ങളാല്‍ അത് സാധിക്കുന്നില്ലെന്നും അറിയിക്കുകയുണ്ടായി. അപ്പോള്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള കുട്ടിയുടെ യാത്രയുടെ കാര്യം ഏറ്റു കൊള്ളാം എന്ന് അദ്ദേഹത്തിന് ഉറപ്പു നല്‍കി. തൊട്ടടുത്ത ആഴ്ച അമ്മയും ഭാര്യയുമായി തിരുവനന്തപുരത്തേക്കൊരു യാത്ര ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. പടിക്കലിന്‍റെ ഭാര്യയെയും മകനെയും എന്‍റെ സ്വന്തം കാറില്‍ ഞങ്ങള്‍ തിരുവനന്തപുരത്തേക്കു കൂട്ടി. കാര്‍ ആലപ്പുഴ എത്തിയപ്പോഴേക്കും പ്രക്ഷോഭകാരികളായ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ വഴിയെ പോയ കാറുകള്‍ തടയുന്നുണ്ടായിരുന്നു. 'കരുണാകരനെയും പടിക്കലിനെയും തൂക്കിലേറ്റുക' എന്ന് ഉറക്കെ വിളിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞാന്‍ അപ്പോള്‍ കാറിന്‍റെ ജനാല ചില്ലുകള്‍ താഴ്ത്തി അവരോടു ചോദിച്ചു: "എന്തുകൊണ്ട് അവരെ ക്രൂശിക്കുന്നില്ല?". എന്‍റെ മറുപടിയിലെ ആക്ഷേപം മനസിലാവാഞ്ഞിട്ടാവാം, അവര്‍ ഞങ്ങളെ വേഗം കടത്തി വിട്ടു. കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന ആ അമ്മയെയും മകനെയും തിരിഞ്ഞു നോക്കാന്‍ എനിക്ക് മനസ് വന്നില്ല. പടിക്കലിന്‍റെ ഭാര്യയെയും മകനെയും ആള്‍ക്കൂട്ടം തിരിച്ചറിഞ്ഞിരുന്നെങ്കിലോ എന്നും ആലോചിക്കാതിരിക്കാനും എനിക്ക് കഴിഞ്ഞില്ല.

ഈ സംഭവങ്ങളൊക്കെ എന്നെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. എഴുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ ഒരു യുവ പോലീസ് ഉദ്യോഗസ്ഥനായി, മനസ്സ് നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജോലിയാരംഭിച്ച ഞാന്‍ ഇന്ന് റിട്ടയര്‍മെന്‍റിനു ശേഷമുള്ള വിശ്രമ ജീവിതത്തില്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നു. എഴുപതുകള്‍ പോലെ ഇത്രമേല്‍ സംഭവബഹുലമായ ഒരു കാലഘട്ടം ഇന്ത്യയില്‍ വേറെയുണ്ടായിട്ടുണ്ടോയെന്നു സംശയമാണ്; ഇന്ദിര ഗാന്ധിയെ പോലെയൊരു നേതാവിന്‍റെ ഉയര്‍ച്ചയും വീഴ്ചയും അടക്കം രാജ്യത്തെയും സംസ്ഥാനത്തെയും ഒരേ പോലെ കിടിലം കൊള്ളിച്ച സംഭവങ്ങള്‍ പലതും ഇക്കാലത്ത് നടന്നു. എഴുപതുകളില്‍ സര്‍വീസില്‍ ഉണ്ടായിരുന്ന പോലീസുകര്‍ക്കൊഴികെ മറ്റൊരു പോലീസ് തലമുറയ്ക്കും രാജ്യത്താകെമാനം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്തിന്‍റെ നേരനുഭവം ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ദേശീയ തലത്തില്‍ തന്നെ ഇങ്ങനെയുള്ള സംഭവവികാസങ്ങള്‍ ഉണ്ടായതിനൊപ്പം കേരളത്തിലും ഇതിനോട് സമാനമായ സംഭവങ്ങള്‍ - കരുണാകരനെ പോലെ അതികായനായ ഒരു നേതാവിന്‍റെ പതനം, പോലീസ് വകുപ്പിലെ പലരും മാതൃകയായി കണക്കാക്കിയിരുന്ന ജയറാം പടിക്കലിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചകള്‍ എന്നിങ്ങനെ – അരങ്ങേറിക്കൊണ്ടിരുന്നു. ഞങ്ങളുടെ മനസ്സിനുള്ളില്‍ ബഹുമാന്യത, ധീരത, വിജയം, തോല്‍വി എന്നീ സങ്കല്പങ്ങളെ കുറിച്ചുള്ള വിശ്വാസങ്ങള്‍ക്ക് കാര്യമായ രൂപമാറ്റം സംഭവിച്ചിരുന്നു.

പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ കുറ്റവിചാരണ നേരിടേണ്ടി വന്ന അവസ്ഥയിലേക്ക് കേരള പോലീസിനെ എത്തിച്ചത് എന്തു പിഴവുകളാണ്. ആര്‍ച്ച് ബിഷപ്പ് ലൗഡിന് സംഭവിച്ചതാണോ കേരള പൊലീസിനും ഉണ്ടായത്? ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന്റെ കാലത്ത് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന ലൗഡ് പിന്നീട് പദവിയില്‍നിന്ന് നീക്കം ചെയ്യപ്പെടുകയും 1645-ല്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുകയും ചെയ്തു. അദ്ദേഹം ചരിത്രത്തില്‍ എക്കാലവും വിവാദപുരുഷനായി തുടര്‍ന്നു എന്ന് ഹ്യൂ ട്രെവോര്‍-റോപര്‍ തന്റെ പഠനത്തില്‍ വിശദമാക്കുന്നുണ്ട്. മനുഷ്യന്റെ പരിമിതിയാല്‍ മറച്ചുവെക്കപ്പെട്ട സാമൂഹ്യ ആദര്‍ശങ്ങളായിരുന്നു അദ്ദേഹത്തെ നയിച്ചതെന്നാണ് ചില ജീവചരിത്രകാരന്മാര്‍ പറയുന്നത്. ജീവചരിത്രകാരന്മാര്‍ അവരവരുടെ രാഷ്ട്രീയധാരണയ്ക്ക് അനുസരിച്ച് അദ്ദേഹത്തെ വാഴ്ത്തുകയോ അപഹസിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. അതു തന്നെയാണോ കേരള പോലീസിനും സംഭവിച്ചത്?

രാവുണ്ണിയെപ്പോലെ എന്‍റെ പ്രായത്തിലുള്ള, എന്നാല്‍ ഞങ്ങള്‍ പോലീസുകാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആശയങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള അനേകം ചെറുപ്പക്കാര്‍, അക്കാലത്ത് രാജ്യത്തിന്‍റെയും കേരളത്തിന്‍റെയുമൊക്കെ മലനിരകളിലും പ്രതലങ്ങളിലുമൊക്കെ പ്രതിധ്വനിച്ച 'വസന്തത്തിന്റെ ഇടിമുഴക്ക'ത്തില്‍ ആകൃഷ്ടരായിരുന്നു എന്ന് എനിക്കറിയാം. കൊങ്ങാട് സംഭവത്തിന്റെ കൃത്യം മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, 2000 ജൂലൈയില്‍, ഞാനും രാവുണ്ണിയും കാഠ്മണ്ടുവില്‍ ഒരേ സമയം ഉണ്ടാവുകയുണ്ടായി. ദക്ഷിണേഷ്യയിലെ മാവോയിസ്റ്റ് പാര്‍ട്ടികളുടെ ഏകോപന സമിതി യോഗത്തില്‍ പങ്കെടുക്കാനുള്ള ഒരു രഹസ്യ സന്ദര്‍ശനമായിരുന്നു രാവുണ്ണിയുടെത്. അവിടെ അദ്ദേഹം അവതരിപ്പിച്ച ഒരു പ്രബന്ധം എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. 'വസന്തത്തിന്റെ ഇടിമുഴക്കം' എന്ന പേരില്‍ ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനങ്ങളെ കുറിച്ച് ചൈനയിലെ‌ പീപ്പിള്‍സ് ഡെയ്ലിയില്‍ അച്ചടിച്ചു വന്ന ലേഖനത്തില്‍ ആവേശം കൊണ്ട്, പാലക്കാട് വിക്ടോറിയ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഒരു ലഘുലേഖയായി പുറത്തിറക്കിയ കാര്യം, കുറ്റമറ്റ ഇംഗ്ലീഷില്‍ എഴുതപ്പെട്ട ആ പ്രബന്ധത്തില്‍ പരാമര്‍ശിച്ചിരുന്നു. ഞാന്‍ ആ ലഘുലേഖ ഇന്നും ഓര്‍ക്കുന്നു. കൊങ്ങാട് കേസിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലുടനീളം നടത്തിയ തിരച്ചിലില്‍ 'വസന്തത്തിന്റെ ഇടിമുഴക്ക'ത്തിന്‍റെ നൂറു കണക്കിന് പ്രതികള്‍ ഞങ്ങള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഞാന്‍ രാവുണ്ണിയെ കണ്ടിട്ടില്ല. എന്നാല്‍ എന്‍റെ തലമുറയിലെ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും സഹപ്രവര്‍ത്തകനുമായിരുന്ന ഭാസ്കര കുറുപ്പ് ഇടയ്ക്ക് കോഴിക്കോട് വെച്ചു രാവുണ്ണിയെ കാണുമ്പോള്‍ അദ്ദേഹം എന്നെക്കുറിച്ച് തിരക്കാറുണ്ട് എന്ന് പറഞ്ഞു. അതെന്നെ സന്തോഷിപ്പിക്കുന്നു.

വിപ്ലവകാരികളെ ബഹുമാനിക്കാന്‍ എന്നെ ശീലിപ്പിച്ചത് മുരളീകൃഷ്ണ ദാസായിരുന്നു. എല്ലാ വിപ്ലവകാരികളിലും നന്മയുടെ അംശം ഉണ്ട് എന്നും സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യാനുള്ള തൃഷ്ണയും അനീതികള്‍ക്കെതിരെ പൊരുതാനുള്ള നീതിബോധവും അവര്‍ക്കുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വിപ്ലവകാരികള്‍ വിശ്വസിക്കുന്നത് നിലവിലുള്ള നിയമ വ്യവസ്ഥിതി സമൂഹത്തിലെ അനീതികളെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്നും അതിനാല്‍ മനുഷ്യരുടെ നല്ലതിന് വേണ്ടി നിയമം വിട്ടുള്ള മാര്‍ഗങ്ങളാണ് ഇതിനുള്ള പരിഹാരം എന്നുമാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍, വാസ്തവത്തില്‍ വിപ്ലവകാരികളെ അമര്‍ച്ച ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന പോലീസുകാരുടെ വിശ്വാസവും ഇതിനോട് ഏറെക്കുറെ സമാനമല്ലേ? കാരണം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് എന്ന് കരുതി അവരും നിയമത്തിന്റെ ചട്ടങ്ങള്‍ വിട്ട് കാര്യങ്ങള്‍ ചെയ്യുന്നില്ലേ?

ഒളവൈപ്പില്‍, കൈതപ്പുഴ കായലിനു മുകളില്‍ സൂര്യന്‍ അസ്തമിക്കുന്നതും നോക്കി, കഴിഞ്ഞുപോയതും എന്നാല്‍ ഇന്നും പ്രസക്തമായ കാര്യങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുന്ന ഈ പഴയ പോലീസ് ഉദ്യോഗസ്ഥനും സ്വയം പറയുന്നുണ്ട് - "ഒന്നിനും എളുപ്പത്തിലുള്ള ഉത്തരങ്ങളില്ല".

(അവസാനിച്ചു)
പി.കെ ഹോര്‍മിസ് തരകന്‍

പി.കെ ഹോര്‍മിസ് തരകന്‍

1968 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ വിദേശകാര്യ ഇന്റലിജന്‍സ് ഏജന്‍സി 'റോ'യുടെ മുന്‍ തലവന്‍, മുന്‍ കേരള ഡിജിപി. 2007-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്ര സര്‍ക്കാരില്‍ രണ്ടാം ഭരണപരിഷ്കരണ കമ്മീഷന്‍ അംഗം, രാഷ്ട്രപതി ഭരണ സമയത്ത് കര്‍ണാടക ഗവര്‍ണറുടെ ഉപദേശകന്‍. ഇപ്പോള്‍ സ്വദേശമായ ആലപ്പുഴയിലെ ഒളവൈപ്പില്‍ കൃഷി കാര്യങ്ങള്‍ നോക്കി ജീവിക്കുന്നു.

Next Story

Related Stories