ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കുടുങ്ങിയ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ മന:പൂര്‍വ്വം നാറ്റിക്കാനാണ് സിപിഎം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്. സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കമറുദ്ദീൻ എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉണ്ണിത്താന് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വ്യാപകമായ അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ് കേരളത്തിലെ സര്‍ക്കാരെന്നും ഉണ്ണിത്താന് ആരോപിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് സംസാരിക്കുന്നു.
"കമറുദ്ദീന് ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനിയില്‍ പാര്ട്ണര്മാരെയുണ്ടാക്കി. ഇതൊരു ബിസിനസ്സാണ്. ബിസിനസ്സില്‍ ലാഭമുണ്ടാകുമ്പോള്‍ ലാഭം വിഹിതം ഉണ്ടാകും നഷ്ടമുണ്ടാകുമ്പോള്‍ നഷ്ടം സഹിക്കും. ആരാണോ അതിന്റെ തലപ്പത്ത് ഇരിക്കുവര്‍ അവര്‍ ഇതിനകത്ത് ഷെയര്‍ഹോള്‍ഡേഴ്സിന്റെ കാശ് കൊടുക്കണം. ഇതൊരു സിവില്‍ കേസാണ്. കമറുദ്ദീന് ആര്‍ക്കൊക്കെ കാശ് കൊടുക്കാനുണ്ടോ അവര്‍ക്കൊക്കെ ചെക്ക് കൊടുത്തിട്ടുണ്ട്. ചെക്ക് കോടതിയില്‍ ഹാജരാക്കിയാല്‍ പണം കിട്ടിയില്ലെങ്കില്‍ ബൗണ്‍സ് ചെയ്യും. അവസാനം ഇയാളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റ് കോടതി പണം ഈടാക്കി കൊടുക്കും. അതിനെന്തിനാ രാഷ്ട്രീയ സമരം, അതിനെന്തിനാ ക്രൈംബ്രാഞ്ച്? കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ സിവില്‍ കേസില്‍ പോലീസ് അന്വേഷണം ഉണ്ടായിട്ടുണ്ടോ? അപ്പോള്‍, നില്‍ക്കക്കള്ളിയില്ലാതെ വന്ന ഭരണപക്ഷം കച്ചിതുരുമ്പില്‍ കേറി പിടിച്ചിരിക്കുകയാണ്. കമറുദ്ദീന് പൈസ തിരിച്ച് കൊടുത്താല്‍ ഈ പാവപ്പെട്ട മാര്‍ക്സിസ്റ്റുകള്‍ എന്ത് ചെയ്യുമെന്നാണ് നമ്മള് ആലോചിക്കേണ്ടത്. പൈസ നഷ്ടപ്പെട്ടവന് പൈസ തിരിച്ച് കിട്ടണം, ആ പൈസ തിരിച്ച് കൊടുക്കണമെന്നതിനകത്ത് ഞാന്‍ അടിയുറച്ച് നില്ക്കുന്നു. ആരുടെ എങ്കിലും കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ പൈസ തിരിച്ച് കൊടുത്തേ മതിയാകൂ. കൊടുക്കത്തില്ലെന്ന് കമറുദ്ദീന് പറഞ്ഞാല്‍ ഞാന്‍ കമറുദ്ദീനെതിരെ പറയും. കമറുദ്ദീന് കൊടുക്കാമെന്നാണ് പറയുന്നത്. കൊടുക്കത്തില്ലെന്ന് ഇതുവരെ കമറുദ്ദീന് പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. സാവകാശം വേണം, ഈ നാട്ടില്‍ സാവകാശം കൊടുക്കാറില്ലേ, അദ്ദേഹം പണം തിരിച്ച് കൊടുക്കത്തില്ലെന്ന് പറഞ്ഞാല്‍ ഈ നാട് മൊത്തം അദ്ദേഹത്തനെതിരെ തിരിയണം. പൈസ കൊടുത്ത് തീര്‍ക്കുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അപ്പോള്‍ പിന്നെ ഒരു എംഎല്‍എയെ നാറ്റാന് സമരവുമായിട്ട് ഇറങ്ങിയിരിക്കുയാണ്. പക്ഷെ, മുഖ്യമന്ത്രി നാറിയിട്ട് സമരം ചെയ്യാത്തവര്‍, പാര്‍ട്ടി സെക്രട്ടറി നാറിയിട്ട് സമരം ചെയ്യാത്തവര്‍, പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും നിലവാരത്തിലേക്ക് ഒരു എംഎല്‍എയെ കൊണ്ടുപോകാന്‍ ബോധപൂര്‍വ്വം നടത്തുന്ന സമരമായിട്ടേ ഇതിനെ ഞാന്‍ കാണുന്നുള്ളൂ.
സിപിഎം ഇപ്പോള്‍ സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കാന്‍ നടക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ ജനങ്ങളുടെ മുമ്പില്‍ അവര്‍ക്ക് നിലനില്‍പ്പ് നഷ്ടപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്തുകാരുടെ പ്രഭവകേന്ദ്രമായി മാറി. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ നടത്തിയ കള്ളക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചതായി കണ്ടെത്തി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി കണ്ടെത്തി. തിരൂരങ്ങാടിയില്‍ കേരളത്തിന് ആവശ്യമായ മുഴുവന്‍ ഖുര്‍ആനും പ്രിന്റ് ചെയ്യുമ്പോള്‍, പ്രോട്ടോകോള്‍ ഓഫീസറുടെ അനുമതി ഇല്ലാതെ ദുബായില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടു വന്നത് എന്തിനാണെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. മാത്രവുമല്ല, ഖുര്‍ആന്‍ കൊണ്ടുവരാന്‍ മന്ത്രി അവിടെ ബന്ധപ്പെടേണ്ട കാര്യവുമില്ല. കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെങ്കില്‍ ചില പ്രോട്ടോക്കോള്‍ എല്ലാമുണ്ട്. സകല പ്രോട്ടോക്കോളും ലംഘിച്ചാണ് ഖുര്‍ആന്‍ എന്ന വ്യാജേന പലതും കടത്തിയത്. മാത്രവുമല്ല, ഈ മന്ത്രി പല ആവര്‍ത്തി ദുബായിലെ ഏറ്റവും വില കൂടിയ ഈന്തപ്പഴവും കടത്തിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ കുരുവിന് പകരം അവിടെ സ്വര്‍ണ്ണത്തിന്റെ കുരുവാണ് എന്നതേയുള്ളു. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയോടൊപ്പം അഞ്ചു മാസക്കാലം നിഴലുപോലെ നടന്ന പുള്ളിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി, അദ്ദേഹത്തെ സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ മുഖ്യമന്ത്രി ശ്രമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കിയത്.
മുഖ്യമന്ത്രി പറഞ്ഞത് ഞാന്‍ അധികാരമേറ്റെടുത്താല്‍ കഴിഞ്ഞാല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളുണ്ടാവില്ലാ എന്നായിരുന്നു. മഹാവിഷ്ണുവിനു പോലും പത്ത് അവതാരങ്ങളെയുള്ളു. എന്നാല്‍ പിണറായി വിജയന് ദശാവതാരത്തിനും അപ്പുറത്ത്, 20-ല്‍ കൂടുതല്‍ അവതാരങ്ങളുണ്ട്. അധികാരത്തിന്റെ അകത്തളങ്ങളിലും അന്തപ്പുരങ്ങളിലും വരെ അവതാരങ്ങളാണ്. ആ അവതാരങ്ങളുടെ അവതാര ലക്ഷ്യങ്ങള്‍ കണ്ടു പിടിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചത്, അപ്പോള്‍ പറയുന്നു ക്ലിഫ്ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ആരും അറിയാതെ ഇടി വെട്ടി അതെല്ലാം പോയി എന്ന്. തിരുവനന്തപുരത്തുകാരായ ഞങ്ങള്‍ ഇങ്ങനെയൊരു ഇടി വെട്ട് കേട്ടിട്ടേ ഇല്ല. പക്ഷെ, ക്ലിഫ്ഹൗസിന് അകത്ത് മാത്രം ഇടി വെട്ടി, സിസിടിവി പോയി, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടിവെട്ടി, സിസിടിവി പോയി. തിരുവനന്തപുരം ജില്ലയിലെ ഒരു സിസിടിവിയും ഇടിവെട്ടി പോയിട്ടില്ല. എന്നാല്‍, എന്‍ഐഎ ചോദിക്കുന്ന സിസിടിവി എല്ലാം ഇടിവെട്ടി പോയെന്നാണ് പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കള്ളക്കടത്ത് നടത്തി, ആ കള്ളക്കടത്തിന്റെ പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നു, ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. മാത്രമല്ല, നമ്മുടെ ദേശസുരക്ഷയെ ബാധിക്കുന്ന ഏറ്റവും വലിയ കാര്യവുമാണ്. ഇന്ന് ലോകത്തിലെ അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് ഐഎസ്ആര്‍ഒ. ആ ഐഎസ്ആര്‍ഒയുടേതാണ് സ്പേസ് പാര്‍ക്ക്. പത്താം ക്ലാസ് പാസാകാത്ത ഒരു പെണ്‍കുട്ടിയെ, ദുബായ് കോണ്‍സുലേറ്റില്‍ വ്യാജ ലെറ്റര്‍ പാഡും വ്യാജ സീലും ഉണ്ടാക്കിയ ഒരു സ്ത്രീയെ, കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ഒരു സ്ത്രീയെ, വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഒരു സ്ത്രീയെ 1,25,000 രൂപക്ക് നിയമിച്ചു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ, മുഖ്യമന്ത്രിക്ക് എന്താ പണി എന്നുള്ളതാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയിലും ആരോപണങ്ങളിലും മുങ്ങി കുളിച്ച് നില്ക്കുമ്പോള് പാര്‍ട്ടി സെക്രട്ടറി ഒരു പെന്തകോസ്ത് ആചാര്യനായി മാറിയിരിക്കുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ, അന്വേഷിച്ച് കണ്ടെത്തട്ടെ എന്നൊക്കയാണ് മൊഴിയുന്നത്. തന്റെ രണ്ട് മക്കളെ കുറിച്ച് ആരോപണം വന്നിട്ട് ഇതുവരെ മിണ്ടിയ്യിട്ടില്ല. ഒരു മകന് അന്താരാഷ്ട്ര മയക്കു മരുന്ന് ലോബിയുടെ വക്താവാണെന്നറിഞ്ഞിട്ടും അവനെ തൂക്കികൊല്ലാന്‍ പറയുകയാണ്
ഈ വിഷയങ്ങളിലൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരിന് കുഴലൂത്ത് നടത്തുന്ന പാര്‍ട്ടി യുവജന സംഘടനകളും കമറുദ്ദീനെതിരെയാണ് ഇപ്പോള്‍ സമരം നടത്തുന്നത്", ഉണ്ണിത്താന് പറഞ്ഞു.