TopTop
Begin typing your search above and press return to search.

സ്പ്രിംഗ്ളര്‍ കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്നീട്‌ പിന്‍വാങ്ങാന്‍ സാധ്യത, സിപിഐയ്ക്കും അതൃപ്തി, പരസ്യപ്രതികരണം ഇപ്പോഴില്ല

സ്പ്രിംഗ്ളര്‍ കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്നീട്‌ പിന്‍വാങ്ങാന്‍ സാധ്യത, സിപിഐയ്ക്കും അതൃപ്തി, പരസ്യപ്രതികരണം ഇപ്പോഴില്ല

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ തിളക്കം സ്പ്രിംഗ്ളര്‍ വിവാദം ഇല്ലാതാക്കുന്നുവെന്ന ആശങ്ക സിപിഎമ്മില്‍ ചിലരിലും മുന്നണി ഘടകകക്ഷികളിലും ഉള്ളതായി സൂചന. ഇക്കാര്യത്തില്‍ പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിനെങ്കിലും വിവാദം തിരിച്ചടിയായെന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ട്. ശക്തമായ വിയോജിപ്പുളളപ്പോഴും പാര്‍ട്ടി നേതൃയോഗം കഴിഞ്ഞതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതുള്ളൂവെന്ന നിലപാടാണ് സിപിഐ നേതാക്കള്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കഴിഞ്ഞിട്ട് മാത്രമെ ഇനി സിപിഐയുടെ യോഗങ്ങളുള്ളൂ. സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് യോഗം നാളെ ചേരും. സ്പ്രിംഗ്ളര്‍ കമ്പനിയ്ക്ക് കോവിഡിനെതിരെ മരുന്ന് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത കുടി പുറത്തുവന്നതോടെ ഇപ്പോഴുണ്ടായ വിവാദങ്ങളെ അവഗണിച്ചു തള്ളാന്‍ സര്‍ക്കാരിന് കഴിയുമോ എന്നും വ്യക്തമല്ല.

അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഐടി വകുപ്പ് മേധാവി എം ശിവശങ്കരനും മുന്നോട്ടുവെച്ച വാദങ്ങളെ പൊതുവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് സിപിഐ നേതാക്കളുടെ അഭിപ്രായം. എല്ലാ നടപടി ക്രമങ്ങളും തെറ്റിക്കാന്‍ മാത്രമുള്ള അത്യപൂര്‍വ സാഹചര്യമാണുണ്ടായിരുന്നത് എന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് സിപിഐയുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടെന്നാണ് ഇവരുടെ ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടിക്ക് കരാറിലുള്ള എതിര്‍പ്പ് മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റോറിയയിലൂടെ മിതമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫൈസര്‍ എന്ന ആഗോള മരുന്ന് കമ്പനിക്ക് ഡാറ്റ നല്‍കിയിരുന്നത് സ്പ്രിംഗ്‌ളര്‍ ആയിരുന്നുവെന്ന ആരോപണം കുടി പുറത്തുവന്ന സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിന് സിപിഐയുടെ നേതാക്കള്‍ തയ്യാറായി കൂടെന്നുമില്ല. ഇതുവരെ സിപിഐ പരസ്യ പ്രതികരണത്തിന് തയ്യാറാവാതിരുന്നത് സിപിഎമ്മിന് ആശ്വാസമാണ്.

വിഷയത്തെ അവഗണിച്ച് ഇല്ലാതാക്കുകയെന്ന സമീപനമായിരുന്നു സിപിഎം സ്വീകരിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളാണ് ഇതുവരെ ന്യായീകരണങ്ങള്‍ നടത്തിയിരുന്നത്.

സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് യോഗം നാളെയാണ് ചേരുന്നത്. പതിവുപോലെ, ഇതില്‍ പിണറായി വിജയന്റെ തീരുമാനങ്ങള്‍ക്കെതിരെ എതിരഭിപ്രായമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. കേന്ദ്ര നേതൃത്വത്തില്‍ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായ എസ് രാമചന്ദ്രന്‍ പിള്ളയാണ് ഇപ്പോള്‍ ഇടപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട് സിപിഎം സ്ഥിരമായി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളെ തള്ളിക്കളയുന്ന സമീപനമാണെങ്കിലും കേന്ദ്ര നേതൃത്വം എന്തെങ്കിലും നിലപാട് ഇക്കാര്യത്തില്‍ പരസ്യമായി സ്വീകരിക്കാന്‍ തയ്യാറാവുമോ എന്ന് വ്യക്തമല്ല. എന്നാല്‍ വിവാദങ്ങള്‍ ശക്തിപ്പെടുകയും സര്‍ക്കാരിന് തന്നെ ആരോപണങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് ഉണ്ടായത്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ ശോഭയെ കെടുത്തുന്നതാണ് പുതിയ വിവാദമെന്നും പാര്‍ട്ടിയിലെ തന്നെ ചിലര്‍ക്ക് അഭിപ്രായമുണ്ടെന്ന സൂചനകളുമുണ്ട്.

വിവാദം കനക്കുന്ന സാഹചര്യത്തില്‍ കരാറില്‍നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുമെന്ന സൂചനയും ചില മുന്നണി- പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെന്നാണ് അറിയുന്നത്. വരും മാസങ്ങളില്‍ ഇതു സം ബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നുമാണ് ഇവരുടെ അഭിപ്രായം. ശക്തമായ തീരുമാനങ്ങളെന്ന് പൊതുവില്‍ തോന്നി്ക്കുമെങ്കിലും നിലപാട് തിരുത്തുന്നതില്‍ പിണറായി വിജയന് വലിയ തടസ്സങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും വേണ്ടി ഇടപെടില്ലെന്നും ആഭ്യന്തര മന്ത്രിയോട് അവര്‍ക്ക് വേണ്ടി അപേക്ഷിക്കണോ എന്നൊക്കെ നിയമസഭയില്‍ ചോദിച്ചതിന് ശേഷം പിറ്റേ ദിവസം തന്നെ അമിത് ഷായ്ക്ക് കത്തെഴുതി കേസ് എന്‍ ഐ എയില്‍നിന്ന് തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് വലിയ തിരിച്ചടിയാകുന്നവെന്ന് കണ്ടപ്പോള്‍ നടത്തിയ തിരുത്തായിരുന്നു അതെന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നത്. അതുപോലെ, പ്രളയ പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്റായി വിവാദ കമ്പനി കെ പി എം ജിയെ നിശ്ചയിച്ചപ്പോഴും ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്.എന്നാല്‍ ഇപ്പോള്‍ കമ്പനിയുമായുലള്ള സഹകരണം നിലച്ചമട്ടാണെന്നാണ് അറിയുന്നത്. അതുകൊണ്ട് വിവാദം രൂക്ഷമാകുകയും എതിര്‍പ്പ് ശക്തമാകുകയും ചെയ്താല്‍ അതില്‍നിന്ന് പിന്‍വാങ്ങുന്നതിന് പിണറായി വിജയന് തടസ്സമുണ്ടാകാറിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവാദങ്ങള്‍ സല്‍പേര് നഷ്ടപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതിനെ അവഗണിച്ചു തള്ളൂകയാണെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവഗണിച്ചു തള്ളാന്‍ പറ്റാത്ത രീതിയിലേക്ക് സിപ്രിംഗ്കളര്‍ വിവാദം വളര്‍ന്നുവെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതിനോട് പ്രതികരിക്കുമെന്നാണ് സൂചന. അമേരിക്കന്‍ കമ്പനി കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് സേവനം വാഗ്ദാനം ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ 2018 ല്‍ മുതല്‍ സംസ്ഥാനം സഹകരിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനിയാണ് സ്പ്രിംങ്ഗളര്‍ എന്നായിരുന്നു ഐടി സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞത്.


Next Story

Related Stories