TopTop
Begin typing your search above and press return to search.

മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരം; വിവാദത്തില്‍ വിശദീകരണവുമായി കമല്‍

മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരം; വിവാദത്തില്‍ വിശദീകരണവുമായി കമല്‍

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ മൂല്യം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളായ 4 പേരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എ.കെ. ബാലനു നല്‍കിയ കത്തില്‍ വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍ കമല്‍. ഇടത് അനുകൂലികളായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് എഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടായിട്ടുണ്ടെന്നും എന്നാല്‍ കത്ത് വ്യക്തിപരമായി എഴുതിയതാണെന്നും കമല്‍ പ്രതികരിച്ചു.

വ്യക്തിപരമായ കത്തായതിനാലാണ് സെക്രട്ടറി ഇത് കാണാതിരുന്നത്. സാംസ്‌കാരികസമിതിയായ ചലച്ചിത്ര അക്കാദമിയില്‍ മൊത്തത്തില്‍ ഇടതുപക്ഷസ്വഭാവം നിലനിര്‍ത്തണമെന്ന് കരുതിയാണ് കത്ത് നല്‍കിയത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് താന്‍ പരാമര്‍ശിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമി പോലുള്ള സാംസ്‌കാരിക സമിതികളില്‍ ഇടതുപക്ഷസ്വഭാവമുള്ളവര്‍ ഉണ്ടാകണമെന്ന് താനടക്കമുള്ള ഒരു വലിയ വിഭാഗം സാംസ്‌കാരികപ്രവര്‍ത്തകര്‍ കരുതുന്നുണ്ട്. തീവ്രവലതുപക്ഷവ്യതിയാനമുള്ള ആളുകള്‍ മിക്ക സാംസ്‌കാരികസമിതികളും കയ്യടക്കുന്ന ഈ കാലത്ത് അത്തരമൊരു ആവശ്യം താന്‍ വ്യക്തിപരമായി ഉന്നയിച്ചതാണെന്നും കമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കമല്‍ പ്രതികരിച്ചത്.

നാല് വര്‍ഷം മുമ്പ് നിയമിച്ച ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഷാജി എച്ച്, പ്രോഗ്രാം മാനേജര്‍മാരായ റിജോയ് കെ ജെ, വി പി വിമല്‍ കുമാര്‍, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍പി സജീഷ് എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആഗസ്റ്റില്‍ സാംസ്‌ക്കാരികമന്ത്രിക്ക് കമല്‍ കത്തയച്ചത്.നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്ത് ഹാജരാക്കിയത്. 'ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ നിലകൊള്ളുന്നവരുമായ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകരമായിരിക്കും' എന്നാണു മന്ത്രി എ.കെ. ബാലനു നല്‍കിയ കത്തില്‍ കമല്‍ എഴുതിയത്. കത്തിനെച്ചൊല്ലി വിവാദം പുകഞ്ഞ സാഹചര്യത്തിലാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്.


Next Story

Related Stories