TopTop
Begin typing your search above and press return to search.

'പട്ടിണികിടന്നേച്ച് മീന്‍ പിടിക്കാന്‍ പോവുന്നവന്‍ പിടിച്ചോണ്ടു വരുന്ന മീനിന്റെ ഗുണനിലവാരം പരിശോധിച്ച സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം'; ആശങ്കകളും അവ്യക്തതകളുമൊഴിയാതെ മത്സ്യബന്ധന നിയന്ത്രണ ഓര്‍ഡിനന്‍സ്

പട്ടിണികിടന്നേച്ച് മീന്‍ പിടിക്കാന്‍ പോവുന്നവന്‍ പിടിച്ചോണ്ടു വരുന്ന മീനിന്റെ ഗുണനിലവാരം പരിശോധിച്ച സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം; ആശങ്കകളും അവ്യക്തതകളുമൊഴിയാതെ മത്സ്യബന്ധന നിയന്ത്രണ ഓര്‍ഡിനന്‍സ്

"സര്‍ക്കാര്‍ ചെയ്യുന്നത് ഞങ്ങളുടെ നല്ലതിനാണോ ദോഷത്തിനാണോ എന്നുകൂടി മനസ്സിലാവുന്നില്ല", സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 'മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ഓര്‍ഡിനന്‍സി'നെക്കുറിച്ച് മത്സ്യബന്ധന തൊഴിലാളിയായ ഹെന്റി റിച്ചാര്‍ഡ് പറഞ്ഞു. മത്സ്യ ലേലവും വിപണനവും ഗുണനിലവാരവും സംബന്ധിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളെ ചൊല്ലി ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും ശക്തമാവുമ്പോള്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് അവ്യക്തതകളിലും ആശയക്കുഴപ്പങ്ങളിലും ആശങ്കകളിലുമാണ് തീരനിവാസികള്‍. ഓര്‍ഡിനന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ തറപ്പിച്ച് പറയുമ്പോള്‍ മത്സ്യ തൊഴിലാളികളെ പ്രത്യക്ഷത്തിലോ പരോക്ഷമായോ ബാധിക്കുന്ന വിഷയത്തില്‍ തങ്ങളുടെ കൂടി അഭിപ്രായം കേള്‍ക്കാതെ നിയമ ഭേദഗതിക്കൊരുങ്ങുന്നതിനെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി, മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തി തീരത്തെത്തിക്കുന്ന മീനിന് അര്‍ഹമായ വില ഉറപ്പ് വരുത്താനുമാണ് നിയന്ത്രണങ്ങളും നിയമ നിര്‍മ്മാണവും എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഹാര്‍ബറുകള്‍ കയ്യടക്കി വച്ചിരിക്കുന്ന ലേലക്കാരുടെ ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളുമാണ് ഓര്‍ഡിനന്‍സ് വഴി കൊണ്ടുവരുന്നത്. നിലവില്‍ പല ഹാര്‍ബറുകളിലും അനധികൃത ലേലക്കാര്‍ 15 ശതമാനം വരെ കമ്മീഷന്‍ ഈടാക്കുന്നുണ്ട്. നിയമം വന്നാല്‍ ഈ ചൂഷണത്തില്‍ നിന്ന് മോചനമാവും. ഡിസംബറിന് മുമ്പ് ഓര്‍ഡിനന്‍സ് പൂര്‍ണമായും നടപ്പാക്കുമെന്നാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. എന്നാല്‍ ലേലത്തുകയുടെ അഞ്ച് ശതമാനം കമ്മീഷന്‍ ഉള്‍പ്പെടെ ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകളിലും മത്സ്യത്തൊഴിലാളികള്‍ വിയോജിപ്പ് അറിയിക്കുന്നു.

തദ്ദേശ സ്ഥാപന അധ്യക്ഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി ഫിഷ് ലാന്‍ഡിങ് സെന്റര്‍ മാനേജ്‌മെന്റ് സൊസൈറ്റി, ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണ്‍ ആയി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, തദ്ദേശ സ്ഥാപന അധ്യക്ഷനോ വാര്‍ഡ്- ഡിവിഷന്‍ അംഗമോ ചെയര്‍പേഴ്‌സണ്‍ ആയി ഫിഷ് മാര്‍ക്കറ്റ് മാനേജ്‌മെന്റ് സൊസൈറ്റിയും രൂപീകരിക്കും എന്നാണ് ഓര്‍ഡിനസില്‍ പറഞ്ഞിട്ടുള്ളത്. മത്സ്യ ഗുണ നിലവാര പരിപാലന കമ്മറ്റിയും സ്ഥാപിക്കും. മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കാന്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മറ്റിക്കായിരിക്കും അധികാരം. മീനിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ സാക്ഷ്യപത്രവും ഹാജരാക്കണം. ലേലം നടത്താന്‍ പ്രത്യേക അനുമതി വാങ്ങണം. അനുമതി പത്രം ഇല്ലാതെ ലേലം നടത്താനാവില്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ലേല കമ്മീഷിന്‍ അല്ലാതെ കൂടുതല്‍ തുക ലേലക്കാരന്‍ ഈടാക്കരുത്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പയെടുത്തവര്‍ ആ സംഘം ചുമതലപ്പെടുത്തിയ ലേലക്കാരന്‍ വഴി മാത്രമേ മീന്‍ വില്‍ക്കാന്‍ പാടുള്ളൂ. ഇത് ലംഘിക്കുന്ന പക്ഷം ആദ്യത്തെ തവണ രണ്ട് മാസം ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും. രണ്ടാമത്തെ തവണ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ലക്ഷം രൂപ പിഴയോ ഒരു വര്‍ഷം ജയില്‍ വാസമോ ലഭിക്കും. രണ്ടില്‍ കൂടുതല്‍ തവണയായാല്‍ അഞ്ച് ലക്ഷം രൂപ പിഴയും ഒരു വര്‍ഷം ജയില്‍ വാസവുമാണ് ശിക്ഷ. ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കൂടിയല്ലാതെ മത്സ്യം ലേലം ചെയ്യാനാവില്ല എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ.

"ഞങ്ങളുടെ നാട്ടിലെല്ലാം അവരവരുടെ കടപ്പുറത്ത് നിന്നാണ് ജോലിക്ക് പോവുന്നത്. നാട്ടിലെ സാദാ തുറകളില്‍ വള്ളമോ ബോട്ടോ അടുപ്പിച്ച് മീന്‍ വില്‍ക്കുന്നു. ചില സീസണ്‍ സമയത്ത് മാത്രമാണ് വിഴിഞ്ഞം, നീണ്ടകര പോലുള്ള ഹാര്‍ബറുകളെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ തുറയിലെ കച്ചവടം നടക്കാതെ വരും. ഹാര്‍ബറുകളോ ഫിഷ്‌ലാന്‍ഡിങ് സെന്ററുകളോ എവിടെയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വലിയ വലിയ ഹാര്‍ബറുകളെയായിരിക്കും ഞങ്ങളെപ്പോലുള്ളവര്‍ ആശ്രയിക്കേണ്ടി വരിക. അവിടെ അടുപ്പിക്കുന്ന വള്ളങ്ങളുടെ എണ്ണവും കൂടും മീനും കൂടുതലായിരിക്കും; അതിനനുസരിച്ച് വില്‍പ്പനയും ബാധിക്കും", പെരുമാതുറ സ്വദേശി ജോണ്‍ ബഞ്ചമിന്‍ പറഞ്ഞു. ജോണ്‍ പങ്കുവച്ച ആശങ്കകളാണ് മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗം പേരും പങ്കുവച്ചതും. സംസ്ഥാനത്ത് പത്ത് ഫിഷിങ് ഹാര്‍ബറുകളും വിരലിലെണ്ണാവുന്ന ലാന്‍ഡിങ് സെന്ററുകളും മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. വടക്കന്‍ ജില്ലകളില്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് ഇന്‍ ബോര്‍ഡ് ബോട്ടുകള്‍ മത്സ്യ വ്യാപാരം നടത്തുന്നത്. എന്നാല്‍ ചെറുകിട യാനങ്ങളും പരമ്പരാഗത വള്ളങ്ങളും ഉള്‍പ്പെടെ പലപ്പോഴും അതത് തുറകളെ ആശ്രയിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. "പലയിടങ്ങളിലും ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്ന് പറഞ്ഞ് പേരിന് ഷെഡ്ഡ് കെട്ടിയ സ്ഥലങ്ങളുണ്ട്. പക്ഷെ അത് മിക്കപ്പോഴും ചീട്ട് കളി കേന്ദ്രമാണെന്നല്ലാതെ മറ്റൊന്നും അവ കേന്ദ്രീകരിച്ച് നടക്കാറില്ല. തിരുവനന്തപുരത്തെ കാര്യമാണ്. കൊല്ലം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇത് അല്‍പം വ്യത്യാസമുണ്ട്. എന്നാല്‍ തന്നെയും മത്സ്യത്തൊവിലാളികളെ അവരുടെ ആവാസ മേഖലയില്‍ നിന്ന് മാറ്റി വില്‍പ്പന നടത്താന്‍ കട്ടായപ്പെടുത്തുന്നത് ക്രൂരതയാണ്", മത്സ്യബന്ധന തൊഴിലാളിയായ പൂന്തുറ സ്വദേശി ജോസഫും ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ പ്രതിഷേധം അറിയിച്ചു.

ലേലക്കമ്മീഷനില്‍ ഒരു ശതമാനമാണ് ഹാര്‍ബര്‍-ഫിഷ് ലാന്‍ഡിങ് മാനേജ്‌മെന്റ് സൊസൈറ്റികള്‍ നിശ്ചയിക്കുന്ന ലേലക്കാര്‍ക്ക് ലഭിക്കുക. ഒരു ശതമാനം ഹാര്‍ബര്‍- ഫിഷ് ലാന്‍ഡിങ് മാനേജ്‌മെന്റ് കമ്മറ്റിക്കായിരിക്കും. മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിനായിരിക്കും ഒരു ശതമാനം കമ്മീഷന്‍. എന്നാല്‍ ഇത് ഒരു കണക്കില്‍ ചുങ്കം ചുമത്തലാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. "ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ തൊഴിലാളികള്‍ക്കുള്ള ശിക്ഷകള്‍ കണ്ടാല്‍ ഞെട്ടിപ്പോവും. കടല് കടലിന്റെ മക്കള്‍ക്ക് എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. എന്നിട്ട് കടലില്‍ പോവുന്ന ഞങ്ങള്‍ക്ക് സര്‍ക്കാര്‍ പറഞ്ഞത് കടുകിട വ്യത്യാസമില്ലാതെ ചെയ്തില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ശിക്ഷ. ഒരു ജനാധിപത്യ രാജ്യത്താണ് ഇത് നടക്കുന്നത്", ആലപ്പുഴ പുറക്കാട് സ്വദേശി എന്‍ നിയോണ്‍ പ്രതികരിച്ചു.

മത്സ്യത്തൊഴിലാളികളോടോ സംഘടനാ പ്രതിനിധികളോടോ പോലും ചര്‍ച്ച ചെയ്യാതെ, അഭിപ്രായം കേള്‍ക്കാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ ഇവര്‍ വിമര്‍ശിക്കുന്നു. സമുദായ സംഘടനകളുടെ അപ്രമാദിത്തമുള്ള തീരപ്രദേശങ്ങളില്‍ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. അതിനാല്‍ തീരദേശത്തെ കൈപ്പിടിയിലൊതുക്കാനുള്ള ഒരു തന്ത്രം കൂടിയാണിതെന്ന് മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ സംശയം ഉന്നയിച്ചു. ഹാര്‍ബര്‍, ഫിഷ് ലാന്‍ഡിങ് മാനേജ്‌മെന്റ് സമിതികള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതയിലേക്ക് അവര്‍ വിരല്‍ ചൂണ്ടുന്നു. അങ്ങനെ വന്നാല്‍ ലേലക്കാരനെ തീരുമാനിക്കുന്നതടക്കമുള്ള നടപടികളിലും രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാധീനമുണ്ടാവുമെന്നും ഇക്കൂട്ടര്‍ സംശയിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംശയം ഉന്നയിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകനും തീരദേശ മേഖലയില്‍ സജീവമായ ഇടപെടല്‍ നടത്തുന്നയാളുമായ എ ജോസഫ് വിജയന്‍ പറയുന്നു, "നാട്ടില്‍ മത്സ്യത്തൊഴിലാളി സൊസൈറ്റികള്‍ ഉണ്ട്. മത്സ്യഫെഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സൊസൈറ്റികളാണ് ഇനി വില്‍പ്പന നിയന്ത്രിക്കുക. എന്നാല്‍ അത്തരം സൊസൈറ്റികള്‍ രാഷ്ട്രീവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതകളുണ്ട്. സൊസൈറ്റികളിലേക്ക് നോമിനേറ്റ് ചെയ്യുന്നതിലുള്‍പ്പെടെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടലുണ്ടാവാം. എല്‍ഡിഎഫും യുഡിഎഫും മാറി മാറി വരുമ്പോള്‍ ഇത് രണ്ട് പക്ഷത്തേക്കും തിരിയാം. നാട്ടില്‍ തന്നെ രണ്ട് സൊസൈറ്റികള്‍ ഉണ്ട്. യുഡിഎഫ് ഭരിക്കുന്നതും എല്‍ഡിഎഫ് ഭരിക്കുന്നതും. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ അവരുടെ നേതൃത്വത്തിലുള്ള സൊസൈറ്റികള്‍ വഴിയേ വായ്പകള്‍ പോലും ലഭിക്കൂ. ഈ അവസ്ഥയില്‍ ലേലക്കാരനെ നിശ്ചയിക്കുന്നതില്‍, സൊസൈറ്റിയുടെ ശുപാര്‍ശകള്‍ വേണ്ട സാഹചര്യത്തില്‍ എല്ലാം രാഷ്ട്രീയമായ ഇടപെടലുകളും ശുപാര്‍ശകളുമുണ്ടാവാം. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശക്തി പകരും".

മത്സ്യബന്ധന തൊഴില്‍ ഉപകരണങ്ങള്‍ പോലും നല്‍കാതെ മത്സ്യതൊഴിലാളികളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ദ്രോഹ നടപടിയാണെന്നും ചിലര്‍ ആക്ഷേപം ഉന്നയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിഷയത്തിലുള്ള ആശങ്കളെപ്പറ്റി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ കെ ബേബി സംസാരിക്കുന്നു, "മത്സ്യഫെഡിനോട് ആവശ്യപ്പെുമ്പോൾ രണ്ട് എഞ്ചിനോ ഒരു വലയോ ഒക്കെ തന്ന് കയ്യൊഴിയും. സ്വാഭാവികമായും മത്സ്യത്തൊഴിലാളികള്‍ ഇടനിലക്കാരനെയോ തരകന്‍മാരെയോ ഒക്കെ സമീപിച്ച് കൊളളപ്പലിശയ്ക്ക് കാശ് വാങ്ങി തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങും. മീന്‍ വില്‍പ്പനയിലെ ഇടനില ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ട് ഈ ഇടനില ചൂഷണത്തെ കാണുന്നില്ല? പറയുന്ന സമയത്ത് തിരികെ വരണം, മീന്‍ എത്ര നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്ന് എത്ര ആഴത്തില്‍ നിന്ന് പിടിച്ചു എന്ന് അവര്‍ക്ക് വിശദീകരണം നല്‍കണം. പട്ടിണികിടന്നേച്ച് മീന്‍ പിടിക്കാന്‍ പോവുന്നവന്‍ പിടിച്ചോണ്ടു വരുന്ന മീനിന്റെ ഗുണനിലവാരം പരിശോധിച്ച സര്‍ട്ടിഫിക്കറ്റും വേണം. രാവിലെ വരുന്ന മീനിന് കച്ചവടം അവസാനിക്കുന്നത് വരെ ഒറ്റവില എന്നാണ് ഇനി. അതൊക്കെ പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്".

2006ലേയും 2016ലേയും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു മത്സ്യ മേഖലയിലെ ആദ്യ വില്‍പ്പന അവകാശം നടപ്പാക്കും എന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാഗ്ദാനം പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നടപ്പാക്കാത്ത വാഗ്ദാനം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓര്‍ഡിനന്‍സ് ആയി കൊണ്ടുവരുന്നതിന്റെ യുക്തിയെയാണ് പലരും ചോദ്യം ചെയ്യുന്നത്. എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞതിങ്ങനെ, "നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാത്തപ്പോള്‍ അടിയന്തിര സാഹചര്യത്തില്‍ കൊണ്ടുവരേണ്ടതാണ് ഓര്‍ഡിനന്‍സ്. എന്നാല്‍ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്ത് നിയമ ഭേദഗതിക്ക് ശ്രമിക്കുന്നതിന് പകരം എന്ത് അടിയന്തിര സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്? പകര്‍ച്ച വ്യാധിയുടെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. നാലര വര്‍ഷം ഉണ്ടായിട്ടും നിയമസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയാതെ ഈ കാലയളവില്‍, പരമ്പരാഗതമായി തുടര്‍ന്നുവന്നിരുന്ന കാര്യങ്ങള്‍ ഘടനാപരമായി പരിഷ്‌ക്കരിക്കുന്നതിന് പിന്നില്‍ പാര്‍ട്ടി ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമാണ്. ഇടനിലക്കാരന്‍ അധികമായി ലേലക്കമ്മീഷന്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ മറ്റൊരു ഇടനിലക്കാരനെ കൊണ്ടുവരുന്നതാണ് ഓര്‍ഡിനന്‍സ്".

ഓര്‍ഡിനന്‍സ് വരുന്നത് കൊണ്ട് ഗുണവും ദോഷവും ഉണ്ടെന്ന് അഭിപ്രായപ്പെടുന്നുവരും മത്സ്യത്തൊഴിലാളികള്‍ക്കിടയിലുണ്ട്. നാട്ടില്‍ നിലനില്‍ക്കുന്ന ലേലക്കമ്മീഷനും അതുവഴിയുള്ള ചൂഷണവും മത്സ്യത്തൊഴിലാളികളുടെ നടുവൊടിക്കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അത് നിയന്ത്രിക്കണം എന്നത ആവശ്യമാണെന്നിരിക്കെ അവ്യക്തതകളും ആശങ്കകളുമായി ഓര്‍ഡിനന്‍സ് ഇറക്കിയതിനെയും ഇക്കൂട്ടര്‍ ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസ്, ആര്‍എസ്പി പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories