TopTop
Begin typing your search above and press return to search.

ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് യാക്കോബായ സഭ; അപ്രതീക്ഷിത നീക്കത്തില്‍ ചങ്കിടിപ്പോടെ എല്‍ഡിഎഫും യുഡിഎഫും

ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് യാക്കോബായ സഭ; അപ്രതീക്ഷിത നീക്കത്തില്‍ ചങ്കിടിപ്പോടെ എല്‍ഡിഎഫും യുഡിഎഫും

സഭാ തര്‍ക്കത്തില്‍ പൂര്‍ണമായും നീതി ഉറപ്പാക്കുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യാക്കോബായ സഭ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭാ ശക്തി കേന്ദ്രങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കയറ്റുന്നതില്‍ യാക്കോബായ സഭ നിര്‍ണായക ശക്തി ആയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി അതല്ല. എറണാകുളം ജില്ലയിലേതുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ സഭ, ഏറ്റവും ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തുന്നത് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുകയാണ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചതില്‍ സഭയുടെ പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മണര്‍കാടും പുതുപ്പള്ളിയും പോലുള്ള യുഡിഎഫ് നെടുംകോട്ടകള്‍ എല്‍ഡിഎഫിനോടൊപ്പം നിന്നത്. സഭാതര്‍ക്ക വിഷയത്തില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോയതും തങ്ങളുടെ വോട്ടുബാങ്കായ ഓര്‍ത്തഡോക്സ് പക്ഷത്തെ പിണക്കാന്‍ യുഡിഎഫ് തയാറാകാത്തതുമാണ് ഇപ്പോള്‍ മാറി ചിന്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിര്‍ണായക ശക്തിയായ യാക്കോബായ സഭയുടെ നിലപാട് ഇരുമുന്നണികള്‍ക്കും തലവേദനയാകുമെന്നത് ഉറപ്പാണ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. യാക്കോബായ സഭയുടെ സഹായത്തോടെ ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും ഒരേ നിലപാടാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞത്. അതേസമയം സഭക്ക് പ്രധാനം രാഷ്ട്രീയം അല്ലെന്നും സഭ തന്നെയാണെന്നും ആര്‍ക്കാണ് സഭക്ക് നീതി തരാന്‍ സാധിക്കുക എന്നാണ് പരിശോധിക്കുന്നതെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നവരെ സഭ പിന്തുണയ്ക്കുമെന്നത് തീര്‍ച്ചയാണ്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വിശ്വാസികളെ വൈകാതെ അറിയിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.

പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണാവകാശം നിലനിര്‍ത്തി സഭാതര്‍ക്കം പരിഹരിച്ചുതരണമെന്നാണു സഭയുടെ ആവശ്യം. ഈ ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാതെ തെഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാനാകില്ലെന്ന് തന്നെയാകും അമിത്ഷായുമായുള്ള കൂടികാഴ്ചയില്‍ സഭാ നേതൃത്വം അറിയിക്കുക. ഉറപ്പുലഭിച്ചാല്‍ ബിജെപി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും അനുവാദമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ബിജെപി അധ്യക്ഷനുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക മാനേജിങ് കമ്മറ്റിയോഗം ചേരാനിരിക്കേയാണു ബി.ജെ.പി. നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മറ്റു പ്രമുഖ കേന്ദ്രമന്ത്രിമാരെയും യാക്കോബായ പ്രതിനിധികള്‍ കാണുന്നുണ്ട്.


Next Story

Related Stories