TopTop
Begin typing your search above and press return to search.

കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍

കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാഴ്‌സല്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. ഇന്ന് പുലര്‍ച്ചെ സ്വകാര്യ കാറിലാണ് കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ജലീലിനെ എന്‍ഐഎ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‌റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മന്ത്രിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പാഴ്‌സല്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കൈപ്പറ്റി എന്ന ആരോപണത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സമെന്റിന് ജലീൽ നൽകിയ മൊഴി എൻഐഎ പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്സൽ കേന്ദ്ര അനുമതിയില്ലാതെ വാങ്ങിയതിൽ കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും. ഖുര്‍ ആന്‍ ആണ് പാഴ്‌സലിലുണ്ടായിരുന്നതെന്നും ഇതാണ് വിതാരണം ചെയ്യാനായി കൈപ്പറ്റിയത് എന്നുമാണ് ജലീല്‍ പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ പാഴ്‌സല്‍ കൈപ്പറ്റിയതില്‍ നേരത്തെ വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചിരുന്നു.

സ്വര്‍ണക്കടത്തോ മറ്റ് ഹവാല ഇടപാടുകളോ മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കോണ്‍സുലാര്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് എന്നാണ് ജലീലിന്റെ വിശദീകരണം. ആദ്യ ഘട്ടത്തില്‍ മറ്റ് പ്രതികളുടെ മൊഴിയെടുത്തതില്‍ നിന്ന് മന്ത്രിക്കെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകള്‍ ഇതുവരെ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Next Story

Related Stories