TopTop

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം; ഓർഡിനൻസിൽ ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ, സർക്കാറിന് പ്രതിസന്ധി

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം; ഓർഡിനൻസിൽ ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ, സർക്കാറിന് പ്രതിസന്ധി

കേരളത്തില്‍ ഈ വർഷം സെപ്റ്റംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാർഡ് വിഭജനം പൂർത്തിയാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയായി ഗവർണറുടെ നിലപാട്. വാർഡ് വിഭജന ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണർ അറിയിച്ചു. ഇത്തരം കാര്യങ്ങൾ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കണം. അല്ലാതെ ഓർഡിനൻസ് ഇറക്കുകയല്ല വേണ്ടതെന്നും ഗവർണർ സർക്കാരിനെ അറിയിച്ചു.

ഇപ്പോൾ വാർഡ് വിഭജനം നടത്തിയാൽ സെൻസസ് നടപടികളെ ബാധിക്കുമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതുൾപ്പെടെ പരിഗണഗണിച്ചാണ് ഗവർണറുടെ നടപടി. ഗവർണർ ഓർഡിനൻസിന് വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ കേരളത്തെ കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്ക് കുടിയാണ് ഗവർണർ തള്ളിവിടുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ച കാര്യത്തിൽ ആശങ്ക വേണ്ടന്നാണ് സർക്കാർ ഗവർണർക്ക് നൽകിയിരിക്കുന്ന മറുപടി.

എന്നാൽ, ഒപ്പിടില്ലെന്ന് വ്യക്തമാക്കുമ്പോഴും ഓർ‌ഡിനൻസ് ഗവർണർ തിരിച്ചയക്കാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്. ഓർഡിൻസ് മടക്കിയാൽ വിഷയം നിയമസഭയിൽ ബില്ലായി അവതരിപ്പിക്കാം. വരുദിവസങ്ങളിൽ നിയമസഭ ചേരാനിരിക്കെ ഗവർണർ ഇത് വൈകിപ്പിക്കുന്നതാണ് സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കിൽ നിയമപരമായി പോകുകയാണ് വേണ്ടതെന്ന് നിലപാട് വ്യക്തമാക്കിയ ഗവർണർ സുപ്രീംകോടതിയെ ആർക്കും സമീപിക്കാമെന്നും പറഞ്ഞു. എന്നാൽ നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരയുള്ള നിയമസഭ പ്രമേയത്തെ എതിർത്തതെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു.

നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയത്. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയിലെ ആരോപണം. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സർക്കാർ നടപടിയെ ഗവർണർ വിമർശിച്ചിരുന്നു. ഇത്തരം ഒരു നീക്കം നടത്താൻ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്ന് പ്രതികരിച്ചത്.


Next Story

Related Stories