TopTop
Begin typing your search above and press return to search.

'രാപ്പകല്‍ ജോലി; ശമ്പളവുമില്ല, തസ്തികയുടെ കാര്യത്തിലും അവ്യക്തത'; കോവിഡ് കാലത്തും പണിമുടക്കിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് ജൂനിയർ ഡോക്ടമാർ

രാപ്പകല്‍ ജോലി; ശമ്പളവുമില്ല, തസ്തികയുടെ കാര്യത്തിലും അവ്യക്തത; കോവിഡ് കാലത്തും പണിമുടക്കിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് ജൂനിയർ ഡോക്ടമാർ

തസ്തികയും സേവന വ്യവസ്ഥകളും പ്രഖ്യാപിച്ചില്ല, ശമ്പളവുമില്ല; രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഹൗസ് സര്‍ഡന്‍സി ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെ സര്‍ക്കാര്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ചിരുന്നു. നിയമിതരായവര്‍ക്ക് വേതനം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ രണ്ട് മാസമായി വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പോലും ഇതേവരെ ശമ്പളം ലഭിച്ചിട്ടില്ല. തസ്തിക ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടിട്ടില്ല. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെ 'ഇന്റേണ്‍' ആയാണ് സര്‍ക്കാര്‍ പല രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മാറ്റം വേണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഇതേവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിയും വരുന്നു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധിച്ച് സേവനത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കോവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനും പുതുതായി തുടങ്ങുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുള്‍പ്പെടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുമായാണ് സര്‍ക്കാര്‍ ജൂനിയര്‍ ഡോക്ടര്‍മാരെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ചത്. ഹൗസ് സര്‍ജന്‍സി മൂന്ന് മാസത്തേക്ക് നീട്ടിക്കൊണ്ട് ഡോക്ടര്‍മാരെ 'ഇന്റേണ്‍' ആയി വിവിധ ആശുപത്രിയിലേക്ക് നിയമിക്കുന്നു എന്ന ഉത്തരവ് കഴിഞ്ഞ ഏപ്രിലിലാണ് സര്‍ക്കാര്‍ ഇറക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ 2014 ബാച്ചിലെ 650 ഓളം ഡോക്ടര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ തസ്തികയോ, വേതനമോ ഒന്നും ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 42,000 രൂപ വേതനം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്നാല്‍ അത് നല്‍കുന്നതിന് വേണ്ട പ്രാഥമിക നടപടികള്‍ പോലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി. അക്കൗണ്‍ നമ്പര്‍ ശേഖരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഇത്തരത്തില്‍ നിയമിതരായ ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും ഒരു മാസത്തെ ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിലര്‍ രണ്ട് മാസമായി ജോലി ചെയ്യുന്നു. "ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ചോദിക്കുമ്പോള്‍ ഏത് ഫണ്ടില്‍ നിന്നാണ് ശമ്പളം നല്‍കേണ്ടത് എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. ഗ്രാമീണ സേവനം ഇപ്പോള്‍ നിര്‍ബന്ധമല്ല. പലരും പിജി എന്‍ട്രന്‍സ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതെല്ലാം മാറ്റി വച്ച് കോവിഡ് പ്രതിസന്ധി മനസ്സിലാക്കിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചത്. എന്നാല്‍ ജോലി എടുക്കുകയല്ലാതെ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്" തിരുവനന്തപുരം ജില്ലയിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ പ്രതികരിച്ചു.

അവധിയില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നതായും പരാതിയുണ്ട്. രാവിലെ മുതല്‍ കോവിഡ് ട്രീറ്റമെന്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുകയും ഒപി കളില്‍ ചികിത്സ നല്‍കുകയും ചെയ്യുന്നു. അതിന് പുറമെ രാത്രികളില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികളും പല കേന്ദ്രങ്ങളിലും മെഡിക്കല്‍ ഓഫീസര്‍മാര്‍ തങ്ങള്‍ക്ക് നല്‍കുന്നതായി ഇവര്‍ പറയുന്നു. നിയമതിരായ ഡോക്ടര്‍മാരുടെ തസ്തിക വ്യക്തമാക്കുകയും, എന്‍എച്ച്എം തസ്തികയ്ക്ക് സമാനമായ സേവന വ്യവസ്ഥകള്‍, ജോലി സമയം, അവധികള്‍ എന്നിവ സംബന്ധിച്ച് വ്യക്തതയും വരുത്തണമെന്നാണ് ആവശ്യം. ജോലി ഭാരം കുറയ്ക്കാന്‍ എന്‍എച്ച്എം, എന്‍ആര്‍എച്ച്എം ഡോക്ടര്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്വകാര്യ കോളേജുകളില്‍ നിന്നും മറ്ര് സംസ്ഥാനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍, സന്നദ്ധരായ മറ്റ് ഡോക്ടര്‍മാര്‍ എന്നിവരെ താല്‍ക്കാലികമായി നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഡോക്ടര്‍മാര്‍ ടിസിഎംസി (ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ പല ഔദ്യോഗിക ഉത്തരവുകളിലും 'ഹൗസ് സര്‍ജന്‍' എന്നും 'ഇന്റേണ്‍' എന്നുമാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. രജിസ്‌റ്റേര്‍ഡ് ഡോക്ടര്‍മാരെ ഇന്റേണ്‍ ആയി കണക്കാക്കുന്നതിലും ഡോക്ടര്‍മാര്‍ക്ക് പ്രതിഷേധമുണ്ട്. "ഇത് മാറ്റാനായി ഓരോ ജില്ലാതലത്തിലും മെഡിക്കല്‍ ഓഫീസര്‍മാരെ ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ നേരില്‍ പോയി കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. പലിടത്തും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഈ പ്രയോഗത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും അതിന് ശേഷവും സര്‍ക്കാര്‍ ഉത്തരവുകളില്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാര്യത്തിലും സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കണം", കേരള ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ കെ പി ഔസം ഹുസൈന്‍ പറഞ്ഞു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്നതും ഇവരുടെ ആവശ്യമാണ്. പിജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിച്ച് വിദ്യാര്‍ഥികള്‍ക്ക് സമയം ലഭിക്കുമ്പോള്‍ കോവിഡ് കാലത്തെ സേവനം കൊണ്ട് തങ്ങള്‍ക്ക് ആ അവസരം നഷ്ടപ്പെടുകയാണ്. അതിനാല്‍ വരാനിരിക്കുന്ന പിജി, പിഎസ് സി പരീക്ഷകളില്‍ കുറഞ്ഞത് 50 ശതമാനമോ അതിന് ആനുപാതികമായോ സംസ്ഥാന ക്വാട്ടയില്‍ നിന്ന് സംവരണം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. "ഏപ്രിലില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നത് മുതല്‍ പോസ്റ്റിങ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് പല തവണയായി രേഖാമൂലവും നേരിട്ടും അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ചോദിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് ചോദിക്കാന്‍ പറയും. ഡയറക്ടറോട് ചോദിക്കുമ്പോള്‍ മന്ത്രിയോട് ചോദിക്കാന്‍ പറയും. ഇത്തരത്തില്‍ തീരുമാനമില്ലാതെ നീണ്ടുപോവുകയാണ്", ഡോ ഔസം ഹുസൈന്‍ പറഞ്ഞു. നിയമനത്തില്‍ വ്യക്തത വരുത്തി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ എല്ലാവര്‍ക്കും അയച്ചിരിക്കുകയാണ് ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍. തീരുമാനം ഉണ്ടായില്ലെങ്കില്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികളിലേക്ക് കടക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഡോക്ടര്‍മാരുടെ കുറവുള്ള സാഹചര്യത്തില്‍, അതിനായി നിയമിച്ച ഡോക്ടര്‍മാര്‍ പണിമുടക്കിയാല്‍ അത് സര്‍ക്കാരിന് തലവേദനയാവും. വിഷയത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടേയും ആരോഗ്യ മന്ത്രിയുടേയും പ്രതികരണങ്ങള്‍ക്കായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.


Next Story

Related Stories