TopTop
Begin typing your search above and press return to search.

എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ സുരക്ഷ; കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല, ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് ബിജെപി

എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ സുരക്ഷ; കെടി ജലീല്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല, ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന്  ബിജെപി

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പാഴ്സല്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കെ എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ സുരക്ഷയൊരുക്കി പോലീസ്. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.ഐ.എ. ഓഫീസിന് സുരക്ഷയൊരുക്കുന്നത്.

ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു. എന്‍. ഐ.എ. ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നില്‍ തന്നെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സഹചര്യത്തില്‍ എന്‍ഐഎ. ഓഫീസിനുമുന്നിലും പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

അതേസമയം, ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിക്കുന്നത് രാജ്യ ദ്രോഹം, തീവ്രവാദം എന്ന നിലകളില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. അങ്ങനെയുള്ള അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഒരു മന്ത്രിചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുന്നത് നല്ലതല്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീല്‍ രാജിവെക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

എന്‍ഐഎ നടപടിയുടെ പശ്ചാത്തലത്തില്‍ കെടി ജലീലിന്റെ രാജി അനിവാര്യമാണെന്നാണ് ബിജെപി നിലപാട്. മന്ത്രിയെ ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെ സ്വകാര്യ കാറിലാണ് കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ജലീലിനെ എന്‍ഐഎ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മന്ത്രിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Next Story

Related Stories