TopTop
Begin typing your search above and press return to search.

പ്രസീതയും പി ജയരാജനും കൂടിക്കാഴ്ച നടത്തി, കേസ് തിരക്കഥയെന്ന് സുരേന്ദ്രന്‍; തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളമെന്ന് ജയരാജന്‍

പ്രസീതയും പി ജയരാജനും കൂടിക്കാഴ്ച നടത്തി, കേസ് തിരക്കഥയെന്ന് സുരേന്ദ്രന്‍; തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളമെന്ന് ജയരാജന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ നടക്കുന്നത് പച്ചയായ കള്ളക്കളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കുഴല്‍പ്പണക്കേസാണെങ്കില്‍ എന്തുകൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് കേസ് കൈമാറാത്തത്? കേസ് ബിജെപിയുടെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരദ്ദേശമാണ് നടക്കുന്നത്. പല കേസുകളും ഇത്തരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ച പ്രസീതയും സിപിഎം നേതാവ് പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ചേശ്വരത്തെയും കള്ളക്കേസാണ്. നൂറു കണക്കിന് കോടി രൂപയുടെ മരം മുറിയാണ് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ നടന്നത്. സര്‍ക്കാരിലേക്ക് നേരിട്ടാണ് വനം കൊള്ളപോകുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി.കെ ജാനുവിന് പണം കൊടുത്തു എന്ന പേരില്‍ കള്ളക്കേസ് വന്നിരിക്കുകയാണ്. പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് പ്രസീത എന്നയാള്‍ പണം കൊടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത്. ജയരാജന്‍ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണ്. അതിനെല്ലാം തെളിവുകളുണ്ട്.

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ബിഎസ്പി സ്ഥാനാര്‍ഥിയാണ്. എല്ലാരും വ്യാഖ്യാനിക്കുന്നത് കെ. സുരേന്ദ്രന്റെ അപരനാണ് സുന്ദര എന്നാണ്. എന്നാല്‍ സുരേന്ദ്രന്റെ അപരനല്ല സുന്ദര. അദ്ദേഹം ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. എം സുരേന്ദ്രന്‍ എന്നൊരു അപരന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. അദ്ദേഹത്തിന് 200 വോട്ടും ലഭിച്ചിരുന്നു. അദ്ദേഹത്തെ ആരും പിന്‍വലിപ്പിക്കാന്‍ പോയിട്ടില്ല. പിന്നെയാണല്ലോ ബിഎസ്പി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ പോകുന്നത്. ബിഎസ്പി സ്ഥാനാര്‍ഥി സ്വന്തം നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പോയി പത്രിക പിന്‍വലിച്ചതിന് കുറ്റം ബിജെപിക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, പ്രസീതയുമായി താന്‍ കൂടിക്കാഴ്ച നടത്തിയോ എന്നതല്ല, ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് സുരേന്ദ്രന്‍ മറുപടി പറയുകയാണ് വേണ്ടതെന്ന് ജയരാജന്‍ പ്രതികരിച്ചു. അഴിമതി മറച്ചുവെക്കാന്‍ വേണ്ടിയുള്ള സംഘിടതമായ നുണപ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍. സുരേന്ദ്രനെതിരെ ആര്‍ക്കും നിഷേധിക്കാനാവാത്ത വിധം ഡിജിറ്റല്‍ തെളിവുകളാണ് പ്രസീത പുറത്തുവിട്ടത്. ജാനുവിന്റെ പാര്‍ട്ടിയുടെ ട്രഷററായി പ്രവര്‍ത്തിച്ചയാളാണ് പ്രസീത. അതിനാണ് സുരേന്ദ്രന്‍ മറുപടി പറയേണ്ടത്. താനുമായി പ്രസീത ചര്‍ച്ച നടത്തിയോ എന്ന കാര്യം അപ്രസക്തമാണ്. കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോഴുണ്ടായ വെപ്രാളമാണ് സുരേന്ദ്രന്റെ പ്രതികരണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസീതയുമായി രണ്ടരവര്‍ഷം മുമ്പേ കണ്ടിട്ടുണ്ടെങ്കില്‍ അത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കും. അതുകൊണ്ട് താന്‍ കണ്ടോ എന്നത് അപ്രസക്തമായ കാര്യമാണ്. പ്രസീത സുരേന്ദ്രനെതിരെ നല്‍കിയത് ഡിജിറ്റല്‍ തെളിവുകളാണ്. ജനത്തിന് കാര്യം ബോധ്യമായപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബിജെപിയും സുരേന്ദ്രനും ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.


Next Story

Related Stories