മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്. ഷാനിമോള്‍ ഉസ്മാന് യാതൊരു കാര്യവുമില്ലാത്ത കാര്യത്തില്‍ പ്രതികരണം നടത്തി. തെറ്റുമനസ്സിലാക്കി തിരുത്തിയത് വളരെ ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവും പറഞ്ഞത് തിരുത്തി. പാര്‍ട്ടിക്കകത്ത് അക്കാര്യത്തില്‍ താന്‍ സംതൃപ്തനാണെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ താന്‍ ജാതി പറഞ്ഞിട്ടില്ല, തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപിക്കലാകുമോ. അതില്‍ എന്താണ് അപമാനം. ഓരോ ആളുടെയും വളര്‍ന്ന സാഹചര്യങ്ങള്‍ അവരുടെ ദര്‍ശനങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുകയാണ് വേണ്ടത്. തൊഴില്‍ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും സുധാകരന് ചോദിച്ചു.
ഗൗരിയമ്മയെ ഇഎംഎസും കോണ്‍ഗ്രസ് നേതാവ് കുട്ടപ്പനെ നായനാരും ജാതിപറഞ്ഞ് അപമാനിച്ചിട്ടില്ലേ. ഷാനിമോളെയും ലതികാ സുഭാഷിനെയും രമ്യ ഹരിദാസിനെയും അപമാനിച്ചിട്ടില്ലേ. എന്‍കെ പ്രേമചന്ദ്രനെ അടക്കം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലില്ലേ. ബിഷപ്പിനെക്കുറിച്ച് പറഞ്ഞത് പിണറായി തിരുത്തിയോ. സ്വാതന്ത്ര്യ സമര സേനാനി ഗോപാലനെ അട്ടംപരതി ഗോപാലന് എന്നു വിളിച്ചയാളാണ് പിണറായി. അദ്ദേഹം എപ്പോഴെങ്കിലും അത് തിരുത്തിയിട്ടുണ്ടോ? എന്തെങ്കിലും ബഹുമാനം പിണറായി വിജയന് അര്‍ഹിക്കുന്നുണ്ടോയെന്നും സുധാകരന് ചോദിച്ചു.
ചൊവ്വാഴ്ച നടന്ന പ്രസംഗത്തില്‍ സിപിഎമ്മുകാര്‍ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. രണ്ടു ദിവസം അവര്‍ ഉറങ്ങുകയായിരുന്നോ. ചാനലുകളിലെല്ലാം വന്നിട്ടും ഇവര്‍ അറിഞ്ഞില്ലേ. രണ്ടു ദിവസം കഴിഞ്ഞ് ഇവര്‍ക്ക് ബോധോധയമുണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിലാണ്. അവിടെയാണ് ഷാനിമോള്‍ പ്രതിക്കൂട്ടിലാകുന്നത്.