മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ജാതി അധിക്ഷേപമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്.ചെത്തുകാരന് എന്നത് മോശം ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് എത്ര പേരെ അധിക്ഷേപിക്കുന്നു. പിണറായി വിജയന് ചെയ്യുന്നത് തന്നെയാണ് സുധാകരനും ചെയ്തതെന്നും സുരേന്ദ്രന് പറഞ്ഞു. നേരത്തെ കെ.സുധാകരന്റെ പിണറായി വിജയനെതിരായ പരാമര്‍ശം വിവാദമായിരുന്നു. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാന് എംഎല്‍എയും രംഗത്തെത്തിയെങ്കിലും പിന്നീട് നിലപാട് തിരുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും അതിര് കടന്ന് മുന്നോട്ട് പോകുന്നു, പിഎസ്സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്നും സുരേന്ദ്രന് ആരോപിച്ചു. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ പണി. ഭാര്യമാരുടെ ഉന്നമനത്തിന് വേണ്ടിയാണ് സിപിഎം ഇപ്പോള്‍ നിലകൊള്ളുന്നത്. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി, പ്രധാന സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും സിപിഎം പ്രവര്‍ത്തകരായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. ഇത് കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറിപ്പക്കാരെ വഞ്ചിക്കുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തും, നിയമനടപടിയെ കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.