Top

മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ബിജെപി നയം സിപിഎം നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ബിജെപി നയം സിപിഎം നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

രാഷ്ട്രീയ വിമതതത്വത്തെ ഇല്ലാതാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നയം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർസംസ്ഥാനത്തുണ്ടെന്ന് പൊലീസും സര്‍ക്കാരും പറയുന്ന മാവോയിസ്റ്റ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ 16 സംഘടനകള്‍ രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് .റിപ്പോര്‍ട്ടിനൊട് പ്രതികരിക്കുകയായിരുന്നു മനുഷ്യാവകാശ പ്രവർത്തകർ. രാജ്യത്തെ പ്രബല മനുഷ്യാവകാശ സംഘടനയായ പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) മുതല്‍ ബാങ്കുകളുടെ ജപ്തി ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ഫേസി വിരുദ്ധസമിതി വരെയുള്ള സംഘടനകളാണ് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ നിരീക്ഷണത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട്.

മഞ്ചങ്കണ്ടിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അതിന് ശേഷം കോഴിക്കോട്‌ നിന്ന് രണ്ട് സിപിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതുമാണ് തീവ്രവാദ ഭീഷണി സംബന്ധിച്ച് ചര്‍ച്ചകള്‍ സംസ്ഥാനത്ത് സജീവമായത്. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ വിവിധ മനുഷ്യാവാകാശ സംഘടനകള്‍ക്ക് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന ആരോപണം ഉണ്ടാവുകയും അവ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പുറത്തുവരികയും ചെയ്തത്.
രാജ്യത്തെമ്പാടും പ്രവര്‍ത്തനമുള്ള സംഘടനയായ പിയുസിഎല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥകാലത്ത് ജയ്പ്രകാശ് നാരായണ്‍ 1976 ൽ തിഹാര്‍ ജയിലില്‍ വച്ച് രൂപീകരിച്ചതാണ് പി യു സി എല്ലെന്നും അന്ന് മുതല് ഭരണകൂടത്തിന്റെ സ്വേച്ഛാപരമായ നീക്കങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തനമെന്നും സംഘടനയുടെ കേരളത്തിലെ സെക്രട്ടറിയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. പി എ പൗരന്‍ പറഞ്ഞു. ഭരിക്കുന്ന സര്‍ക്കാര്‍ ഏതായാലും അവയുടെ മനുഷ്യവാകാശ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെകതിരെ സംഘടന ഇടപെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏത് വിഷയത്തിലും അന്വേഷണം നടത്തി കണ്ടെത്തിയ വസ്തുതകൾ ജനങ്ങളുടെ മുന്നില്‍ എത്തിക്കുകയെന്ന രീതിയാണ് പി യു സി എല്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഇതിന്റെ പേരില്‍ ശത്രുപക്ഷത്ത് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷത്തിനിപ്പുറവും രാജ്യത്ത് മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി സമഗ്ര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നവലിബറല്‍ നയങ്ങള്‍ തീവ്രതയോടെ നടപ്പിലാക്കിയതോടെ ബാങ്കുകള്‍ സാധാരണക്കാരായ ജനങ്ങളോട് കാണിക്കുന്ന ശത്രുതപരമായ സമീപനത്തിനെതിരായ സമരങ്ങളും പ്രക്ഷോഭങ്ങളുമാണ് സര്‍ഫേസി വിരുദ്ധ ജനകീയ മുന്നണി കേരളത്തില്‍ നടത്തുന്നത് സംഘടനയുടെ കണ്‍വിനര്‍ പി ജെ മാനുവല്‍ പറഞ്ഞു. കേരള നിയമസഭ അടക്കം സര്‍ഫേസി നിയമം നടപ്പിലാക്കുന്നതിനെതിരെ രംഗത്തുവന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പ്രസ്ഥാനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെയൊരു സംഘടനയെ ഭീകരമുഖം നല്‍കുന്നത് എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഏഴ് വര്‍ഷമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ഫേസി നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങളെ ഇല്ലാതാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പാതയാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ നടപടിയെന്ന് ജനകീയ മനുഷ്യാവാകാശ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി പറഞ്ഞു. മനുഷ്യാവകാശ വിഷയങ്ങളിലും പരിസ്ഥിതി സമരങ്ങളിലും ഇടപെടുന്ന സംഘടനയാണ് മനുഷ്യാവാകാശ പ്രസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്കെതിരായ നീക്കം കേന്ദ്ര സര്‍ക്കാരിന്റെ നയ സമീപനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.2007 മുതല്‍ പൊതുസമൂഹത്തില്‍ ജനകീയ വിഷയങ്ങളില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനുഷ്യാവകാശ പ്രസ്ഥാനമെന്നും അദ്ദേഹം അഴിമുഖത്തോട് വിശദീകരിച്ചു. മനുഷ്യാവകാശ സംഘടനകളെയും തടവിലാക്കപ്പെടുന്നവർക്ക് നിയമസഹായം നൽകുന്ന സംഘടനകളെയും വ്യക്തികളെയും മാവോയിസ്റ്റുകളായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വിശദീകരിക്കുന്നത്. ഇതാണ് ഇപ്പോൾ കേരളത്തിലും ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന സമീപനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 16 സംഘടനകളെയാണ് മാവോയിസ്റ്റ് സംഘടനയാണെന്ന പേരില്‍ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. കീഴാറ്റൂരില്‍ നടന്ന പരിസ്ഥിതി സമരത്തിലടക്കം മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയതെന്നും ഇത് പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Next Story

Related Stories