TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മഴ കനക്കാന്‍ സാധ്യത

സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മഴ കനക്കാന്‍ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങലില്‍ പരക്കെ മഴക്ക് സാധ്യത. ഞായറാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലില്‍ ചൊവ്വാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാക്കുമെന്നാണ് കാലവസ്ഥ വിദഗ്ദര്‍ അനുമാനിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വലിയ മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത്. അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ പുനരധിവസിപ്പിക്കാന്‍ നാല് തരത്തിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ അതിനെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാവും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. എന്നാല്‍ നിലവിലെ മോഡലുകള്‍ അനുസരിച്ച് ന്യൂനമര്‍ദ്ദം മഹാരാഷ്ട്ര ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളെയായിരിക്കും ബാധിക്കുക. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ മഴ ലഭിക്കുമെങ്കിലും തീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഒഡീഷ തീരത്തേക്കാണ് എത്തുന്നതെങ്കില്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടാവും. അത്തരത്തില്‍ സംഭവിച്ചാല്‍ കേരളത്തില്‍ ദുരന്ത സമാനമായ അന്തരീക്ഷമുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.
കേരളത്തില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ലഭിക്കേണ്ടുന്ന മഴയിലും 23 ശതമാനം കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്. അതിനാല്‍ തന്നെ അതിതീവ്ര മഴയുണ്ടായാലും പ്രളയം ഉണ്ടാവാനുള്ള സാധ്യതകള്‍ ദുരന്ത നിവാരണ അധികൃതര്‍ തള്ളിക്കളയുന്നു. എന്നാല്‍ രണ്ട് ദിവസം തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ പ്രധാന നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാഹചര്യമുണ്ടാവും. മൂന്ന് ദിവസങ്ങള്‍ മുമ്പ് ഒരു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളെല്ലാം വെള്ളക്കെട്ടിലായിരുന്നു.
മഴ കുറവ് ലഭിച്ചതിനാല്‍ ഡാമുകളിലും ജലാശയങ്ങളിലും വെള്ളം കുറവായതിനാല്‍ വെള്ളക്കെട്ടുണ്ടായാലും അതിവേഗം വെള്ളം ഒഴുകി പോവാനുള്ള സാധ്യതയാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മലയോര മേഖലകളിലാണ് വലിയ ഭീഷണി നിലനില്‍ക്കുന്നത്. കഴിഞ്ഞ ഒരു ദിവസം പെയ്ത മഴയില്‍ സംസ്ഥാനത്ത് രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. തിരുമലയിലും കോഴിക്കോട് കാവിലുംപാറയിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്


Next Story

Related Stories