തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത് കേസിലെ മറ്റൊരു പ്രതി സരിത്ത് വഴിയായിരുന്നുവെന്ന് ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. യുഎഇ വിസിറ്റിംഗ് വിസയ്ക്കു വേണ്ടി തികച്ചും ഔദ്യോഗികമായാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്നും അനില്‍ നമ്പ്യാര്‍. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് നോട്ടീസ് അയച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അനില്‍ നമ്പ്യാര്‍. സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയുടെ ഭാഗമായാണ് താന്‍ സ്വപ്നയെ വിളിച്ചിരുന്നതെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞു. കസ്റ്റംസ് വിളിപ്പിക്കുകയാണെങ്കില്‍ ഇക്കാര്യങ്ങളടക്കം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ തെളിവുകളും സമര്‍പ്പിക്കാന്‍ സന്നദ്ധനാണെന്നും ജനം ടി വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സ്ഥാപനം അനില്‍ നമ്പ്യാര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവും പ്രതികരിച്ചു.
സ്വപ്ന സുരേഷിനെ വിളിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ ചിത്രത്തില്‍ അവര്‍ ഇല്ലായിരുന്നുവെന്നാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നപ്പോള്‍ കോണ്‍സുലേറ്റില്‍ തനിക്ക് പരിചയമുള്ള ഒരാളെന്ന നിലയിലാണ് സ്വപ്നയെ വിളിക്കുന്നതെന്നും എന്നാല്‍ സ്വപ്ന കോണ്‍സുലേറ്റിലെ ജോലി വിട്ടുപോയ കാര്യം അറിയില്ലായിരുന്നുവെന്നും അനില്‍ നമ്പ്യാര്‍ പറയുന്നു. "കോണ്‍സുലേറ്റിലെ ജീവനക്കാരിയെന്ന നിലയില്‍ ചില ഔദ്യോഗിക പരിപാടികളിലേക്ക് സ്വപ്ന എന്നെ ക്ഷണിച്ചിട്ടുണ്ടെങ്കിലും എനിക്കതിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അറ്റ്ലസ് രാമചന്ദ്രന് യുഎഇയില്‍ ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തിന്റെ ഒരു അഭിമുഖം എടുക്കാന്‍ വേണ്ടി ഏറ്റവും വേഗത്തില്‍ ഒരു വിസിറ്റിംഗ് വിസ ശരിയാക്കിയെടുക്കേണ്ട സാഹചര്യം വരികയും അതിനുവേണ്ടി ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്ന സരിത്തിനെ ബന്ധപ്പെടുകയുമുണ്ടായി. സരിത്താണ് സ്വപ്നയെ കുറിച്ച് പറയുന്നത്. മാഡം വിചാരിച്ചാല്‍ കാര്യം നടക്കുമെന്ന് സരിത്ത് പറഞ്ഞ പ്രകാരമാണ് സ്വപ്നയെ വിളിക്കുന്നത്. ആവശ്യം പറഞ്ഞപ്പോള്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച്ച ഒരുക്കുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിസ ശരിയാക്കി കിട്ടുകയും ചെയ്തു. തികച്ചും ഔദ്യോഗികമായി നടന്നൊരു പ്രക്രിയയാണിത്. ഇങ്ങനെയാണ് സ്വപ്നയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ചില സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും പരസ്പരം അഭിവാദ്യം ചെയ്യുന്നതിനപ്പുറത്തേക്ക് സംസാരം പോയിട്ടില്ല". അനില്‍ നമ്പ്യാര്‍ പറയുന്നു. അതേസമയം തന്റെ സുഹൃത്തിന്റെ ടൈല്‍സ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് കോണ്‍സുല്‍ ജനറലിനെ പങ്കെടുപ്പിക്കാന്‍ സ്വപ്നയുടെ സഹായം തേടിയിട്ടുണ്ടെന്നും അനില്‍ നമ്പ്യാര്‍ സമ്മതിക്കുന്നുണ്ട്
സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ തന്നോട് നിര്‍ദേശിച്ചതായി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ജൂലൈ അഞ്ചിന് സ്വര്‍ണം അടങ്ങിയ ബാഗേജ് പിടികൂടിയപ്പോൾ പല തവണ സ്വപ്നയുമായി അനില്‍ നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. സ്വപ്ന സുരേഷുമായി അതിനു മുമ്പും ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സംസാരിച്ചിട്ടുണ്ടെന്നതിന്റെ കോള്‍ രേഖകളും കസ്റ്റംസിന് കിട്ടിയിരുന്നു. സ്വര്‍ണം പിടികൂടിയതിന്റെ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്വപ്ന സുരേഷിനെ അനില്‍ നമ്പ്യാര്‍ വിളിച്ചതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. വാര്‍ത്തയ്ക്കു വേണ്ടിയാണ് വിളിച്ചതെന്ന അനില്‍ നമ്പ്യാര്‍ പറയുമ്പോള്‍ അന്നേ ദിവസം ചാനല്‍ ഇക്കാര്യങ്ങള്‍ അടങ്ങിയ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നാണ് പറയുന്നത്.
സ്വര്‍ണം വന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്നും സ്വകാര്യ ബാഗേജില്‍ ആണെന്നും പറയാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നു സ്വപ്ന പറയുന്ന മൊഴി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അനില്‍ നമ്പ്യാര്‍ അവകാശപ്പെട്ടു."യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഒരു വിഷയം ഉണ്ടായപ്പോള്‍, അവിടെ പരിചയമുള്ളൊരാള്‍ എന്ന നിലയിലാണ് സ്വപ്നയെ വിളിക്കുന്നത്. അവര്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നോ ഒളിവില്‍ ആണെന്നോ ഒന്നും അറിയില്ല. എന്നോട് വളരെ സ്വാഭാവികമായാണ് സംസാരിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജിനെക്കുറിച്ച് കൃത്യമായൊരു ഐഡിയ ഇല്ലാത്തതുകൊണ്ട് ഇത്തരം ബാഗേജില്‍ സാധാരണ എന്തൊക്കെയാണ് കൊണ്ടുവരുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് സാധാരണ കൊണ്ടു വരുന്നതെന്ന് അവര്‍ പറഞ്ഞു. നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് ഇത്തരം ബാഗേജില്‍ സ്വര്‍ണം കൊണ്ടു വരാറുണ്ടോയെന്നു സംശയം ചോദിച്ചപ്പോള്‍, അങ്ങനെയൊരിക്കലും കൊണ്ടുവരാറില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവരാനുള്ള പ്രിവിലേജ് ഉണ്ടോയെന്നറിയാന്‍ വേണ്ടിയായിരുന്നു തിരക്കിയത്. യുഎഇ കോണ്‍സുലേറ്റ് പ്രതിസ്ഥാനത്ത് നില്ക്കുന്നൊരു സംഭവമായതുകൊണ്ട് കോണ്‍സുല്‍ ജനറലുമായി സംസാരിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതും. കോണ്‍സുല്‍ ജനറല്‍ യുഎഇയില്‍ ആണെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഈ വിഷയത്തില്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക പ്രസ്താവന ഉണ്ടാകുമോയെന്ന് തിരക്കിയപ്പോള്‍ കോണ്‍സുല്‍ ജനറലിനെ ബന്ധപ്പെട്ട ശേഷം തിരികെ വിളിക്കാമെന്നും അവര്‍ പറഞ്ഞു. പറഞ്ഞതുപോലെ തന്നെ തിരിച്ചു വിളിക്കുകയും ഇത്തരത്തിലൊരു ബാഗേജ് അയച്ചിട്ടില്ലെന്നാണ് കോണ്‍സുല്‍ ജനറല്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു പ്രസ് റിലീസ് ഇറക്കുമോയെന്നു ചോദിപ്പോള്‍, നോക്കട്ടെ എന്നു പറയുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വാര്‍ത്തയാക്കുമെന്ന കാര്യവും ഞാന്‍ അവരോട് പറഞ്ഞിരുന്നു. രണ്ടു മണിയുടെ വാര്‍ത്തയില്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം എന്നു പറഞ്ഞ് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ജനം ടി വി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു", അനില്‍ നമ്പ്യാരുടെ വാക്കുകള്‍.
ഡിപ്ലോമാറ്റിക് ബാഗേജ് അല്ല പേഴ്സണല്‍ ബാഗേജ് എന്നു പറയണമെന്ന് താന്‍ ഉപദേശിച്ചുവെങ്കില്‍ സ്വപ്ന കൂടുതല്‍ കുരുക്കിലാവുകയല്ലേ ചെയ്യൂ എന്നാണ് അനില്‍ നമ്പ്യാരുടെ വാദം. "ഡിപ്ലോമാറ്റിക് ബാഗേജിന് കിട്ടുന്ന നയതന്ത്രപരിരക്ഷ പേഴ്സണല്‍ ബാഗേജിന് കിട്ടില്ലല്ലോ! എന്റെ ഉപദേശം സ്വപ്ന ചോദിച്ചിട്ടുമില്ല, യാതൊരു ഉപദേശവും അവര്‍ക്ക് കൊടുത്തിട്ടുമില്ല. അവരിപ്പോള്‍ പ്രതിയാണ്. അവര്‍ക്ക് എന്തുവേണമെങ്കിലും മൊഴി കൊടുക്കാം. എനിക്കെതിരേ പറയുന്ന കാര്യങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും തെളിയിക്കാന്‍ സാധിക്കും", അനില്‍ നമ്പ്യാര്‍ പറയുന്നു.
അനില്‍ നമ്പ്യാര്‍ പറയുന്ന കാര്യങ്ങളാണ് തങ്ങളിപ്പോള്‍ വിശ്വസിക്കുന്നതെന്നാണ് ജനം ടി വി മാനേജ്മെന്റും പറയുന്നത്. "അനിലിന് ഇക്കാര്യത്തില്‍ പറയാനുള്ളത് സ്ഥാപനം കേട്ടിരുന്നു. വാര്‍ത്തയ്ക്കു വേണ്ടിയാണ് സ്വപ്നയെ അദ്ദേഹം വിളിച്ചത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അനില്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും ചാനല്‍ മുഖവിലയ്ക്ക് എടുക്കുകയാണ്. എല്ലാവിധ പിന്തുണയും അദ്ദേഹത്തിന് കൊടുക്കുകയും ചെയ്യും. വാര്‍ത്തയ്ക്ക് വേണ്ടി പല സോഴ്സുകളെയും മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെടാറുണ്ട്. ഇവിടെയും അത്തരത്തിലാണ് നടന്നിരിക്കുന്നത്. അല്ല എന്നാണെങ്കില്‍ അത് തെളിയിക്കപ്പെടണം. അപ്പോള്‍ മാത്രം ബാക്കി കാര്യങ്ങലെക്കുറിച്ച് ചിന്തിച്ചാല്‍ മതി"; ജനം ടി വി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് കുമാര്‍ പറഞ്ഞു.