കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം വീണ്ടും പ്രതിരോധത്തിലായി. ഫൈസലിന് സിപിഎം സംസ്ഥാന നേതൃത്വവുമായുള്ള അടുത്ത ബന്ധം തന്നെയാണ് ആരോപണങ്ങളുടെ കാതല്‍. കൊടുവള്ളി നഗരസഭ 27-ാം വാര്‍ഡിലെ ഇടതു സ്വതന്ത്രനായ കൗണ്‍സിലര്‍ എന്നതുമാത്രമല്ല, ഫൈസലും സിപിഎമ്മുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം. 2017 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ ജനജാഗ്രത യാത്രയില്‍ ഫൈസലിന്റെ ബിഎംഡബ്യു മിനി കൂപ്പര്‍ വാഹനം ഉപയോഗിച്ചതിലൂടെ തന്നെ സ്വര്‍ണക്കടത്തിലും ഹവാലയിടപാടിലും പ്രതിയായ ഫൈസലിനു പാര്‍ട്ടിയുമായുള്ള ബന്ധം പുറത്തു വന്നിരുന്നു. അന്ന് കോടിയേരി പലതും പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പോലും അതിനൊന്നും പിന്തുണയോ വിശ്വാസ്യതയോ കിട്ടിയിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് നേതാവ് ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന യാത്രയ്ക്ക് വിവാദ നായകനായൊരാളുടെ ആഢംബരകാര്‍, അതും ടാക്സ് വെട്ടിച്ച് കൊണ്ടുവന്ന കാര്‍; ഉപയോഗിച്ചതിനെതിരേ എതിര്പക്ഷങ്ങളെക്കാള് പ്രതിഷേധം ഉയര്‍ത്തിയത് കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ന് അതേ കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായി കസ്റ്റംസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരിക്കല്‍ കൂടി പ്രതിരോധത്തിലാവുകയാണ്.
പോണ്ടിച്ചേരില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് പത്തുലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തി സംസ്ഥാന സര്‍ക്കാരിനെ പറ്റിച്ചുകൊണ്ടുവന്നതായിരുന്നു ഫൈസലിന്റെ മിനി കൂപ്പര്‍. മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം കേരളത്തില്‍ ഓടിക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന് പുതുക്കി നികുതിയടയ്ക്കണമെന്നാണ് നിയമം. ഈ നിയമം അനുസരിക്കാന്‍ ഫൈസല്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടികളും തുടങ്ങിയിരിക്കെയായിരുന്നു കോടിയേരിയുടെ യാത്ര. ആരുടെ കാര്‍ ആണെന്നു അറിയില്ലായിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതിന് പ്രകാരമാണ് ആ വാഹനത്തില്‍ താന്‍ കയറിയതെന്നുമൊക്കെയായിരുന്നു കോടിയേരിയും വാദം. അതൊരു ആഢംബര കാര്‍ ആണെന്നു പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞുവച്ചു. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ഒരു ജാഥയ്ക്കിടയില്‍ ഫൈസലിന്റെ മിനി കൂപ്പര്‍ തികച്ചും യാദൃശ്ചികമായി കടന്നു വരികയും ഒന്നുമറിയാതെ കോടിയേരി അതില്‍ കയറുകയും ചെയ്തെന്നു വിശ്വസിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു പോലും കഴിയുമായിരുന്നില്ല. ഫൈസലിന്റെ മിനി കൂപ്പര്‍ കോടിയേരിക്കു മുന്നില്‍ എത്തിയത് സ്വാഭാവികമായി കരുതാന്‍ ഒരാളും തയ്യാറായതുമില്ല.
വിവാദങ്ങള്‍ കനക്കുകയും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ ഈ വാഹാനം കേരളത്തിനു പുറത്തേക്ക് കടത്തുകയാണ് ഫൈസല്‍ ചെയ്തത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാപ്പാക്കല്‍ പദ്ധതിയുടെ മറവിലാണ് ഫൈസല്‍ കാര്‍ കടത്തിയത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ പല തവണ ആവശ്യപ്പെട്ടിട്ടും ഫൈസല്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് ജോയ്ന്റ് ആര്‍ടിഒ ക്രൈംബ്രാഞ്ചിന് കത്ത് നല്കി. അനധികൃതമായി കാര്‍ കേരളത്തില്‍ ഓടിച്ചതിന് ഏഴുലക്ഷം രൂപ പിഴയട്ക്കാനും ഫൈസലിനോട് ജോയ്ന്റ് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ സ്ഥിരമായി ഈ കാര്‍ കേരളത്തില്‍ ഓടിക്കാറില്ലെന്നും വളരെ കുറച്ചു പ്രാവിശ്യം മാത്രമാണ് ഇവിടെ ഓടിച്ചിട്ടുള്ളതെന്നും പറഞ്ഞ് പിഴയൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു ഫൈസല്‍. ഇതിനുശേഷം ഈ കാര്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പുതുച്ഛേരിയില്‍ നിന്നും എന്‍ഒഎസി വാങ്ങി കാര്‍ വിറ്റതായും അറിയാന്‍ കഴിഞ്ഞു. അതിനു പിന്നാലെ കാരാട്ട് ഫൈസലിനെതിരായ അന്വേഷണങ്ങളും ഏതാണ്ട് അവസാനിച്ചു.
കാര്‍ വിവാദത്തിനു മുമ്പ് തന്നെ കരാട്ട് ഫൈസല്‍ എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളായിരുന്നു ഫൈസലിനെതിരേ ഉയര്‍ന്നത്. 2013 നവംബറില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറു കിലോ സ്വര്‍ണം ഡിആര്എ പിടികൂടിയ കേസില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച് അറസ്റ്റിലായവരുമായി ഫൈസലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയായിരുന്നു നടപടി. മുഖ്യപ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ആഢംബര കാര്‍ ഫൈസലിന്റെ വീട്ടില്‍ നിന്നും ഡിആര്എ കണ്ടെത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം സ്വര്‍ണക്കടത്തിലും ഫൈസലിന് മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിനെ ഉദ്ധരിച്ച് പുറത്തു വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. മുന്‍പും നയതന്ത്ര ചാനല്‍ വഴി കൊണ്ടു വന്നിരിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം വില്ക്കാന് ഫൈസല്‍ സഹായം നല്‍കിയിട്ടുണ്ടെന്ന വിവരം കസ്റ്റംസിന് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നതിന് പണം നിക്ഷേപിച്ചവരുടെ കൂട്ടത്തിലും ഫൈസലുണ്ടെന്നു കസ്റ്റംസ് പറയുന്നുണ്ട്. ഈ കേസില്‍ അറസ്റ്റ് ചെയ്ത കെ ടി റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഫൈസലിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും കസ്റ്റംസ് ഫൈസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ പല നിര്‍ണായക വിവരങ്ങളും കിട്ടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.