TopTop
Begin typing your search above and press return to search.

തർക്കം വിൽപ്പനയ്ക്കുള്ള കഞ്ചാവ് വാങ്ങുന്നതില്‍, പിന്നീട് 'ഒത്തുതീര്‍പ്പ് യോഗം', അവസാനിച്ചത് കൊലയിൽ; നെട്ടൂരിൽ നടന്നത്

തർക്കം വിൽപ്പനയ്ക്കുള്ള കഞ്ചാവ് വാങ്ങുന്നതില്‍, പിന്നീട് ഒത്തുതീര്‍പ്പ് യോഗം, അവസാനിച്ചത് കൊലയിൽ; നെട്ടൂരിൽ നടന്നത്

കഞ്ചാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടയില്‍ ഉണ്ടായ സംഘര്‍ഷമാണ് ഫഹദ് ഹുസൈന്‍ എന്ന പത്തൊമ്പതുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് വിവരം. നെട്ടൂര്‍ പ്രദേശത്ത് വ്യാപകമായ രീതിയില്‍ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന പരാതി ശക്തമായിട്ടുണ്ട്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഇവിടെ പതിവായി നടക്കുന്നു. പലര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് കൊലപാതകവും. ഇതോടെ ലഹരി മാഫിയ സംഘങ്ങള്‍ കൂടുതല്‍ ഭയം വിതച്ചിരിക്കുകയാണ് നെട്ടൂരില്‍.

കഞ്ചാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനില്‍ക്കുന്നൊരു തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചിരിക്കുന്നതെന്നാണ് വിവരം കിട്ടിയിരിക്കുന്നതെന്ന് മരട് നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജബ്ബാര്‍ പി.എ അഴിമുഖത്തോട് പറഞ്ഞു. സംഘം തിരിഞ്ഞാണ് ഇവിടെ യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നതും വാങ്ങുന്നതും. ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘം മറ്റൊരു സംഘത്തിന് കഞ്ചാവ് എത്തിച്ചു നല്‍കുമായിരുന്നു. ഈ സ്ത്രീയെ കഞ്ചാവ് വില്‍പ്പനയുടെ പേരില്‍ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കഞ്ചാവ് വാങ്ങിയിരുന്നവര്‍ വനിതയുടെ സംഘത്തെ ഒഴിവാക്കി നേരിട്ട് കഞ്ചാവ് വാങ്ങാന്‍ തുടങ്ങി. ഇതിന്റെ പേരില്‍ എതിര്‍സംഘം മുന്നറിയിപ്പുമായി വന്നു. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീഷണി മുഴക്കിയിട്ടും കഞ്ചാവ് നേരിട്ട് വാങ്ങുന്നത് തുടര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പല തവണ ഏറ്റുമുട്ടലുകളും നടന്നു. ഒടുവില്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ധാരണയാവുകയും ഒത്തുതീര്‍പ്പ് ചര്‍ച്ചയെന്നോണം ഞായറാഴ്ച്ച രാത്രി ഐഎന്‍ടിയുസി ജംഗ്ഷനിലെ ബൈപ്പാസ് ഓവര്‍ ബ്രിഡ്ജിനു കീഴെ രണ്ട് സംഘത്തില്‍പ്പെട്ടവരും എത്തുകയുമായിരുന്നു. എന്നാല്‍ ചര്‍ച്ച തര്‍ക്കത്തിലേക്ക് മാറുകയും ഇതിനിടയില്‍ ഒരാള്‍ വടിവാളെടുത്ത് വീശുകയും ചെയ്തു. ഇതോടെ ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതിനിടയിലാണ് ഫഹദിന്റെ കൈത്തണ്ടയില്‍ മുറിവേല്‍ക്കുന്നത്. സംഘര്‍ഷം നടക്കുന്നതിനിടയില്‍ അതുവഴി ഫ്‌ളൈയിംഗ് സ്‌ക്വാഡ് എത്തി. പോലീസ് വാഹനത്തിന്റെ സൈറണ്‍ കേട്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. മുറിവേറ്റ ഫഹദും ദേശീയപാത കടന്ന് ഓടി. ഈ സമയത്തൊക്കെ ഫഹദിന്റെ കൈയില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഇയാള്‍ കുഴഞ്ഞു വീണു. വീണ സ്ഥലത്ത് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നശേഷമാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. 20 മണിക്കൂറോളം വെന്റിലേറ്ററില്‍ കിടത്തിയെങ്കിലും ഫഹദിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

2019 ല്‍ നെട്ടൂരില്‍ അര്‍ജ്ജുന്‍ എന്ന യുവാവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിനുശേഷം നാടിനെ നടുക്കിയ കൊലപാതകമാണ് ഫഹദിന്റെത്. അര്‍ജുന്റെ കൊലപാതകം ചെയ്തവരും ലഹരിക്ക് അടിമകളായിരുന്നു. ആ സംഭവത്തിനു പിന്നാലെ പ്രദേശത്ത് ലഹരി മാഫിയകള്‍ക്കെതിരേ നഗരസഭയും പോലീസും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നാട്ടുകാരെയും ഉള്‍പ്പെടുത്തി ജാഗ്രത സമിതിയുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ഇതൊന്നും കാര്യമായ ഫലം കണ്ടിട്ടില്ലെന്നതാണ് ഫഹദിന്റെ കൊലപാതകം തെളിയിക്കുന്നത്. 15 വയസുള്ള കൗമാരക്കാര്‍ മുതല്‍ ലഹരിസംഘങ്ങളുടെ പിടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. "ഫഹദിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്ത് മൂന്നൂറ്റമ്പതോളം ചെറുപ്പക്കാരായിരുന്നു കൂടിയത്. നാട്ടുകാരായി അമ്പതോ അറുപതോ പേരെ ഉണ്ടായിരുന്നുള്ളൂ. ആ ചെറുപ്പക്കാരാരും തന്നെ അവിടെയുള്ളവരായിരുന്നില്ല. കോവിഡ് സമയത്താണ് ഇത്രയും പേര്‍ സംഘടിച്ചെത്തിയതെന്നോര്‍ക്കണം. ലഹരി സംഘങ്ങള്‍ എത്ര വിപുലമാണെന്നാണ് ഇത് കാണിക്കുന്നത്", കൗണ്‍സിലര്‍ അബ്ദുള്‍ ജബ്ബാര്‍ പറയുന്നു. പോലീസും എക്‌സൈസും നഗരസഭയും നാട്ടുകാരും ഒരുമിച്ച് നിന്നാല്‍ മാത്രമെ ഈ സംഘങ്ങളെ ഇല്ലായ്മ ചെയ്യാനും യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. "മാതാപിതാക്കളുടെ പങ്ക് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. മക്കള്‍ ചെയ്യുന്നതെന്ന് പല മാതാപിതാക്കളും ശ്രദ്ധിക്കുന്നില്ല. അപകടങ്ങള്‍ ഉണ്ടായ ശേഷമാണ് പലരും പലതും അറിയുന്നത്. നേരത്തെ അറിവുള്ളവരാകട്ടെ മറച്ചു വയ്ക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയാമെങ്കിലും അവരത് പറയാന്‍ തയ്യാറാകുന്നില്ല. ലഹരി മാഫിയയില്‍ ബന്ധമുള്ള ഒരു പയ്യനെ കുറിച്ച് അവന്റെ വീട്ടില്‍ അറിയിച്ചു. എന്നാല്‍ ആ പയ്യന്റെ അമ്മ അത് നിഷേധിക്കുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍, ആ അമ്മ എന്നെ വിളിച്ച്, 500 രൂപയ്ക്കു വേണ്ടി മകന്‍ അവരെ തല്ലിയെന്നും അവന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു കരയുകയായിരുന്നു. മിക്കയിടങ്ങളിലും നടക്കുന്നത് ഇതിന് സമാനമാണ്'".

ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയാതെ പോകുന്നതില്‍ പൊലീസിനെതിരേയും വ്യാപക വിമര്‍ശനമുണ്ട്. പോലീസുകാരില്‍ ചിലര്‍ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ്ആരോപണം. "വിശ്വസിച്ച് കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ലഹരി സംഘങ്ങള്‍ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളെക്കുറിച്ച് പോലീസിന് കൊടുക്കുന്ന വിവരങ്ങള്‍, അതേ സംഘങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുകയും അവര്‍ സ്ഥലം മാറുകയും ചെയ്യുന്ന സംഭവങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ടെന്നാ"ണ് അബ്ദുള്‍ ജബ്ബാര്‍ പറയുന്നത്. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ കൊടുക്കുന്നവര്‍ ആരാണെന്നു പോലും സംഘങ്ങളെ അറിയിക്കുന്നുണ്ടെന്നും അതുമൂലം ലഹരി സംഘങ്ങളുടെ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നിട്ടുള്ളവരുണ്ടെന്നും അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ഈ ഭയം കൊണ്ട് അറിയുന്ന വിവരങ്ങള്‍ പോലും പലരും പോലീസിനോട് പറയുന്നില്ല. ലഹരി സംഘങ്ങള്‍ ശക്തമാകാനുള്ള പ്രധാന കാരണവും ഇതാണെന്നും കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവരെ വീടുകയറി ആക്രമിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാരും പറയുന്നു. ജീവനില്‍ ഭയമുള്ളതുകൊണ്ട് കാണുന്ന കാര്യങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. പോലീസാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പോലീസിന് വിവരം കിട്ടിയാലും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന പ്രദേശങ്ങളിലേക്ക് എത്തപ്പെടാന്‍ ബുദ്ധിമുട്ടാണ്. പോലീസിന് ചെന്നെത്താന്‍ പ്രയാസമേറിയ ഉള്‍പ്രദേശങ്ങളിലാണ് ലഹരി സംഘങ്ങള്‍ ഒത്തുകൂടുന്നത്. പൊലീസ് അന്വേഷിച്ചിറങ്ങിയാല്‍ തന്നെ ആ വിവരം മുന്‍കൂട്ടി അറിയാനും സംഘങ്ങള്‍ക്ക് കഴിയും, രക്ഷപ്പെടാനും. "പോലീസിന്റെ കണ്ണും കൈയും എത്താത്ത സ്ഥലങ്ങളുണ്ടിവിടെ. തേവര ഫെറിയില്‍ നിന്നും കോന്തുരത്തിയില്‍ വന്ന് അവിടെ നിന്നും നെട്ടൂരിലേക്ക് ഒരു പാലം കയറി എത്തുന്ന വഴിയുണ്ട്. ആ പാലം ലഹരി സംഘങ്ങള്‍ ഇപ്പോഴും കഞ്ചാവ് കൊണ്ടുവരാന്‍ ഉപയോഗിക്കാറുണ്ട്. പോലീസിന് പെട്ടെന്നൊന്നും അങ്ങോട്ട് എത്തിപ്പെടാന്‍ കഴിയില്ല', അബ്ദുള്‍ ജബ്ബാര്‍ പറയുന്നു. പ്രവര്‍ത്തനമില്ലാത്ത തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള തുരങ്കവും ലഹരി സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ്. ഇവിടെയ്‌ക്കൊന്നും പെട്ടെന്ന് പോലീസിന് ചെന്നെത്താന്‍ കഴിയില്ല. അര്‍ജുനെ കൊന്നു കുഴിച്ചു മൂടിയത് ഇതിന് സമീപത്തായിരുന്നു. ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞാണ് അന്ന് മൃതദേഹം കണ്ടെത്തുന്നത്. അപ്പോഴെക്കും തിരിച്ചറിയാത്തവിധം ശരീരം ജീര്‍ണിച്ചുപോയിരുന്നു.

പോലീസിന്റെ പരിശോധന ശക്തമായി നടക്കുന്നുണ്ടെന്നു പറയുമ്പോഴും പലവഴിയിലൂടെ കഞ്ചാവ് ഇവിടെ എത്തുന്നുണ്ട്. പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് വിവിധ ഓണ്‍ലൈന്‍ ഫുഡ് സര്‍വീസിന്റെ മറവില്‍ പ്രദേശത്ത് കഞ്ചാവ് എത്തുന്നുണ്ടെന്നാണ് അബ്ദുള്‍ ജബ്ബാര്‍ ഉയര്‍ത്തുന്ന ഗുരുതരമായ പരാതി. "ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് സ്ഥാപനങ്ങളുടെ ബാഗും യൂണിഫോമും ഉപയോഗിച്ചാണ് കഞ്ചാവ് വില്‍പ്പന നടക്കുന്നത്. ഇത് രഹസ്യമായ കാര്യമല്ല, പക്ഷേ പരിശോധനകളോ നടപടികളോ കാര്യമായിട്ട് ഉണ്ടാകുന്നില്ല'.

കഞ്ചാവ് കേസിലെ പ്രതികള്‍ക്കു വേണ്ടി രാഷ്ട്രീയക്കാര്‍ ഇടപെടുന്നതും തിരിച്ചടിയാകുന്നുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇത്തരം കാര്യങ്ങള്‍ക്കായി പോലീസിനെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ഇത്തരം വിളികളുടെ ഫലമായി പ്രതികള്‍ കേസില്‍പ്പെടാതെ പുറത്തിറങ്ങുകയാണ്. വീണ്ടും ലഹരി ഉപയോഗവുമായി ഇവര്‍ മുന്നോട്ടു പോവുകയും ചെയ്യുന്നു. "തങ്ങള്‍ക്ക് കിട്ടുന്ന രാഷ്ട്രീയ-പൊലീസ് സഹായം ലഹരി സംഘങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയാണ്. മക്കള്‍ ലഹരി ഉപയോഗത്തിനോ വില്‍പ്പനയ്‌ക്കോ പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ ആദ്യം വിളിക്കുന്നത് ജനപ്രതിനിധികളെയോ രാഷ്ട്രീയക്കാരെയോ ആയിരിക്കും. വിഷയത്തിന്റെ ഗൗരവംപോലും അറിയാതെ രാഷ്ട്രീയക്കാര്‍ ഇടപെടുകയും ചെയ്യും. മതാപിതാക്കള്‍ ആണെങ്കില്‍ തങ്ങളുടെ മക്കള്‍ ലഹരി കേസില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ മാത്രമാണ് നോക്കുന്നത്, എന്നാല്‍ തുടര്‍ന്നവരെ ലഹരി ഉപയോഗത്തില്‍ നിന്നും തടയുന്നതിലോ ലഹരി സംഘങ്ങളില്‍ നിന്നു പുറത്തുവരാന്‍ പ്രേരിപ്പിക്കുന്നതിലോ പരാജയപ്പെടുകയും ചെയ്യുന്നു", അബ്ദുള്‍ ജബ്ബാര്‍ ചൂണ്ടിക്കാണിക്കുന്നു.

Next Story

Related Stories