TopTop
Begin typing your search above and press return to search.

എന്താവും 'ജനപ്രിയ' ബജറ്റ്; ശിക്ഷയാകുമോ കിഫ്ബി?

എന്താവും ജനപ്രിയ ബജറ്റ്; ശിക്ഷയാകുമോ കിഫ്ബി?

'ഉണ്ണിയെ കണ്ടാലറിയും ഊരിലെ പഞ്ഞം' എന്ന പഴമൊഴിയും 'കിഫ്ബി ഈ വീടിന്റെ ഐശ്വര്യം' എന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രാര്‍ത്ഥനാഗീതവും ഒരുമിച്ചു ചേര്‍ത്താല്‍ സംസ്ഥാന ഖജനാവിനെക്കുറിച്ചുള്ള ഏകദേശ ചിത്രം പൂര്‍ത്തിയാകും. ഡോ. ഐസക് വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉള്ളടക്കം എന്താവുമെന്ന് അതിനാല്‍ തന്നെ ഊഹിക്കാവുന്നതാണ്. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 'ജനപ്രിയ' ഐറ്റംങ്ങളുടെ റേഷ്യോ എത്രയുണ്ടാവുമെന്ന ആകാംക്ഷ മാറ്റി നിര്‍ത്തിയാല്‍ ബജറ്റിലെ ബാക്കി നീക്കിയിരുപ്പുകള്‍ ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരവേഷക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും, ഒച്ചയെടുക്കലും, വാഗ്വാദങ്ങളും മാത്രമാവും.

ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ദ്ധന മുതല്‍ പ്രളയ സെസ് പിന്‍വലിക്കുന്നതുവരെയുള്ള ജനപ്രിയതകളുടെ കണക്കെടുപ്പുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറയുന്നു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളും ഇതിനകം വാര്‍ത്തയായി. സര്‍ക്കാരിന്റെ കഴിഞ്ഞ ആറു മാസത്തെ വരവു-ചെലവു കണക്കുകളുടെ വിവരങ്ങളും ലഭ്യമാണ്. വരവിനെ വെല്ലുന്ന ചെലവുകള്‍ വേണ്ടത്ര കാഠിന്യത്തോടെ ഈ കണക്കുകളില്‍ തെളിയുന്നു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ ഡെക്കറേഷനുകള്‍ ഇവയെ മറച്ചു പിടിക്കുന്ന കൗശലങ്ങള്‍ എന്തായിരിക്കുമെന്ന് ബജറ്റ് അവതരണത്തിനു ശേഷമാവും വ്യക്തമാവുക. അനുദിനം പെരുകുന്ന കേരളത്തിന്റെ പൊതുകടം സംസ്ഥാനത്തിന് എത്രത്തോളം താങ്ങാനാവും എന്ന ചോദ്യമാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് വേളയില്‍ ഏറെ പ്രസക്തം. കേരളം മാത്രമല്ല കേന്ദ്ര സര്‍ക്കാരും, മറ്റു പല സംസ്ഥാനങ്ങളും ഇതേ വിഷയം അഭിമുഖീകരിക്കുന്നു. അതിന്റെയര്‍ത്ഥം കേരളം ഇക്കാര്യത്തില്‍ വ്യാകുലപ്പെടേണ്ടതില്ല എന്നല്ല..

സംസ്ഥാനത്തിന്റെ ഋണബാധ്യതയുടെ ഭാരം അതിന്റെ മൊത്തം വിഭവശേഷിക്ക് താങ്ങാനാവുന്നതിന്റെ പരിധിക്കപ്പുറമായെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാനാവില്ല. സ്വന്തമായി വരുമാനം കണ്ടെത്താനുള്ള പരിമതിമായ സാധ്യതകളും, സംസ്ഥാനത്തെ നല്ലൊരു വിഭാഗം ജനങ്ങളുടെ ജീവിത നിലവാരത്തെ നിര്‍ണ്ണയിച്ചിരുന്ന പ്രവാസികളില്‍ നിന്നുള്ള വരുമാനം വരാനിരിക്കുന്ന നാളുകളില്‍ ഇടിയുമെന്ന ആശങ്കകളും കേരളം നേരിടുന്ന ഗൗരവമേറിയ വിഷയങ്ങളാണ്. അതിനു പുറമെയാണ് കേരളത്തിന് പൊതുവെ തീരെ അപരിചിതമായ നിലയിലുള്ള അസാധാരണമായ കാലാവസ്ഥ പ്രതിഭാസങ്ങള്‍. തുടര്‍ച്ചയായി രണ്ടു വര്‍ഷം ആവര്‍ത്തിച്ച വെള്ളപ്പൊക്കം ഒറ്റപ്പെട്ട സംഭവങ്ങളായി അവഗണിക്കാനാവില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളെ പറ്റി ഗൗരവമായി പഠിക്കുന്നവര്‍ നല്‍കുന്ന സൂചനകള്‍ അതാണ്.

സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ഇത്തരം വിഷയങ്ങള്‍ അര്‍ഹിക്കുന്ന പരിഗണനയോടെ സാമ്പത്തികനയ രൂപീകരണ പ്രക്രിയയില്‍ ഇനിയും ഇടം പിടിച്ചിട്ടില്ല. കടബാധ്യതയെ കുറിച്ചുള്ള ഗുണദോഷ വിചാരങ്ങളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയായിട്ടില്ല. സംസ്ഥാനത്തെ കടബാധ്യതയുടെ വളര്‍ച്ചയുടെ തോതിനെ ചൊല്ലി ഭിന്നവീക്ഷണങ്ങള്‍ നിലനില്‍ക്കുന്നു. ഒരോ അഞ്ചു കൊല്ലവും സംസ്ഥാനത്തിന്റെ കടം ഇരട്ടിയായി വര്‍ദ്ധിക്കുന്നു എന്നുള്ള വീക്ഷണം പുലര്‍ത്തുന്നവരുണ്ട്. എന്നാല്‍ നാണയപ്പെരുപ്പം കണക്കിലെടുക്കാതെയുള്ള ഈ വിലയിരുത്തല്‍ തെറ്റിദ്ധാരണജനകമാണെന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ.ജെ. ജോസഫ് ചൂണ്ടിക്കാട്ടുന്നു. 2003-ല്‍ ധനകാര്യ ഉത്തരവാദ നിയമം നിലവില്‍ വന്ന ശേഷം കേരളത്തിന്റെ പൊതുകടത്തിന്റെ വളര്‍ച്ചയുടെ തോത് കുറയുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ധനകാര്യ ഉത്തരവാദിത്ത നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ കടബാധ്യതയുടെ വളര്‍ച്ച കൊല്ലത്തില്‍ 11-12 ശതമാനം ആയിരുന്നെങ്കില്‍ നിയമം വന്നതോടെ അത് 10 ശതമാനത്തില്‍ താഴെയായി. 2020-ലെ കണക്കനുസരിച്ച് കേരളത്തിന്റെ കടബാധ്യതയും ആഭ്യന്തരോല്‍പ്പാദനവും തമ്മിലുള്ള അനുപാതം 30.8 ശതമാനമാണ്. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇക്കാര്യത്തില്‍ കേരളം 17-ാം സ്ഥാനത്താണ്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ 12-ഓളം സംസ്ഥാനങ്ങളില്‍ കടവും, ആഭ്യന്തരോല്‍പ്പാദനവും തമ്മിലുള്ള അനുപാതം കേരളത്തിനെക്കാള്‍ കൂടുതലാണ്. (1).

കടബാധ്യതയുടെ വളര്‍ച്ചയുടെ തോതിന്റെ ഗതി എന്തായാലും സംസ്ഥാനത്തിന്റെ പൊതുകടം ഒട്ടും ആരോഗ്യകരമല്ലാത്ത പ്രവണതയുടെ ലക്ഷണമാണ് പുലര്‍ത്തുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറായ പി. രവീന്ദ്രനാഥന്‍ ഒരു ലേഖനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. (2) സംസ്ഥാനത്തിന്റെ പൊതുകടം 2000-01-ല്‍ 25,754 കോടി രൂപയില്‍ നിന്നും 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 292,087 കോടി ഉയരുമെന്നു അദ്ദേഹം പറയുന്നു. അതായത് 20 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരുകള്‍ വാങ്ങി കൂട്ടിയ പൊതുകടം 2.66 കോടി രൂപയില്‍ അധികമാണ്. സര്‍ക്കാരുകള്‍ കടം വാങ്ങുന്നത് പുതിയ കാര്യമല്ല. ലോകത്തിലെ എല്ലാ സര്‍ക്കാരുകളും വ്യാപകമായി കടമെടുക്കുന്നു. പക്ഷെ കടം വിനിയോഗിക്കുന്നതിലെ അവധാനതയാണ് ഋണബാധ്യതയെ അതിജീവിക്കുന്നതിനുള്ള അവയുടെ ശേഷിയെ നിര്‍ണ്ണയിക്കക. കേരളത്തിന്റെ കാര്യത്തിലെ പ്രധാന ആശങ്ക ഇതാണ്.

വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ ഒഴിവാക്കാനാവാത്ത റവന്യു ചെലവുകള്‍ക്കായി മാറ്റിക്കഴിയുമ്പോള്‍ സാമ്പത്തിക മേഖലയില്‍ സമൃദ്ധിയും, വളര്‍ച്ചയും ഉറപ്പു വരുത്തുന്ന മൂലധന നിക്ഷേപത്തിനുള്ള വിഹിതം തുച്ഛമാവുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് മൂലധന ചെലവിന്റെ ഗണത്തില്‍ വരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിലെ മൊത്തം ചെലവ് 1.44 ലക്ഷം കോടി രൂപയാണ്. അതില്‍ 1.29 ലക്ഷം കോടി രൂപയും ശമ്പളം, പെന്‍ഷന്‍, പലിശ, തിരിച്ചടവ് തുടങ്ങിയ റവന്യൂ ചെലവുകള്‍ക്കാണ് നീക്കി വച്ചിട്ടുള്ളത്. അതായത് മൂലധന ചെലവിന് ലഭിക്കുന്ന തുക 0.14 ലക്ഷം കോടി രൂപ മാത്രം. (3) ഈയൊരു സ്ഥിതിവിശേഷം എങ്ങനെ മറികടക്കും എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം.

ബജറ്റ് പ്രസംഗങ്ങളില്‍ ധനകാര്യ മന്ത്രിമാര്‍ നടത്തുന്ന അവകാശവാദങ്ങളുടെ ബലത്തില്‍ അത് പരിഹരിക്കാനാവില്ലെന്നു വ്യക്തമാണ്. ബജറ്റ് അവതരണവേളയില്‍ ധനമന്ത്രിമാര്‍ നിരത്തുന്ന നേട്ടങ്ങളുടെ കണക്കുകളും ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതഗുണ നിലവാരവും തമ്മിലുള്ള അന്തരം ഈ അവകാശവാദങ്ങളുടെ പൊളളത്തരം വെളിപ്പെടുത്തുന്നു. വരുമാനത്തിന്റെ 90-ശതമാനത്തിലധികം റവന്യൂ ചെലവുകള്‍ക്കായി നീക്കി വയ്ക്കേണ്ടി വരുന്ന കേരളത്തിന്റെ സവിശേഷ സാഹചര്യത്തെ മറികടക്കുന്നതിനുള്ള ധനമന്ത്രിയുടെ ഒറ്റമൂലിയാണ് കിഫ്ബി. ഒരോ സംസ്ഥാനത്തിനും കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ചിട്ടുളള പരിധി മറി കടക്കുന്നതിനുള്ള ഞാണിന്മേല്‍ കളിയാണ് കിഫ്ബി പ്രതിനിധാനം ചെയ്യുന്നത്. കിഫ്ബി കേരളത്തിന് രക്ഷയാകുമോ, ശിക്ഷയാകുമോ എന്ന കാര്യത്തില്‍ ഖണ്ഡിതമായി അഭിപ്രായം ഇപ്പോള്‍ പറയാനാവില്ല. ഋണബാധ്യതയുടെ ചരിത്രം നല്‍കുന്ന സൂചന ശരിയാണെങ്കില്‍ ശിക്ഷയാകാനാണ് കൂടുതല്‍ സാധ്യത..

കുറിപ്പുകള്‍:.

1&3: കടമെടുപ്പും വികസനവും: സാമാന്യയുക്തിക്കപ്പുറമുള്ള ചില കാഴ്ചപ്പാടുകള്‍. ഡോ. കെ.ജെ. ജോസഫ്, അനൂപ് എസ് കുമാര്‍. കേരള എക്കോണമി പുസ്തകം 1, ലക്കം 4, ഡിസംബര്‍ 2020

2: നടപ്പാക്കാനാകുന്ന ഒരു ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഇപ്പോള്‍ സംസ്ഥാനത്തിനാകുമോ?. പി. രവീന്ദ്രനാഥന്‍, മലയാള മനോരമ ജനുവരി 14, 2021


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories