TopTop

ആര്‍ എസ് എസിനെ മുട്ടുകുത്തിച്ച 'ക്രൌഡ് പുള്ളര്‍'

ആര്‍ എസ് എസിനെ മുട്ടുകുത്തിച്ച

ഒരിക്കല്‍ കപ്പിനും ചുണ്ടിനുമിടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവി സ്ഥാനം നഷ്ടപ്പെട്ടയാളാണ് കെ സുരേന്ദ്രന്‍. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി മിസോറാം ഗവര്‍ണറാക്കിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാനുദ്ദേശിച്ചായിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ ആര്‍എസ്എസ് ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. അതോടെ സുരേന്ദ്രനില്‍ നിന്ന് അധ്യക്ഷ പദവി സ്ഥാനം ശ്രീധരന്‍പിള്ളയിലേക്ക് എത്തി. ശോഭാ സുരേന്ദ്രനും എം ടി രമേശും ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും ഇക്കുറി സുരേന്ദ്രനെ മാറ്റി നിര്‍ത്താന്‍ ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല.

ആളെക്കൂട്ടാനും വിജയിക്കാനും കെല്‍പ്പുള്ളയാള്‍ എന്ന നിലയില്‍ ബിജെപിയില്‍ വളര്‍ന്ന കെ സുരേന്ദ്രന്‍ കൂടുതല്‍ കരുത്തനാവുന്നതും ജനകീയനാവുന്നതും ശബരിമല യുവതീ പ്രവേശന വിധിയ്ക്ക് ശേഷമുണ്ടായ സമരങ്ങളിലൂടെയാണ്. 'വണ്‍മാന്‍ ഷോ' എന്ന തരത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലും സുരേന്ദ്രനെ തള്ളിപ്പറഞ്ഞപ്പോള്‍ കൃത്യമായ പദ്ധതിയിലൂടെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തത്. ശബരിമലയില്‍ ഇരുമുടി കെട്ടുമായി എത്തി സുരേന്ദ്രന്‍ നടത്തിയ ഇടപെടലും തുടര്‍ന്നുണ്ടായ അറസ്റ്റും എല്ലാം ആര്‍എസ്എസ് നേതാക്കളെയടക്കം തനിക്ക് അുകൂലമാക്കാനുള്ളതാണെന്ന് വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. ബിജെപി നേതൃപദവി ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമായാണ് പാര്‍ട്ടിയിലെ എതിര്‍പക്ഷക്കാര്‍ ആരോപിച്ചതും. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തുന്നത്.

കോഴിക്കോട് ജില്ലയിലെ ഉള്യേരിയില്‍ കര്‍ഷക കുടുംബത്തിലെ അംഗമാണ് കെ സുരേന്ദ്രന്‍. 1970 മാര്‍ച്ച് 10ന് ജനനം. എബിവിപിയില്‍ തുടങ്ങി യുവമോര്‍ച്ചാ നേതാവായി പടിപടിയായി ഉയര്‍ന്ന് ഒടുവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോള്‍ പാര്‍ട്ടിയില്‍ സുരേന്ദ്രനോളം ക്രൗഡ് പുള്ളര്‍ ആയ നേതാവില്ല എന്ന വിലിരുത്തലിലാണ് സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരും ദേശീയ നേതൃത്വവും. സ്‌കൂള്‍ പഠന കാലത്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നത്. ഗുരുവായൂരപ്പന്‍ കോളേജില്‍ കെമിസ്ട്രി ബിരുദത്തിന് പഠിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായി. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്. പിന്നീട് യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. കോവളം കൊട്ടാരം സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഇടപെടല്‍, മലബാര്‍ സിമന്റ്‌സ് അഴിമതി, അത്തരത്തില്‍ നിരവധി വിഷയങ്ങളിലുള്ള ഇടപെടലിലൂടെയാണ് കെ സുരേന്ദ്രന്‍ എന്ന നേതാവ് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന് വിജയം തലനാരിഴക്ക് നഷ്ടമായി. 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഇത് ജയസാധ്യതയുള്ള നേതാവെന്ന പരിവേഷം സുരേന്ദ്രന് നല്‍കി. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകളും വെട്ടി നിരത്തലുകളും ഒതുക്കലുകളും ഉണ്ടായപ്പോഴും അതിനെയെല്ലാം ഇച്ഛാശക്തിയോടെ നേരിട്ടായിരുന്നു സുരേന്ദ്രന്റെ വളര്‍ച്ച. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അതിന് സുരേന്ദ്രനെ ഏറെക്കുറെ സഹായകവുമായി. കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനാവുകയും ജനറല്‍ സെക്രട്ടറി സ്ഥാനം സുരേന്ദ്രനില്‍ നിന്ന് എം ടി രമേശിന് നല്‍കുകയും ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ അപ്രസക്തനായി മാറിയ വേളയിലാണ് കര്‍ണാടക തിരഞ്ഞെടുപ്പ് സുരേന്ദ്രന് പുതുജീവന്‍ നല്‍കുന്നത്. ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനാവുന്നതില് കര്‍ണാടക തിരഞ്ഞെടുപ്പിലെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കാരണമായി. ദക്ഷിണ കന്നഡയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. ഈ മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് സുരേന്ദ്രന്റെ പ്രവര്‍ത്തന മികവായാണ് ദേശീയ നേതൃത്വമുള്‍പ്പെടെ വിലയിരുത്തിയത്.

ശബരിമല യുവതീ പ്രവേശന വിധി വന്നപ്പോള്‍ അനുകൂലമായി പ്രതികരിച്ച കെ സുരേന്ദ്രന്‍ പിന്നീട് അതിനെതിരെയുള്ള സമരത്തില്‍ സജീവമായി. ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ പത്തനംതിട്ടയില്‍ ധര്‍ണ നടത്തിയപ്പോള്‍ സന്നിധാനത്തെത്തി കാര്യങ്ങളുടെ നിയന്ത്രണമേറ്റെടുത്താണ് സുരേന്ദ്രന്‍ കളത്തിലിറങ്ങിയത്. തുലാമാസ പൂജ സമയത്ത് ആചാരലംഘനം തടയാനായത് സുരേന്ദ്രന്‍ ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞതോടെ എന്‍എസ്എസും സുരേന്ദ്രന് പിന്തുണയുമായെത്തി. നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതായിരുന്നു കെ സുരേന്ദ്രന്റെ അറസ്റ്റ്. പോലീസിനെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തപ്പോഴും ജാമ്യത്തിന് വേണ്ടി ശ്രമിക്കേണ്ട എന്ന് സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആദ്യം നിര്‍ദ്ദേശിച്ചതും കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ സംസാരമുണ്ടായിരുന്നു. ജയിലില്‍ 21 ദിവസം. ഇത് യുവതീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്കിടയില്‍ സുരേന്ദ്രന്റെ മൈലേജ് വര്‍ധിപ്പിച്ചു. ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് വലിയ സ്വീകരണം തന്നെ പാര്‍ട്ടി നല്‍കി. വണ്‍മാന്‍ ഷോയില്‍ എതിര്‍പ്പുള്ളപ്പോഴും നിലനിന്നിരുന്ന സാഹചര്യത്തില്‍ സുരേന്ദ്രന് പ്രാധാന്യം നല്‍കി വിശ്വാസികളെ ഒന്നിച്ച് നിര്‍ത്താനാണ് ആര്‍എസ്എസും ശ്രമിച്ചത്.

മൂന്ന് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമ സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമായിരുന്നു പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമെങ്കിലും ഇടത് വലത് മുന്നണികള്‍ക്ക് ശക്തനായ എതിരാളിയായി കെ സുരേന്ദ്രന്‍ മാറി. പത്തനംതിട്ടയില്‍ മൂന്ന് ലക്ഷത്തോളം വോട്ട് പിടിക്കുകയും ചെയ്തു. അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്‍ എന്ന പേരല്ലാതെ മറ്റൊരു പേര് ശക്തമായി ഉന്നയിക്കാനാവാതെ എതിര്‍പക്ഷവും വലഞ്ഞു. ആര്‍എസ്എസിന്റെ എതിര്‍പ്പുകളെ കൂടി മറികടന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്‍ തന്നെ എന്ന് പാര്‍ട്ടി ഉറപ്പിക്കുകയായിരുന്നു.

അടുത്ത് വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരവും മലബാര്‍ ജില്ലകളും പിടിക്കുക എന്ന ഉദ്ദേശത്തിലാണ് ബിജെപി പ്രവര്‍ത്തകരും ദേശീയ നേതൃത്വവും നീങ്ങുന്നത്. ഇതിന്റെ ഭാഗം കൂടിയാണ് സുരേന്ദ്രന് നല്‍കിയ അധ്യക്ഷ സ്ഥാനം. വി മുരളീധരന്‍ പക്ഷത്തിന് അധികാരമുള്ള ജില്ലകളില്‍ കോര്‍പ്പറേഷനുകളും നഗരസഭകളും പഞ്ചായത്തുകളും പിടിക്കുക എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ആലോചന. സുരേന്ദ്രന്‍ അധ്യക്ഷനാവുന്നതോടെ ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാവും എന്നതാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.


Next Story

Related Stories