Top

കേംബ്രിഡ്ജില്‍ നിന്നും പിഎച്ച്ഡി നേടിയ പ്രൊഫസര്‍ക്ക് യോഗ്യതയില്ലെന്ന് കേരളത്തിലെ കേന്ദ്ര സര്‍വകലാശാല

കേംബ്രിഡ്ജില്‍ നിന്നും പിഎച്ച്ഡി നേടിയ പ്രൊഫസര്‍ക്ക് യോഗ്യതയില്ലെന്ന് കേരളത്തിലെ കേന്ദ്ര സര്‍വകലാശാല

ലണ്ടനില്‍ പത്ത് വര്‍ഷത്തോളം ജോലി ചെയ്ത ശേഷം കേരള കേന്ദ്രസര്‍വകലാശാലയില്‍ നിയമിച്ച പ്രൊഫസര്‍ക്ക് യോഗ്യതയില്ലെന്ന് ആരോപിച്ച് കാരണം കാണിക്കല്‍ നോട്ടീസ്. അതേസമയം ഈ നോട്ടീസിന്റെ കാരണമെന്തെന്ന് തനിക്കറിയില്ലെന്ന് അധ്യാപകന്‍ അഴിമുഖത്തോട് പറഞ്ഞു. അധ്യാപകന്‍ നല്‍കിയ പരാതി പരിഗണിച്ച ഹൈക്കോടതി നോട്ടീസ് റദ്ദാക്കി. കേന്ദ്രസര്‍വകലാശാലയിലെ ഫിസിക്‌സ് പ്രൊഫസര്‍ കെ ജെ തോമസിനാണ് വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കേന്ദ്രസര്‍വകലാശാലയുടെ കെയര്‍ ടേക്കര്‍ വിസിയാണ് ഗോപകുമാര്‍ ഇപ്പോള്‍. ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ ഞ്ച് വര്‍ഷ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ അടുത്ത നിയമനം വരേക്കും ഇത് നീട്ടിനല്‍കിയിരിക്കുകയാണ്. ഒരു കെയര്‍ ടേക്കര്‍ വിസിക്ക് ഇത്തരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്നിരിക്കെയാണ് ഇദ്ദേഹത്തിന്റെ നടപടി.

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ ശ്യാമ ചന്ദ്രന്റെ പരാതിയിലാണ് തനിക്കെതിരെ സര്‍കലാശാല നീങ്ങിയതെന്ന് അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു. അതേസമയം സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളാരും നേരിട്ട് കത്ത് എഴുതരുതെന്നും ആ കത്ത് സ്വീകരിക്കുന്നതല്ലെന്നും സര്‍വകലാശാല ഉത്തരവുണ്ട്. ഇത് ലംഘിച്ചാണ് തനിക്കെതിരായ പരാതി സര്‍വകലാശാല സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെബ്‌സൈറ്റില്‍ വന്നപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഉടന്‍ തന്നെ കോടതിയെ സമീപിച്ചെന്നും തോമസ് അഴിമുഖത്തോട് വ്യക്തമാക്കി. അതേസമയം സര്‍വകലാശാല നല്‍കിയ നോട്ടീസ് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കെ ജെ തോമസിന് മതിയായ യോഗ്യതകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇംഗ്ലണ്ടിലെ ലണ്ടന്‍ സെന്റര്‍ ഫോര്‍ നാനോ ടെക്‌നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന കെ ജെ തോമസ് 2016ലാണ് കേന്ദ്രസര്‍വകലാശാലയിലേക്ക് അപേക്ഷിച്ചത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വി സി ഡോ. ജി ഗോപകുമാറും ഉണ്ടായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ ഒന്നാം റാങ്കോടെയാണ് ഇദ്ദേഹത്തെ നിയമിച്ചത്. പ്രൊബേഷണറി കാലാവധി കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തെ വകുപ്പ് മേധാവിയായി നിയമിക്കുകയും ചെയ്തു. എന്നാല്‍ ഉന്നതാധികാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിന്നുകൊടുക്കാത്തതിനാല്‍ തന്നെ പുറത്താക്കുകയായിരുന്നെന്നാണ് തോമസ് സംശയിക്കുന്നത്. മംഗളൂരു സര്‍വകലാശാല, എന്‍ഐടി, കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍വകലാശാല ആദ്യത്തെ അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ഇവരുടെ റിപ്പോര്‍ട്ട് കെ ജെ തോമസിന്റെ നിയമനം ശരിവയ്ക്കുന്നതായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തള്ളി. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ മൂന്ന് പേരെ ഉള്‍പ്പെടുത്തിയാണ് രണ്ടാമതൊരു കമ്മിറ്റി ഉണ്ടാക്കിയത്. ഈ കമ്മിറ്റിയാണ് കെ ജെ തോമസിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ കമ്മിറ്റിയിലെ അംഗങ്ങള്‍ക്കാര്‍ക്കും ഫിസിക്‌സുമായി യാതൊരു ബന്ധവുമില്ലെന്ന് തോമസ് ആരോപിക്കുന്നു.

മാനവശേഷി മന്ത്രാലയത്തിന്റെ കോമണ്‍വെല്‍ത്ത് ഫെലോഷിപ്പ് വഴിയാണ് ഇദ്ദേഹം കേംബ്രിഡ്ജിലെത്തിയത്. അവിടെനിന്നും 1998ല്‍ പിഎച്ച്ഡി എടുത്ത അദ്ദേഹം പത്ത് വര്‍ഷം അവിടെ ഗവേഷണാനന്തര സേവനം ചെയ്തു. 1998 മുതല്‍ 2009 വരെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ കാവന്റിഷ് ലബോറട്ടറിയില്‍ റോയല്‍ സൊസൈറ്റി റിസര്‍ച്ച് ഫെലോയായിരുന്നു. 2009 മുതല്‍ 2012 വരെ കൊറിയന്‍ സംഗ്യോങ്വാന്‍ സര്‍വകലാശാലയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു. അവിടെ നിന്നും 2012ല്‍ വീണ്ടും ഇംഗ്ലണ്ടിലെത്തി ലണ്ടന്‍ സെന്റര്‍ ഫോര്‍ നാനോ ടെക്‌നോളജിയില്‍ (എല്‍സിഎന്‍) ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ കൊറിയന്‍ സര്‍വകലാശാലയില്‍ ട്രെയിനര്‍ മാത്രമാണെന്നായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.

ആഗോള തലത്തില്‍ ഊര്‍ജ്ജതന്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ളവയില്‍ 30 അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കെ ജെ തോമസിന്റെ യോഗ്യത പരിശോധിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാല അയച്ച കത്ത് അവര്‍ തള്ളിക്കളഞ്ഞിരുന്നു. കേന്ദ്രസര്‍വകലാശാലയുടെ ചില നിലപാടുകള്‍ക്കെതിരെ താന്‍ സ്വീകരിക്കുന്ന വിയോജിപ്പുകള്‍ക്കുള്ള പ്രതികാര നടപടിയാണ് ഇതെന്നാണ് കെ ജെ തോമസ് സംശയിക്കുന്നത്. ശ്യാമചന്ദ്രന്‍ ആരുടെയോ ഡമ്മിയാണെന്നാണ് താന്‍ സംശയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.


Next Story

Related Stories