TopTop
Begin typing your search above and press return to search.

നൂറ് ദിവസത്തിനുള്ളിൽ അരലക്ഷം തൊഴിലവസരങ്ങൾ, കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

നൂറ് ദിവസത്തിനുള്ളിൽ അരലക്ഷം തൊഴിലവസരങ്ങൾ, കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ  വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കോവിഡ് മൂലം സംസ്ഥാനത്ത് ഉണ്ടായ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 100 ദിവസം കൊണ്ട് കാർഷികേതര മേഖകളിലായിരിക്കും തൊഴിലവസരം സൃഷ്ടിക്കുക.

നിലവിലെ കണക്കുകൾ പ്രകാരം 95000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. അര ലക്ഷം പേർക്ക് ഉറപ്പായും അവസരം ലഭിക്കുന്ന തരത്തിലാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്. ഇതുപ്രകാരം തൊഴില്‍ ലഭിച്ചവരുടെ പേരുവിവരങ്ങൾ രണ്ടാഴ്ച വീതം പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. ഇതുപ്രകാരമായിരിക്കും പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുക. സർക്കാർ അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ 18600 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്ഥിര, താൽ‌ക്കാലിക, കരാർ നിയമനങ്ങൾ ഉൾപ്പെടുത്തതായിരിക്കും പദ്ധതി.

ഹയർ സെക്കണ്ടറി സ്കുളുകളിൽ 425, എയ്ഡഡ് കോളേജുകളിൽ 700, പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികകൾ എന്നിവ സൃഷ്ടിക്കും. എയ്ഡഡ് സ്കുളുകളിൽ 6911 തസ്തികൾ റഗുലറൈസ് ചെയ്യും. ഇതുൾപ്പെടെ 10968 പേർക്ക് വിദ്യാഭ്യാസ രംഗത്ത് തൊഴിലവസരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയിൽ മെഡിക്കൽ കോളേജുകളിൽ 700, പൊതുആരോഗ്യ സംവിധാവനത്തിൽ 400 തസ്തികളും സൃഷ്ടിക്കും. സിഎഫ്എൽടിസിയിൽ 1000 പേർക്ക് താൽക്കാലിക നിയമനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. .

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും ഫോറസ്റ്റ് ബീറ്റ് ഓഫീസറായി 500 പേരെ നിയമിക്കുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി. ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് പുറമെ മറ്റു വകുപ്പുകളിലായി 1717 പേർക്ക് തൊഴിൽ ലഭ്യമാക്കും. സർക്കാർ സർവീസ്, മറ്റ് പൊതു മേഖല സ്ഥാപനങ്ങളിൽ പിഎസ് സി നിയമനം വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ സർവ്വീസിലും പി.എസ്.സിക്ക് വിട്ട പൊതുമേഖലാ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയാണ് നിയമനം നടക്കുക. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകി. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്പെഷ്യൽ റൂൾസിന് അംഗീകാരം ലഭിക്കാത്തതുകൊണ്ട് നിയമനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഇതു പരിഹരിക്കുന്നതിനുവേണ്ടി ഫിനാൻസ്, നിയമം, പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ എന്നിവരുടെ സ്ഥിരം സമിതി രൂപീകരിച്ച് കെട്ടിക്കിടക്കുന്ന മുഴുവൻ സ്പെഷ്യൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകും. പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യവും. പി.എസ്.സി വഴിയുളള നിയമനങ്ങളിലും പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും ഈ സർക്കാർ സർവ്വകാല റെക്കോർഡാണ് സൃഷ്ടിച്ചിട്ടുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങൾ

42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 1178 സ്ഥിരം നിയമനങ്ങളും 342 താൽക്കാലിക നിയമനങ്ങളും 241 കരാർ നിയമനങ്ങളും അടക്കം 1761 നിയമനങ്ങൾ ഉണ്ടാകും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷനിൽ 241 പേരെ നിയമിക്കും. കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ ടൈറ്റാനിയം, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയിലോരോന്നിലും നൂറിൽ കൂടുതൽ നിയമനകളാണ് നടക്കുക. ഈ അഞ്ചു സ്ഥാപനങ്ങളിലാണ് ആകെ 766 നിയമനങ്ങൾ നടക്കും.

പുതിയ ഹോംകോ ഫാക്ടറിയിലേയ്ക്ക് 150 തസ്തിക സൃഷ്ടിക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം/താൽക്കാലിക നിയമനങ്ങൾ നടതും. കൂടുതൽ നിയമനം കെ.എസ്.എഫ്.ഇയിലായിരിക്കും. സെപ്തംബർ, നവംബർ മാസങ്ങളിലായി 1000 പേർക്ക് പി.എസ്.സി വഴി ഇവിടെ നിയമനം നൽകും.

കാർഷിക വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ നിയമനം സ്പെഷ്യൽ റൂൾസിന് അംഗീകാരം കിട്ടുന്നതോടെ കേരഫെഡ്ഡിലാണ് നടക്കുക. 6 സ്ഥാപനങ്ങളിലായി 348 പേർക്ക് തൊഴിൽ ലഭിക്കും.

എല്ലാം ചേർത്ത് അടുത്ത നൂറു ദിവസത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനങ്ങൾ നടക്കുകയോ തസ്തികകൾ സൃഷ്ടിക്കുകയോ ചെയ്യും.

വ്യവസായ മേഖല

കേരള സമ്പദ്ഘടനയിലെ ഏറ്റവും ചലനാത്മകമായ മേഖല ഇന്ന് വ്യവസായമാണ്. 2014-15ൽ സംസ്ഥാന വരുമാനത്തിന്റെ 9.8 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. 2018-19 ൽ അത് 13.9 ശതമാനമായി ഉയർന്നു. 2014-15 ദേശീയ വ്യവസായ ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19 ൽ അത് 1.6 ശതമാനമായി ഉയർന്നു. നേരത്തെ സൂചിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ 1760 പ്രത്യക്ഷനിയമനമടക്കം 23100 തൊഴിലവസരങ്ങളാണ് നൂറു ദിവസങ്ങൾ കൊണ്ട് വ്യവസായ മേഖലയിൽ സൃഷ്ടിക്കുക.

ഈ ധനകാര്യവർഷത്തിന്റെ ഒന്നാംപാദത്തിൽ സംസ്ഥാനത്തു 3498 എംഎസ്എംഇ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. രണ്ടാംപാദത്തിൽ ചുരുങ്ങിയത് 2400 യൂണിറ്റുകളും 7200 തൊഴിലവസരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സൃഷ്ടിക്കും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ 4053 ആളുകൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സംരംഭങ്ങളിൽ ചുരുങ്ങിയത് 6000 പേർക്ക് തൊഴിൽ ലഭിക്കും.

വ്യവസായ വകുപ്പിനു കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചിട്ടുണ്ട്. 416 അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധന പൂർത്തീകരിക്കുകയാണ്. ഈ ഇനത്തിൽ 4600 പേർക്ക് തൊഴിൽ ലഭിക്കും.

ഭക്ഷ്യസംസ്ക്കരണ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ചെറുകിട സംരംഭങ്ങൾക്ക് സബ്സിഡി ലഭിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഇത്തരം 100 സംരംഭങ്ങളിലായി 600 പേർക്ക് തൊഴിൽ നൽകാൻ പരിപാടി തയാറാക്കി. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ അക്കൗണ്ടുകളിലായി 4525 കോടി രൂപ കേരളത്തിൽ അധികവായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1200 അധിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

വ്യവസായ ഉത്തേജക പരിപാടിയുടെ ഭാഗമായി ഏതാണ്ട് 5000 കോടി രൂപ വായ്പയും സബ്സിഡിയുമായി സംരംഭകർക്ക് ലഭ്യമാക്കുന്നുണ്ട്. മാർച്ച് മാസത്തിൽ നിഷ്ക്രിയ ആസ്തിയായിരുന്ന നാൽപതിനായിരത്തിൽപ്പരം സ്ഥാപനങ്ങൾക്ക് ഈ പാക്കേജിൽ നിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ബാങ്കുകളുമായി ചർച്ച നടത്തും. . കശുവണ്ടി പോലുള്ള പ്രത്യേക വ്യവസായ മേഖലയിലെങ്കിലും സർക്കാർ പലിശ സഹായം പരിഗണിക്കും.

കശുവണ്ടി വ്യവസായത്തിൽ കാപ്പെക്സിലും കോർപറേഷനിലുമായി 3000 തൊഴിലാളികളെ പുതുതായി 100 ദിവസത്തിനുള്ളിൽ ജോലിക്കെടുക്കും. ഇതിനാവശ്യമായ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച തടസങ്ങൾ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 100 യന്ത്രവത്കൃത ഫാക്ടറികൾ കയർ വ്യവസായത്തിൽ തുറക്കും. ഇവയിൽ പുതുതായി 500 പേർക്കെങ്കിലും അധികജോലി ലഭിക്കും.

കൃഷി വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന പരിപാടികളിലൂടെ 230 പേർക്കും കാർഷിക യന്ത്രവൽക്കരണ കർമ്മസേനകൾ വഴി കുറഞ്ഞത് 1000 പേർക്കും തൊഴിൽ നൽകും.

അടുത്ത മൂന്ന് മാസത്തേയ്ക്കൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി 2000 പേരെക്കൂടി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നിയമിക്കും.

ഐ ടി മേഖല

ഐ ടി പാർക്കുകളിലും സ്റ്റാർട്ട്അപ്പുകളിലുമായി വരുന്ന 100 ദിവസത്തിനുള്ളിൽ 2500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ടെക്നോസിറ്റിയിലെ പുതിയ ഐറ്റി ബിൽഡിംഗ് രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. പൂർണ്ണമായും സജ്ജമാകാൻ കുറച്ചുകൂടി സമയമെടുക്കും. ഇവിടെ 100 ദിവസത്തിനുള്ളിൽ 900 പേർക്ക് തൊഴിൽ നൽകുന്നതിന് ഐറ്റി കമ്പനികൾ തയ്യാറായിട്ടുണ്ട്. ഇൻഫോപാർക്കിലും അനുബന്ധ കെട്ടിടങ്ങളിലുമായി 500 പേർക്കും സൈബർ പാർക്കിൽ 100 പേർക്കും സ്റ്റാർട്ട്അപ്പിലൂടെ 1000 പേർക്കും പുതിയ തൊഴിൽ നൽകും.

സഹകരണ മേഖല

ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത്. സഹകരണ മേഖലയിലൂടെ 17500 തൊഴിൽ അവസരങ്ങളാണ് ഈ കോവിഡ് കാലത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്. 13000ൽപ്പരം അവസരങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകർക്കു നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതൽ . 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന 1569 സംരംഭങ്ങളും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളിൽ വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങൾക്കും കേരള ബാങ്കിന്റെ 769 ശാഖകൾക്കും ഇതിനുള്ള ടാർജെറ്റ് നിശ്ചയിച്ചു നൽകും.

ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാൽ ഈ ലക്ഷ്യത്തിലെത്തും. . ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന് പണമില്ലെങ്കിൽ കേരള ബാങ്ക് വഴി റീ ഫിനാൻസ് ചെയ്യും.

100 നാളികേര സംസ്ക്കരണ യൂണിറ്റുകളിലായി 1000 പേർക്കും 750 പച്ചക്കറി സംഭരണ വിൽപന കേന്ദ്രങ്ങളിലായി 1500 പേർക്കും തൊഴിൽ നൽകും. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങൾ നേരിട്ടു മറ്റു സംരംഭങ്ങൾക്കു രൂപം നൽകും. ഇവയിലൂടെ 3000 പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിക്കുന്നു.

അപ്പക്സ് സഹകരണ സംഘങ്ങളായ കൺസ്യൂമർ ഫെഡ് (1000), മാർക്കറ്റ് ഫെഡ് (12), വനിതാഫെഡ് (174), റബ്ബർ മാർക്ക് (36), എസ്.സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സഹകരണ വകുപ്പ്/സഹകരണ ബാങ്കുകൾ/സഹകരണ സംഘങ്ങൾ എന്നിവയിലെ സ്ഥിര നിയമനങ്ങളിലൂടെ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

മത്സ്യഫെഡിന്റെ മുൻകൈയ്യിൽ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. അക്വാ കൾച്ചർ യൂണിറ്റുകളിലും മറ്റും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഇപ്പോൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

കുടുംബശ്രീ

വ്യവസായ സേവന മേഖലകൾ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി കുടുംബശ്രീ വഴി നടപ്പാക്കും. 100 ദിവസം കൊണ്ട് 15441 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം.

ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660പേർക്കും തൊഴിൽ നൽകുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക് തൊഴിൽ നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ സംരംഭകരെ പരിശീലിപ്പിച്ച് സ്വയം തൊഴിൽ പ്രാപ്തരാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണോർഷിപ്പ് പ്രോഗ്രാം. ഈ സംരംഭങ്ങളിൽ 1000 പേർക്ക് തൊഴിൽ നൽകും. ഹരിത കർമ്മ സേനയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹരിതസംരംഭങ്ങളിൽ 3000 പേർക്ക് തൊഴിൽ നൽകും. അങ്ങനെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ മൊത്തം 5960 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

ഫെസിലിറ്റി മാനേജ്മെന്റ് സെന്ററുകൾ വഴി 1046 പേർക്കും ഫിനിഷിംഗ് പരിശീലനത്തിനുശേഷം പ്രാദേശികമായി കടകളിലും കെയർ സ്ഥാപനങ്ങളിലും മറ്റുമായി 3195 പേർക്കും തൊഴിൽ ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ സ്കീമായ ദീൻ ദയാൽ ഉപാധ്യായ വൈദഗ്ധ്യ വികസന പരിപാടിയുടെ നഗര ഉപജീവന മിഷന്റെയും കീഴിൽ 2000 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ഇങ്ങനെ വൈദഗ്ധ്യ പോഷണത്തിന്റെ അടിസ്ഥാനത്തിൽ ആകെ 6241 പേർക്ക് തൊഴിൽ ലഭിക്കും.

മൂന്ന് മാസം കൊണ്ട് 500 ജനകീയ ഹോട്ടലുകൾ കൂടി സ്ഥാപിക്കും. ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും. കുടുംബശ്രീ ഡിസ് ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.

"കയർ - ക്രാഫ്റ്റ് – ഭക്ഷ്യ സ്റ്റോറുകളുടെ ശൃംഖല കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. . ഹോം ഷോപ്പിയുടെ പ്രാദേശിക ഉൽപാദന ശൃംഖലയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. അടുത്ത 100 ദിവസത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുറക്കും. ഇവയിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും. വിപണന കിയോസ്കുകൾ, കേരള ചിക്കൻ സംരംഭങ്ങൾ, ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയവയിൽ 189 പേർക്ക് തൊഴിൽ ലഭിക്കും. വിപണനവുമായി ബന്ധപ്പെട്ട് മൊത്തം 3489 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്.

വികസന കോർപറേഷനുകൾ

പിന്നാക്ക വികസന കോർപറേഷന് 650 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരണ്ടി സർക്കാർ നൽകിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി 3060 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. 400 വനിതാ സംരംഭകർക്ക് സഹായം, 75 പ്രവാസികൾക്ക് റിട്ടേൺ വായ്പ,1125 മറ്റു സ്വയം തൊഴിൽ വായ്പാ സംരംഭങ്ങൾ, 50 വിധവകൾക്കുള്ള സഹായമടക്കം 1660 സംരംഭകർക്കാണ് സഹായം നൽകുന്നത്. ഇതുവഴി 3060 തൊഴിലവസരങ്ങളാണുണ്ടാവുക.

വനിതാ വികസന കോർപറേഷന് 740 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരണ്ടി നൽകിയിട്ടുണ്ട്. 1200 പേർക്ക് സ്വയം തൊഴിലിന് വായ്പ നൽകും. 50 പട്ടികവർഗ സ്ത്രീകൾക്കും 15 ട്രാൻസ് ജെൻഡേഴ്സിനും വായ്പ നൽകും. വിദേശത്ത് ജോലി ചെയ്യുന്നതിനുവേണ്ടിയുള്ള വൈദഗ്ധ്യപരിശീലനം 90 നെഴ്സുമാർക്കു നൽകുന്നതാണ്. ഇങ്ങനെ മൊത്തം 2920 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

കേരള ഫിനാൻഷ്യൽ കോർപറേഷൻ 500 സംരംഭകർക്ക് മൂന്നു മാസം കൊണ്ട് വായ്പ നൽകുന്നുണ്ട്. ഇതിനകം ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 2500 പേർക്ക് ഈ സംരംഭങ്ങളിൽ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തീരദേശ വികസന കോർപ്പറേഷനു കീഴിലുള്ള മത്സ്യസംസ്കരണ യൂണിറ്റുകളിലും ഓൺലൈൻ മാർക്കറ്റിംഗ് സംരംഭങ്ങളിലൂടെയും 150 പേർക്കാണ് തൊഴിൽ നൽകുന്നത്.

പട്ടികജാതി വികസന കോർപ്പറേഷൻ 100 കോടി രൂപ അടങ്കലുള്ള സംരംഭകത്വ വികസന പദ്ധതി നടപ്പാക്കും. ഇതിൽ 100 ദിവസം കൊണ്ട് 1308 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയും.

വികലാംഗ ക്ഷേമ കോർപ്പറേഷന്റെ കൈവല്യ പദ്ധതിയിൽ 7000ൽപ്പരം അപേക്ഷകളുണ്ട്. ഇവ ജില്ലാതല സമിതികൾ അടിയന്തിരമായി പരിശോധിച്ച് അർഹരായ മുഴുവൻ പേർക്കും അംഗീകാരം നൽകും. 5000 പേർക്കെങ്കിലും ഇതുവഴി തൊഴിൽ ലഭിക്കും.

സർക്കാരിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നേരിട്ട് തൊഴിൽ നൽകുന്നതിനു പുറമേ ഈ പരിപാടി ഊന്നൽ നൽകുന്നത് സംരംഭകത്വ പ്രോത്സാഹനത്തിനാണ്. 8000 കോടി രൂപയെങ്കിലും വായ്പയായും സബ്സിഡിയായും സംരംഭകർക്കു ലഭ്യമാക്കുന്നുണ്ട്. കേരള സർക്കാരിന്റെ ഏതാണ്ട് എല്ലാ ഏജൻസികളും ഈ തൊഴിൽ സൃഷ്ടിക്കാനുള്ള കർമ്മപരിപാടിയിൽ പങ്കാളികളാണ്. ഇപ്പോൾ പരാമർശിക്കാത്ത ഏജൻസികൾക്കും തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു വരാം.

തദ്ദേശഭരണ സ്ഥാപനങ്ങളുടെകാര്യം ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ല. തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രോജക്ടുകൾ തയ്യാറാക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. അവ ഊർജ്ജിതമായി നടപ്പാക്കുന്നതിനുള്ള പരിശ്രമം ഒക്ടോബർ മാസത്തിൽ ഉണ്ടാവണം. കുടുംബശ്രീയുടെ സംരംഭങ്ങൾക്ക് പിന്തുണ നൽകേണ്ടതും തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പച്ചക്കറി സംഭരണ, വിതരണ സംരംഭങ്ങൾക്ക് പിന്തുണ നൽകി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിനായി 5 ലക്ഷം രൂപയുടെ പ്രോജക്ട് എല്ലാവരും തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള പണം സർക്കാർ അധികമായി നൽകും. . ഈ വർഷം ആദ്യം പ്രഖ്യാപിച്ചതുപോലെ 1000 പേർക്ക് 5 വീതം മൊത്തത്തിൽ പുതിയ കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ആദരവ് നൽകും.

ഗ്രാമീണ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ച തൊഴിൽ ദിനങ്ങൾ ഊർജ്ജിതമായി നടപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണം എന്നഭ്യർത്ഥിക്കുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക, മത്സ്യമേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സംസ്ഥാന സർക്കാർ ഈ രംഗത്തു നടത്തുന്ന ഇടപെടലിന്റെ മറ്റൊരു ഭാഗമാണ്.

പുതിയ തൊഴിൽ സംരംഭങ്ങളെ സഹായിക്കുന്നതിനു നമ്മുടെ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ചയ്ക്ക് സർക്കാർ മുൻകൈയ്യെടുക്കും. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗം വിളിക്കും. ഈ പ്രത്യേക കാലത്ത് സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തി ജനജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി തയാറാക്കിയത്.

നാടാകെ ഒന്നിച്ച് അണിനിരന്നുകൊണ്ട് കോവിഡിന്റെ സാമ്പത്തിക സ്തംഭനത്തിൽ നിന്നും മുറിച്ചു കടക്കാനുള്ള സൂത്രവാക്യമായി 50,000 തൊഴിലുകളെന്ന മുദ്രാവാക്യത്തെ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.


Next Story

Related Stories