TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ ചെയ്യേണ്ട ചുമതലകളുണ്ട്, അത് ചെയ്യുന്നില്ലെന്നതാണ് കമ്മീഷനുകള്‍ പൊതുജനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ പ്രധാന കാരണം: ജസ്റ്റിസ് പി.എ മുഹമ്മദ്

സര്‍ക്കാര്‍ ചെയ്യേണ്ട  ചുമതലകളുണ്ട്, അത് ചെയ്യുന്നില്ലെന്നതാണ് കമ്മീഷനുകള്‍ പൊതുജനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ പ്രധാന കാരണം: ജസ്റ്റിസ് പി.എ മുഹമ്മദ്

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് പൂര്‍ത്തിയാതായി ജസ്റ്റീസ് പി.എ മുഹമ്മദ് കമ്മീഷന്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ മൂലം ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടതിനലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ താമസം വരുന്നതെന്നും ഇപ്പോഴത്തെ സാഹചര്യം മാറിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജ. പി.എ മുഹമ്മദ് അഴിമുഖത്തോട് വ്യക്തമാക്കി.

2016 നവംബറില്‍ നിയോഗിച്ച കമ്മിഷന് കഴിഞ്ഞ ദിവസം വീണ്ടും കാലാവധി നീട്ടി നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. കമീഷന് നിലവില്‍ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രധാന ചോദ്യം. ഇതിനകം രണ്ടു കോടിക്കടുത്ത് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. പത്രപ്രവര്‍ത്തകന്‍ യൂണിയനും കമ്മീഷന്‍ നിലപാടിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എട്ടാംതവണയും കമ്മിഷന്‍ കാലാവധി നീട്ടി നല്‍കിയതിനു പിന്നാലെയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. എന്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം എടുക്കുന്നുവെന്ന് കമ്മീഷന്‍ തയ്യാറാകണമെന്നായിരുന്നു കെയുഡബ്യുജെയുടെ ആവശ്യം. മറുപടി പറയാന്‍ കമ്മീഷന് ജനാധിപത്യപരമായ ബാധ്യതയുണ്ടെന്നും കെയുഡബ്ല്യുജെ ഭാരവാഹികള്‍ പറഞ്ഞു.

കമ്മീഷനെതിരേ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ജ. പി എ മുഹമ്മദ് അഴിമുഖത്തോട് തന്റെ ഭാഗം വിശദീകരിച്ചു സംസാരിച്ചത്.

"റിപ്പോര്‍ട്ടിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി കുറച്ച് ജോലികള്‍ കൂടിയെ ബാക്കിയുള്ളൂ. ലോക്ഡൗണ്‍ മൂലം ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടില്ലായിരുന്നുവെങ്കില്‍ റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാരിന് സമര്‍പ്പിക്കുകമായിരുന്നു. റിപ്പോര്‍ട്ട് കറക്ട് ചെയ്യുക, പ്രിന്റ് ഔട്ട് കോപ്പികള്‍ എടുക്കുക തുടങ്ങിയ ജോലികള്‍ ബാക്കിയുണ്ട്. ഓഫീസ് ജീവനക്കാര്‍ വന്നു തുടങ്ങിയ ശേഷമേ അതിനെല്ലാം സാധിക്കു. ഞാന്‍ വീട്ടിലിരുന്ന് ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അധികം താമസം കൂടാതെ തന്നെ എന്നെയേല്‍പ്പിച്ച ചുമതല പൂര്‍ത്തിയാക്കും.

വലിയ വിമര്‍ശനങ്ങള്‍ കമ്മിഷനെതിരേ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിമര്‍ശനങ്ങളക്കെയും സ്വീകരിക്കുന്നു. ഒരു കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്തിനിത്രയും കാലതാമസം എന്ന ചോദ്യം ന്യായമാണ്. പുറത്തു നില്‍ക്കുന്നൊരാളാണെങ്കില്‍ ഞാനും ഇതേ ചോദ്യം ചോദിക്കുമായിരുന്നു. ഇവിടെ എനിക്ക് പറയാനുള്ളത്, കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചകളല്ല വിമര്‍ശനങ്ങള്‍ക്ക് കാരണം. പലരും വരുത്തിയ വീഴ്ച്ചകളുടെ ഉത്തരവാദിത്തം കമ്മിഷനുമേല്‍ വന്നതാണ്. എങ്കിലും ഞാനവയൊക്കെ അംഗീകരിക്കുന്നു.

എന്തുകൊണ്ട് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം വന്നു എന്നത് വിശദമായി തന്നെ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്. പബ്ലിക്കിനു മുന്നില്‍ അത് വരുമ്പോള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയാകും. ഇനി വരുന്ന കമ്മീഷനുകളെങ്കിലും ഇത്തരം ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരാകാതിരിക്കാനുള്ള നിര്‍ദേശങ്ങളും എന്റെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ചെയ്യേണ്ട ചില ചുമതലകളുണ്ട്. അത് ചെയ്യുന്നില്ലെന്നതാണ് കമ്മീഷനുകള്‍ പൊതുജനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ പ്രധാന കാരണം. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതിനൊപ്പം കമ്മീഷന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ കഴിയില്ല. ഒരു വര്‍ഷത്തിനടത്തെടുത്തു ഈ കമ്മീഷന് ഒരു ഓഫീസ് ലഭിക്കാന്‍. ടേംസ് ഓഫ് റഫറന്‍സ് ഓര്‍ഡര്‍ പുറത്തുവരുന്ന സമയത്ത് തന്നെ കമ്മീഷന് ഓഫിസും അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കണം. അല്ലാതെ വെറുതെ കമ്മീഷനെ നിയോഗിച്ചാല്‍ മാത്രം പോരാ. ഇരിക്കാനുള്ള സ്ഥലം കമ്മീഷന്‍ തന്നെ പോയി
കണ്ടെത്താന്‍ പറയരുത്. അങ്ങനെയൊക്കെ ചെയ്യേണ്ടി വരുമ്പോഴാണ് താമസം വരുന്നത്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്.

ഈ വിഷയത്തില്‍ തുടക്കം മുതല്‍ പലതരം കാലതാമസം നേരിട്ടിരുന്നു. കമ്മീഷന്‍ നിയോഗിക്കപ്പെടുന്ന സമയത്ത് ഈ വിഷയത്തില്‍ തന്നെ ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ ഉണ്ടായിരുന്നു. ഒന്നരക്കൊല്ലത്തോളം താമസം അതുമൂലം ഉണ്ടായി. അതിനുശേഷം വീണ്ടും ഒരു ടേംസ് ഓഫ് റഫറന്‍സ് ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് ആറുമാസക്കാലം കഴിഞ്ഞാണ് ഓര്‍ഡര്‍ വരുന്നത്. ജിസിഡിഎയില്‍ ഒരു ഓഫീസ് കിട്ടിയത് തന്നെ ഏകദേശം ഒരു വര്‍ഷമെടുത്തിട്ടാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത് അവിടെ ഓഫീസ് കിട്ടിയതിനുശേഷമാണ്. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അതനുസരിച്ച് കമ്മീഷന്റെ ചുമതല തീര്‍ക്കാനുള്ള കാലതാമസവും വരും.

ഇക്കാലയളവില്‍ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നു പറയുന്നതില്‍ കഴമ്പില്ല. നിരവധി അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും വിസ്തരിച്ചു. അതിനു തന്നെ നല്ലൊരു സമയം പോയി. കമ്മീഷന്‍ ഒരു സിവില്‍ കോടതി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോടതിയുടേതായ പ്രോസീജ്യറുകളാണ് കമ്മീഷനിലും ഉള്ളത്. വിസ്തരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഭാഗം അന്നുണ്ടാകില്ല. അതോടെ വിസ്താരം മാറ്റി വയ്‌ക്കേണ്ടി വരും.

ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കൂടാതെ പോലീസും പ്രധാന കക്ഷിയാണ്. പോലീസിനെതിരേയും ആക്ഷേപമുണ്ടല്ലോ, അവരെയും വിസ്തരിക്കേണ്ടത് പ്രധാനമാണല്ലോ. അവരെ വിസ്തരിക്കുമ്പോള്‍ അവരുടെ ഭാഗം വാദിക്കാന്‍ ഒരാള്‍ വേണമല്ലോ. പക്ഷേ, പോലീസിനു വേണ്ടി ഒരു ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കാന്‍ വലിയ താമസമെടുത്തു. ആ ഒരൊറ്റ കാരണം കൊണ്ട് ഒന്നരക്കൊല്ലത്തോളമാണ് നീണ്ടുപോയത്.

ഇക്കാലയളവില്‍ കോടികള്‍ കമ്മിഷനു വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവാക്കിയെന്നതും മറ്റൊരു വിമര്‍ശനമാണ്. കമ്മീഷന്‍ ഒറ്റയ്ക്ക്‌ ചെലവഴിച്ചതല്ല ഈ തുക. പ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തത്തിലാണ്. സര്‍ക്കാരില്‍ നിന്നു തന്നെ രണ്ട് സെക്രട്ടറിമാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍, ഇവര്‍ക്കൊക്കെയുള്ള ശമ്പളം, ഓഫീസ് വാടക, മറ്റ് ചെലവുകള്‍, അങ്ങനെ വരുന്നതാണ് ഈ പറയുന്ന തുക. അല്ലാതെ, അനാവശ്യമായി കമ്മിഷന്‍ ചെലവാക്കിയതല്ല ഇത്.

ശരിയാണ്, ഇത്രയും കാലം എന്തിനാണ് ഒരു കമ്മീഷന് എന്ന് ആര്‍ക്കും തോന്നും. പക്ഷേ, ഞാന്‍ ഈ പറഞ്ഞ കാരണങ്ങള്‍ അതിനുള്ള മറുപടിയാണ്. വ്യക്തിപരമായി എനിക്കും വിഷമമുള്ള കാര്യമാണ്, ഒരു കമ്മീഷനുമായി ഇത്രനാള്‍ പോകുന്നത്. ഇതാദ്യമായിട്ടല്ല, ഒരു കമ്മീഷനായി പ്രവര്‍ത്തിക്കുന്നത്. സ്വാശ്രയ കോളേജ് വിഷയത്തില്‍ കമ്മീഷനായി ഇരുന്നിട്ടുണ്ട്. അതിനു മുമ്പ് ഓംബുഡ്‌സ്മാന്‍ പദവിയിലും ഇരുന്നിട്ടുണ്ട്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് വളരെ നേരത്തെ തന്നെ സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നൊരാളാണ് ഞാന്‍. നടന്നില്ല. എന്തായാലും ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇനിയൊരു കമ്മീഷനും ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരാതിരിക്കാന്‍ കൂടി ആ റിപ്പോര്‍ട്ട് സഹായകമാകുമെന്നും വിശ്വസിക്കുന്നു".


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories